Friday, June 21, 2019 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Jun 2018 04.31 PM

ഈശ്വര തത്വം

'' പൂര്‍വികര്‍ നമുക്ക് രണ്ടുതരം ആരാധനാ രീതിയാണ് ഉപദേശിച്ചു തന്നത്. ഒന്ന് മോക്ഷത്തിനായുള്ളതും മറ്റേതു ഭോഗത്തിനായുള്ളതും. ഇതില്‍ ഭോഗങ്ങള്‍ക്ക് വേണ്ടിയുള്ള ആരാധനകള്‍ ഭൂരിപക്ഷവും ദേവപൂജാ വിധികളാണ്. നേരിട്ടുള്ള ഈശ്വരഭജനമല്ല. അതുകൊണ്ടാണ് പല പൂജകളും നമുക്ക് വീണ്ടും വീണ്ടും അനുവര്‍ത്തിക്കേണ്ടി വരുന്നതും അത് നിര്‍ത്തുമ്പോള്‍ വീണ്ടും അവസ്ഥകള്‍ പഴയപടി ആകുന്നതും.''
uploads/news/2018/06/228647/joythi260618.jpg

അനേകം ഗുരുക്കന്മാര്‍ അനവധി മഹത് ഗ്രന്ഥങ്ങള്‍... വിവിധതരം വിശ്വാസസംഹിതകള്‍... ആചാരങ്ങള്‍... അനുഷ്ഠാന രീതികള്‍... മന്ത്രങ്ങള്‍...
ഹിന്ദുവായി ജനിക്കുന്ന ബഹുഭൂരിപക്ഷത്തിനും ഒരുപക്ഷേ, ഒരു സുവ്യക്ത ഈശ്വരസങ്കല്‍പ്പത്തിന് തടസ്സം നില്‍ക്കുന്നത് ഈ ബാഹുല്യമാണെന്നതത്രെ ഇക്കാലങ്ങളിലെ ചര്‍ച്ചാ വിഷയം.എല്ലാം വിശ്വാസമാണ്. എല്ലാ വ്രതാനുഷ്ഠാനങ്ങളും സ്വീകാര്യമാണ്. ഒന്നിനെയും നിന്ദിക്കുന്നില്ല. ഏതും വന്ദിക്കാന്‍ തയ്യാറുമാണ്.

എന്നിട്ടും സുവ്യക്തമായ ഈശ്വര ദര്‍ശനം എത്ര പ്രായമായാലും മനസ്സിലെത്തുന്നില്ല. ഒരുതരം ആത്മീയ അനാഥത്വം അനുഭവിച്ചാണ് ഭൂരിപക്ഷവും ജീവിക്കുന്നത്. സനാതന മതത്തിന്റെ അടിസ്ഥാനമായ വേദങ്ങള്‍ നിരാകാരനും ഏകനുമായ ഈശ്വരനെക്കുറിച്ച് മാത്രമാണ് പ്രതിപാദിക്കുന്നത്. പിന്നീട് നിരന്തരമായ അന്വേഷണങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും സംഹിതകള്‍ താദാത്മ്യം പ്രാപിച്ചു.

ശിവന്‍ എന്നും വിഷ്ണു എന്നും ഈശ്വരന്‍ എന്നും മഹര്‍ഷിമാര്‍ ഏകനായ പരബ്രഹ്മത്തെ വിളിച്ചു. നിര്‍മ്മലമായ ചര്യകളുടെ വരബലത്തിലൂടെ നേടിയ ജ്ഞാനം ശക്തമായ മന്ത്രങ്ങള്‍ ദര്‍ശിക്കാനും അവയിലൂടെ അമാനുഷികമായ കഴിവുകള്‍ ആര്‍ജിക്കാനും അവരെ പ്രാപ്തരാക്കി. ഈശ്വരനെയും ഈശ്വരിയെയും ഉപാസിക്കാനുള്ള ഉപദേശങ്ങള്‍ അവര്‍ നമുക്ക് പകര്‍ന്നുതന്നു.

പില്‍ക്കാലത്ത് ശൈവമതം, ശാക്്‌തേയമതം, വൈഷ്ണവമതം എന്നിങ്ങനെ സംഹിതകള്‍ പിരിഞ്ഞു. സൂര്യമതവും ഗാണപതമതവും ഷാണ്‍മുഖമതവും ഉടലെടുത്തു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഈ വിശ്വാസങ്ങളെല്ലാം ഒരേ ചിന്തകളുടെ ബഹുഭാവങ്ങളാണെന്ന തിരിച്ചറിവോടെ ഒന്നായിത്തീര്‍ന്നു.

ദൈവവും ദേവന്മാരും.


ലോക സ്രഷ്ടാവായ ഈശ്വരന്‍ സൃഷ്ടികളുടെ പാലനത്തിലും അത്യന്ത ശ്രദ്ധാലുവായത് അതുകൊണ്ടാണ്. തന്റെ സൃഷ്ടികളുടെ പരിപാലന കര്‍മത്തിനുവേണ്ടിയാണ് ദേവന്മാരെ സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ ഈശ്വരനും ദേവന്മാരും രണ്ടാണെന്ന് എന്തുകൊണ്ടോ പലരും മനസ്സിലാക്കുന്നില്ല. എല്ലാവരെയും ''ദൈവം' എന്നാണ് നാം വിളിക്കാറ്. 'ദൈവങ്ങള്‍' എന്നും നാം പറയും.

നമുക്ക് ചുറ്റുമുള്ള മൃഗങ്ങളുടെയോ, പക്ഷികളുടെയോ കണ്ണിന്റെയോ, ചെവിയുടെയോ ശേഷി നമ്മുടെ കണ്ണിനും കാതിനുമില്ല. എന്നിട്ടും കാണുന്നതേ വിശ്വസിക്കൂ എന്ന് നാം വാശിപിടിക്കുന്നു. വൈദ്യുതിയെ നാം കാണുന്നില്ല. അനുഭവിക്കുക മാത്രമാണ് ചെയ്യുക. കാണാത്തതുകൊണ്ട് അതിനെ വിശ്വസിക്കില്ലെന്ന് പറയുംപോലെ മൂഢത്വമാണ് നമ്മുടെ ചില നിഷേധങ്ങള്‍. തിരിച്ചറിയാന്‍ കഴിയാത്ത നമ്മുടെ കഴിവുകേടിനെ നാം ബുദ്ധിയെന്ന് വിളിക്കുകയും ചെയ്യുന്നു.

മഹര്‍ഷിമാര്‍ക്ക് ദേവന്മാരെ ദര്‍ശിക്കാനും അവരോട് സംസാരിക്കാനും കഴിഞ്ഞിരുന്നു. മനുഷ്യരും ദേവന്മാരും പരസ്പര പൂരകങ്ങളാണെന്ന് എല്ലാ മത സംഹിതകളിലും നമുക്ക് കാണാം. ദേവന്മാര്‍ എന്ന് സനാതന വിശ്വാസികളും മാലാഖ എന്നും മലക്ക് എന്നും പാശ്ചാത്യ മത വിശ്വാസികളും വിളിക്കുന്നത് ഒരേ വിഭാഗത്തെ തന്നെയാണ്. മാലാഖമാരെക്കുറിച്ചുള്ള വിശ്വാസങ്ങള്‍ വളരെ ബഹുലമാണുതാനും.

ഓരോ ജന്മത്തിന്റെയും പുണ്യമനുസരിച്ചാണ് ആരാധനയിലെ വാസനകള്‍ ഉണ്ടാകുന്നത്. ചിലര്‍ പ്രേതങ്ങളെ, മറ്റു ചിലര്‍ പിതൃക്കളെ, ചിലര്‍ പുണ്യാത്മാക്കളെ, ചിലര്‍ ഋഷിമാരെ, ചിലര്‍ ദേവന്മാരെ, ചിലര്‍ പരാശക്തിയുടെ വിഭിന്ന ഭാവങ്ങളെ, ചിലര്‍ ഈശ്വരനെ നേരിട്ടും ആരാധിക്കാന്‍ ശ്രമിക്കുന്നു. (ചിലര്‍ പൈശാചിക ശക്തികളെ ആരാധിച്ച് നാശമടയുന്നു).

അടിയുറച്ച വിശ്വാസം തന്നെയാണ് ആരാധനയുടെ കാതല്‍. ഓരോ ജന്മത്തിലും ഓരോ നിയോഗമുണ്ട്. അതിനനുസരിച്ചുള്ള വാസനകളും ഈശ്വരന്‍ നമുക്ക് തരുന്നു. അതാണ് ഇക്കാലത്തെ സ്വധര്‍മവും. അല്ലാതെ ജനിച്ച കുലത്തിന്റെ തൊഴില്‍ സ്വധര്‍മമായി ആചരിക്കുക കാലത്തിന് അനുയോജ്യമാകുന്നില്ല.

വേദോപനിഷത്തുകളിലെ സത്യദൈവ സംഹിതകളെ ആവര്‍ത്തിച്ചു പറയാന്‍ മാത്രമേ പിന്നീട് വന്ന മാഹാത്മക്കള്‍ക്ക് കഴിഞ്ഞിട്ടുള്ളൂ. ധര്‍മ്മച്യുതി വരുന്ന കാലങ്ങളിലെല്ലാം ഈശ്വരന്റെ നിശ്ചയ പ്രകാരം ദേവന്മാരോ, ഋഷിമാരോ ആത്മീയ നായകന്മാരായി പുനര്‍ജനിക്കാറുണ്ട്. അവര്‍ അതീന്ദ്രിയ ശക്തികളും പ്രകടിപ്പിക്കാറുണ്ട്. ഗ്രന്ഥങ്ങള്‍ രചിക്കാറുണ്ട്. അത്ഭുതങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. ആദിശങ്കരാചാര്യരും ശ്രീചട്ടമ്പി സ്വാമികളും നമ്മുടെ കേരളത്തില്‍ത്തന്നെ ജനിച്ച സിദ്ധന്മാരാണ്.

ഈശ്വരന്റെ തന്നെ ശക്തി പ്രഭാവങ്ങളെയാണ് നാം അവതാരങ്ങളായും ദേവന്മാരായും ആരാധിക്കുന്നതെന്ന് തിരിച്ചറിഞ്ഞാല്‍ എല്ലാ ആശങ്കകളും അവിടെ അവസാനിക്കുകയായി. എന്നാല്‍ അവര്‍ പൂര്‍ണമായും ഈശ്വരന്‍ ആകുന്നില്ല. ഈശ്വരന്‍ ഏകനായ പരബ്രഹ്മമാകുന്നു. മോക്ഷാകാംക്ഷികള്‍ക്ക് മാത്രമേ ഈശ്വരനെ അന്വേഷിക്കാനും കണ്ടെത്താനും കഴിയൂ.

പൂര്‍വികര്‍ നമുക്ക് രണ്ടുതരം ആരാധനാ രീതിയാണ് ഉപദേശിച്ചു തന്നത്. ഒന്ന് മോക്ഷത്തിനായുള്ളതും മറ്റേതു ഭോഗത്തിനായുള്ളതും. ഇതില്‍ ഭോഗങ്ങള്‍ക്ക് വേണ്ടിയുള്ള ആരാധനകള്‍ ഭൂരിപക്ഷവും ദേവപൂജാ വിധികളാണ്. നേരിട്ടുള്ള ഈശ്വരഭജനമല്ല. അതുകൊണ്ടാണ് പല പൂജകളും നമുക്ക് വീണ്ടും വീണ്ടും അനുവര്‍ത്തിക്കേണ്ടി വരുന്നതും അത് നിര്‍ത്തുമ്പോള്‍ വീണ്ടും അവസ്ഥകള്‍ പഴയപടി ആകുന്നതും.

പക്ഷേ, സാധാരണക്കാരനെന്നും തൃപ്തി സഗുണാരാധന ചെയ്യുന്നതിലാണ്. മോക്ഷകാംക്ഷികള്‍ മനുഷ്യര്‍ക്കിടയില്‍ നന്നേ കുറവാണ്. ഭോഗകാംക്ഷികളായി സുഖങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ച് വീണ്ടും വീണ്ടും പുനര്‍ജ്ജനിച്ചുകൊണ്ടേയിരിക്കുന്നുവെന്നും മോക്ഷകാംക്ഷി യഥാര്‍ത്ഥ ഈശ്വരാനുഭവത്തിലൂടെ മോക്ഷം പ്രാപിക്കുന്നുവെന്നും ദേവീഭാഗവതത്തിലൂടെയും മറ്റു രചനകളിലൂടെയും വേദവ്യാസമഹര്‍ഷി നമുക്ക് വ്യക്തമാക്കിത്തരുന്നു.

ദേവീഗീതയിലൂടെ പരാത്മികയായ ശക്തിയെ ബഹുരൂപത്തില്‍ പൂജിച്ചും പ്രാര്‍ത്ഥിച്ചും മാത്രമേ ജീവന്‍ സൂക്ഷ്മ തത്വത്തില്‍ എത്തിച്ചേരൂ എന്ന് ദേവീഭാഗവതം വെളിപ്പെടുത്തുന്നു.പ്രാര്‍ത്ഥനാ രീതികള്‍ സംസ്‌കരിച്ചെടുക്കേണ്ട ധര്‍മം നമുക്ക് തന്നെ ആണ്. ജാതകത്തിലെ ലഗ്നാധിപന്‍, അഞ്ചാം ഭാവാധിപന്‍, ഒന്‍പതാം ഭാവാധിപന്‍ എന്നിവരെ നിരൂപിച്ചറിഞ്ഞ് ആരാധനാരീതി നിര്‍ണയിക്കുന്നതാണ് ഉത്തമമെന്ന് ജ്യോതിഷാചാര്യര്‍ വെളിപ്പെടുത്തുന്നു.

എങ്കിലും നമ്മുടെ മനസ്സ് ഏറ്റവും ഇഷ്ടപ്പെടുന്ന പ്രാര്‍ത്ഥനാരീതി അവലംബിക്കുകയാണ് പ്രാര്‍ത്ഥനയില്‍ ലയിക്കുന്നതിന് ഏറ്റവും ഉത്തമമായ മാര്‍ഗം. ആദ്യം പരന്ന വായനയിലൂടെ ഈശ്വരജ്ഞാനം നേടുക. ശേഷം മനസ്സിന് സംതൃപ്തി നല്‍കുന്ന പ്രാര്‍ത്ഥനാ സമ്പ്രദായം തെരഞ്ഞെടുക്കുക. ധ്യാനം, സ്‌ത്രോത്രം, മന്ത്രജപം, പൂജ തുടങ്ങി ബഹുവിധ മാര്‍ഗ്ഗങ്ങളിലൂടെ ജന്മദുരിത മോചനവും ഈശ്വരാനുഗ്രഹവും നമുക്ക് നേടിയെടുക്കാം.

എം.എന്‍. ശങ്കരി
ഈശ്വര്‍ ആസ്‌ട്രോളജി ആന്‍ഡ് മെഡിറ്റേഷന്‍ സെന്റര്‍,
എറണാകുളം , ഫോണ്‍: 9567573999

Ads by Google
Tuesday 26 Jun 2018 04.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW