Tuesday, July 23, 2019 Last Updated 28 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Jun 2018 02.24 AM

ക്രൈസ്‌തവസഭയിലെ കളിക്കു മാര്‍പാപ്പ വിസിലൂതി

uploads/news/2018/06/228586/bft2.jpg

ലോകകപ്പ്‌ ഫുട്‌ബോള്‍ കളിയുടെ കാലമാണിത്‌. കേരളത്തിലെ ക്രൈസ്‌തവസഭയില്‍ പ്രത്യേകിച്ചു സിറോ-മലബാര്‍ സഭയില്‍ നടമാടിയ ഒരു കേളിക്കു മാര്‍പാപ്പ വിസില്‍ ഊതി കളി നിര്‍ത്തിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുമായി ബന്ധപ്പെട്ടു നടന്നതും ഒരു കളിയായി കാണാം എന്ന പക്ഷക്കാരനാണ്‌ ഇതെഴുതുന്നത്‌. കളിക്കു വിസിലൂതുക മാത്രമല്ല, ചിലര്‍ക്കു ചുവന്ന കാര്‍ഡും കിട്ടി.
ജീവിത ലീലയില്‍ ഇങ്ങനെയുള്ള വിവാദക്കളികളും ഉണ്ടായിപ്പോകാം. ഈ കളി കണ്ടുകൊണ്ടിരുന്നവര്‍ ഇവിടത്തെ ജനങ്ങളാണ്‌, അവര്‍ പല മതക്കാരും, പാര്‍ട്ടിക്കാരും വീക്ഷണക്കാരുമാകാം. ഇതു പലര്‍ക്കും അലോസരവും കൗതുകവും വേദനയുമുണ്ടാക്കി, ഒപ്പം ഉതപ്പും. ഈ കളിക്കു പ്രധാന കാരണം എല്ലാവര്‍ക്കുമറിയാം, സ്വന്തം സ്വകാര്യകളി കളിക്കളത്തില്‍ കളിക്കാന്‍ ശ്രമിച്ചതാണ്‌. കളി ആരുടെയും അട്ടിപ്പേറാകരുത്‌. പന്ത്‌ ആരുടെയും സ്വകാര്യസ്വത്താക്കാനാവില്ല. അങ്ങനെ സ്വകാര്യമായി കളിച്ചാല്‍ കളിക്കാര്‍ ഇടയും, കാണികളും. പന്തു സ്വന്തം കാലില്‍ പിടിച്ചുനിര്‍ത്താനാകില്ല. ഏതു വലിയ കളിക്കാരനും കളിക്കളത്തില്‍ സ്വകാര്യകളി കളിച്ചാല്‍ കളി മരിക്കും. ടീം കളിക്കണം, ടീമായി കളിക്കാന്‍ കഴിയാത്തവര്‍ കളിക്കളത്തിനു പുറത്താക്കപ്പെടും.
കളിയെ നിയന്ത്രിക്കുന്നതു കളിയുടെ നിയമവ്യാകരണമാണ്‌. നയവും ചട്ടവുമില്ലാത്ത കളിയുണ്ടോ? കളിക്കാര്‍ കളി പഠിക്കുന്നതു നിയമത്തിനുള്ളില്‍ കളിക്കാനാണ്‌. വ്യാകരണപ്പിശകു വന്നാല്‍ അതു ചൂണ്ടിക്കാണിച്ചു ഫൗള്‍ വിളിക്കാം. പക്ഷേ, വിധി പറയേണ്ടതു റഫറിയാണ്‌. ഫൗള്‍ വിളിക്കാത്തതില്‍ അമര്‍ഷമുണ്ടാകാം. തെറ്റു കണ്ടു കണ്ണടച്ചുകളിക്കാന്‍ ആരും പറയില്ല. പക്ഷേ, അതു ചൂണ്ടിക്കാണിക്കാന്‍ ചില വിധങ്ങളും സംവിധാനങ്ങളുമുണ്ട്‌. കളിഭംഗം സമൂഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചെന്നുവരാം. കളി നിയന്ത്രിക്കുന്നവരുടെ അനാസ്‌ഥയും പക്ഷംചേരലും സത്യനിഷ്‌ഠതയില്ലായ്‌മയും വിവാദപരമാകാം.
കളിക്കളത്തില്‍ എത്ര വലിയവന്‍ ചെയ്‌താലും ഫൗള്‍ അതല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അതു കളിക്കളത്തില്‍ ബഹളത്തിനു ഹേതുവാകാം. വലിയവനും രാജ്യാന്തരപ്രശസ്‌തനും ചെറിയവനും കളിക്കളത്തില്‍, വ്യാകരണത്തിന്റെ കാര്യത്തില്‍ സമന്മാരാണ്‌. പണ്ടു ജോര്‍ജ്‌ ഓര്‍വല്‍ ആനിമല്‍ ഫാമില്‍ എഴുതിയതു വിരുദ്ധോക്‌തിയുടെ പരിഹാസമാണ്‌: എല്ലാ മൃഗങ്ങളും തുല്യരാണ്‌, ചില മൃഗങ്ങള്‍ കൂടുതല്‍ തുല്യരാണ്‌. റഫറി എല്ലാ രാജ്യാന്തര കളിക്കാരോടും പാലിക്കേണ്ട നിഷ്‌പക്ഷ അനാസക്‌തി കളിയെ സ്‌നേഹിക്കുന്നവന്റെ ഉത്തരവാദിത്വമാണ്‌. ഏതെങ്കിലും കളിക്കാരനെ റഫറി രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അതു റഫറിയുടെ പാളിച്ചയായി കാണപ്പെടും. അതു റഫറിയെ കളിക്കളത്തില്‍നിന്നു പുറത്താക്കാന്‍ കാരണമാകും.
റഫറിയുടെ വീഴ്‌ചയിലോ ഫൗളിനെക്കുറിച്ചുണ്ടാകുന്ന വിവാദത്തിലോ കളിക്കളം കയ്യാങ്കളിയുടെ വേദിയാകാന്‍ പാടില്ല. വ്യാകരണപ്പിശക്‌ തിരുത്തുന്ന നടപടികളിലും സമീപനങ്ങളിലും ചില വ്യാകരണങ്ങള്‍ പാലിക്കപ്പെടണം. അതു ചെയ്‌തില്ലെങ്കില്‍ ഫൗള്‍ ചൂണ്ടിക്കാണിച്ചവനും ശിക്ഷിക്കപ്പെടാം. തെറ്റു തിരുത്താന്‍ മുറവിളി കൂട്ടിയവര്‍ എന്തു തെറ്റുചെയ്‌തു എന്നു ചോദിക്കാം. തെറ്റ്‌ ചെയ്‌തവരെ കൈകാര്യം ചെയ്യാന്‍ പോകുന്നതിലും തെറ്റും ശരിയുമുണ്ട്‌. കലുഷിതമായ കളിക്കളത്തില്‍ ചിലപ്പോള്‍ നോക്കിനിന്നവരും കുറ്റം ചെയ്യാത്തവരും ശിക്ഷിക്കപ്പെട്ടു എന്നു വരാം. കളിവേദി നേരെയാക്കാനുള്ള ചില നടപടികളുടെ പാര്‍ശ്വഫലങ്ങളുമാകാം. ഇതു കളിയുടെ ഭാവിക്കുവേണ്ടിയുള്ള സഹനമായി മനസിലാക്കേണ്ടിവരും.
ജീവിതത്തിന്റെ കേളിയും ചില വ്യാകരണ പ്രകാരം നിറഞ്ഞാടണം. ക്രൈസ്‌തവരെക്കുറിച്ചും ക്രൈസ്‌തവസഭയെക്കുറിച്ചും ഈ ലീലയുടെ വ്യാകരണം ക്രിസ്‌തു ജീവിച്ചുകാണിച്ചതാണ്‌. അവിടെ തെറ്റു തിരുത്താന്‍ സുഖകരമായ ഒരു നടപടിയാണ്‌ എന്ന്‌ ഒരിക്കലും തോന്നിയിട്ടില്ല. ഫൗള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ കുറ്റകരം അതു വിളിച്ചു പറയുന്നതാണ്‌ എന്നു തെളിയിക്കുന്ന റഫറി വ്യവസ്‌ഥിതി കളി നശിപ്പിക്കും. വിജയത്തിന്റെ വഴി എപ്പോഴും സത്യത്തിന്റെ വഴിയല്ല. യേശുവിന്റെ ജീവിതവ്യാകരണം കുരിശിന്റെ വഴിയാണ്‌. വിജയിക്കാന്‍ ജനിച്ചവര്‍ അവരുടെ വഴിവെട്ടുന്നതു പലരുടെയും ജീവിതം വെട്ടിനിരത്തിയാണ്‌. കിരീടങ്ങളുടെ അടിയില്‍ രക്‌തമുണ്ടാകും. വിചിത്രമെന്നു തോന്നിക്കുന്ന ഒരു സംഭവം യോഹന്നാന്റെ സുവിശേഷം രേഖപ്പെടുത്തുന്നു. യേശു അപ്പം വര്‍ധിപ്പിച്ചു ജനങ്ങള്‍ക്കു നല്‍കി. ആഹരിച്ചു വയറു നിറഞ്ഞവര്‍ യേശുവിനെ ബലമായി പിടിച്ചു രാജാവാക്കാന്‍ ശ്രമിച്ചു. അതറിഞ്ഞ യേശു തനിയെ മലമുകളിലേക്കു പിന്മാറി. പക്ഷേ പിന്നീട്‌ അവന്റെ തലയ്‌ക്കു മുകളില്‍ രാജത്വത്തിന്റെ ബാനര്‍ എഴുതി പതിച്ചു. അതവന്റെ കുരിശിന്റെ മുകളിലെ പീലാത്തോസിന്റെ എഴുത്തുപലകയായിരുന്നു: യഹൂദരുടെ രാജാവായ നസ്രായന്‍ യേശു.
ഈ വഴി വെടിയുന്നവര്‍ ചിലപ്പോള്‍ അധികാരത്തിന്റെ ആധിപത്യക്കളികള്‍ നടത്താം. ജീവിതകേളിയില്‍ ജയവും തോല്‍വിയുമുണ്ട്‌; രണ്ടും കളിയിലെ രസം മാത്രം, വിനോദം. കളിയുടെ ഏറ്റവും പ്രധാന കാര്യം കളിക്കളത്തില്‍ കളിക്കാന്‍ കിട്ടുന്ന അവസരമാണ്‌. അവസരവും അദ്ധ്വാനവും സാമര്‍ത്ഥ്യവും ഒത്തുകളിച്ചാല്‍ വിജയമുണ്ടാകും. അവിടെ ആരെയും തോല്‌പിക്കുകയല്ല. ആരും ആര്‍ക്കും എതിരല്ല കളിക്കുന്നത്‌. മറിച്ച്‌ ഉന്നതമായ ലക്ഷ്യങ്ങളുമായി തന്നോടുതന്നെ മല്ലിടുകയാണ്‌. ഏറ്റവും വലിയ പ്രതിയോഗി തന്റെതന്നെ സ്വഭാവമാണ്‌. ഇതറിയാത്തവര്‍ കളിക്കളം യുദ്ധവേദിയാക്കുന്നു.

ഫാ. ഡോ. പോള്‍ തേലക്കാട്ട്‌

Ads by Google
Tuesday 26 Jun 2018 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW