Thursday, September 13, 2018 Last Updated 7 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Jun 2018 02.25 AM

കൈത്തറി മേഖലയെ സര്‍ക്കാര്‍ രക്ഷിക്കണം

uploads/news/2018/06/228588/editorial.jpg

പറയുന്നതൊന്ന്‌, ചെയ്യുന്നതൊന്ന്‌ എന്നതാണ്‌ മിക്കപ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങളുടെ രീതി. അത്തരമൊരു പാഴായ വാക്കിന്റെ നേര്‍ചിത്രമായിരുന്നു ഇന്നലെ മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു വാര്‍ത്ത. കേരളത്തിന്റെ അനാസ്‌ഥ മൂലം കൈത്തറി മേഖലയ്‌ക്കുള്ള കോടികളുടെ കേന്ദ്ര സഹായം നിലയ്‌ക്കുന്നതിന്റെ വിവരം ഇന്നലെ മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തു. കടം തിരിച്ചടയ്‌ക്കാന്‍ മാര്‍ഗമില്ലാത്ത നെയ്‌ത്തുകാരുടെയും സംഘങ്ങളുടെയും ദുരിതം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയുടെ ഗുണം കേരളത്തിലുള്ളവര്‍ക്കൂ കിട്ടാത്തത്‌ ഈ വാര്‍ത്തയില്‍ തുറന്നു കാണിക്കപ്പെട്ടു. 2011-ല്‍ ആരംഭിച്ച ഈ പദ്ധതിയില്‍ പലയിനങ്ങളിലായി 3,884 കോടി രൂപയുടെ ധനസഹായം കിട്ടേണ്ടതായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ സംവിധാനത്തിന്റെ അനാസ്‌ഥമൂലം ഈ പണമെല്ലാം നഷ്‌ടമാകുന്ന അവസ്‌ഥയാണ്‌. കേരളത്തിനുള്ള ധനസഹായം കേന്ദ്രം അവസാനിപ്പിക്കാനുള്ള സാധ്യത നിലനില്‍ക്കുകയാണ്‌.

കേരളത്തിനു ലഭിക്കേണ്ടിയിരുന്ന വിപണന സഹായ ഫണ്ടും നഷ്‌ടമായി. കൈത്തറി ഉത്‌പന്നങ്ങള്‍ വിറ്റഴിച്ച്‌ കൈത്തറി സംഘങ്ങള്‍ക്കും നെയ്‌ത്തുകാര്‍ക്കും ഉണ്ടാക്കാമായിരുന്ന വലിയ വരുമാനവും നഷ്‌ടമായി. ഹാന്‍വീവ്‌ നടത്തേണ്ടിയിരുന്ന കൈത്തറി എക്‌സ്‌പോയ്‌ക്ക്‌ കേന്ദ്ര അനുമതി നിഷേധിക്കാന്‍ ഇടയാക്കിയതാണൂ കാരണം. കൈത്തറി എക്‌സ്‌പോയ്‌ക്കും ദേശീയ സംസ്‌ഥാന തലത്തിലുള്ള സ്‌പെഷല്‍ മാര്‍ക്കറ്റിങ്‌ എക്‌സ്‌പോയ്‌ക്കും കേന്ദം സഹായം നല്‍കുന്നതാണ്‌. കൈത്തറി എക്‌സ്‌പോയില്‍ മൂന്നു വര്‍ഷം മുന്‍പ്‌ 12 കോടി രൂപയുടെ ഉത്‌പന്നങ്ങള്‍വിറ്റഴിച്ചിരുന്നു. 2015-16ല്‍ ഈ എക്‌സ്‌പോ നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം നല്‍കാതിരുന്നതിന്റെ പേരില്‍ തുടര്‍ന്ന്‌ എക്‌സ്‌പോ നടത്താനുള്ള അനുമതി കിട്ടിയില്ല. കുറഞ്ഞത്‌ 25 കോടി രൂപയെങ്കിലും കര്‍ഷകര്‍ക്കും കൈത്തറി സംഘങ്ങള്‍ക്കും നഷ്‌ടമായതു മിച്ചം. കൈത്തറി കയറ്റുമതി പ്രോത്സാഹനപദ്ധതിയെക്കുറിച്ച്‌ യഥാസമയം സംഘങ്ങളെ അറിയിക്കാതിരുന്നതു കൊണ്ടും സംഘങ്ങള്‍ക്ക്‌ നഷ്‌ടമുണ്ടായി. പല സംഘങ്ങള്‍ക്കും ഈയിനത്തില്‍ ലക്ഷങ്ങളാണൂ നഷ്‌ടം.

കൈത്തറിയെ പ്രോത്സാഹിപ്പിക്കണം എന്ന്‌ സര്‍ക്കാര്‍ വര്‍ഷങ്ങളായി ജനങ്ങളോട്‌ ആവശ്യപ്പെടുന്നതാണ്‌. നടന്‍ മോഹന്‍ലാലിനെ ബ്രാന്‍ഡ്‌ അംബാസഡര്‍ ആക്കി വലിയ പ്രചാരണം നടത്തി. കേരളത്തിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക്‌ കൈത്തറി യൂണിഫോം നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ആഴ്‌ചയില്‍ ഒരുദിവസമെങ്കിലും കൈത്തറി വസ്‌ത്രം ധരിക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്‌. ഇതെല്ലാം കാരണം സാധാരണജനം കൈത്തറിയുടെ ഉപയോഗം കുറച്ചു തോതിലെങ്കിലും വര്‍ധിപ്പിച്ചിട്ടുള്ളപ്പോഴാണൂ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥമൂലമോ ഒത്തുകളിമൂലമോ കൈത്തറിയെയും നെയ്‌ത്തുകാരെയും തകര്‍ക്കുന്ന അവസ്‌ഥയുണ്ടാക്കുന്നത്‌. കൈത്തറിയെ തകര്‍ത്ത്‌ പവര്‍ലൂം വസ്‌ത്രങ്ങള്‍ക്ക്‌ കേരളത്തില്‍ പിടിമുറുക്കാന്‍ അവസരമൊരുക്കുന്നത്‌ ആരാണ്‌? ഇതുകൊണ്ട്‌ നേട്ടമുണ്ടാക്കുന്നത്‌ ആരെന്നൂ സര്‍ക്കാര്‍ കണ്ടെത്തി നടപടിയെടുക്കണം. കേരളത്തില്‍ കൈത്തറി മേഖലയുടെ 80 ശതമാനവും സ്‌തംഭനാവസ്‌ഥയിലാണ്‌. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ബാക്കിയും നിലച്ചുപോകുമെന്നൂ നെയ്‌ത്തുകാര്‍ ഭയപ്പെട്ടുകഴിയുകയാണ്‌. അവരുടെ ഭയപ്പാട്‌ നീക്കി ഈ അടിസ്‌ഥാനമേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ രംഗത്തു വരണം.

Ads by Google
Tuesday 26 Jun 2018 02.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW