Thursday, June 13, 2019 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Jun 2018 02.03 AM

തലയ്‌ക്ക് പിടിച്ച കാല്‍പന്ത്‌ ലഹരി : ഫിഫയുടെ സ്വന്തം നൈനാംവളപ്പും വനിതാ ലീഗിന്റെ ബ്രസീലിയയും

uploads/news/2018/06/228761/bft2.jpg

ഫുട്‌ബോള്‍ ആരാധനയുടെ നല്ല മാതൃകയാണു കോഴിക്കോട്‌ നഗരത്തിനടുത്തുള്ള നൈനാംവളപ്പ്‌; ലോക ഫുട്‌ബോള്‍ ഫെഡറേഷന്‍ അംഗീകരിച്ച ആരാധകക്കൂട്ടായ്‌മ. ഇവിടുത്തെ മിനി ലോകപ്പില്‍ ഇക്കുറി കപ്പടിച്ചതു 'സ്‌പെയിന്‍'. സമ്മാനിച്ചതു ഫിഫ അയച്ചുകൊടുത്ത ലോകകപ്പിന്റെ മാതൃക.
കളി കൈയാങ്കളിയാകുന്ന കൊച്ചിയിലെ കളമശേരി, മഞ്ഞപ്പടയുടെ കട്ട ഫാനായ അമ്മാവന്‍ സമ്മാനിച്ച പേരുമായി വനിതാ ലീഗ്‌ നേതാവ്‌ ബ്രസീലിയ...
കോഴിക്കോട്‌ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ബ്രസീലിയ ഷംസുദ്ദീന്‌ ആ പേരു സമ്മാനിച്ചതു ബ്രസീലിന്റെ കട്ട ഫാനായ അമ്മാവന്‍ ഷെറീഫാണ്‌. രണ്ടാമത്തെ മകള്‍ക്കു 'ബ'യില്‍ തുടങ്ങുന്ന ഒരുപേരിടാമോയെന്നു മാത്രമേ ഷെറീഫിനോടു പെങ്ങള്‍ നജ്‌മ ചോദിച്ചുള്ളൂ. സോണി ഇ.എസ്‌.പി.എന്നില്‍ ഷൈജു ദാമോദരന്റെ കമന്ററി പോല ഒറ്റഅലര്‍ച്ചയായിരുന്നു ആങ്ങള: "ബ്രസീലിയാാാാ...!!".
അന്നു കോളജ്‌ വിദ്യാര്‍ഥിയായിരുന്നു ഷെറീഫ്‌. മരുമകള്‍ ബ്രസീലിയ വളര്‍ന്ന്‌ കോഴിക്കോട്‌ കോര്‍പറേഷന്‍ കൗണ്‍സിലറായി. ഈ ലോകകപ്പ്‌ നടക്കുമ്പോള്‍ അവര്‍ വനിതാ ലീഗിന്റെ സംസ്‌ഥാന ഭാരവാഹിയാണ്‌. കോഴിക്കോട്‌ ഇടിയങ്ങര പുതിയവീട്ടില്‍ ഉമ്മര്‍കുട്ടിയുടേയും നജ്‌മയുടേയും രണ്ടു മക്കളില്‍ ഇളയവളാണു ബ്രസീലിയ. കുടുംബസമേതം കല്ലായി ബൈത്തുല്‍ നൂറിലാണ്‌ ഇപ്പോള്‍ താമസം. സഹോദരിയുടെ പേര്‌ ബദ്‌റിയ. രണ്ടാമത്തെ മകള്‍ക്കും 'ബ'യില്‍ തുടങ്ങുന്ന പേരു വേണമെന്ന ആഗ്രഹമേ നജ്‌മ ആങ്ങളയ്‌ക്കു പാസ്‌ ചെയ്‌തുള്ളൂ. പാസ്‌ കിട്ടിയപാടേ ആങ്ങള ഗോളടിച്ചു...ബ്രസീലിയ. ആ തീരുമാനം പിന്നെ ആരും ചലഞ്ച്‌ ചെയ്‌തതുമില്ല.

നൈനാംവളപ്പ്‌ ലോകകപ്പില്‍ സ്‌പെയിനിന്‌ ഫിഫ ട്രോഫി!

ലോകകപ്പ്‌ ഫുട്‌ബോളിന്‌ ആതിഥ്യമരുളുന്ന റഷ്യയുടെ ചെറുപതിപ്പായി മാറിയിരിക്കുകയാണു ഫുട്‌ബോള്‍ ഭ്രാന്തന്‍മാരുടെ നാടായ കോഴിക്കോട്ടെ നൈനാംവളപ്പ്‌. വിവിധ രാജ്യങ്ങളുടെ ജഴ്‌സിയണിഞ്ഞ ആരാധകര്‍. നിരത്തുകള്‍ നിറയെ ഇഷ്‌ടതാരങ്ങളുടെ കട്ടൗട്ടുകള്‍, ഇഷ്‌ടരാജ്യങ്ങളുടെ പതാകകള്‍. ഫ്‌ളക്‌സുകള്‍ നിറയെ എതിരാളികളെ നിലംപരിശാക്കുന്ന ചാട്ടുളിപ്രയോഗങ്ങള്‍...
റഷ്യയില്‍ ഫിഫ ലോകകപ്പ്‌ നടക്കുമ്പോള്‍ നൈനാംവളപ്പില്‍ 'എന്‍ഫ'ലോകകപ്പ്‌ മത്സരം നടത്തിയാണ്‌ ആരാധകര്‍ ആവേശം പങ്കിട്ടത്‌. എന്‍ഫയെന്നാല്‍ നൈനാംവളപ്പ്‌ ഫുട്‌ബോള്‍ ഫാന്‍സ്‌ അസോസിയേഷന്‍. ലോകത്ത്‌ ഫിഫ അംഗീകരിച്ച ആരാധകകൂട്ടായ്‌മകളില്‍ നൈനാംവളപ്പിലെ എന്‍ഫയുമുണ്ട്‌. ഇവിടെ ലോകകപ്പിലെ ഒട്ടുമിക്ക ടീമുകളുടെയും ആരാധകരുണ്ട്‌. ബ്രസീലിനും അര്‍ജന്റീനയ്‌ക്കും മാത്രമല്ല സൗദി അറേബ്യയ്‌ക്കും നൈജീരിയയ്‌ക്കും സെനഗലിനും വരെ വെവ്വേറെ ഫാന്‍സ്‌ അസോസിയേഷനുകള്‍. എന്‍ഫ മിനി ലോകകപ്പില്‍ അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി, സ്‌പെയിന്‍, ഫ്രാന്‍സ്‌, ഇംഗ്ലണ്ട്‌, യുറുഗ്വേ, പോര്‍ച്ചുഗല്‍ ടീമുകളുടെ ജഴ്‌സികളണിഞ്ഞാണു നാടന്‍താരങ്ങള്‍ കളത്തിലിറങ്ങിയത്‌. ടൂര്‍ണമെന്റില്‍ 'സ്‌പെയിന്‍' കപ്പടിച്ചു. ഫിഫ അയച്ചുകൊടുത്ത ലോകകപ്പ്‌ ട്രോഫിയുടെ മാതൃകയാണു നൈനാംവളപ്പിലെ സ്‌പെയിന്‌ സമ്മാനിച്ചതെന്ന പ്രത്യേകതയുമുണ്ട്‌.

