Tuesday, November 20, 2018 Last Updated 7 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Jun 2018 04.13 PM

വ്യാജ മനഃശാസ്ത്രജ്ഞരെ തിരിച്ചറിയണം

''ശാരീരിക രോഗനിര്‍ണയവും അതിനു നല്‍കുന്ന ചികിത്സയും പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് മാനസികാരോഗ്യവും. മാനസികാരോഗ്യം നിലനിര്‍ത്തുന്നതിലും മാനസിക പ്രശ്‌നങ്ങള്‍ക്ക് ഫലവത്തായ ചികിത്സ ഉറപ്പാക്കുന്നതിലും വീഴ്ച സംഭവിക്കുന്നുണ്ട്. കേരളത്തിലുടനീളം വര്‍ധിച്ചു വരുന്ന വ്യാജ മന:ശാസ്ത്രജ്ഞരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നതിതാണ് ''
uploads/news/2018/06/228643/manashasthnjer260618a.jpg

ഛര്‍ദ്ദിച്ച് അവശയായ ഏഴു വയസുകാരിയുമായിട്ടാണ് ആ മാതാപിതാക്കള്‍ സൈക്കോളജിസ്റ്റിന്റെ റൂമിലെത്തിയത്. ദീര്‍ഘദൂരം യാത്ര ചെയ്തതിന്റെ ക്ഷീണമായിരിക്കും കുട്ടിക്കെന്നു സൈക്കോളജിസ്റ്റ് ആദ്യം കരുതി. പിന്നീട് മാതാപിതാക്കളോട് വിവരങ്ങളോരോന്നായി ചോദിച്ചറിഞ്ഞപ്പോഴാണ് കാര്യങ്ങള്‍ ബോധ്യമായത്.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടിയുമായി മാതാപിതാക്കള്‍ വീടിനടുത്തുള്ള കൗണ്‍സലിങ് സെന്ററില്‍ എത്തിയത്. മൂന്ന് സെഷന്‍ പൂര്‍ത്തിയായപ്പോഴേക്കും കുട്ടി വീടിനു പുറത്തിറങ്ങാതായി.

എല്ലാത്തിനോടും ഭയം. ഇടയ്ക്ക് വാശിപിടിച്ചു കരയും. പനി വന്നാല്‍ പോലും ആശുപത്രിയില്‍ പോകാന്‍ പേടിയായി. ഒടുവില്‍ മാതാപിതാക്കള്‍ വളരെ ശാന്തമായി ചോദിച്ചപ്പോഴാണ് കൗണ്‍സലിങ് സെഷനിലുണ്ടായ ദുരനുഭവങ്ങളെക്കുറിച്ച് കുട്ടി തുറന്നു പറഞ്ഞത്.

കസേരയിലിരുത്തി കൈകള്‍ കെട്ടിയിട്ട് കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തുമായിരുന്നെന്നും ചെവിയില്‍ കിഴുക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നതായി കരഞ്ഞുകൊണ്ട് കുട്ടി മാതാപിതാക്കളോടു പറഞ്ഞു. ഹൈപ്പര്‍ ആക്ടിവിറ്റി മാത്രമുണ്ടായിരുന്ന കുട്ടിയെ പോസ്റ്റ് ട്രൊമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറിലേക്കാണ് കൗണ്‍സലിങ് സെഷനുകള്‍ എത്തിച്ചത്.

വ്യാജ ചികിത്സകള്‍ ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമ്പോഴാണ് അതുവരെ സംഭവിച്ച ചികിത്സ തട്ടിപ്പുകളുടെ പൊരുള്‍ സമൂഹമറിയുന്നത്. കേരളത്തില്‍ മന:ശാസ്ത്ര ചികിത്സയില്‍ സംഭവിക്കുന്നതും ഇത്തരം തട്ടിപ്പുകളാണ്. വ്യാജ മന: ശാസ്ത്രജ്ഞരെ തിരിച്ചറിയാന്‍ മന:ശാസ്ത്ര ചികിത്സയെക്കുറിച്ച് വ്യക്തമായ ധാരണ സമൂഹത്തിനുണ്ടാകേണ്ടതുണ്ട്.

കേരളത്തില്‍ സംഭവിക്കുന്നത്


കൃത്യമായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍ മന:ശാസ്ത്ര ചികിത്സ നല്‍കുന്ന സ്ഥിതിയാണ് ഇന്നു കേരളത്തില്‍ സംഭവിക്കുന്നത്. ആറു മാസമോ ഒരു വര്‍ഷമോ ദൈര്‍ഘ്യമുള്ള ഡിപ്ലോമ കോഴ്‌സുകളിലൂടെ മന:ശാസ്ത്രജ്ഞര്‍ എന്ന വ്യാജേന മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ നല്‍കുന്നവരുടെ എണ്ണം നമ്മുടെ സമൂഹത്തില്‍ വര്‍ധിക്കുന്നുണ്ട്.

കേരളത്തിലെ പല ഏജന്‍സികള്‍ വഴി കുറഞ്ഞ കാലയളവില്‍ പഠനം പൂര്‍ത്തിയാക്കാവുന്ന ഡിപ്ലോമ കോഴ്‌സുകള്‍ ഇന്നു ധാരാളമുണ്ട്. ഡിപ്ലോമ കോഴ്‌സുകള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ നല്‍കുന്നത്.

സൈക്കോ തെറാപ്പി, ഹിപ്പ്‌നോസിസ്, ഹിപ്‌നോതെറാപ്പി തുടങ്ങിയ തെറാപ്പികളും ചികിത്സയുടെ ഭാഗമായി നല്‍കും. സാധാരണക്കാരുടെ വളരെ നിസാരമായ മാനസിക പ്രശ്‌നങ്ങള്‍ വരെ സങ്കീര്‍ണമാകാന്‍ ഈ ചികിത്സാ രീതികള്‍ മതിയാകും. സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ട സ്ഥിതിയില്‍ കാര്യങ്ങള്‍ എത്തിച്ചേരുകയും ചെയ്യും.

uploads/news/2018/06/228643/manashasthnjer260618.jpg

സാധാരണക്കാരെ സംബന്ധിച്ച് സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പോലും വ്യക്തമായി അറിഞ്ഞിരിക്കണമെന്നില്ല. മന:ശാസ്ത്ര ചികിത്സയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത സാധാരണക്കാരെ ചൂഷണം ചെയ്യുന്നതിനു തുല്യമാണ് ഇത്തരത്തിലുള്ള വ്യാജ മന:ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തനങ്ങള്‍.

മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ആരെ സമീപിക്കണം, എവിടെ ചികിത്സ തേടണം തുടങ്ങിയ ഒട്ടേറെ ആശങ്കകള്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും അവരുടെ ബന്ധുക്കളെ സംബന്ധിച്ചും ഉണ്ടാകും.

ഇത്തരം സാഹചര്യങ്ങള്‍ പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. ശാസ്ത്രീയമല്ലാത്ത തെറാപ്പികളിലൂടെയും മരുന്നുകള്‍ നിര്‍ദേശിക്കുന്നതുള്‍പ്പെടെയുള്ള ചികിത്സ രീതികളിലൂടെയും മാനസിക പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതകളിലേക്കാണ് സാധാരണക്കാരെ കൊണ്ടുചെന്നെത്തിക്കുന്നത്.

സൈക്യാട്രിസ്റ്റും സൈക്കോളജിസ്റ്റും


മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു മന:ശാസ്ത്രജ്ഞനെയും (സൈക്കോളജിസ്റ്റ്) മനോരോഗവിദഗ്ധനെയും (സൈക്യാട്രിസ്റ്റ്) സമീപിക്കാം. മരുന്നുകളുടെ സഹായത്തോടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നത് സൈക്യാട്രിസ്റ്റുകള്‍ക്കാണ്. മരുന്നുകളുടെ സഹായത്തോടെയോ ഇന്‍ജക്ഷനിലൂടെയോ ഉള്ള ചികിത്സയാണ് സൈക്യാട്രിസ്റ്റ് നല്‍കുന്നത്.

മനോരോഗങ്ങള്‍ക്ക് മരുന്ന് നിര്‍ദേശിക്കാന്‍ കഴിയുന്നത് സൈക്യാട്രിസ്റ്റുകള്‍ക്ക് മാത്രമാണ്.സൈക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്്റ്റ്്, കൗണ്‍സിലര്‍ എന്നിവര്‍ക്ക് മരുന്നുകള്‍ നിര്‍ദേശിക്കാനുള്ള അവകാശമില്ല.

എംബിബിഎസ് ഡിഗ്രി (ബാച്ച്‌ലര്‍ ഓഫ് മെഡിസിന്‍, ബാച്ച്‌ലര്‍ ഓഫ് സര്‍ജറി) പോസ്റ്റ് ഗ്രാജുവേഷന്‍ എംഡി (മാസ്റ്റര്‍ ഓഫ് മെഡിസിന്‍ ഇന്‍ സൈക്യാട്രി, അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സൈക്യാട്രി) എന്നീ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സൈക്യാട്രിസ്റ്റാകുന്നത്.

സൈക്കോളജിസ്റ്റുകള്‍ സാധാരണയായി ഒരു വ്യക്തിയുടെ മനോ നിലവാരങ്ങള്‍, സ്വഭാവരീതികള്‍, സ്വഭാവ വൈകല്യങ്ങള്‍ എന്നിവയെക്കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയുമാണ് ചെയ്യുന്നത്. അതോടൊപ്പം മാനസിക പ്രശ്‌നങ്ങളുള്ളവര്‍ക്ക്് എന്തു ചികിത്സയാണ് നല്‍കുന്നതെന്നു ഒപ്പം വന്ന ബന്ധുക്കളെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയും മന:ശാസ്ത്രജ്ഞനുണ്ട്.

സൈക്യാട്രിസ്റ്റിനെ അപേക്ഷിച്ച് സൈക്കോളജിസ്റ്റിനുള്ള പ്രധാന വ്യത്യാസം മരുന്നുകള്‍ നിര്‍ദേശിക്കാനാകില്ല എന്നതാണ്. സൈക്കോളജിസ്റ്റുകള്‍ക്ക്് സൈക്കോ തെറാപ്പികള്‍ നല്‍കാനാകും.

സൈക്യാട്രിസ്റ്റ് ഫാര്‍മക്കോളജിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ നല്‍കുമ്പോള്‍ സൈക്കോളജിസ്റ്റ് നല്‍കുന്നത് മരുന്നുകള്‍ ഇല്ലാതെയുള്ള സൈക്കോ തെറാപ്പി ചികിത്സയാണ്. കൗണ്‍സലിങിലൂടെയും സ്വഭാവ രൂപാന്തരത്തിലൂടെയും നല്‍കുന്ന ചികിത്സാ രീതികളാണ് സൈക്കോ തെറാപ്പി.

സൈക്കോളജിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമാണ് സൈക്കോളജിസ്റ്റിന്റെ വിദ്യാഭ്യാസ യോഗ്യത. ഇതോടൊപ്പം ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍ നേടിയവര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന വിഭാഗത്തിലുമുള്‍പ്പെടും.

വ്യാജ മന:ശാസ്ത്രജ്ഞരെ തിരിച്ചറിയണം


വ്യാജ മന:ശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിനു സഹായിക്കുന്ന സര്‍ക്കാര്‍ തലത്തിലുള്ള ഭരണസമിതി കേരളത്തില്‍ നിലവില്‍ ഇല്ല. മന:ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് മന:ശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനു കേരളത്തില്‍ രജിസ്‌ട്രേഷന്‍ സംവിധാനവും നിര്‍ബന്ധമല്ല.

ഇത്തരത്തിലുള്ള സംവിധാനങ്ങളില്‍ വരും നാളുകളിലെങ്കിലും മാറ്റമുണ്ടായെങ്കില്‍ മാത്രമേ വ്യാജ മന:ശാസ്ത്രജ്ഞരുടെ എണ്ണം കുറയ്ക്കാനാകൂ. സര്‍ക്കാര്‍ തലത്തില്‍ രജിസ്‌ട്രേഷന്‍ നടന്നെങ്കില്‍ മാത്രമേ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ.

ബിരുദാനന്തര ബിരുദത്തിനു ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്ന രജിസ്‌ട്രേഷന്‍ സംവിധാനത്തിലൂടെ യോഗ്യതയുള്ള മന:ശാസ്ത്രജ്ഞരെ തിരഞ്ഞെടുത്താല്‍ വ്യാജ മന:ശാസ്ത്രജ്ഞരുടെ എണ്ണം കുറയ്ക്കാനാകും.

uploads/news/2018/06/228643/manashasthnjer260618b.jpg

സാമൂഹികാവബോധം അനിവാര്യം


മന:ശാസ്്ത്ര ചികിത്സയെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ കുറയുന്നതാണ് ഇത്തരം കബളിപ്പിക്കലുകള്‍ക്ക് കാരണം. മന:ശാസ്ത്രപരമായി ചികിത്സ നല്‍കാന്‍ യോഗ്യരായിട്ടുള്ള മന:ശാസ്ത്രജ്ഞരെയാണ് സമീപിക്കേണ്ടത്.

മന:ശാസ്ത്ര ചികിത്സയ്ക്ക് ആരെ സമീപിക്കണമെന്ന ആശങ്കയുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടാം. അല്ലാത്ത പക്ഷം സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാണ്.

മന:ശാസ്ത്രചികിത്സയ്ക്ക് മുന്‍പ് മന:ശാസ്ത്രജ്ഞനെക്കുറിച്ച് വിശദമായി അന്വേഷിച്ചറിയുന്നത് നന്നായിരിക്കും. ആശുപത്രിയുടെ വിശദവിവരങ്ങള്‍ നല്‍കിയിരിക്കുന്ന വെബ് സൈറ്റുകളില്‍ മന:ശാസ്ത്രജ്ഞരുടെ വിവരങ്ങളും നല്‍കിയിട്ടുണ്ടാകും.

മന:ശാസ്ത്രജ്ഞരുടെ പ്രൊഫൈല്‍ വ്യക്തമായി മനസിലാക്കിയതിനു ശേഷം ചികിത്സയ്്ക്കായി സമീപിക്കുക. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് മന:ശാസ്ത്രജ്ഞരെ തിരഞ്ഞെടുക്കരുത്. മന:ശാസ്ത്രജ്ഞരുടെ പ്രവര്‍ത്തി പരിചയം, പ്രാഗത്ഭ്യം, വിദ്യാഭ്യാസ യോഗ്യത എന്നിവ കണക്കിലെടുത്തേ ചികിത്സയ്ക്കായി അവരെ സമീപിക്കാവൂ.

വാണിദേവി പി. ടി
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, തിരുവനന്തപുരം

തയാറാക്കിയത് :
നീതു സാറാ ഫിലിപ്പ്

Ads by Google
Tuesday 26 Jun 2018 04.13 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW