Thursday, September 13, 2018 Last Updated 8 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 25 Jun 2018 02.16 AM

ഒത്തുതീര്‍പ്പിന്റെ നിലവിളി

uploads/news/2018/06/228276/editorial.jpg

ശിക്ഷിക്കപ്പെടാത്ത കുറ്റങ്ങള്‍ കുറ്റവാളിയെ വളര്‍ത്തുകയാണു ചെയ്യുന്നത്‌. ബലമായി ഒത്തുതീര്‍ക്കപ്പെടുന്ന ക്രിമിനല്‍ കുറ്റങ്ങളാകട്ടെ കുറ്റവാളിക്കു വളമായും ഇരയ്‌ക്ക്‌ അപമാനബോധമായും മാറുന്നു. കടന്നുകയറ്റങ്ങളും കടന്നാക്രമണങ്ങളും ശിക്ഷിക്കപ്പെടാനും കുറ്റവാസന സമൂഹത്തില്‍നിന്നു തുടച്ചുനീക്കാനുമാണ്‌ നീതിന്യായവ്യവസ്‌ഥ നടപ്പില്‍ വന്നതും നിലനില്‍ക്കുന്നതും. പഞ്ചായത്തുകളും നാട്ടുകൂട്ടങ്ങളും നീതിനിര്‍വഹണം നടത്തിയിരുന്ന കാലത്തുനിന്ന്‌ നീതിനിര്‍വഹണത്തിന്റെ വളര്‍ച്ചയുടെ സുപ്രധാന പടവായിരുന്നു വ്യവസ്‌ഥാപിതമായി നിലവില്‍ വന്ന നിയമവ്യവസ്‌ഥ. ഇതോടെ നീതിയുടെ നിര്‍വഹണം സുതാര്യവും തുല്യവുമായി മാറിയെന്ന്‌ അഭിമാനിക്കാനായി. പൗരാവകാശങ്ങള്‍ വിഭാവനം ചെയ്യുമ്പോള്‍ രാഷ്‌ട്രത്തിന്റെ ദൃഷ്‌ടിയില്‍ എല്ലാവരും സമന്മാരാണ്‌. സാമ്പത്തിക, രാഷ്‌ട്രീയ, സാമൂഹിക, ഔദ്യോഗിക ഉച്ചനീചത്വങ്ങള്‍ നിയമത്തിന്റെ മുന്നിലില്ല.

എന്നാല്‍, ഈ ഉച്ചനീചത്വങ്ങള്‍ നിയമവ്യവസ്‌ഥ കൈകാര്യം ചെയ്യുന്നവരെ സ്വാധീനിക്കുമ്പോള്‍ കുറ്റവാളികള്‍ക്കു നിയമത്തിന്റെ മുന്നില്‍നിന്നു രക്ഷപ്പെടാന്‍ പഴുതൊരുങ്ങുന്നു. ക്രിമിനല്‍ കുറ്റങ്ങള്‍ ഒത്തുതീര്‍ക്കാന്‍ അവസരമൊരുങ്ങുന്നതു പണംകൊണ്ടോ ഭീഷണികൊണ്ടോ അധികാരംകൊണ്ടോയുള്ള സ്വാധീനം നിമിത്തമാണ്‌. ഈ ഭീഷണിയും സ്വാധീനവും അധികാര ദുര്‍വിനിയോഗവും മറ്റൊരു കുറ്റകൃത്യം കൂടിയാണെന്ന തിരിച്ചറിവ്‌ അധികൃതര്‍ പുലര്‍ത്തേണ്ടിയിരിക്കുന്നു. കൊച്ചുകുട്ടികള്‍ക്കുനേരേയുള്ള പീഡനക്കേസുകള്‍ പോലും നിയമവ്യവസ്‌ഥയ്‌ക്കു പുറത്ത്‌ ഒത്തുതീര്‍ത്ത്‌ പ്രതികള്‍ക്കു സമൂഹത്തില്‍ സൈ്വരവിഹാരം നടത്താന്‍ അവസരമൊരുക്കുന്നത്‌ ഇരയോടും സമൂഹത്തോടും ചെയ്യുന്ന അനീതിയാണ്‌. വീണ്ടും വീണ്ടും കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഒരു വിഭാഗത്തിന്‌ ഇതു പ്രേരണയാകുകയും ഇരകളുടെ അരക്ഷിതബോധം വര്‍ധിക്കുകയും ചെയ്യും. മാത്രമല്ല നീതിന്യായ വ്യവസ്‌ഥയ്‌ക്കു മുന്നിലെത്താതെ പോകുന്ന കുറ്റാരോപിതന്‍ സമൂഹത്തിനു തെറ്റായ സന്ദേശമാണ്‌ നല്‍കുന്നത്‌. അധികാരംകൊണ്ടും പണംകൊണ്ടും സ്വാധീനംകൊണ്ടും ഒഴിവാക്കപ്പെടുന്ന ഒന്നാണ്‌ ശിക്ഷയെന്ന ബോധം പൗരനു നല്‍കുന്നതു നന്നല്ല. അധികാരസ്‌ഥാനങ്ങളിലിരിക്കുന്നവര്‍ക്കുനേരേ കുറ്റാരോപണമുണ്ടാകുമ്പോള്‍ നീതിനിയമങ്ങള്‍ക്കു കീഴ്‌വഴങ്ങി അന്വേഷണത്തെ നേരിടാനുള്ള മര്യാദയാണു കാണിക്കേണ്ടത്‌. അധികാരമുപയോഗിച്ച്‌ അന്വേഷണത്തെ സ്വാധീനിക്കുകയും വ്യാജതെളിവുകള്‍ സൃഷ്‌ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതു ഭൂഷണമല്ല. ദുര്‍ബലരായ ഇരകളെ സ്വാധീനിച്ചും സമ്മര്‍ദ്ദത്തിലാക്കിയും നടത്തുന്ന ഒത്തുതീര്‍പ്പുകള്‍ ഒരു സര്‍ക്കാരിനും ഭൂഷണമല്ല. അധികാരസ്‌ഥാനങ്ങളില്‍നിന്നുള്ള ഇത്തരം ഒത്തുതീര്‍പ്പുകള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ മൗനംപാലിക്കുമ്പോള്‍ വലിയൊരു അനീതിയാണ്‌ നടക്കുന്നത്‌.

ജനാധിപത്യസര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയാണ്‌ ഇത്തരം വന്‍കിട ഒത്തുതീര്‍പ്പുകളുടെ ആത്യന്തികഫലം. ഒരു എം.എല്‍.എ. മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഒരു അമ്മയും മകനും മൊഴികൊടുത്തിട്ടുപോലും കുറ്റാരോപിതര്‍ നിയമവ്യവസ്‌ഥയ്‌ക്കു മുന്നിലെത്താതെ കേസ്‌ ഒത്തുതീര്‍ക്കപ്പെടുമ്പോള്‍ നീതിയുടെ നിലവിളിയുയരുന്നതു കേരളം തിരിച്ചറിയുകയാണ്‌. അതേ നിലവിളിതന്നെയാണ്‌ പാവപ്പെട്ട ഒരു പോലീസുകാരന്റെ തൊണ്ടക്കുഴിയില്‍ കുടുങ്ങിക്കിടക്കുന്നതെന്നും ഉത്തരവാദപ്പെട്ടവര്‍ തിരിച്ചറിയുന്നില്ല. നിയമനിര്‍മാണം നടത്തുന്നവരും നിയമപാലനം നടത്തുന്നവരും നിയമം പാലിക്കാന്‍ മറ്റാരേക്കാളും ബാധ്യസ്‌ഥരാണ്‌. കാരണം നീതിനിയമങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്‌ മറ്റാരേക്കാളും ബോധ്യമുള്ളത്‌ ഇവര്‍ക്കാണെന്നാണ്‌ സങ്കല്‍പ്പം.

Ads by Google
Monday 25 Jun 2018 02.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW