Monday, July 01, 2019 Last Updated 11 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Jun 2018 02.25 AM

തലയ്‌ക്ക് പിടിച്ച കാല്‍പന്ത്‌ ലഹരി : പന്തുരുണ്ടാല്‍ ജോലി പുല്ല്‌; മണിയറയും അര്‍ജന്റീന!

uploads/news/2018/06/228587/bft1.jpg

നാട്ടില്‍ ഉത്സവത്തിനോ പെരുനാളിനോ കൊടിയേറിയാല്‍ വിദേശത്ത്‌ ഇരിപ്പുറയ്‌ക്കാത്തവരാണു മലയാളികള്‍. എന്നാല്‍, നാലുവര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ്‌ ഫുട്‌ബോളിനു പന്തുരുളുന്നതോടെ നാട്ടിലും വിദേശത്തുമുള്ള ഇതേ മലയാളികള്‍ അര്‍ജന്റീനക്കാരും ബ്രസീലുകാരും ജര്‍മനിക്കാരുമൊക്കെയായി മാറും.
മെസിയുടെയും ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെയും നെയ്‌മറിന്റെയുമൊക്കെ പേരില്‍ പരസ്‌പരം തലതല്ലിക്കീറും. രണ്ടു ലോകകപ്പുകള്‍ക്കിടയില്‍ ഫെയ്‌സ്‌ബുക്കും വാട്‌സ്‌ആപ്പുമൊക്കെ സര്‍വസാധാരണമായതോടെ കണ്ടിട്ടില്ലാത്ത രാജ്യങ്ങളുടെ പേരില്‍ കൊണ്ടും കൊടുത്തും "ട്രോളന്‍ യുദ്ധ"ങ്ങള്‍ പൊടിപാറുന്നു. ഒരിക്കല്‍പോലും ഇന്ത്യ ലോകകപ്പില്‍ കളിച്ചിട്ടില്ലെങ്കിലും ഈ ആഗോളമാമാങ്കം മലയാളികള്‍ക്കൊരു അര്‍മാദമാണ്‌. കളിഭ്രാന്തിന്റെ ഈ കൗതുകങ്ങള്‍ ലോകകപ്പ്‌ കഴിയുന്നതോടെ കെട്ടടങ്ങുകയാണു പതിവ്‌. എന്നാല്‍, അതിരുകടന്ന ആരാധന ആത്മഹത്യയില്‍ കലാശിച്ച ദുരന്തത്തിനും നാം സാക്ഷ്യം വഹിച്ചു. ആരോ കപ്പടിക്കും മുമ്പേ, തമ്മില്‍ പോരടിക്കുന്ന മലയാളിയുടെ കളിഭ്രാന്തിനെക്കുറിച്ച്‌ വായിച്ചുതുടങ്ങാം
കാല്‍പന്തുകളി പ്രാണവായുവായ മലപ്പുറത്തുകാര്‍ ലോകകപ്പിനു പന്തുരുണ്ടാല്‍ എന്തും ചെയ്യും. സ്വന്തം വിവാഹംതന്നെ അര്‍ജന്റീനയ്‌ക്കു സമര്‍പ്പിച്ചിരിക്കുകയാണു വൈലത്തൂര്‍ സ്വദേശിയായ ഇര്‍ഷാദ്‌. മണിയറയില്‍പോലും അര്‍ജന്റീനയെക്കണ്ട്‌ വധു ഞെട്ടി. മുറിയിലെ കര്‍ട്ടനും കിടക്കവിരിയുമെല്ലാം നീലയും വെള്ളയും നിറത്തില്‍. ചുവരിലാകെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ലോഗോ. ഇഷ്‌ടതാരം മെസിയുടെ 10-ാം നമ്പര്‍ ജഴ്‌സിയില്‍ ഇര്‍ഷാദിന്റെയും വധു മുഹ്‌സിനയുടെയും പേര്‌ അച്ചടിച്ചായിരുന്നു മറ്റ്‌ അലങ്കാരങ്ങള്‍. "1983" സിനിമയിലെ നായിക മണിയറയില്‍ സച്ചിന്റെ പടം കണ്ട്‌ അമ്പരന്നപോലെ, മെസിയെക്കണ്ട്‌ "ഇതാരാ ഇക്കാ" എന്നു വധു ചോദിച്ചോയെന്നു വ്യക്‌തമല്ല.
അര്‍ജന്റീന ഫുട്‌ബോള്‍ ഫാന്‍സ്‌ കേരള എന്ന ഫെയ്‌സ്‌ബുക്‌ പേജിലാണ്‌ ഇര്‍ഷാദിന്റെ മണിയറ ഫോട്ടോ വന്നത്‌. അതില്‍ ഇര്‍ഷാദിന്‌ ആശംസയര്‍പ്പിച്ച അര്‍ജന്റീന ആരാധകരുടെ തിക്കും തിരക്കുമായിരുന്നു. കടുത്ത ജര്‍മന്‍ ആരാധകനായ മറ്റൊരു വൈലത്തൂര്‍ സ്വദേശി അഷ്‌റഫും വിവാഹം ഇഷ്‌ട ടീമിനു സമര്‍പ്പിച്ചു. വധു ആഷിഫ വരന്റെ വീട്ടിലേക്കു കയറാന്‍ കാറില്‍നിന്ന്‌ ഇറങ്ങിയതേയുള്ളൂ. 10-ാം നമ്പര്‍ ജഴ്‌സിയിട്ട ഓസില്‍ എന്നൊരാള്‍ ഓടിവന്ന്‌ അവളുടെ കൈയില്‍ ഒരു ജര്‍മന്‍ പതാക പിടിപ്പിച്ചു. തുടര്‍ന്ന്‌ ഫുട്‌ബോള്‍ മൈതാനത്തു ജര്‍മനിയുടെ മാര്‍ച്ച്‌ പാസ്‌റ്റ്‌ പോലെ കല്യാണപ്പാര്‍ട്ടി വീട്ടിലേക്ക്‌ ഇരച്ചുകയറി. ആഷിഫ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി...വന്നവരെല്ലാം അണിഞ്ഞിരിക്കുന്നതു 10-ാം നമ്പര്‍ ജഴ്‌സി. എല്ലാവരുടെയും പേര്‌ ഓസില്‍!! ആ ഞെട്ടല്‍ മണിയറയിലെത്തിയതോടെ ബോധക്കേടിലെത്തി. മണിയറയ്‌ക്കു ജര്‍മന്‍ പതാകയുടെ നിറം, വിരിയിലും തലയിണയിലും കട്ടില്‍ച്ചുവട്ടിലെ ചെരിപ്പിലും വരെ ജര്‍മന്‍ പതാക. ചുമരില്‍ രണ്ടു ജര്‍മന്‍ ജഴ്‌സികള്‍, 10-ാം നമ്പര്‍ ആഷിഫ, 11-ാം നമ്പര്‍ അഷ്‌റഫ്‌. കല്യാണം ഉറപ്പിച്ചുകഴിഞ്ഞ്‌ ഗള്‍ഫില്‍ പോയ അഷ്‌റഫ്‌, അവിടെയിരുന്നു "ഗെയിം പ്ലാന്‍" തയാറാക്കി. കല്യാണക്കുറിയില്‍പോലും ഓസിലിന്റെ ചിത്രം. മണിയറയുടെ രൂപകല്‍പന അനുജന്‍ ഗഫൂറിന്റെ വകയായിരുന്നു. ആഘോഷക്കമ്മറ്റിയില്‍ നേരിട്ടും അല്ലാതെയും കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ജര്‍മന്‍ ആരാധകര്‍. ഒരു സര്‍പ്രൈസ്‌ വച്ചിട്ടുണ്ടെന്നു കല്യാണത്തലേന്നു പ്രതിശ്രുതവരന്‍ വിളിച്ചുപറഞ്ഞപ്പോള്‍ ആഷിഫ ഇത്രയും പ്രതീക്ഷിച്ചില്ല.

എല്ലാം മെസിക്കുവേണ്ടി; നാസര്‍ നാട്ടിലെത്തി
സൗദി അറേബ്യയിലെ ജോലിപോലും കളഞ്ഞാണു ലോകകപ്പ്‌ നാട്ടില്‍ ആഘോഷിക്കാന്‍ മലപ്പുറം കോട്ടയ്‌ക്കല്‍ കാവതികളം പാറപ്പുറം നാസര്‍ കഴിഞ്ഞയാഴ്‌ച വിമാനമിറങ്ങിയത്‌. സംഭവം ഇങ്ങനെ: അര്‍ജന്റീനയുടെയും മെസിയുടെയും കടുത്ത ആരാധകനായ നാസര്‍ ഇഷ്‌ട ടീമിന്റെ കളി കാണാന്‍ അറബിയോട്‌ അവധി ചോദിച്ചു. ലോകകപ്പില്‍ സൗദി കളിക്കുമ്പോള്‍ അര്‍ജന്റീനയ്‌ക്കുവേണ്ടി അവധി ചോദിച്ചത്‌ അറബിക്ക്‌ ഇഷ്‌ടപ്പെട്ടില്ലെന്നു തോന്നുന്നു. അവധി നിഷേധിച്ചു. ഒട്ടും വൈകിയില്ല, വിസ റദ്ദാക്കി, നാസര്‍ നാട്ടിലേക്ക്‌.
അര്‍ജന്റീനയെക്കുറിച്ച്‌ അവിടുത്തുകാര്‍ക്കുപോലും അറിയാത്ത കാര്യങ്ങള്‍ നാസറിന്‌ അറിയാമെന്നു നാട്ടുകാര്‍ പറയുന്നു. ബാറ്റിസ്‌റ്റ്യൂട്ട, മറഡോണ, ഗോയ്‌ക്കേസിയ, മെസി എന്നിവരാണു നാസറിന്റെ ഹീറോകള്‍. താന്‍ ജനിച്ചശേഷം അര്‍ജന്റീന ലോകകപ്പ്‌ നേടിയിട്ടില്ലെങ്കിലും 1978, 1986 ലോകകപ്പുകളിലെ എല്ലാ കളികളും മെമ്മറി കാര്‍ഡിലാക്കി ഈ ആരാധകന്‍ സൂക്ഷിച്ചിട്ടുണ്ട്‌. മനസിനു വിഷമം വരുമ്പോഴൊക്കെ അതെടുത്തു കാണും. ആസ്വാദകനും ആരാധകനും മാത്രമല്ല, മികച്ച ഫുട്‌ബോള്‍ കളിക്കാരനുമാണു നാസര്‍. ജിദ്ദയിലും കളിമികവ്‌ കാട്ടിയിട്ടുണ്ട്‌. ദുര്‍ബലരായ ഐസ്‌ലാന്‍ഡിനെതിരേ അര്‍ജന്റീനയുടെയും മെസിയുടെയും നിറംമങ്ങിയ പ്രകടനത്തില്‍ നാസര്‍ ഖിന്നനാണ്‌. എങ്കിലും തന്റെ ടീം തിരിച്ചുവരുമെന്ന ശുഭാപ്‌തിവിശ്വാസമുണ്ട്‌. അഥവാ പുറത്തായാലോ? എല്ലാ കട്ട ഫാന്‍സിനെയും പോലെ നാസറിനും മറുപടി ഒന്നേയുള്ളൂ: "എന്നാലും ചങ്കിടിപ്പാണ്‌ അര്‍ജന്റീന".
ലോകകപ്പിനുശേഷം ഗള്‍ഫിലേക്കു മടങ്ങണോ പണ്ടത്തെപ്പോലെ നാട്ടില്‍ ഓട്ടോറിക്ഷ ഓടിക്കണോ എന്ന കാര്യത്തില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയശേഷമേ നാസര്‍ തീരുമാനമെടുക്കൂ. ലോകകപ്പ്‌ കാണാന്‍ ജോലിയുപേക്ഷിച്ച നാസറിന്‌ അര്‍ജന്റീനയുടെ മറ്റൊരു കട്ട ആരാധകന്‍ ഖത്തറില്‍ ജോലി വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നതാണു കളിയിലെ ബ്രേക്‌ത്രൂ. ഖത്തറിലെ വ്യവസായിയായ മലപ്പുറം സ്വദേശി റഹൂഫാണ്‌ തന്റെ കടയില്‍ നാസറിനു ജോലി വാഗ്‌ദാനം ചെയ്‌തത്‌. ഒരു അര്‍ജന്റീനക്കാരന്‍ മറ്റൊരു അര്‍ജന്റീനക്കാരനെ സഹായിച്ചില്ലെങ്കില്‍പ്പിന്നെ എന്തു സ്‌പോര്‍ട്‌സ്‌മാന്‍ സ്‌പിരിറ്റ്‌?! നാസറിനെപ്പോലെ ജോലി രാജിവച്ചില്ലെങ്കിലും അവധിയെടുത്ത്‌ നിരവധി കളിഭ്രാന്തര്‍ ഗള്‍ഫില്‍നിന്നു മലപ്പുറം ജില്ലയിലെത്തിയിട്ടുണ്ട്‌.

(തുടരും)

സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Tuesday 26 Jun 2018 02.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW