Saturday, April 20, 2019 Last Updated 9 Min 48 Sec ago English Edition
Todays E paper
Ads by Google
Thursday 28 Jun 2018 01.47 AM

ജൂലൈ ഒന്ന്‌ ഡോക്‌ടര്‍ ദിനംരോഗികളെക്കാള്‍ ചികിത്സകരുടെ ആയുസ്‌ കുറയുന്നതെന്തുകൊണ്ട്‌?

uploads/news/2018/06/229083/2.jpg

സാമൂഹിക വൈദ്യശാസ്‌ത്രത്തിന്റെ പ്രയോക്‌താവായ ഡോ.ബി.സി. റോയ്‌ എന്ന ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മവാര്‍ഷികവും ചരമവാര്‍ഷികവും ജൂലൈ ഒന്നിനാണ്‌. 1882-ല്‍ ജനിച്ച്‌, 1962-ല്‍ അന്തരിച്ച അദ്ദേഹം സ്വാതന്ത്ര്യസമരസേനാനിയും പശ്‌ചിമബംഗാളിന്റെ ആദ്യമുഖ്യമന്ത്രിയുമായിരുന്നു. രാഷ്‌ട്രീയനേതാവ്‌, ഭരണാധികാരി എന്നതിലുപരി റോയ്‌ അറിയപ്പെടുന്നതു വൈദ്യശാസ്‌ത്രത്തെ സാമൂഹികപ്രതിബദ്ധതയിലും ഉത്തരവാദിത്വത്തിലും നിര്‍വചിക്കാന്‍ ശ്രമിച്ചയാളെന്ന നിലയിലാണ്‌.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ(ഐ.എം.എ)ന്റെയും സ്‌റ്റാറ്റ്യൂട്ടറി സ്വഭാവമുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും പ്രഥമ പ്രസിഡന്റായി പ്രവര്‍ത്തിച്ച റോയിയുടെ ദൗത്യങ്ങളില്‍ ഏറ്റവും പ്രധാനം വൈദ്യശാസ്‌ത്രജ്‌ഞര്‍ സമൂഹത്തിന്റെ ഉത്‌പന്നമാണെന്ന തിരിച്ചറിവുണ്ടാക്കുകയായിരുന്നു. അവരുടെ പ്രവര്‍ത്തനം കേവലചികിത്സയ്‌ക്കപ്പുറം സമൂഹത്തിന്റെ മാനസികാരോഗ്യവും മെച്ചപ്പെടുത്താനുള്ള ദൗത്യമാണെന്ന ആശയാവിഷ്‌കാരമാണ്‌.
സമൂഹത്തില്‍ മാനസികമായ അനാരോഗ്യപ്രവണതകള്‍ വര്‍ധിച്ചുവരുന്ന കാലഘട്ടത്തില്‍ ഡോ. റോയിയുടെ വൈദ്യശാസ്‌ത്ര അപഗ്രഥനങ്ങള്‍ക്ക്‌ ഏറെ പ്രസക്‌തിയുണ്ട്‌. ആരുമറിയാതെ കടന്നുപോകുന്ന ജൂലൈ ഒന്ന്‌ "ഡോകേ്‌ടഴ്‌സ്‌ ഡേ", ഡോക്‌ടര്‍മാരുടെ ഇടയില്‍ മാത്രമായി ചുരുങ്ങിപ്പോകുന്നു. ഈവര്‍ഷത്തെ ദിനാചരണത്തിന്റെ പ്രധാനമുദ്രാവാക്യം ഡോക്‌ടര്‍മാരുടെ ആരോഗ്യത്തെക്കുറിച്ചാണ്‌. ഐ.എം.എയുടെ ഒരു പഠനപ്രകാരം ഇന്ത്യയില്‍ ഡോക്‌ടര്‍മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 62 വയസാണ്‌. മറ്റുള്ളവരുടെ ദേശീയ ആയുര്‍ദൈര്‍ഘ്യ ശരാശരിയാകട്ടെ 74 ആണ്‌. ചികിത്സകന്റെ ആയുര്‍ദൈര്‍ഘ്യത്തെക്കാള്‍ കൂടുതലാണു ചികിത്സയ്‌ക്കെത്തുന്നവരുടേതെന്നതു കൗതുകകരമായ വൈരുദ്ധ്യമാണ്‌. അതുകൊണ്ടാണ്‌ ഈവര്‍ഷത്തെ ഡോക്‌ടര്‍ ദിനാചരണത്തിന്റെ വിഷയവും അതുതന്നെയായത്‌. ഇതിന്റെ ഭാഗമായി ഡോക്‌ടര്‍മാര്‍ക്കും വൈദ്യവിദ്യാര്‍ഥികള്‍ക്കും തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കും.
ചികിത്സയുടെ നൈതികതയും സാമൂഹികപ്രതിബദ്ധതയും തിരിച്ചറിഞ്ഞ്‌, എങ്ങനെ സര്‍ഗാത്മക സാമൂഹികപ്രക്രിയയാക്കാം എന്നതാണ്‌ ഈ തുടര്‍വിദ്യാഭ്യാസത്തിന്റെ മൗലികലക്ഷ്യം. ഈ ലക്ഷ്യത്തെ അഭിസംബോധന ചെയ്യാന്‍ ഐ.എം.എ. ഒരു ഉന്നതതലസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. ഡോ. വിജയരാഘവന്‍, ഡോ. അരുണ്‍, ഡോ. രാജീവ്‌ ജയദേവന്‍ തുടങ്ങിയ പ്രശസ്‌ത ഭിഷഗ്വരന്‍മാരാണു സമിതിയിലുള്ളത്‌. ഡോക്‌ടര്‍മാരുടെ തൊഴിലും വ്യക്‌തിജീവിതവും സാമൂഹികബന്ധങ്ങളും ശക്‌തമാക്കുക എന്നതാണു പ്രധാനനിര്‍ദേശം. വ്യായാമക്കുറവും ഉറക്കമില്ലായ്‌മയുമൊക്കെ ഡോക്‌ടര്‍മാര്‍ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങളാണ്‌. അതുകൊണ്ടുതന്നെ ദീര്‍ഘമായ തൊഴില്‍സമയം ചിലപ്പോഴൊക്കെ രോഗനിര്‍ണയപ്രക്രിയയില്‍ അപാകത സൃഷ്‌ടിക്കാം.
രോഗിയുടെ ആരോഗ്യത്തിനൊപ്പം ചികിത്സകന്റെ മാനസികവും ശാരീരികവുമായ ആരോഗ്യവും പ്രധാനമാണെന്ന സന്ദേശമാണു ദിനാചരണം മുന്നോട്ടുവയ്‌ക്കുന്നത്‌. ചികിത്സയുമായി ബന്ധപ്പെട്ടു ഡോക്‌ടര്‍മാര്‍ക്കെതിരേ ആക്ഷേപങ്ങള്‍ ശക്‌തമാകുമ്പോഴും ആരോഗ്യരംഗത്തെ ചില പ്രവണതകള്‍ അനോരാഗ്യകരമാണെന്നു പറയാതെവയ്യ. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ വാണിജ്യവത്‌കരണവും കമ്പോളവത്‌കരണവും ഇത്തരം പ്രവണതകളില്‍ നിര്‍ണായകപങ്ക്‌ വഹിക്കുന്നു. ലക്ഷങ്ങള്‍ തലവരിപ്പണവും ട്യൂഷന്‍ ഫീസും നല്‍കി, വൈദ്യശാസ്‌ത്രബിരുദം നേടി പുറത്തുവരുമ്പോള്‍ സാമൂഹികപ്രതിബന്ധതയ്‌ക്ക്‌ എന്തു പ്രസക്‌തിയെന്നു സമൂഹം ആരോപിച്ചാല്‍ അത്ഭുതപ്പെടാനില്ല. ഈയവസ്‌ഥ സൃഷ്‌ടിച്ച സാമൂഹികവ്യവസ്‌ഥിതിക്കുതന്നെയാണ്‌ ഇതില്‍ മുഖ്യഉത്തരവാദിത്വം.
ഡോക്‌ടര്‍മാരെ ദൈവതുല്യം കണക്കാക്കിയിരുന്ന കാലമുണ്ടായിരുന്നു. ആശയവിനിമയം ഏകപക്ഷീയമായിരുന്ന ആ കാലയളവില്‍നിന്ന്‌, ആധുനിക സാങ്കേതികവിദ്യകളും രോഗപരിശോധനയുടെ സാധ്യതകളും ഡോക്‌ടര്‍-രോഗി ബന്ധത്തിലെ സംവേദനതലങ്ങളും ഒട്ടേറെ മാറി. സമീപകാലത്തു നിപ വൈറസ്‌ കടന്നുവന്നപ്പോള്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവരുടെ എണ്ണം കുറഞ്ഞു. രോഗങ്ങള്‍ കുറഞ്ഞെന്നല്ല അതിനര്‍ത്ഥം. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്‌പെഷാലിറ്റി ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നതില്‍ 70 ശതമാനവും പ്രാഥമികകേന്ദ്രങ്ങളില്‍ത്തന്നെ ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്‌. നിപയുടെ വരവോടെ ആ 70% പേര്‍ മറ്റിടങ്ങളില്‍ ചികിത്സ തേടിപ്പോയെന്നതാണു യാഥാര്‍ത്ഥ്യം. അങ്ങനെ നോക്കുമ്പോള്‍ മെഡിക്കല്‍ കോളജുകളില്‍ വിദഗ്‌ധചികിത്സ ആവശ്യമുള്ളവരും റഫര്‍ ചെയ്യപ്പെടുന്നവരും 30 ശതമാനമേ വരൂ. സ്‌പെഷാലിറ്റി ആശുപത്രികളിലെ അനാവശ്യതിരക്ക്‌, വിദഗ്‌ധ ഡോക്‌ടര്‍മാരുടെ സേവനം അര്‍ഹരായവര്‍ക്കു ലഭിക്കാന്‍ തടസമാണ്‌.
ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത്‌ സര്‍വീസ്‌ നടപ്പാക്കിയ കുടുംബ ഡോക്‌ടര്‍ സംവിധാനം നമ്മുടെ നാട്ടിലും നടപ്പാക്കിയാല്‍ ഈ പ്രശ്‌നത്തിന്‌ ഒരു പരിധിവരെ പരിഹാരമാകും. മുമ്പ്‌ ചെറിയതോതിലെങ്കിലും നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന ഈ സംവിധാനം ഇല്ലാതായി. പകരം എല്ലാത്തിനും സ്‌പെഷലിസ്‌റ്റിനെ തേടിപ്പോകുന്ന പ്രവണത രൂപപ്പെട്ടു. ഇതോടെയാണു മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ രോഗീബാഹുല്യത്താല്‍ വീര്‍പ്പുമുട്ടിത്തുടങ്ങിയത്‌. ഇതിനു പരിഹാരമെന്ന നിലയില്‍ സംസ്‌ഥാനസര്‍ക്കാര്‍ ആരംഭിച്ച കുടുംബാരോഗ്യകേന്ദ്രങ്ങള്‍ മികച്ച ആശയമാണ്‌. എന്നാല്‍ ആവശ്യത്തിനു ഡോക്‌ടര്‍മാരുടെ സേവനം ഉറപ്പാക്കിയാലേ ഈ സംവിധാനം പൂര്‍ണവിജയമാകൂ. ആരോഗ്യം നിലനിര്‍ത്തുകയും രോഗങ്ങളിലേക്കു വഴുതിപ്പോകാതിരിക്കാനുള്ള മുന്‍കരുതലെടുക്കുകയുമാണു പ്രധാനമെന്ന സാമൂഹിക അവബോധം സൃഷ്‌ടിക്കപ്പെടണം.
"മുറിവൈദ്യന്‍ ആളെക്കൊല്ലും" എന്ന പഴഞ്ചൊല്ലിന്‌ ഇപ്പോഴും പ്രസക്‌തിയുണ്ട്‌. നമ്മുടെ നാട്ടില്‍ ജനവിശ്വാസമാര്‍ജിച്ച ചെറിയ ക്ലിനിക്കുകള്‍ ഒട്ടേറെയുണ്ട്‌. വ്യക്‌തിബന്ധങ്ങളും ഭിഷഗ്വരനിലുള്ള വിശ്വാസവും ചെലവുകുറഞ്ഞ ചികിത്സയും അത്തരം ക്ലിനിക്കുകളുടെ പ്രത്യേകതയായിരുന്നു. എന്നാല്‍ പുതിയ ക്ലിനിക്കല്‍ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ നിയമത്തിലെ ഒട്ടേറെ നിബന്ധനകള്‍ നടപ്പാക്കുമ്പോള്‍, അതിന്റെ ആത്യന്തികമായ ചെലവും രോഗിതന്നെ വഹിക്കേണ്ടിവരും. വന്‍കിട ആശുപത്രികളില്‍ ലാബ്‌ ഫീസും ചികിത്സയുടെ ഭാഗമായാണ്‌. സാധാരണക്കാര്‍ സമീപിച്ചിരുന്ന കുടുംബ ഡോക്‌ടര്‍ സംവിധാനത്തിനു പുതിയനിയമം അന്ത്യം കുറിക്കുമോയെന്ന്‌ ആശങ്കയുണ്ട്‌. ഡോക്‌ടര്‍മാര്‍ ജനറിക്‌ മരുന്നുകള്‍ കുറിക്കണമെന്നു നിര്‍ദേശിക്കുമ്പോള്‍ അതിനൊരു മറുവശവുമുണ്ട്‌. അമേരിക്കയിലെ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അസോസിയേഷന്‍ ഒരു മരുന്ന്‌ കണ്ടെത്തിയാല്‍ അതിന്റെ പേറ്റന്റ്‌ നിലനില്‍ക്കുന്നിടത്തോളം മറ്റൊരു കമ്പനിക്ക്‌ അതേ രാസസംയുക്‌തത്തില്‍ മരുന്നുണ്ടാക്കാന്‍ അനുമതിയില്ല. ഇതുമൂലം ജനറിക്‌ മരുന്ന്‌ നിര്‍ദേശിക്കുമ്പോള്‍ ഗുണമേന്മ ഉറപ്പുവരുത്താന്‍ ഡോക്‌ടര്‍മാര്‍ക്കു കഴിയും. എന്നാല്‍, ഇന്ത്യയില്‍ ഒരേ രാസസംയുക്‌തത്തില്‍ വ്യത്യസ്‌ത പേരുകളില്‍ മരുന്നുകള്‍ ഉത്‌പാദിപ്പിക്കാന്‍ അനുവാദമുണ്ട്‌. അതിനാല്‍ ജനറിക്‌ മരുന്ന്‌ ഡോക്‌ടര്‍ നിര്‍ദേശിച്ചാലും മെഡിക്കല്‍ ഷോപ്പ്‌ ഉടമയ്‌ക്ക്‌ കൂടുതല്‍ കമ്മീഷന്‍ ലഭിക്കുന്ന മരുന്ന്‌ നല്‍കി രോഗിയെ കബളിപ്പിക്കാന്‍ കഴിയും. നമ്മുടെ ഡ്രഗ്‌ കണ്‍ട്രോളിങ്‌ സംവിധാനം ഗുണമേന്മ ഉറപ്പുവരുത്തുന്നതില്‍ അപര്യാപ്‌തവുമാണ്‌.
ഇന്ത്യന്‍ വൈദ്യശാസ്‌ത്രത്തിന്റെ സാമൂഹികനന്മകള്‍ തിരിച്ചറിയുകയും പ്രചരിപ്പിക്കുകയും ചെയ്‌ത ബി.സി. റോയിയുടെ ചിന്തകള്‍ കൂടുതല്‍ ദീപ്‌തമാക്കാന്‍ ഡോക്‌ടര്‍ ദിനാചരണംകൊണ്ട്‌ സാധ്യമാകുമെന്നു പ്രതീക്ഷിക്കാം. ആ ദിനത്തില്‍ സംസ്‌ഥാനസര്‍ക്കാരും പ്രാദേശികഭരണകൂടങ്ങളും മികച്ച ഡോക്‌ടര്‍മാരെ ആദരിക്കണം. സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ശ്രമങ്ങളും പ്രതിരോധസാധ്യതകള്‍ തിരിച്ചറിയുന്ന ചികിത്സാരീതികളും ഡോക്‌ടര്‍മാരുടെ ഭാഗത്തുനിന്നുണ്ടാകണം.

Ads by Google
Thursday 28 Jun 2018 01.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW