Thursday, September 13, 2018 Last Updated 7 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Jun 2018 02.02 AM

കൊയ്‌തെടുത്തത്‌ 'കണ്ണീര്‍പ്പാടം'

uploads/news/2018/06/228754/bft3.jpg

വിചിത്രമായൊരു ജീവിതകവിതയിലെ നായികയായിരുന്നു ഭാനുമതിയമ്മ. നായകന്‍ കവി വൈലോപ്പിള്ളി. കവിയുടെ ഭാഷയില്‍, നിര്‍ദയലോകത്തില്‍ ഒറ്റപ്പെട്ടുപോയ രണ്ടുപേര്‍. അവരുടെ ദാമ്പത്യത്തില്‍ ഉടനീളം കൊയ്‌തെടുത്തത്‌ കണ്ണീര്‍പ്പാടം. അസ്വാസ്‌ഥ്യങ്ങള്‍ നിറഞ്ഞ ദാമ്പത്യത്തിലൂടെ കടന്നുപോയ തന്റെയും ഭാനുമതിയുടെയും ജീവിതമാണ്‌ വൈലോപ്പിള്ളി "കണ്ണീര്‍പ്പാടം" എന്ന കവിതയില്‍ കുറിച്ചിട്ടത്‌.

"സ്‌നേഹസ്വാര്‍ഥജൃംഭിതങ്ങളാല്‍
പരിഭവത്താ,ലസൂയയാല്‍
കാറു കൂടിയ കണ്ണീര്‍പ്പാടങ്ങള്‍"
അധികം നീണ്ടുനില്‍ക്കാതിരുന്ന വിവാഹബന്ധമായിരുന്നു അത്‌. എന്നാല്‍ ഹൃദയങ്ങള്‍ തമ്മിലുള്ള അടുപ്പം മരണം വരെയും തുടര്‍ന്നു. വൈലോപ്പിള്ളിക്കവിത പോലെ മഹാകവിയുടെ ദാമ്പത്യവും ഏറെ ചര്‍ച്ചയായി.
വൈലോപ്പിള്ളി ശ്രീധരമേനോനും ഭാനുമതിയമ്മയും വിവാഹിതരായി അധികം വൈകാതെ അസ്വാരസ്യങ്ങളെത്തുടര്‍ന്ന്‌ വേര്‍പിരിഞ്ഞു. പരുക്കനും നിസംഗനുമായ കവിയെ തനിക്ക്‌ ഉള്‍ക്കൊള്ളാനാകുമോ എന്ന്‌ വിവാഹത്തിന്‌ മുമ്പുതന്നെ ഭാനുമതിയമ്മ സംശയിച്ചിരുന്നു. വിവാഹജീവിതത്തിന്റെ തുടക്കത്തില്‍ത്തന്നെ ദാമ്പത്യത്തില്‍ കല്ലുകടി അനുഭവപ്പെട്ടുതുടങ്ങി. പില്‍ക്കാലത്ത്‌ ഭാനുമതിയമ്മ അഭിപ്രായപ്പെട്ടതുപോലെ, ദുരഭിമാനമായിരിക്കാം കൊയ്‌തെടുക്കാന്‍ കണ്ണീര്‍പ്പാടം മാത്രം ബാക്കിയാക്കിയത്‌. കുടുംബം മുന്നോട്ടുകൊണ്ടുപോകാനായി പരമാവധി സഹകരിക്കാനും വിട്ടുവീഴ്‌ച ചെയ്യാനും ഭാനുമതിയമ്മ തയാറായെങ്കിലും അകന്നു ജീവിക്കുക മാത്രമായിരുന്നു പ്രതിവിധി. എന്നാല്‍ അകന്നാലും അകലമൊട്ടുമില്ലാതെ ജീവിച്ച്‌ അവര്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുകയും ചെയ്‌തു.
വേര്‍പിരിഞ്ഞു കഴിയുന്ന ഭാനുമതിയമ്മയെ കാണാന്‍ ഇടയ്‌ക്കിടെ വൈലോപ്പിള്ളി എത്തും. ചിലപ്പോള്‍ ഭാനുമതിയമ്മ വൈലോപ്പിള്ളിയെ ചെന്നു കാണും. ഇരുവരെയും വീണ്ടും ഒന്നിപ്പിക്കാന്‍ മഹാകവി ജി. ശങ്കരക്കുറുപ്പ്‌, കെ.പി. കേശവമേനോന്‍ എന്നിവരെല്ലാം ശ്രമിച്ചിരുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച മക്കളോടുപോലും "നിങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ട" എന്നായിരുന്നു കവിയുടെ മറുപടി.
എങ്കിലും കവിയുടെ ലോലഹൃദയവും പരുക്കന്‍മട്ടിനുള്ളില്‍ ഒളിപ്പിച്ച മൃദുസ്വഭാവവും ഭാനുമതിയമ്മ തിരിച്ചറിഞ്ഞിരുന്നു. എന്നിട്ടും ആ മുഖംമൂടിക്ക്‌ അപ്പുറവും ഇപ്പുറവുംമാത്രം ജീവിക്കാനായിരുന്നു വിധി. ഒടുവില്‍ വൈലോപ്പിള്ളിയുടെ മരണക്കിടക്കയിലും ഭാനുമതിയമ്മ അരികിലുണ്ടായിരുന്നു.നല്ലൊരു കുടുംബജീവിതമുണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മികച്ച കവിതകള്‍ അദ്ദേഹത്തിന്‌ എഴുതാന്‍ കഴിയുമായിരുന്നു എന്ന കുറ്റബോധം ജീവിതത്തിലുടനീളം ഭാനുമതിയമ്മ പ്രകടിപ്പിച്ചിരുന്നു. വേറിട്ട കൈവഴികളായി ഒഴുകിയിട്ടും എക്കാലവും വൈലോപ്പിള്ളിയുടെ ഭാര്യയായിരുന്നു അവര്‍. ജീവിതമെഴുതിയ ഒരു മഹാകാവ്യത്തിന്‌ ഇന്നലെ പരിസമാപ്‌തിയായി.

ഷൈനി ജോണ്‍

Ads by Google
Wednesday 27 Jun 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW