Friday, June 21, 2019 Last Updated 14 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 25 Jun 2018 07.33 PM

മുഖ്യമന്ത്രിയ്ക്കെതിരേ വധഭീഷണി മുഴക്കിയ കൃഷ്ണകുമാര്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍, ഒന്നര ലക്ഷത്തോളം രൂപ ശമ്പളം, എസി വീടും കാറും കമ്പനിവക, മദ്യം കാരണം ഭാര്യയും ജോലിയും പോയി, ഇപ്പോള്‍ ജയിലിലും

uploads/news/2018/06/228396/krish.jpg

കൊച്ചി : മുഖ്യമന്ത്രിക്കെതിരെ വധ ഭീഷണി മുഴക്കിയ കൃഷ്ണ കുമാറിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേരളത്തില്‍ എത്തിച്ചത് വളരെ തന്ത്രപരമായി. ട്രെയിനില്‍ വെച്ച് ജീവിതം അവസാനിച്ചുവെന്നും, ഇനി മകന്റെ മുഖത്ത് നോക്കാന്‍ പറ്റില്ലെന്നും നിരന്തരം പറഞ്ഞുകൊണ്ടിരുന്ന പ്രതിയെ, വിലങ്ങ് മാറ്റി, സൗഹൃദത്തിലാക്കിയാണ് എസ്ഐ രൂപേഷ് കെ.ആറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എത്തിച്ചത്. തീഹാര്‍ ജയിലിലുള്ള കൃഷ്ണകുമാറിനെ വിട്ടുകിട്ടുന്നതിനായി ആപേക്ഷ സമര്‍പ്പിച്ചെങ്കിലും, നിങ്ങള്‍ പൊലീസുകാരാണ് എന്ന് എന്ത് തെളിവാണുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഐഡി കാര്‍ഡ് സമര്‍പ്പിച്ചെങ്കിലും, ഇതൊക്കെ ആര്‍ക്കും ഉണ്ടാക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് കത്തയച്ചു. അങ്ങനെ പ്രതിയെ വിട്ടുതരാന്‍ ഉത്തരവായി.

തീഹാര്‍ ജയിലില്‍ എത്തിയ പ്രതിയെ ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം ഡീ അഡിക്ഷന്‍ മരുന്നുകള്‍ നല്‍കിയിരുന്നു. അവിടെ വെച്ചും മദ്യം കിട്ടാതെ ഇയാള്‍ ഒരു വട്ടം വൈലന്റ് ആയതായി ഡല്‍ഹി പൊലീസിലെ ഉദ്യോഗസ്ഥര്‍ മലയാളി പൊലീസുകാരോട് പറഞ്ഞിരുന്നു. പ്രതിയുടെ സാധനങ്ങളായി മൂന്ന് ജോണിവാക്കറും, 40,000 രൂപയും, ഡ്രസ്സുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അപ്പോളാണ് അറിയുന്നത് പാസ്‌പോര്‍ട്ട് കോടതിയില്‍ നിന്ന് വാങ്ങിയിട്ടില്ലെന്ന്. അഞ്ച് മണിക്ക് കോടതി അടയ്ക്കുന്നതിന് മുമ്പ് 35 കിലോമീറ്റര്‍ സഞ്ചരിച്ച് അവിടെയെത്തിയെങ്കിലും അല്‍പം വൈകിയെന്ന് പറഞ്ഞ് മടക്കിവിടാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. പാട്യാല കോടതിയില്‍ നിന്ന് പാസ്‌പോര്‍ട്ടും വാങ്ങി, പ്രതിയേയും കൊണ്ട്, കേരളത്തിലേക്ക് തിരിക്കുന്നതിനിടയിലാണ് ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ പ്രതിയുടെ വിഷ്വല്‍ എടുക്കാന്‍ എത്തിയത്. ഇത് കഴിഞ്ഞ് ട്രെയിനില്‍ കയറിയതോടെ, കൃഷ്ണകുമാര്‍ എല്ലാം തകര്‍ന്ന അവസ്ഥയിലായി. ഇനി താന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞതോടെ, എഎസ്‌ഐ ജേക്കബ് മണിയും സിവില്‍ പൊലീസ് ഓഫീസര്‍ ശ്യാമപ്രസാദും അടങ്ങുന്ന മൂന്നംഗ സംഘം ആകെ പ്രതിസന്ധിയിലായി.

ഇതുപോലെ തന്നെ ട്രെയിനില്‍ നിന്ന് തന്റെ ബാഗില്‍ മൂന്ന് ജോണിവാക്കറുണ്ടെന്നും, അതിലൊന്നെങ്കിലും എനിക്ക് തന്നൂടെയെന്ന് ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇയാള്‍. അവസാനം, ഒരു പെഗ്ഗെങ്കിലും കൊടുത്തില്ലേല്‍ താന്‍ ഇപ്പോള്‍ ചത്തുപോകുമെന്ന് പറഞ്ഞ് സങ്കടപ്പെടുകയായിരുന്നുവെന്ന് മൂന്നംഗ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. തുടര്‍ന്ന് സൗഹൃദത്തിലാക്കി കൃഷ്ണകുമാറിനെ മണിക്കൂറുകള്‍ക്കൊണ്ട് ആത്മവിശ്വാസത്തിലാക്കിയത്. ഇത്രയധികം ശമ്പളത്തില്‍ ജോലി ചെയ്തിട്ടും ആകെ സ്വന്തമായുള്ളത് നാട്ടില്‍ 40 സെന്റ് സ്ഥലം മാത്രമാണെന്നാണ് ഇയാള്‍ പറയുന്നത്. ബാക്കിയെല്ലാം കുടിച്ചും ആര്‍ക്കൊക്കെയോ വായ്പ നല്‍കിയും തീര്‍ത്തു.

1986 ബാച്ചില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് കഴിഞ്ഞ കൃഷ്ണകുമാര്‍, ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തിലാണ് റിഗില്‍ ജോലി ചെയ്തിരുന്നത്. കമ്പനിയുടെ ഇഷ്ട തൊഴിലാളി ആയിരുന്നതിനാല്‍, കമ്പനി എസി വീടും കാറും അടക്കം എല്ലാ സുഖസൗകര്യങ്ങളും നല്‍കി. മികച്ച പാചകക്കാരന്‍ കൂടിയാണ് ഇയാള്‍. റൂമിലെത്തുന്നവര്‍ക്ക് ആര്‍ക്കും, അവര്‍ക്ക് ഇഷ്ടമുള്ള ബ്രാന്റും ഇഷ്ടമുള്ള ഭക്ഷണവും തയ്യാറാക്കി സ്വന്തം ചെലവില്‍ നല്‍കുകയാണ് കൃഷ്ണകുമാറിന്റെ ഇഷ്ടം. അങ്ങനെ റൂമിലെത്തിയ പാക്കിസ്ഥാനികളുമായി, പഠനകാലഘട്ടത്തിലെ നാട്ടിലെ വീരസാഹസിക കഥകള്‍, പൊടിപ്പും തൊങ്ങലും വെച്ച് ഹിന്ദിയില്‍ പറയുന്നതിനിടെയാണ്, അതിലൊരാള്‍ ഫോണെടുത്ത് ഫേസ്ബുക്ക് ലൈവിട്ടത്. ആദ്യം ഫേസ്ബുക്ക് ലൈവാണെന്ന് അറിഞ്ഞില്ലെങ്കിലും, പിന്നീട് അത് മനസ്സിലാക്കിയിട്ടും വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു. പിറ്റെദിവസം ബോധം തെളിഞ്ഞപ്പോളാണ് സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്.

എന്നാല്‍, യാത്ര പകുതി കഴിഞ്ഞതോടെ പ്രതി പൂര്‍ണ്ണ ആത്മവിശ്വാസത്തിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇനി തനിക്ക് ജീവിക്കണം. മദ്യമാണ് എല്ലാത്തിനും കാരണം. ജീവിതം നശിപ്പിച്ചതും, ഭാര്യ പോയതും എല്ലാം മദ്യം കാരണമാണ്. കേസ് കഴിഞ്ഞാല്‍ ഡീ അഡിക്ഷന്‍ സെന്ററില്‍ പോകണം. പിന്നെ ജോലിയില്‍ തിരിച്ചുകയറുന്നതിനായി അപേക്ഷ നല്‍കണം. കൃഷ്ണകുമാര്‍ പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

Ads by Google
Monday 25 Jun 2018 07.33 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW