Sunday, April 21, 2019 Last Updated 57 Min 32 Sec ago English Edition
Todays E paper
Ads by Google
Monday 25 Jun 2018 02.14 AM

മദ്യത്തോടു പറയാം, കടക്കൂ പുറത്ത്‌...

uploads/news/2018/06/228274/bft2.jpg

ഐക്യരാഷ്‌ട്ര സംഘടനയുടെ നേതൃത്വത്തില്‍ നാളെ ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുകയാണ്‌. എന്നാല്‍, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ ദിനം പോലും മദ്യത്തില്‍ മുങ്ങിയാണ്‌ ജനം ആഘോഷിക്കുന്നത്‌. മദ്യശാലകള്‍ അടച്ചിട്ട്‌ ലഹരി വിരുദ്ധ ദിനത്തോട്‌ നീതി പുലര്‍ത്താന്‍ അധികൃതര്‍ ശ്രമിച്ചിരുന്നെങ്കില്‍ എന്ന്‌ ആശിച്ചു പോകുന്നു. ലഭ്യത കുറച്ച്‌ ബോധവല്‍ക്കരണത്തിലൂടെ ഘട്ടം ഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്ന തെരഞ്ഞെടുപ്പു വാഗ്‌ദാനം ലംഘിച്ച്‌, പഴയതും പുതിയതുമായ ബാറുകള്‍ തുറന്ന്‌ മദ്യം സുലഭമാക്കിയ ഇടതു സര്‍ക്കാരിന്റെ മദ്യനയം നാടിനെ സര്‍വനാശത്തിലേക്ക്‌ നയിക്കുമെന്നതില്‍ തര്‍ക്കമില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 80 മദ്യശാലകള്‍ തുറന്നെന്നു വിവരാവകാശ രേഖകള്‍ വ്യക്‌തമാക്കുന്നു. ജൂലൈ ഒന്നുമുതല്‍ വിദേശ നിര്‍മിത മദ്യം ഇവിടെത്തന്നെ നിര്‍മിച്ച്‌ വിതരണം ചെയ്യാന്‍ പോകുന്നു!
പ്രാദേശിക മദ്യനിരോധനത്തിന്‌ തദ്ദേശ സ്‌ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം ഏതാനും മദ്യമുതലാളികള്‍ക്കായി റദ്ദാക്കിയ നടപടി വേദനാജനകമാണ്‌. ഇതു ജനാധിപത്യ ഭരണക്രമത്തിലെ അധികാര വികേന്ദ്രീകരണമെന്ന അടിസ്‌ഥാന പ്രമാണത്തിന്റെ അടിവേര്‌ അറുത്തതിനു തുല്യമല്ലേ? ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കുള്ള സ്‌ഥാനം മാനിക്കപ്പെടേണ്ടതല്ലേ?
ജനസംഖ്യാനുപാതികമായി രാജ്യത്ത്‌ മദ്യ ഉപഭോഗത്തില്‍ ഏറ്റവും മുന്നില്‍ കേരളമാണ്‌. ദേശീയ തലത്തില്‍ ആളോഹരി മദ്യഉപഭോഗം നാലു ലിറ്ററാണെങ്കില്‍ കേരളത്തിലിത്‌ 8.3 ലിറ്ററാണ്‌. സംസ്‌ഥാന ജനസംഖ്യയില്‍ 18 ശതമാനം പേര്‍ തികഞ്ഞ മദ്യപരാണ്‌. 48 ലക്ഷം പേര്‍ മദ്യപിക്കുന്നു. അതില്‍ 18 ലക്ഷം പേര്‍ ദിവസവും മദ്യപിക്കുന്നു. യുവജനങ്ങളുടെ ഇടയില്‍ മദ്യപിക്കുന്നവരുടെ എണ്ണം 70 ശതമാനമാണ്‌. 1950-കളില്‍ 28 വയസിന്‌ മുകളിലുള്ളവരാണ്‌ മദ്യപിച്ചിരുന്നെങ്കില്‍ 1986-ല്‍ ഇത്‌ 19 വയസായി താഴ്‌ന്നു. 1990-ല്‍ 17 വയസുകാരും 1995-ല്‍ 14 വയസുകാരും മദ്യപിച്ചിരുന്ന സ്‌ഥാനത്തിപ്പോള്‍ 12 വയസുകാര്‍ വരെ മദ്യപിക്കുന്നു.
യുവാക്കളില്‍ പ്രത്യേകിച്ചും വിദ്യാര്‍ഥികളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം ആശങ്കാജനകമാണ്‌. നവഭാരതം രൂപപ്പെടുന്നത്‌ ക്ലാസ്‌ മുറികളിലാണെന്ന കോത്താരി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ അവഗണിക്കരുത്‌. വ്യക്‌തിയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയാണ്‌ വിദ്യാഭ്യാസത്തിലൂടെ ഉദ്ദേശിക്കുന്നത്‌. ഓജസും തേജസും കര്‍മോത്സുകതയും മുഖമുദ്രയായ ബാല്യവും യൗവനവും വാടിക്കരിയുവാന്‍ അനുവദിക്കരുത്‌.
ഇരുപതാം വയസില്‍ അവരെ എഴുപതിന്റെ വാര്‍ധക്യത്തിലേക്ക്‌ തള്ളിവിട്ടുകൂടാ. ആരാധനാലയങ്ങളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും മദ്യാലയങ്ങളിലേക്കുള്ള ദൂരപരിധി 200 മീറ്ററില്‍ നിന്ന്‌ 50 മീറ്ററായി കുറച്ച്‌ മദ്യവിപ്ലവം സൃഷ്‌ടിക്കാനുള്ള നിലപാട്‌ പുനഃപരിശോധിക്കണം.
മദ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ മാത്രം ചുമതലയല്ല. സത്യധര്‍മങ്ങള്‍ ഊട്ടിയുറപ്പിക്കുവാന്‍ ബാധ്യസ്‌ഥരായ വിവിധ മത, സാമുദായിക നേതാക്കള്‍ക്കും ഇതില്‍ വലിയ പങ്കുവഹിക്കാനാകും. മദ്യവ്യവസായികളെയും മദ്യപാനികളെയും ആരാധനാലയ ഭരണസമിതികളിലേക്ക്‌ തെരഞ്ഞെടുക്കാതിരിക്കാന്‍ ആവശ്യമെങ്കില്‍ നിയമത്തിലും ചട്ടങ്ങളിലും തിരുത്തല്‍ വരുത്തണം. അതുപോലെ തന്നെ ധാര്‍മിക മൂല്യങ്ങള്‍ക്ക്‌ മാന്യത കല്‍പിക്കുന്ന വ്യക്‌തികളെ മാത്രം നിയമനിര്‍മാണ സഭകളിലേക്ക്‌ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. നിയമം നടപ്പാക്കാന്‍ ഇച്‌ഛാശക്‌തിയും ആര്‍ജവവുമുള്ള അധികൃതരുടെ നിസംഗത പലപ്പോഴും പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുന്നു.
ലഹരി ഉപയോഗം സാത്വികരെപ്പോലും വഴിതെറ്റിക്കുന്നു. മദ്യപാനാസക്‌തി വ്യക്‌തികളെ അമ്മപെങ്ങന്മാരെ തിരിച്ചറിയാത്തവരാക്കി തീര്‍ക്കുന്നു. ആരോഗ്യത്തെ നശിപ്പിക്കുന്നതും സദാചാരം ഇല്ലാതാക്കുന്നതുമായ മദ്യപാനത്തെ അന്തസിന്റെയും ആഢ്യതയുടെയും മാന്യതയുടെയും മാനദണ്ഡമായി കരുതുന്ന നിലപാട്‌ അപഹാസ്യമാണ്‌. വാഹനാപകടങ്ങള്‍, കൊള്ള, കൊല, ഭവനഭേദനം, വിവാഹമോചനം, ബലാത്സംഗം എന്നിവയ്‌ക്കു പിന്നില്‍ മദ്യമടക്കമുള്ള ലഹരികള്‍ക്കുള്ള സ്വാധീനം ചെറുതല്ല. അമ്മമാരെ വിധവമാരും മക്കളെ അനാഥരും കുഞ്ഞുങ്ങളെ മന്ദബുദ്ധികളും ആരോഗ്യവാന്മാരെ രോഗികളും സമ്പന്നരെ ദരിദ്രരുമാക്കി തീര്‍ക്കുന്ന ഈ വിപത്തിനെതിരേ നാം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌. ഈ ലോക ലഹരി വിരുദ്ധ ദിനത്തില്‍ നമുക്ക്‌ ഒന്നായി മദ്യത്തോടു പറയാം, കടക്കൂ പുറത്ത്‌...

റവ. ഡോ. ജേക്കബ്‌ മണ്ണാറപ്രായില്‍ കോര്‍ എപ്പിസ്‌കോപ്പ

(കേരള മദ്യനിരോധന സമിതി സംസ്‌ഥാന പ്രസിഡന്റാണ്‌ ലേഖകന്‍)

Ads by Google
Monday 25 Jun 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW