Monday, April 22, 2019 Last Updated 1 Min 51 Sec ago English Edition
Todays E paper
Ads by Google

റൈറ്റ്ക്ലിക്ക്

S. Sreekumar
S. Sreekumar
Sunday 24 Jun 2018 06.04 PM

കണ്ടോളൂ, കളി കാര്യമാകരുത്

ഡിനു എന്ന അർജന്റീന ആരാധകന്റെ മൃതദേഹം ആറ്റിൽ പൊങ്ങിയ പ്രഭാതത്തിൽ പോലും ഒരു ചാനലിൽ, മെസിയാണു മിശിഹയെന്നും അർജന്റീന തോറ്റാൽ ആകാശമിടിഞ്ഞു വീഴുമെന്നും പുലമ്പുന്നതു കേട്ടു. എന്തുതരം മാധ്യമപ്രവർത്തനമാണിത്? അന്ധമായ ആരാധനയുടെ എരിതീയിൽ എണ്ണയൊഴിക്കുകയാണ് ഇവർ. ഭ്രാന്തമായ ആൾക്കൂട്ട മനഃശാസ്ത്രത്തെ ചൂഷണം ചെയ്യുന്നതു മികച്ച മാധ്യമപ്രവർത്തനമല്ല.
FIFA world cup

അർജന്റീനയുടെ തോൽവിയിൽ മനംനൊന്ത് മിടുക്കനായൊരു ചെറുപ്പക്കാരൻ ജീവനൊടുക്കിയിരിക്കുന്നു. ഈ മരണത്തെപ്പോലും അർജന്റീന ഫാൻസും അല്ലാത്തവരും തമ്മിലുള്ള പരിഹാസ്യമായ ട്രോൾ യുദ്ധത്തിന്റെ ഭാഗമാക്കുകയാണ് മലയാളികൾ. അതുതന്നെയാണ് ആ ചെറുപ്പക്കാരന്റെ മരണത്തിനു കാരണവും. അർജന്റീന തോറ്റാൽ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്ന് ആ യുവാവ് ജോലി സ്ഥലത്തു പലരോടും പറഞ്ഞിരുന്നത്രേ. പിറ്റേന്ന്, 'അർജന്റീന വിരുദ്ധർ' ട്രോളിക്കൊല്ലുന്നതിലും ഭേദം സ്വയം മരിക്കുകയാണെന്ന് കരുതാൻ മാത്രം ദുർബല ഹൃദയനായിരുന്നു ആ ചെറുപ്പക്കാരൻ. യഥാർത്ഥത്തിൽ, മീനച്ചിലാറ്റിൽ പൊങ്ങിയ ആ മൃതദേഹം നമ്മുടെ സമൂഹത്തിനല്ലേ ഒരു തിരിച്ചറിവാകേണ്ടത്?

സോഷ്യൽ മീഡിയയിൽ ആരാന്റ കളിയുടെ പേരിൽ പരസ്പരം ചെളി വാരിയെറിയുന്ന ഫാൻസുകാർക്കൊപ്പം നമ്മുടെ മാധ്യമങ്ങളും ഈ പ്രകോപന പ്രവണതകൾക്ക് ഉത്തരവാദികളാണ്. വേൾഡ് കപ്പ് ഡെസ്ക്കുകളിലെ സ്പോർട്സ് എഡിറ്റർമാർ പോലും സമനില വിട്ട് എഴുതുകയും പറയുകയും ചെയ്യുമ്പോൾ, ഈ കളിയുദ്ധമൊന്നു കണ്ടില്ലെങ്കിൽ പിന്നെന്തു ജീവിതമെന്നു സാധാരണക്കാർ പോലും കരുതിപ്പോകും. പിന്നെ, സ്വയം അർജന്റീനക്കാരും ബ്രസീലുകാരുമൊക്കെയായി മാറുന്ന കട്ട ഫാൻസുകാരുടെ കാര്യം പറയണോ? 'ഓടെടാ കണ്ടം വഴി...' എന്നവർ കൂട്ടുകാരനെ ട്രോളുന്നത് പലപ്പോഴും ഒരു തമാശയായല്ല, കൊല്ലാനുള്ള വാശി തീർക്കലാണത്. ഡിനു എന്ന അർജന്റീന ആരാധകന്റെ മൃതദേഹം ആറ്റിൽ പൊങ്ങിയ പ്രഭാതത്തിൽ പോലും ഒരു ചാനലിൽ, മെസിയാണു മിശിഹയെന്നും അർജന്റീന തോറ്റാൽ ആകാശമിടിഞ്ഞു വീഴുമെന്നും പുലമ്പുന്നതു കേട്ടു. എന്തുതരം മാധ്യമപ്രവർത്തനമാണിത്? അന്ധമായ ആരാധനയുടെ എരിതീയിൽ എണ്ണയൊഴിക്കുകയാണ് ഇവർ. ഭ്രാന്തമായ ആൾക്കൂട്ട മനഃശാസ്ത്രത്തെ ചൂഷണം ചെയ്യുന്നതു മികച്ച മാധ്യമപ്രവർത്തനമല്ല. മികച്ചു നിൽക്കാനുള്ള മാധ്യമയുദ്ധത്തിന്റെ ഭാഗമായാൽ പോലും.

യഥാർത്ഥത്തിൽ എന്താണു ഫുട്ബോൾ എന്ന കളി? 'ശാസ്ത്രീയമായി' പഠിക്കാതെ ആർക്കും എളുപ്പത്തിൽ ആസ്വദിക്കാവുന്ന, ലോകത്തെ ഏറ്റവും ജനകീയമായ കായികവിനോദം. ഈ കളിയെ ഇഷ്ടപ്പെടുന്ന മഹാഭൂരിപക്ഷം ലോകജനതയും ലോകകപ്പ് നടക്കുമ്പോൾ മാത്രമാണ് മറ്റെല്ലാം മാറ്റിവച്ച് ടെലിവിഷനുകൾക്കു മുന്നിൽ കുത്തിയിരിക്കുന്നത്. അതല്ലാതെ, ക്ലബ് സീസൺ പോരാട്ടങ്ങൾ വരെ കമ്പോടുകമ്പ് കാണുന്നവർ മേൽപ്പറഞ്ഞ മാധ്യമ വിശാരദർ മാത്രമേ കാണൂ. സാധാരണക്കാർക്കു ലോകകപ്പ് ആസ്വദിക്കാൻ അത്രയ്ക്കൊന്നും പരിണതപ്രജ്ഞത വേണ്ടെന്നതാണു പരമമായ സത്യം. അതുകൊണ്ടാണു ലോകം കണ്ട മികച്ച കളിയെഴുത്തുകാരൊക്കെ 'കാൽപന്തു കൊണ്ടുള്ള കവിത' രചിക്കലിനെ മാത്രം വാഴ്ത്തിയിട്ടുള്ളത്. മറഡോണയുടെ വിവാദ ഗോളിനെ 'ദൈവത്തിന്റെ കൈ' എന്നു വിശേഷിപ്പിച്ചത് ആ താരത്തെ മിശിഹയാക്കാൻ ആയിരുന്നില്ല. കളിയോളം കാൽപ്പനികഭംഗിയുള്ള ഒരു ആക്ഷേപഹാസ്യ പ്രയോഗമായിരുന്നു അത്.

അർജന്റീനയ്ക്കും ബ്രസീലിനും പോർച്ചുഗലിനുമൊക്കെ വേണ്ടി ആർപ്പുവിളിക്കുന്നതിൽ എത്രപേർക്ക് ആ ടീമുകളിലെ ഒന്നോ രണ്ടോ താരങ്ങൾക്കപ്പുറമുള്ള പ്രതിഭകളെ വിലയിരുത്താനറിയാം? കളി ആസ്വദിക്കാൻ അതിന്റെ ആവശ്യമേയില്ല എന്ന് ആവർത്തിച്ചു കൊണ്ടുതന്നെ ചോദിക്കട്ടെ... ലോകകപ്പ് ഫുട്ബോൾ വരുമ്പോൾ മാത്രം നാം കേൾക്കാറുള്ള ചില രാജ്യങ്ങളെക്കുറിച്ച്, കളിക്കപ്പുറം ലോകഭൂപടത്തിൽ അവയുടെ പ്രസക്തിയെക്കുറിച്ച്, ഫൈനൽ വിസിൽ മുഴങ്ങും മുമ്പെങ്കിലും മനസിലാക്കാൻ നമ്മുടെ പുതുതലമുറ ശ്രമിക്കാറുണ്ടോ? ഫുട്ബോൾ ശക്തി എന്നതിലുപരി ശാസ്ത്ര-സാങ്കേതിക -വിദ്യാഭ്യാസ രംഗങ്ങളിൽ ഏറ്റവും മുൻപന്തിയിലുള്ള, തെക്കേ അമേരിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമാണ് അർജന്റീന (സാക്ഷരത: 97%). ലോകത്തെ ഏറ്റവും വലിയ കത്തോലിക്കാ രാഷ്ട്രവും ഏറ്റവുമധികം കാപ്പി ഉത്പാദിപ്പിക്കുന്നതുമായ, ഏറ്റവും വലിയ ലാറ്റിനമേരിക്കൻ രാജ്യമാണു ബ്രസീൽ. നമ്മെപ്പോലെ അരിയാഹാരവും മരച്ചീനിയും കഴിക്കുന്നവർ.

ലോകത്ത് ഏറ്റവും കൂടുതൽ പേർ സ്പാനിഷ് സംസാരിക്കുന്നത് സ്പെയിനിലല്ല, മെക്സിക്കോയിലാണ്. ലോകത്ത് ശുചിത്വത്തിൽ ഏറ്റവും മുൻപന്തിയിലുള്ള രാജ്യമാണ് സ്വീഡൻ. ഉള്ളവനും ഇല്ലാത്തവനും തമ്മിൽ അന്തരം ഏറ്റവും കുറവുള്ള ക്ഷേമരാഷ്ട്രം, രാജഭരണം. നിരത്തിൽ നമുക്കു സുപരിചിതമായ വോൾവോ വാഹനങ്ങളുടെ ജന്മനാട്. തെക്കേ അമേരിക്കയിൽനിന്ന് മധ്യ അമേരിക്കയിലേക്കുള്ള നടപ്പാതയാണു പാനമയെന്ന കൊച്ചുരാജ്യം. ജനസംഖ്യ അരലക്ഷത്തിൽ താഴെ. ലാറ്റിനമേരിക്കയിലെ ഏറ്റവും ഉയരമുള്ള 10 കെട്ടിടങ്ങളിൽ എട്ടും പാനമ സിറ്റിയിലാണ്. പ്രസിദ്ധമായ പാനമ തൊപ്പിയും പാനമയുമായി പുലബന്ധമില്ല. അതുണ്ടാക്കുന്നത് ഇക്വഡോറിലാണ്. ഭരണഘടനാപരമായി പട്ടാളത്തെ പിരിച്ചുവിട്ട ലോകത്തെ ഏകരാജ്യമാണു കോസ്റ്റ റീക്ക. രാജ്യസുരക്ഷയ്ക്കു പോലീസ് മാത്രം. ആഫ്രിക്കയിലെ സമ്പന്ന രാഷ്ട്രമാണു ടുണീഷ്യ, ലോകത്തെ ഏറ്റവും സാങ്കേതിക പുരോഗതി നേടിയ രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. സാംസങ് കമ്പനിയുടെ ആസ്ഥാനം. ലോകത്തെ ആദ്യ പാർലമെന്റ് രൂപം കൊണ്ട നാടാണ് 100% സാക്ഷരതയുള്ള ഐസ് ലൻഡ് എന്ന ഇത്തിരിക്കുഞ്ഞൻ രാജ്യം. പാമ്പുവർഗം ഇല്ലാത്ത രാജ്യം, ജനസംഖ്യ മൂന്നുലക്ഷം മാത്രം....

. അങ്ങനെ എത്രയെത്രയോ കൗതുകങ്ങൾ. ഈ രാജ്യങ്ങളിൽ നിന്നെല്ലാം ഫുട്ബോൾ മാത്രമല്ല 125 കോടി ജനസംഖ്യയുള്ള ഇന്ത്യക്കു പഠിക്കാനുള്ളത്. ആർക്കോ വേണ്ടി ആർപ്പുവിളിക്കുമ്പോൾ അതുകൂടി ഓർമിക്കൂ.

Ads by Google

റൈറ്റ്ക്ലിക്ക്

S. Sreekumar
S. Sreekumar
Sunday 24 Jun 2018 06.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW