Saturday, July 20, 2019 Last Updated 20 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 25 Jun 2018 02.15 AM

'മുണ്ട്‌ മടക്കിക്കുത്തിയ മോഡി'

uploads/news/2018/06/228275/bft1.jpg

മുഖ്യമന്ത്രിയായി ചുമതലയേറ്റതില്‍ പിന്നെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക്‌ നല്ല വാക്കുകളാണ്‌ സംസ്‌ഥാനത്തോടുള്ള സമീപനത്തിന്റെ പേരില്‍ പിണറായി വിജയന്‍ ചാര്‍ത്തിക്കൊടുത്തിരുന്നത്‌. കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന്‌ മികച്ച സഹകരണമാണുണ്ടാകുന്നതെന്ന പിണറായിയുടെ വാക്കുകള്‍ക്ക്‌ പിന്നിലെ അന്തര്‍ധാര തേടിയ ചിലര്‍ നിര്‍വചനങ്ങള്‍ പലത്‌ ചമച്ചു. ഇരുവരുടെയും ഭരണ- പെരുമാറ്റ രീതിയെ ഇഴചേര്‍ത്തവര്‍ പിണറായിയെ "മുണ്ടുടുത്ത മോഡി"യെന്നും വിളിച്ചു.
രാജ്യതലസ്‌ഥാനത്തു പൊതുതെരഞ്ഞെടുപ്പിന്റെ പിരിമുറുക്കവും രഹസ്യ ചര്‍ച്ചകളും പ്രകടമായിത്തുടങ്ങിയ സാഹചര്യത്തില്‍ത്തന്നെ സംസ്‌ഥാന സര്‍ക്കാരിന്റെ രണ്ടാം വര്‍ഷ നേട്ടങ്ങള്‍ വിവരിക്കാന്‍ മുഖ്യമന്ത്രി ദേശീയ മാധ്യമ പ്രതിനിധികളെയും പ്രത്യേകം ക്ഷണിച്ചു. മോഡിയോടുള്ള മൃദുസമീപനം പ്രതീക്ഷിച്ചെത്തിയവര്‍ക്ക്‌ മുന്നില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനു ശേഷം ആദ്യമായി പിണറായി സംസ്‌ഥാനത്തോടുള്ള സമീപനത്തിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാറിനെതിരേ ആഞ്ഞടിച്ചു; തെരഞ്ഞെടുപ്പ്‌ വര്‍ഷത്തില്‍ സ്വീകരിക്കേണ്ട തന്ത്രപരമായ സമീപനമായി പിണറായിയുടെ മാറ്റത്തെ വിശേഷിക്കുമ്പോഴും അതിനപ്പുറത്തേക്ക്‌ പിണറായി ലക്ഷ്യംവയ്‌ക്കുന്നത്‌ പലതാണ്‌.

ദേശീയ നേതാവ്‌

മുഖ്യമന്ത്രിയായി ചുമതലയേറ്റതു തന്നെ ദേശീയ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യ വിളംബരത്തോടെയായിരുന്നെങ്കിലും പിണറായി കരുതിയതിലും വേഗത്തില്‍ ദേശീയ നേതാവായി ഉയര്‍ത്തപ്പെട്ടുവെന്നതാണു യാഥാര്‍ഥ്യം.
രാജ്യത്തെ ഏക കമ്യൂണിസ്‌റ്റ്‌ മുഖ്യമന്ത്രി, അധികാരത്തിലുള്ള സംസ്‌ഥാനത്തെ പാര്‍ട്ടി ഘടകത്തിന്റെ കടിഞ്ഞാണ്‍, ഇരുത്തംവന്നതും ശക്‌തവുമായ ഇടപെടലുകള്‍, നോക്കിലും വാക്കിലും നടപ്പിലും ബോധപൂര്‍വം വരുത്തുന്ന പ്രൗഢി... ഈ ഘടകങ്ങളെല്ലാം ദേശീയ നേതാവെന്ന നിലയിലേക്ക്‌ ഉയരുന്നതില്‍ പിണറായി ഒപ്പം ചേര്‍ത്തുനിര്‍ത്തി. അധികാര രാഷ്‌്രടീയത്തില്‍ ഈ വിധം ഇടതുപക്ഷത്തിന്റെ മുഖമായി മാറിയതോടെ തെരഞ്ഞെടുപ്പ്‌ വര്‍ഷത്തില്‍ പിണറായിയെ കാത്തിരിക്കുന്ന ദൗത്യം ബഹുമുഖമാണ്‌. എതിരാടാനുള്ള രാഷ്‌്രടീയ ശത്രുപക്ഷത്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നിലപാടില്‍ ശത്രുപക്ഷത്ത്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി.
മാസങ്ങള്‍ മാത്രം കാലാവധിയുള്ള കേന്ദ്ര സര്‍ക്കാറിനെ പിണക്കിയാലും ഒന്നും സംഭവിക്കാനില്ലെന്ന മട്ടിലേക്ക്‌ പിണറായി മാറിയതോടെ തെരഞ്ഞെടുപ്പ്‌ മൂഡിലേക്ക്‌ മാറിയ കേന്ദ്രം തന്ത്രപരമായ നീക്കമാണ്‌ നടത്തുന്നത്‌.
ഇനി പ്രഖ്യാപിക്കാനും നടപ്പാക്കാനുമുള്ള ഓരോ പദ്ധതിയും വോട്ട്‌ ലക്ഷ്യമിട്ട്‌ മാത്രമുള്ളതാകയാല്‍ വിജയസാധ്യതയുള്ള ഇടങ്ങളിലേക്ക്‌ ചുരുക്കാനാകും കേന്ദ്ര നീക്കം.
കഞ്ചിക്കോട്‌ കോച്ച്‌ ഫാക്‌ടറി വിഷയത്തില്‍ കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ്‌ ഗോയലിനെ കാണാന്‍ മടിച്ച പിണറായി പ്രധാനമന്ത്രിയോടു നേരിട്ടു സംസാരിക്കാനാണു താല്‍പ്പര്യം പ്രകടിപ്പിച്ചത്‌. എന്നാല്‍ ഡല്‍ഹിയിലെത്തി പീയൂഷ്‌ ഗോയലിനെ ഇതേ വിഷയത്തില്‍ കാണാന്‍ വി.എസ്‌ അച്ചുതാനന്ദന്‍ ശ്രമിച്ചപ്പോഴേക്കും അനുമതി റെഡി.
ഡല്‍ഹിക്ക്‌ പുറത്തായിരുന്ന കേന്ദ്ര മന്ത്രി വി.എസിനെ സ്വീകരിക്കാന്‍ ഓടിയെത്തി. "ഇത്രേടം വരെ വരേണ്ടിയിരുന്നില്ല; ഒന്നു വിളിച്ചാല്‍ മതിയായിരുന്നു"വെന്ന മട്ടില്‍ സ്‌നേഹ പ്രകടനം. വി.എസിനോടുള്ള ബി.ജെ.പി മന്ത്രിയുടെ അനുകമ്പാ രാഷ്ര്‌ടീയം തിരിച്ചറിഞ്ഞാകാം കേന്ദ്രമന്ത്രിക്കു പിണറായി വക രൂക്ഷ വിമര്‍ശനം - അതേ; ഇത്‌ തെരഞ്ഞെടുപ്പ്‌ വര്‍ഷമാണ്‌. വെടിയും പുകയും ഇനിയും ശക്‌തമായിത്തന്നെ ഉയരും.
ഒരു വെടി; രണ്ട്‌ പക്ഷി

ബി.ജെ.പിയാണു മുഖ്യ രാഷ്‌്രടീയ ശത്രുവെന്നതില്‍ തര്‍ക്കമില്ലാതിരുന്ന സി.പി.എമ്മില്‍ കോണ്‍ഗ്രസിനോടുള്ള സമീപനത്തിന്റെ പേരിലായിരുന്നു ഇക്കണ്ട കാലം മുഴുവുന്‍ തര്‍ക്കം. ഇതു പിന്നീട്‌ കടുത്ത വിഭാഗീയതയിലേക്ക്‌ വഴിമാറി. ചരിത്രത്തിലില്ലാത്ത വിധം പ്രതിസന്ധിയിലേക്ക്‌ മാറിയപ്പോഴാണ്‌, കോണ്‍ഗ്രസിന്‌ കൈ കൊടുക്കാമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാഷ്‌ട്രീയ ലൈനിന്‌ അംഗീകാരം ലഭിച്ചത്‌. എന്നാല്‍ കേന്ദ്ര കമ്മിറ്റിയില്‍ ഇപ്പോഴും ഭൂരിപക്ഷമുള്ള കാരാട്ട്‌ പക്ഷം, യെച്ചൂരിയുടെ രാഷ്‌്രടീയ ലൈന്‍ നടപ്പാക്കാതിരിക്കാന്‍ മെനയുന്ന തന്ത്രത്തിന്റെ ഭാഗമാണ്‌ പിണറായിയുടെ ദേശീയ തല രംഗ പ്രവേശനമെന്നും വിലയിരുത്തപ്പെടുന്നു.
കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി വിശാല പ്രതിപക്ഷ ഐക്യത്തിനായി യെച്ചൂരി നീക്കം ശക്‌തമാക്കവേയാണ്‌ കോണ്‍ഗ്രസിതര മൂന്നാം മുന്നണിക്കു കളമൊരുക്കി പിണറായി, മറ്റ്‌ നാല്‌ മുഖ്യമന്ത്രിമാര്‍ക്കൊപ്പം അരവിന്ദ്‌ കെജ്‌രിവാളിന്റെ സമരം മറയാക്കി രംഗത്തെത്തിയത്‌. ഇതോടെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പിന്നിലേക്കൊതുങ്ങുകയും പാര്‍ട്ടിയുടെ ഏക മുഖ്യമന്ത്രി മുന്നിലേക്കെത്തുകയും ചെയ്‌തു. ഇതോടെ തെരഞ്ഞെടുപ്പ്‌ വര്‍ഷത്തില്‍ സജീവമാകുന്ന പ്രതിപക്ഷ നിരയുടെ അടവ്‌ തന്ത്രരൂപീകരണത്തിന്റെ നിര്‍ണായക സ്‌ഥാനം പിണറായിയില്‍ വന്നു ചേരുകയാണ്‌. ഒരേ സമയം മോഡിക്കും യെച്ചൂരിക്കും എതിരായ ഈ നീക്കം ഇതിനകം തന്നെ പാര്‍ട്ടിക്കകത്തും പ്രതിപക്ഷ നിരയിലും ചലനം സൃഷ്‌ടിച്ചു കഴിഞ്ഞു.

അണിയറ നാടകം

മൂന്നാം മുന്നണി നീക്കങ്ങള്‍ക്ക്‌ പിണറായിയ്‌ക്കൊപ്പം നിലയുറപ്പിച്ച പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തൃണമൂല്‍ - സി.പി.എം സംഘര്‍ഷത്തിന്റെ പേരില്‍ ബംഗാള്‍ ഘടകത്തിന്‌ അനഭിമതയാണ്‌. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ യെച്ചൂരി ബംഗാള്‍ ഘടകത്തിനൊപ്പവുമാണ്‌. അതേസമയം, പിണറായിയും മമതയും കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സി.ബി.ഐയുടെ അന്വേഷണം നേരിടുന്നവരുമാണ്‌. മമതയുടെ പേരില്‍ ശാരദ ചിട്ടിഫണ്ട്‌ കേസാണെങ്കില്‍ പിണറായിക്കു കുരുക്കായത്‌ ലാവ്‌ലിനും. ഹൈക്കോടതി പിണറായിക്ക്‌ അനുകൂലമായി വിധിച്ചെങ്കിലും സി.ബി.ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയാണ്‌ "ചെക്ക്‌" പറഞ്ഞത്‌.കൂട്ടായ്‌മയില്‍ ഒപ്പമുള്ള ആന്ധ്രാപ്രദേശ്‌ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാകട്ടെ വര്‍ഷങ്ങളായി ബി.ജെ.പി മുന്നണിയുടെ ഭാഗമായിരുന്നു. തെരഞ്ഞെടുപ്പില്‍ വെവ്വേറെ മത്സരിച്ച] ഫലപ്രഖ്യാപനത്തിന്‌ ശേഷം നോക്കാമെന്ന ധാരണയിലായിരുന്നു പരസ്‌പര ബന്ധം വിഛേദിച്ചത്‌. സംസ്‌ഥാനത്തിനുള്ള പ്രത്യേകപദവി വിഷയം ഇതിന്‌ രാഷ്‌ട്രീയ മറയുമായി.
മറ്റൊരു മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണു കര്‍ണാടകയില്‍ അധികാരത്തിലേറിയത്‌. കോണ്‍ഗ്രസിതര മൂന്നാം മുന്നണിയുടെ ആദ്യ ചവിട്ടുപടിയായ കെജ്‌രിവാളിനുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തില്‍ കുമാരസ്വാമിയും അണിനിരന്നത്‌ രാഷ്‌ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിച്ചിരുന്നു.
കര്‍ണാടകയിലെ നിലവിലെ സഖ്യം അധികകാലം മുന്നോട്ട്‌ പോകില്ലെന്ന്‌ കരുതുന്ന ബി.ജെ.പി നേതൃത്വത്തിന്റെ കണ്ണ്‌ ഇപ്പോഴും കുമാരസ്വാമിക്കു മേലുണ്ട്‌.മൂന്നാം മുന്നണിക്കായി തുടക്കത്തില്‍ കൊണ്ടുപിടിച്ചു ശ്രമം നടത്തിയ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ ബി.ജെ.പിയുടെ ഏജന്റായാണു സി.പി.ഐ. വിശേഷിപ്പിച്ചത്‌. പല തരത്തില്‍ മുഴച്ച്‌ നില്‍ക്കുന്ന കൂട്ടുകെട്ടും മൂന്നാം മുന്നണി നീക്കവും പൂര്‍ണത പ്രാപിക്കുന്നതിന്‌ എന്തായാലും തെരഞ്ഞെടുപ്പിന്‌ ശേഷമുള്ള സീറ്റ്‌ നില അറിയും വരെ കാത്തിരിക്കേണ്ടി വരും.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Monday 25 Jun 2018 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW