Thursday, June 20, 2019 Last Updated 39 Min 24 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 27 Jun 2018 02.04 AM

യോഗ: ആരോഗ്യത്തിലേക്കുള്ള വഴി

uploads/news/2018/06/228766/bft1.jpg

യോഗ ഇന്ന്‌ ലോകമെമ്പാടും സ്വീകാര്യമായ ആരോഗ്യ സംരക്ഷണമാര്‍ഗമായിരിക്കുന്നു. ഭാരതം ലോകത്തിനു സംഭാവനചെയ്‌ത മഹത്തായ ദിനചര്യ. ഭാരതത്തിന്റെ ആയുര്‍വേദവും ലോകം അംഗീകരിച്ച ആരോഗ്യ പരിപാലന ശാസ്‌ത്രമാണ്‌. ഇവ രണ്ടും മാത്രമല്ല ഉപനിഷത്തുകളും ഇതിഹാസങ്ങളും അതിലടങ്ങിയിരിക്കുന്ന തത്വങ്ങളും ആത്മീയ ചിന്തകളുമെല്ലാം ലോകം അതിശയത്തോടെയും ആദരവോടെയുമാണ്‌ പഠിച്ചുകൊണ്ടിരിക്കുന്നത്‌. ആധുനികകാലത്തിന്റെ വേഗം കൂടിയ ജീവിതചര്യകള്‍ക്കിടയില്‍ ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യം പരിപാലിക്കാന്‍ ഏക മാര്‍ഗം യോഗയാണെന്നു ലോകം തിരിച്ചറിഞ്ഞിരിക്കുന്നു.
ഐക്യരാഷ്‌ട്ര സംഘടന ജൂണ്‍ 21 രാജ്യാന്തര യോഗാദിനമായി ആചരിക്കാന്‍ തീരുമാനിച്ചതോടെ യോഗ ജനകീയമായി. 2014 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഐക്യരാഷ്‌ട്ര സംഘടനയില്‍ യോഗയുടെ ആവശ്യകതയെക്കുറിച്ചു പ്രസംഗിച്ചു. ഇതാണു ലോക യോഗാദിനം ആചരിക്കാന്‍ പ്രേരകമായത്‌. യു.എന്നിന്റെ ചരിത്രത്തിലാദ്യമായി 90 ദിവസത്തിനകം 193 രാജ്യങ്ങള്‍ ഒപ്പുവെച്ച്‌ ആ പ്രമേയം പാസാക്കപ്പെട്ടു. പകലിന്റെ െദെര്‍ഘ്യം ഏറ്റവും കൂടുതല്‍ ഉള്ളതും ഭൂമിയിലേക്ക്‌ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നതുമായ ജൂണ്‍ 21 യോഗാദിനമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്‌തു. ഇന്ന്‌ ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്ന യോഗജീവിതം സാധിതമായതു പതഞ്‌ജലി മഹര്‍ഷി തന്റെ അശ്രാന്ത പരിശ്രമത്തിലൂടെ ചിട്ടപ്പെടുത്തിയ അഷ്‌ടാംഗയോഗമെന്ന പദ്ധതിയിലൂടെയാണ്‌. നാല്‌ അധ്യായങ്ങളും 195 സൂത്രങ്ങളുമാണ്‌ യോഗദര്‍ശനത്തിലുള്ളത്‌.

യോഗ ജനങ്ങളിലേക്ക്‌

മനുഷ്യശരീരത്തിലെ ആന്തരികഘടനയെ മനസിലാക്കിയുള്ള നൂറ്റാണ്ടുകളുടെ ഗവേഷണഫലമാണ്‌ യോഗ. മനുഷ്യനില്‍ അന്തര്‍ലീനമായ കഴിവിനെ വികസിപ്പിച്ച്‌ ശരീരാഭ്യാസംകൊണ്ടുതന്നെ മനസിനെയും ശരീരത്തെയും രോഗവിമുക്‌തമാക്കാന്‍ കഴിയുമെന്ന ആശയമാണിത്‌. പന്ത്രണ്ട്‌ വയസുകഴിഞ്ഞ ആര്‍ക്കും യോഗ അഭ്യസിക്കാം. ശരീരത്തിന്റെ വളവുകള്‍ യോഗയിലൂടെ നിവര്‍ത്തി ശ്വാസകോശത്തെ പൂര്‍ണ സംഭരണശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുകയും ചെയ്യാം. ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്‌തത്തിലൂടെ തലച്ചോറിലെത്തുന്നു. ഇതുവഴി തലച്ചോറിന്റെ പ്രവര്‍ത്തനം ഉന്നതിയിലെത്തുന്നു. ഉയര്‍ന്ന ചിന്തകളുണ്ടാകുന്നു, വികാരനിയന്ത്രണം സാധ്യമാകുന്നു. ആത്മീയ ഉന്നതി ലഭിക്കുന്നു.
ഒരു നൂറ്റാണ്ട്‌ മുമ്പുവരെ യോഗവിദ്യ െഹെന്ദവ ആശ്രമങ്ങളില്‍ മാത്രം ഒതുങ്ങിക്കിടന്നിരുന്നു. പൗരാണികകാലത്ത്‌ രാജാക്കന്മാര്‍ക്കുപോലും യോഗ അജ്‌ഞാതമായിരുന്നു. നൂറ്റാണ്ടുകളോളം അത്‌ സന്യാസമഠങ്ങളില്‍ കെട്ടിക്കിടന്നു. യോഗയ്‌ക്ക്‌ ഇന്നത്തെ രീതിയിലുള്ള പ്രാധാന്യവും വാണിജ്യസാധ്യതകളും വന്നിട്ട്‌ ഒരു നൂറ്റാണ്ടേ ആയിട്ടുള്ളൂ. 1888ല്‍ കര്‍ണാടകയില്‍ ജനിച്ച ടി. കൃഷ്‌ണമാചാര്യയാണ്‌ യോഗയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചത്‌. െമെസൂര്‍ രാജാവായ കൃഷ്‌ണദേവ വൊഡയാര്‍ കാശിയില്‍ വച്ച്‌, കൃഷ്‌ണമാചാര്യയെ പരിചയപ്പെടുകയും കൊട്ടാരത്തിലേക്ക്‌ കൂട്ടിക്കൊണ്ടുവരികയും ചെയ്‌തു. യോഗയ്‌ക്ക്‌ ഒരു ഔദ്യോഗിക സ്വരം വരുന്നത്‌ അന്നുതൊട്ടാണ്‌. ഇന്നുകാണുന്ന രീതിയിലേക്ക്‌ യോഗയെ വ്യാഖ്യാനിച്ചത്‌ അദ്ദേഹമാണ്‌. കൃഷ്‌ണമാചാര്യയുടെ മരണശേഷം സഹോദരന്‍ ബി.കെ.എസ്‌ അയ്യാര്‍, മകന്‍ ടി.വി.കെ ദേശികാചാര്‍, കെ.പട്ടാഭി എന്നിവരാണ്‌ യോഗയെ വിദേശത്ത്‌ എത്തിച്ചത്‌.
യോഗയുടെ ശാസ്‌ത്രീയതയെ ചോദ്യം ചെയ്യുന്ന പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്‌. യോഗയുടെ ഗുണഗണങ്ങള്‍ പ്രകീര്‍ത്തിക്കുന്ന പഠനങ്ങളില്‍ പലതും അതിശയോക്‌തിപരവും ശാസ്‌ത്രീയമായി സ്‌ഥിരീകരിക്കപ്പെടാത്തവയുമാണെന്ന വാദവുമുണ്ട്‌. യോഗ പരിശീലിക്കുന്നവരില്‍ ഹൃദയാരോഗ്യം മെച്ചപ്പെട്ടതായിരിക്കുമെന്നു പറയപ്പെടുന്നുണ്ട്‌. എന്നാല്‍ ഹൃദയാരോഗ്യത്തെക്കുറിച്ച്‌ അമേരിക്കന്‍ കൗണ്‍സില്‍ ഓഫ്‌ എക്‌സര്‍െസെസ്‌ നടത്തിയ പഠനങ്ങള്‍ ഹൃദയത്തിന്‌ യോഗകൊണ്ട്‌ കാര്യമായ ഗുണങ്ങളൊന്നുമില്ലെന്നു പറയുന്നു. ഇതൊരുപക്ഷേ അമേരിക്കയിലെ ഹൃദ്‌രോഗ ചികിത്സക്ക്‌ കോട്ടം തട്ടാതിരിക്കാനുള്ള ശ്രമമാണെന്നു വ്യാഖ്യാനിക്കാം. ഇത്തരത്തില്‍ യോഗയിലെ ആസനങ്ങളില്‍ ഓരോന്നിനെയും വിശകലനം ചെയ്യുന്ന പഠന റിപ്പോര്‍ട്ടുകള്‍ ആഗോളതലത്തില്‍ പുറത്തുവരുന്നുമുണ്ട്‌.

മതവും യോഗയും

രാജ്യാന്തരതലത്തില്‍ യോഗയ്‌ക്ക്‌ അംഗീകാരവും ജനസമ്മതിയും ലഭിക്കുമ്പോള്‍ തന്നെ ഭാരതത്തില്‍ അതിനെക്കുറിച്ച്‌ വിവാദങ്ങള്‍ കൊഴുക്കുകയാണ്‌. യോഗ ഒരു മതത്തിന്റേതാണെന്നാണ്‌ ഒരു വാദം. യോഗ നിഷിദ്ധമാണെന്നും ഒരു വിഭാഗം പ്രചരിപ്പിക്കുന്നു. സ്വന്തം വിശ്വാസ പ്രമാണങ്ങള്‍ മാത്രമാണു ശരിയെന്നു വിശ്വസിക്കുന്നതാണ്‌ ഇത്തരം വാദങ്ങള്‍ക്കു കാരണം. ആധുനികെവെദ്യശാസ്‌ത്രത്തെ അപേക്ഷിച്ച്‌ വളരെ പുരാതനമായ ഒരു ചരിത്രമുണ്ട്‌ യോഗയ്‌ക്ക്‌. ഋഷിമാര്‍ ദീര്‍ഘകാലത്തെ ധ്യാന-മനനാദികളാല്‍ നേടിയെടുത്ത വിജ്‌ഞാനമാണിത്‌. വാമൊഴിയിലൂടെ ശിഷ്യപരമ്പരകള്‍ക്കു പകര്‍ന്നുകിട്ടിയ ഈ വിജ്‌ഞാനം പിന്നീട്‌ താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാര്‍ജിച്ചതുമായ ഒരു ചികിത്സാമാര്‍ഗമാണിത്‌. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക്‌ നയിക്കുക എന്ന ഉദ്ദേശത്തൊട്‌ കൂടി രചിക്കപ്പെട്ട കൃതിയാണ്‌ അഷ്‌ടാംഗയോഗ, എന്ന്‌ വിളിക്കപ്പെടുന്ന പതഞ്‌ജലി യോഗശാസ്‌ത്രം. പതഞ്‌ജലി മഹര്‍ഷിയാണ്‌ ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌.
യോഗ എന്ന വാക്കിന്റെ അര്‍ത്ഥം ചേര്‍ച്ച എന്നാണ്‌. യോഗവ്യായാമ മുറകള്‍ക്ക്‌ മുന്‍പ്‌ ഈ കൃതിയിലെ സംസ്‌കൃത ശ്ലോകം ചൊല്ലുന്നതാണ്‌ നമ്മുടെ നാട്ടിലെ വിവാദത്തിന്‌ കാരണം. കത്തുന്ന തിരിയിലെ പ്രകാശനാളത്തിനാണ്‌ പ്രാധാന്യം, തിരിസ്‌ഥിതിചെയ്യുന്ന നിലവിളക്കിനല്ല. ജലത്തിന്‌ എന്തു പേരിട്ടു വിളിച്ചാലും അതു കുടിച്ചാല്‍ ദാഹം ശമിക്കും. ജാതിയും മതവുമില്ലാത്ത സൂര്യനെ കേന്ദ്രമാക്കിയാണ്‌ സൂര്യനമസ്‌കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. െഹെന്ദവം ഒരു മതമല്ല, സംസ്‌കാരമാണ്‌. മതസൗഹാര്‍ദം എന്നു വച്ചാല്‍ മറ്റു മതങ്ങളുടെ ആചാരങ്ങള്‍ അനുകരിക്കുക എന്നതല്ല. തന്റെ സഹജീവിയുടെ വിശ്വാസവും ആചാരവും ആയി അതിനെ അംഗീകരിക്കുക എന്നതാണ്‌. ജീവിതത്തിന്റെ എല്ലാ വശങ്ങളെയും നിങ്ങള്‍ക്ക്‌ ഒന്നുകില്‍ കെട്ടുപാടുകള്‍ക്കായി ഉപയോഗിക്കാം, അല്ലെങ്കില്‍ സ്വന്തം മുക്‌തിക്കായി ഉപയോഗിക്കാം. കെട്ടുപാടുകള്‍ക്കായി ഉപയോഗിച്ചാല്‍ അതിനെ കര്‍മം എന്നു പറയും, സ്വന്തം മോചനത്തിനായുപയോഗിച്ചാല്‍ അതിനെ യോഗ എന്നും.
മനുഷ്യന്‍ ജന്മനാ യോഗികളാണ്‌. കുഞ്ഞുങ്ങളെ ശ്രദ്ധിച്ചിട്ടുണ്ടോ. മൂന്നുവയസുവരെയുള്ള കാലഘട്ടത്തിനകത്ത്‌ യോഗയിലെ ആസനമുറകള്‍ കുട്ടികള്‍ ചെയ്യുന്നത്‌ കാണാം. മനുഷ്യര്‍ മുതിര്‍ന്നപ്പോഴും െശെശവത്തിലെ നിഷ്‌കളങ്കത കാത്തുസക്ഷിച്ചിരുന്നുവെങ്കില്‍ യോഗയുടെ ആവശ്യമേ ഉണ്ടാവുകയില്ലായിരുന്നു. എന്നാല്‍ നിഷ്‌കളങ്കതയില്‍ നിന്നും സന്തുലിതാവസ്‌ഥയില്‍നിന്നും വളരെ അകന്നുനില്‍ക്കുന്ന മുതിര്‍ന്നവര്‍ക്ക്‌ സഹജമായ നിഷ്‌കളങ്കതയിലേക്ക്‌ തിരിച്ചുവരാന്‍ യോഗ ആവശ്യമായി വരുന്നു.

പഠന വിഷയം

യോഗയെക്കുറിച്ച്‌ ഇന്ത്യയില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുമ്പോള്‍ യോഗയെ കായിക ഇനമായി അംഗീകരിച്ച്‌ സൗദി അറേബ്യ മാതൃക കാണിച്ചു. ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌ നൗഫ്‌ മര്‍വായ്‌ എന്ന 37 വയസുകാരിയാണ്‌. മര്‍വായ്‌ ഇന്ന്‌ സൗദിയിലെ ആദ്യ വനിതാ യോഗാ പരിശീലകയും അറബ്‌ യോഗ ഫൗണ്ടേഷന്റെ സ്‌ഥാപകയുമാണ്‌. യോഗയും മതവും പരസ്‌പരം കലഹിക്കേണ്ടതല്ലെന്നാണ്‌ അവര്‍ പറയുന്നത്‌.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 27 Jun 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW