Sunday, February 17, 2019 Last Updated 45 Min 53 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Jun 2018 01.33 PM

ചിലരുടെ വ്യക്തിതാല്‍പ്പര്യങ്ങളും നിലപാടുകളും ; ഡബ്‌ള്യൂസിസിയില്‍ മഞ്ജുവിന്റെ അതൃപ്തിക്ക് കാരണങ്ങള്‍ പലത് ; ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിന്റെ പിടിവാശിയാണെന്ന് വരുത്താന്‍ അമ്മയില്‍ നീക്കം

uploads/news/2018/06/228889/manju-warrior.jpg

കൊച്ചി : അമ്മയില്‍ സമത്വവും നീതിയും ഇല്ലെന്ന് ആരോപിച്ച് നാലു നടിമാര്‍ രാജിവെച്ച വിവാദം കത്തിയെരിയുന്നതിനിടയില്‍ എരിതീയില്‍ എണ്ണയൊഴിച്ച് മഞ്ജു വാര്യര്‍ക്ക് വുമണ്‍ ഇന്‍ കളക്ടീവിലുള്ള അതൃപ്തിയും പുറത്തു വരുന്നു. അമ്മയ്ക്ക് ഉള്ളിലെ വനിതാകൂട്ടായ്മ എന്ന രീതിയില്‍ സിനിമാരംഗത്തെ 18 വനിതകള്‍ ചേര്‍ന്ന് രൂപം കൊടുത്ത വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ മുഖം തന്നെ മഞ്ജു ആയിരുന്നു.എന്നാല്‍ സംഘടനയിലെ ചില ആള്‍ക്കാരുടെ നിലപാടുകളും വ്യക്തി താല്‍പ്പര്യങ്ങളിലും മഞ്ജു അതൃപ്തയായിരുന്നു എന്നാണ് അഭ്യൂഹങ്ങള്‍.

മമ്മൂട്ടിയെയും ദിലീപിനെയും ഒരേ തരത്തില്‍ ചിത്രീകരിക്കുന്ന ഒരു ലേഖനം ഡബ്‌ള്യുസിസി യുടെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത് വിവാദമായിരുന്നു. ഇതാണ് സംഘടനയില്‍ മഞ്ജുവിന് കടുത്ത അതൃപ്തിക്ക് കാരണമായ ഒടുവിലത്തെ സംഭവമെന്നും ഇതിന് പിന്നാലെ താരം സംഘടനയിലെ അംഗത്വം തന്നെ രാജിവെയ്ക്കന്‍ തീരുമാനം എടുത്തിരുന്നതായും സൂചനകളുണ്ട്. വനിതാ സംഘടനയുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനയ്‌ക്കെതിരേ മഞ്ജുവിനും മറ്റും കാരണം കാണിക്കല്‍ നോട്ടീസ് അമ്മ നല്‍കിയിരുന്നതായി വിവരമുണ്ട്്. പുറത്താക്കുന്നതിന് മുമ്പായി മഞ്ജു വുമണ്‍ ഇന്‍ കളക്ടീവില്‍ നിന്നും രാജിവെച്ച ശേഷം വിദേശത്തേക്ക് പോയി എന്നാണ് ഒടുവില്‍ കേള്‍ക്കുന്നത്.

മലയാളം സിനിമാനടീനടന്മാരുടെ സംഘടനയായ അമ്മയെ പിളര്‍ത്തുന്നതില്‍ മഞ്ജുവിന് ഒട്ടും താല്‍പ്പര്യം ഇല്ലായിരുന്നു. സംഘടനയില്‍ പെട്ട വനിതകളുടെ പോഷക കൂട്ടായ്മ എന്ന രീതിയിലാണ് ഡബ്‌ള്യൂസിസി രൂപമെടുത്തതെങ്കിലും ചില പ്രമുഖ പേരുകളെ അതില്‍ നിന്നും ഒഴിവാക്കിയത് വിവാദമായിരുന്നു. തന്റെ സുഹൃത്തായ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് അംഗത്വം നല്‍കാതിരുന്നതും മഞ്ജുവിന് ഇഷ്ടക്കേടിന് കാരണമായിട്ടുണ്ട്. ഇതിന് പുറമേ മാതൃ സംഘടനയ്ക്ക് വിരുദ്ധം എന്ന തോന്നല്‍ ജനിപ്പിക്കുന്ന തരം പ്രവര്‍ത്തനങ്ങള്‍ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടായതും അത് വിവാദമാകുകയും ചെയ്തു.

അടുത്തിടെ വലിയ വിവാദത്തില്‍ പെട്ട നടിയുടെ ചില ട്വീറ്റുകളും പ്രതികരണങ്ങളും മഞ്ജുവിനെ അതൃപ്തമാക്കി. ഏറ്റവും ഒടുവില്‍ ഡബ്‌ള്യൂസിസിയുടെ പേജില്‍ അമ്മയുടെ ചില തീരുമാനത്തിനെതിരേ വന്ന പരസ്യ പ്രതികരണത്തിനുള്ള കാരണം കാണിക്കല്‍ ആവശ്യപ്പെടല്‍ കൂടിയായപ്പോള്‍ എല്ലാം പൂര്‍ത്തിയായി. നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതായിരുന്നു ഏറ്റവും അവസാനം ഉയര്‍ന്ന വിവാദം. ഇതിനെതിരേയാണ് നാലു നടിമാര്‍ അമ്മയില്‍ നിന്നും രാജി വെച്ചത്.

ിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ അമ്മയുടെ ജനറല്‍ ബോഡി തീരുമാനിച്ചതിനെ തുടര്‍ന്ന് സിനിമയിലെ വനിതാകൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഏഴ് ചോദ്യങ്ങളുമായി രംഗത്തെത്തിയിരുന്നു. സിനിമയിലെ വനിതാക്കൂട്ടായ്മയായ ഡബ്ല്യൂസിസിയില്‍ വന്ന ഈ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ അമ്മയുടെ നേതൃത്വം കുടത്ത നിരാശയിലായിരുന്നു. ചട്ടപ്രകാരം ചെയ്ത കാര്യത്തില്‍ പുതിയ നേതൃത്വത്തെ വെട്ടിലാക്കുന്ന തരത്തില്‍ വനിതാ കൂട്ടായ്മ പ്രവര്‍ത്തിച്ചുവെന്നാണ് വിലയിരുത്തല്‍.

ഈ സാഹചര്യത്തില്‍ വനിതാ കൂട്ടായ്മയുടെ ഭാഗമായ 'അമ്മ'യിലെ അംഗങ്ങള്‍ക്ക് നേതൃത്വം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു ഇതിനുള്ള ചരട് വലികളിലാണ്. മഞ്ജു വാര്യര്‍, പാര്‍വ്വതി, റിമാ കല്ലിംഗല്‍, രമ്യാനമ്പീശന്‍ അടക്കമുള്ളവര്‍ക്ക് അച്ചടക്ക നടപടിയുടെ തുടക്കമെന്നോണം വിശദീകരണം ആവശ്യപ്പെടാനിരിക്കെയാണ് അവരുടെ രാജി. അതേസമയം വിഷയത്തെ സങ്കീര്‍ണ്ണാവസ്ഥയിലേക്ക് കൊണ്ടു പോകരുതെന്ന നിലപാടായിരുന്നു പ്രസിഡന്റ് മോഹന്‍ലാലിന്.

അമ്മയുടെ പൊതു യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കുമോ എന്ന ചോദ്യം വനിതാ അംഗമായ ഊര്‍മിളാ ഉണ്ണിയെ കൊണ്ടാണ് വേദിയില്‍ ഉയര്‍ത്തിയത്. ഇതിന് പുറത്താക്കിയത് നിയമപരമല്ലെന്നും ദിലീപ് കോടതിയില്‍ പോയാല്‍ സംഘടന കുടുങ്ങുമെന്നും പറഞ്ഞു. നേരത്തെ ഇത്തരത്തില്‍ ജഗതി ശ്രീകുമാറിനെതിരെ ആരോപണം ഉണ്ടായപ്പോള്‍ സസ്‌പെന്റ് ചെയ്യുകയാണ് ചെയ്തത്. പുറത്താക്കണമെങ്കില്‍ അതിന് സങ്കീര്‍ണ്ണമായ നടപടികളുണ്ട്. ആദ്യം കുറ്റപത്രം തയ്യാറാക്കണം. അതിന് ശേഷം ദിലീപില്‍ നിന്ന് വിശദീകരണം ചോദിക്കണം. വിശദീകരണം പിരശോധിച്ച് തീരുമാനം എടുക്കണം. ഇവിടെ ആരും കുറ്റപത്രം നല്‍കിയില്ല. വിശദീകരണവും കിട്ടിയില്ല. അതുകൊണ്ട് അമ്മയുടെ ചട്ടപ്രകാരമല്ല തീരുമാനം എടുത്തത്. പ്രത്യേക സാഹചര്യത്തിലെ ഈ നടപടി അമ്മയുടെ പുതിയ എക്‌സിക്യൂട്ടിവ് പുനപരിശോധിക്കുമെന്നായിരുന്നു ഇടവേള ബാബു വിശദീകരിച്ചത്.

തല്‍കാലം വിവാദം ഒഴിവാക്കാന്‍ ദിലീപിനെ സസ്‌പെന്‍ഷനില്‍ നിര്‍ത്തും. വിചാരണ കഴിഞ്ഞ് കോടതി കുറ്റവിമുക്തനാക്കിയാല്‍ സ്വീകരിക്കുകയും ചെയ്യും. ഇതാണ് തീരുമാനം. അമ്മയുടെ പുതിയ എക്‌സിക്യൂട്ടീവില്‍ ദിലീപിനെ പിന്തുണയ്ക്കുന്നവര്‍ക്കാണ് ഭൂരിപക്ഷം. മമ്മൂട്ടിയും പൃഥ്വിരാജും രമ്യാ നമ്പീശനും പുറത്തായി. ഈ സാഹചര്യത്തില്‍ ദിലീപ് അനുകൂലികള്‍ മാത്രമുള്ള എക്‌സിക്യൂട്ടീവ് പുറത്താക്കല്‍ തീരുമാനം റദ്ദാക്കും. അതിന് ശേഷം സസ്‌പെന്‍ഷനും.

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തില്‍ ദിലീപിന്റെ പേരുണ്ട്. അതുകൊണ്ട് തന്നെ ഇരയ്‌ക്കൊപ്പം നില്‍ക്കുന്നുവെന്ന് വരുത്താനായി ദിലീപിനെ സസ്‌പെന്റ് ചെയ്യും. അങ്ങനെ സസ്‌പെന്റ് ചെയ്താല്‍ കുറ്റപത്രം പോലും കൊടുക്കേണ്ടി വരില്ല. വിചാരണ തീരും വരെ അത് തുടരാനാണ് നീക്കം. ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിന്റെ പിടിവാശിയാണെന്ന് വരുത്താനാണ് നീക്കം. അതിനിടെ ഈ വിവാദങ്ങള്‍ക്ക് താന്‍ മുഖം കൊടുക്കുന്നത് പോലുമില്ലെന്ന നിലപാടിലാണ് ദിലീപ്. എന്തു വന്നാലും ഇനി അമ്മയുടെ പൊതുയോഗങ്ങള്‍ക്കോ പരിപാടിക്കോ ഇല്ലെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW