മഴ തുടങ്ങുമ്പോള്‍ തന്നെ പിന്നാലെ ഇടിയും എത്തും. ഇടിമിന്നല്‍ സമയത്ത് സുരക്ഷിതമായി ഇരിക്കേണ്ടതെങ്ങനെയെന്നുള്ള കാര്യങ്ങളെ കുറിച്ച് പല നിര്‍ദ്ദേശങ്ങളും നമ്മള് കേട്ടിട്ടുണ്ട്. ഇടിമിന്നലുള്ളപ്പോള്‍ ഇലക്ര്ടിക് ഉപകരണങ്ങളുടെ സമീപത്തു നില്‍ക്കരുത്, നീന്തരുത് എന്നൊക്കെയുള്ള കാര്യങ്ങള്‍ നമുക്കറിയാം. അപ്പോള്‍പ്പിന്നെ നല്ല തകര്‍പ്പന്‍ ഇടിയും മിന്നലും കൊടുങ്കാറ്റും ആഞ്ഞടിക്കുന്ന സമയത്ത് കുറേ ക്യാമറകളുമായി ഫോട്ടോയെടുക്കാന്‍ പുറത്തിറങ്ങിയാലോ? അത്തരത്തില്‍ ഒരാളെടുത്ത മിന്നല്ചിത്രമാണ് ഇപ്പോള്‍ കാലാവസ്ഥാ വിദഗ്ധരുടെ ചര്‍ച്ചയാകുന്നത്.
ഒകേ്ടവ് ഡ്രേഗന്‍ എന്ന ഫൊട്ടോഗ്രാഫറാണ് ഈ സാഹസത്തിന് ഇറങ്ങിത്തിരിച്ചത്. റുമേനിയയുടെ തലസ്ഥാനമായ ബുഷാറെസ്റ്റ് നഗരത്തിനു മുകളിലെ മിന്നല്‍പ്പിണരുകളാണ് ഇദ്ദേഹം പകര്‍ത്തിയത്. നഗരം പൂര്‍ണമായും തന്നെ മിന്നലിന്റെ നീരാളിക്കൈകളില്‍ കുടുങ്ങിയതു പോലൊരു കാഴ്ചയാണ് ചിത്രത്തിലുള്ളത്. ആകാശത്ത് ഒരല്പം പോലും സ്ഥലം ബാക്കി വയ്ക്കാതെ മിന്നല്‍ പുളഞ്ഞിറങ്ങുന്ന അസാധാരണ കാഴ്ചയായിരുന്നു അത്. 2018 ജൂണ്‍ 13നു ബുഷാറെസ്റ്റിലുണ്ടായ തണ്ടര്സ്റ്റോമാണ് ഒകേ്ടവിന് ഇത്തരമൊരു സുവര്‍ണാവരം ഒരുക്കിയത്. മിന്നലിന്റെ ടൈംലാപ്സ് ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇദ്ദേഹം ചെയ്തത്.
പല ചിത്രങ്ങള്‍ ചേര്‍ത്താണ് ഈ നാല്പത്തയഞ്ചുകാരന് 'മിന്നല്‍മഴ' സൃഷ്ടിച്ചത്. എന്തുകൊണ്ടാണ് ഇത്തരമൊരു സാഹസത്തിനു മുതിര്‍ന്നതെന്നു ചോദിച്ചാല്‍ ഇദ്ദേഹത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ 'മിന്നലുകളെപ്പോലെ ഇത്രയേറെ ആശ്ചര്യജനകവും ആകര്‍ഷണ സ്വഭാവവുമുള്ള മറ്റേതു കാഴ്ചയുണ്ട് പ്രകൃതിയില്‍!'. മിന്നലിന്റെ നീല, പര്‍പ്പിള്‍ വെളിച്ചങ്ങള്‍ ആകാശത്തിനു സമ്മാനിച്ചത് 'ഭയാനകമായ' ഒരു സൗന്ദര്യമായിരുന്നു. ആകാശത്ത് ഒരു നിശ്ചിത സ്ഥാനത്ത് 30 സെക്കന്‍ഡ് നേരത്തേക്കുണ്ടാകുന്ന മിന്നലുകളായിരുന്നു ടൈംലാപ്സ് ചിത്രമാക്കി മാറ്റിയത്. അങ്ങനെ ആകാശം ഒരു ക്യാന്‍വാസിനു സമാനമാക്കി. ആകാശത്തെ ഓരോ പോയിന്റിലും പുളഞ്ഞിറങ്ങിയ മിന്നലുകള്‍ പകര്‍ത്തി. അങ്ങനെ ലഭിച്ച മിന്നല്‍ ചിത്രങ്ങളുടെ 24 ഫ്രെയിമുകള്‍ കൂട്ടിച്ചേര്‍ത്താണ് ഒകേ്ടവ് 'മിന്നല്‍ ഷോ' ഒരുക്കിയത്.