പ്രായത്തെ തോല്‍പ്പിച്ച്‌ ലെഫ്‌റ്റ്‌ഔട്ട്‌ കുഞ്ഞ്‌

നൈനാംവളപ്പിലെ ബിഗ്‌ സ്‌ക്രീനില്‍ ലോകകപ്പ്‌ കാണാന്‍ ആബാലവൃദ്ധം ആരാധകരുമെത്തും. എണ്‍പത്തഞ്ചുകാരനായ ലെഫ്‌റ്റ്‌ഔട്ട്‌ കുഞ്ഞാണ്‌ വെറ്ററന്‍ താരം. ഫുട്‌ബോള്‍ പ്രാണനാണെങ്കിലും നൈനാംവളപ്പുകാരുടെ ആരാധന അതിരുകടക്കാറില്ല. വിവിധ ടീമുകളുടെ ആരാധകരെ വേലികെട്ടിത്തിരിച്ചാണ്‌ കളി കാണാന്‍ ഇരുത്തുന്നതുതന്നെ. അതുകൊണ്ട്‌ ആര്‍പ്പുവിളികള്‍ അടികലശലില്‍ എത്താറില്ല. ഒരുകാലത്ത്‌ ഇവിടെ വന്‍തുകയുടെ വാതുവയ്‌പ്പുകള്‍ നടന്നിരുന്നു. പണത്തിനു പുറമേ വാഹനങ്ങളും പന്തയം കെട്ടിയിരുന്നു. എന്‍ഫ സജീവമായതോടെ വാതുവയ്‌പിന്റെ പേരിലുള്ള ചൂതാട്ടത്തിനു കടിഞ്ഞാണിട്ടു. ഇപ്പോള്‍ കീശയ്‌ക്കു താങ്ങാവുന്ന തുകയ്‌ക്കും ബിരിയാണിക്കുമൊക്കെയാണു വാതുവയ്‌പ്പെന്ന്‌ എന്‍ഫ പ്രസിഡന്റ്‌ സുബൈര്‍ നൈനാംവളപ്പില്‍ പറഞ്ഞു. 1996-ല്‍ ഇംഗ്ലണ്ടില്‍ നടന്ന യൂറോകപ്പിനെ വരവേല്‍ക്കാന്‍ മൂന്നുമാസത്തെ ബീച്ച്‌ സോക്കര്‍ ടൂര്‍ണമെന്റ്‌ സംഘടിപ്പിച്ചാണ്‌ എന്‍ഫയുടെ തുടക്കം. എം.ആര്‍.എസ്‌. എന്ന ഒരേയൊരു ക്ലബ്ബാണ്‌ അന്നുണ്ടായിരുന്നത്‌. ഇന്നു 12 ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ഈ പ്രദേശത്തുണ്ട്‌. വിവിധ ഡിവിഷനുകളിലായി കോഴിക്കോട്‌ ജില്ലാ ലീഗില്‍ 20 കളിക്കാര്‍ പങ്കെടുക്കുന്നു. ഐ ലീഗ്‌ താരം വാഹിദ്‌ സാലിയുടെ ജന്മനാടും നൈനാംവളപ്പാണ്‌. ഐ.എസ്‌.എല്‍. അടക്കമുള്ള മത്സരങ്ങള്‍ ബിഗ്‌ സ്‌ക്രീനില്‍
പ്രദര്‍ശിപ്പിക്കുന്നതും ജയിക്കുന്ന ടീമിന്റെ ആരാധകര്‍ക്കു ലോകകപ്പായാലും യൂറോ കപ്പായാലും ഫിഫ നല്‍കിയ ട്രോഫി സമ്മാനിക്കുന്നതും നൈനാംവളപ്പിന്റെ പ്രത്യേകതയാണ്‌. ഫിഫയുടെ ഫുട്‌ബോള്‍ കിറ്റുകള്‍ എല്ലാവര്‍ഷവും നൈനാംവളപ്പിനെ തേടിയെത്തുന്നു.

ബ്രസീലുകാരും നൈനാംവളപ്പിന്റെ ആരാധകര്‍

2014-ലെ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിന്റെ സമയത്ത്‌ നൈനാംവളപ്പില്‍ ബ്രസീല്‍ ആരാധകര്‍ ഉയര്‍ത്തിയ ഫ്‌ളക്‌സ്‌ ബോര്‍ഡ്‌ ബ്രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ ശ്രദ്ധയില്‍പ്പെടുകയും അവിടുത്തെ ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്തയാകുകയും ചെയ്‌തു. ഫിഫയും യുവേഫയും എ.എഫ്‌.സിയും അവരുടെ സുവനീറുകളും പ്രസിദ്ധീകരണങ്ങളും നൈനാംവളപ്പില്‍ എത്തിക്കുന്നുണ്ട്‌. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രചാരണവേദിയായും ലോകകപ്പിനെ ഈ നാട്ടുകാര്‍ നെഞ്ചേറ്റുന്നു. ഫുട്‌ബോള്‍ ആവേശത്തിലേക്കു വഴിതിരിച്ചുവിട്ട്‌ ഒട്ടേറെ ചെറുപ്പക്കാരെ മദ്യത്തില്‍നിന്നും മയക്കുമരുന്നില്‍നിന്നും തിരിച്ചുകൊണ്ടുവരാന്‍ എന്‍ഫയ്‌ക്കു കഴിഞ്ഞതായി സുബൈര്‍ പറഞ്ഞു.ഫുട്‌ബോളിനെ വൈകാരികമായെടുത്തതാണ്‌ കോട്ടയത്ത്‌ ഒരു ചെറുപ്പക്കാരനെ ആത്മഹത്യയിലേക്കു നയിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കളമശേരിയിലെ കൈയാങ്കളി

ഫുട്‌ബോള്‍ ആരാധനയുടെ കാര്യത്തില്‍ നൈനാംവളപ്പിന്റെ കൊച്ചി പതിപ്പാണു കളമശേരി. എന്നാല്‍ നൈനാംവളപ്പില്‍നിന്നു വ്യത്യസ്‌തമായി, കളമശേരിയിലെ കളിഭ്രാന്തന്‍മാരുടെ ആരാധന കൈയാങ്കളിയില്‍ കലാശിക്കാറുണ്ട്‌. കളികാണാന്‍ പിരിവിട്ട്‌ ബിഗ്‌ സ്‌ക്രീന്‍ ഒരുക്കിയവര്‍തന്നെ ഫൈനല്‍ വിസിലിനുശേഷം തമ്മിലടിച്ചു. കഴിഞ്ഞയാഴ്‌ചയാണു സംഭവം: കളമശേരി ഗ്ലാസ്‌ കോളനിയിലെ യുവാക്കളാണു കളി കാണാന്‍ വലിയ സ്‌ക്രീനുകള്‍ ഒരുക്കിയത്‌. ഇതിനിടെ ഇരു ടീമുകളുടെ ആരാധകര്‍ ഏറ്റുമുട്ടി.
ഒരു കാല്‍പന്ത്‌ ആരാധകന്റ കൈ ഒടിഞ്ഞുതൂങ്ങി. അടിപിടിക്കേസില്‍ ഗ്ലാസ്‌ കോളനിയിലെ രണ്ടുപേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇവരെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച്‌ സ്‌ത്രീകളും കുട്ടികളുമടങ്ങിയ സംഘം കളമശേരി പോലീസ്‌ സ്‌റ്റേഷനില്‍ കുത്തിയിരുപ്പു നടത്തി. പ്രശ്‌നത്തില്‍ രാഷ്‌ട്രീയക്കാരും ഇടപെട്ടതോടെ കളി കാര്യമാകുകയാണെന്നു മനസിലാക്കിയ പോലീസ്‌ ഇരുവരെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
അവിടെ കളി; ഇവിടെ ചൂതാട്ടം

റഷ്യയില്‍ ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ ക്ലബ്ബുകളും മറ്റും കേന്ദ്രീകരിച്ച്‌ അനധികൃത വാതുവയ്‌പ്പും സജീവമാണ്‌. അര്‍ജന്റീന, ബ്രസീല്‍, ജര്‍മനി തുടങ്ങി വമ്പന്‍ ടീമുകളുടെ മത്സരങ്ങള്‍ നടക്കുമ്പോഴാണു ലക്ഷങ്ങളുടെ വാതുവയ്‌പ്പ്‌ കൊഴുക്കുന്നത്‌.
ഇതിനായി അയല്‍ജില്ലകളില്‍നിന്ന്‌ ഉള്‍പ്പെടെ സംഘങ്ങള്‍ എത്തുന്നു. പോലീസ്‌ രഹസ്യാന്വേഷണവിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്‌ ഇക്കൂട്ടര്‍. ഗോളുകളുടെ എണ്ണം, ഗോള്‍ അടിക്കുന്ന സമയം തുടങ്ങി ഓരോ 10 മിനിട്ടിലെയും ഗോള്‍ നിലവരെ വാതുവയ്‌പ്പിനു മാനദണ്ഡമാകുന്നു. ക്ലബ്ബുകള്‍ക്കു പുറമേ വാടകവീടുകളെടുത്തും ഹോട്ടലില്‍ മുറിയെടുത്തും വാതുവയ്‌പ്പ്‌ സംഘങ്ങള്‍ സജീവമാണ്‌. വാതുവയ്‌പ്പുകാര്‍ക്കു പണം പലിശയ്‌ക്കു നല്‍കുന്നവര്‍ വേറേ. കഴിഞ്ഞ ഐ.പി.എല്‍. ടൂര്‍ണമെന്റിനിടെ പൊന്നാനി കേന്ദ്രീകരിച്ചു നിരവധി വാതുവയ്‌പ്പുകാര്‍ അറസ്‌റ്റിലായിരുന്നു.

(തുടരും)

സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Wednesday 27 Jun 2018 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW