Tuesday, December 11, 2018 Last Updated 3 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Jun 2018 02.05 AM

വയലുകളും നീര്‍ത്തടങ്ങളും ഭൂസ്വാമിമാര്‍ക്ക്‌ തീറെഴുതരുത്‌

uploads/news/2018/06/228785/editorial.jpg

നിയമസഭ പാസാക്കിയ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ പലവിധത്തിലുള്ള സംശയങ്ങള്‍ ഉണര്‍ത്തുന്നതാണ്‌. കേരളത്തില്‍ ഇനിയും അവശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും കാണെക്കാണെ നികത്തുപെട്ടു പോകുന്ന സാഹചര്യത്തില്‍ ഈ ബില്ലിലെ വ്യവസ്‌ഥകള്‍ ദുരുപയോഗം ചെയ്‌ത്‌ ഭൂമി വഴിവിട്ട്‌ ഉപയോഗിക്കാനുള്ള സാഹചര്യം തള്ളിക്കളയാനാവില്ല.
കേരളത്തില്‍ അവശേഷിക്കുന്ന നീര്‍ത്തടങ്ങള്‍ കുത്തകകള്‍ക്ക്‌ തീറെഴുതുകയാണെന്നു പറഞ്ഞ്‌ പ്രതിപക്ഷം ബില്ലിന്റെ പകര്‍പ്പ്‌ കീറിയെറിയുന്നതിനു സാക്ഷ്യം വഹിച്ചതിനു ശേഷമായിരുന്നു ബില്ല്‌ പാസാക്കിയത്‌. സര്‍ക്കാര്‍ ആവശ്യത്തിനു മാത്രമേ വയല്‍ നികത്തൂ എന്നാണ്‌ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍ പ്രതിപക്ഷത്തെ തണുപ്പിക്കാന്‍ പറഞ്ഞത്‌. എന്നാല്‍, മന്ത്രി പറയുന്നതിനെ സാധൂകരിക്കുന്നതല്ല ബില്ലിലെ വാക്കുകള്‍. പൊതു ആവശ്യങ്ങള്‍ക്കായി വയലും നീര്‍ത്തടങ്ങളും നികത്താമെന്നാണ്‌ ബില്ലില്‍ പറയുന്നത്‌. ഇവിടെ സര്‍ക്കാര്‍ ആവശ്യത്തിനായി എന്ന്‌ എടുത്തു പറയുന്നില്ല. പൊതു ആവശ്യത്തിന്‌ എന്നത്‌ നിര്‍വചിക്കാന്‍ പറ്റാത്ത വാക്കാണ്‌. വാണിജ്യലക്ഷ്യത്തോടെ നിര്‍മിക്കുന്ന ആശുപത്രികളും ഓഡിറ്റോറിയങ്ങളുമൊക്കെ പൊതു ആവശ്യത്തിന്‌ എന്ന ഗണത്തില്‍ പെടുത്താന്‍ എളുപ്പം സാധിക്കും. വാണിജ്യസമുച്ചയങ്ങള്‍ പോലും ഈ മറവില്‍ ഉണ്ടാക്കാനാവും എന്നതു ശ്രദ്ധേയമാണ്‌.

കേരളത്തില്‍ ഇപ്പോള്‍ ഡേറ്റാബാങ്കില്‍ പെടാത്ത വയലുകളുടെയും നീര്‍ത്തടങ്ങളുടെയും കണക്കെടുപ്പ്‌ തകൃതിയില്‍ നടക്കുകയാണ്‌. വിജ്‌ഞാപനം ചെയ്യപ്പെടാത്ത ഭൂമിയായി ഈ ഭൂമി പരിഗണിക്കപ്പെടാന്‍ ഇടയുണ്ട്‌. ബില്ലില്‍ ഉള്‍പെടുത്തിയിരിക്കുന്ന വിജ്‌ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്ന വിഭാഗം ഇത്‌ ലക്ഷ്യമിട്ടാണ്‌. ഈ സ്‌ഥലങ്ങള്‍ നികത്തപ്പെടാനുള്ള എല്ലാ സാധ്യതകളുമുണ്ട്‌. പ്രാദേശികതലത്തില്‍ ഭൂമി നികത്തുന്നതിന്‌ അനുമതി നല്‍കേണ്ട പഞ്ചായത്തുകളുടെ അധികാരം എടുത്തുകളയുന്നുമുണ്ട്‌. നികത്താനുള്ള അപേക്ഷ ഇനി സംസ്‌ഥാനതല അവലോകന സമിതിക്ക്‌ നല്‍കി അവിടെ നിന്നു വേണം അനുമതി വരാന്‍. ഡേറ്റാബാങ്കില്‍ പെടാത്ത സ്‌ഥലങ്ങളെ കണ്ടെത്തി അവിടെ നികത്തല്‍ തടയാനുള്ള പ്രാദേശിക ഭരണകൂടങ്ങളുടെ അവസരം ഇതിലൂടെ ഇല്ലാതാകും. നികത്തല്‍ തടയാനും നടപടി ശിപാര്‍ശ ചെയ്യാനും അധികാരമുള്ള പ്രാദേശിക സമിതി എല്ലാ പഞ്ചായത്തിലുമുണ്ടായിരുന്നു. കൃഷി ഓഫീസര്‍, റവന്യൂ ഉദ്യോഗസ്‌ഥര്‍, തദ്ദേശ സ്‌ഥാപന പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവരാണ്‌ ഈ സമിതിയിലുള്ളത്‌. നികത്തല്‍ തടയാന്‍ ഏറെ അവസരമുള്ള ഈ സമിതിക്ക്‌ ഇനി റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള അധികാരമേയുള്ളു. ഇത്‌ ഗുണപ്രദമായ മാറ്റമാണെന്ന്‌ കരുതാനാവില്ല.
വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സമാകുന്നു എന്നതാണ്‌ സുപ്രധാനമായ ഈ മാറ്റങ്ങള്‍ക്ക്‌ കാരണമായി സര്‍ക്കാര്‍ പറയുന്നത്‌. ധാരാളം തൊഴിലവസരങ്ങളുള്ള പദ്ധതികള്‍ പോലും ഇതിന്റെ പേരില്‍ മുടങ്ങി നില്‍ക്കുന്നുവെന്ന്‌ മുഖ്യമന്ത്രി തന്നെ പറയുന്നു. വികസനത്തിനൊപ്പം തന്നെ സംസ്‌ഥാനത്തിന്റെ പ്രകൃതിവിഭവങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്‌. നല്ല ഉദ്ദേശത്തോടെയാവാം സര്‍ക്കാര്‍ ഈ മാറ്റങ്ങള്‍ കൊണ്ടു വന്നതെന്നു കരുതിയാല്‍തന്നെ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച്‌ നേട്ടമുണ്ടാക്കാനുള്ള ഭൂമാഫിയയുടെ കഴിവിനെ കുറച്ചു കണ്ടുകൂടാ. എന്തു തന്ത്രം ഉപയോഗിച്ചും ഇവര്‍ ഈ പഴുതുകള്‍ ഫലപ്രദമായി ഉപയോഗിക്കും. ഇത്തരക്കാരെ തടയുക എന്നത്‌ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. ഒരു സെന്റ്‌ നീര്‍ത്തട, നെല്‍വയല്‍ ഭൂമി പോലും നികത്തപ്പെടുന്നില്ലെന്ന്‌ ഉറപ്പു വരുത്താന്‍ ഉത്തരവാദിത്വമുണ്ടെന്നത്‌ സര്‍ക്കാര്‍ മറക്കരുത്‌.

Ads by Google
Wednesday 27 Jun 2018 02.05 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW