Wednesday, June 26, 2019 Last Updated 8 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 24 Jun 2018 01.22 AM

മന്ത്രി പലതും പറയും; റെയില്‍വേക്ക്‌ ഒന്നും 'ബാധകമല്ല'

uploads/news/2018/06/228060/bft1.jpg

ട്രെയിനുകള്‍ വൈകി ഓടുന്നത്‌ ഇന്നൊരു വാര്‍ത്തയല്ല. വൈകല്‍ അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. മാസങ്ങളായുള്ള സ്‌ഥിതിയാണിത്‌. പ്രശ്‌നപരിഹാരം വേണമെന്ന മുറവിളി പ്രതിവിധി ഇല്ലാതെ അവശേഷിക്കുന്നു.
അതിനൊടുവിലാണു കൃത്യനിഷ്‌ഠ പാലിക്കാനുള്ള ദക്ഷിണ റെയില്‍വേയുടെ അറ്റകൈ പ്രയോഗം. വൈകി എത്തുന്ന സമയം ഔദ്യോഗിക സമയമാക്കി പുതുക്കിയ ടൈം ടേബിള്‍. 87 സര്‍വീസുകള്‍ ലക്ഷ്യസ്‌ഥാനത്ത്‌ എത്തുന്ന സമയം ദീര്‍ഘിപ്പിച്ചു. വൈകിഓടിയാലും പ്രശ്‌നമില്ലെന്നു ചുരുക്കം.
മറ്റു സോണുകള്‍ കൃത്യനിഷ്‌ഠ നടപ്പാക്കാന്‍ ഒട്ടേറെ നടപടി സ്വീകരിച്ചപ്പോള്‍ ദക്ഷിണ റെയില്‍വേ മാത്രമാണ്‌ യാത്രാസമയംകൂട്ടി കൃത്യനിഷ്‌ഠ 80 ശതമാനമാക്കാന്‍ ശ്രമിച്ചു യാത്രക്കാരെ പരിഹസിച്ചത്‌. ട്രെയിനുകളുടെ വൈകി ഓട്ടം സ്‌ഥിരം പതിവായി പരാതികളേറെ ഉയര്‍ന്ന പശ്‌ചാത്തലത്തിലാണു റെയില്‍വേ ബോര്‍ഡ്‌ ചെയര്‍മാന്‍ അശ്വനി ലൊഹാനി വിശദീകരണം തേടിയത്‌.
കഴിഞ്ഞ മാസം 18നു നടന്ന അവലോകന യോഗത്തില്‍ കൃത്യനിഷ്‌ഠ ഏറ്റവും മോശമായ തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ 10 ഡിവിഷണല്‍ റെയില്‍വേ മാനേജര്‍മാരോടാണു വിശദീകരണം ചോദിച്ചത്‌.
ഇതിനു പിന്നാലെ റെയില്‍വേ മന്ത്രി പീയൂഷ്‌ ഗോയല്‍ ട്രെയിനുകള്‍ വൈകി ഓടിയാല്‍ സോണല്‍ ജനറല്‍ മാനേജര്‍മാര്‍ക്കെതിരേ നടപടി എടുക്കുമെന്നു പ്രഖ്യാപിച്ചു.
ഈ സാഹചര്യത്തിലാണു ദക്ഷിണ റെയില്‍വേയുടെ ഒറ്റമൂലി. മന്ത്രിയും ചെയര്‍മാനുമൊക്കെ പലതും പറയും; തങ്ങള്‍ക്ക്‌ ഇതൊന്നും ബാധകമല്ലെന്ന അഹന്ത. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം മേലുദ്യോഗസ്‌ഥര്‍ക്കു രക്ഷപെടാനാണു സമയമാറ്റം.
വൈകി ഓടുന്നതിനു ലൈനിലെ അറ്റകുറ്റപ്പണിയാണു നേരത്തെ കാരണമായി പറഞ്ഞിരുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ ടൈം ടേബിളില്‍ കേരളത്തില്‍ ഓടുന്ന ട്രയിനുകളുടെ റണ്ണിങ്‌ ടൈം ഇതിന്റെ പേരില്‍ കൂട്ടിയിരുന്നു. അതിനും പുറമേയാണ്‌ ഇപ്പോള്‍ അധികസമയം നല്‍കിയിരിക്കുന്നത്‌.
യാത്ര തുടങ്ങുന്ന സ്‌റ്റേഷനിലും അവസാനിക്കുന്ന സ്‌റ്റേഷനിലും ട്രെയിന്‍ സമയം പാലിച്ചോ എന്ന്‌ മാത്രം നോക്കിയാണു കൃത്യനിഷ്‌ഠ കണക്കാക്കുന്നത്‌. ബാക്കി ഏതു സ്‌റ്റേഷനിലും വൈകിയാല്‍ കുഴപ്പമില്ല.
അവസാന സ്‌റ്റേഷനില്‍ സമയം പാലിക്കാനായി ബഫര്‍ ടൈം നല്‍കിയിട്ടുണ്ട്‌. വടക്കാഞ്ചേരിക്കും ഷൊര്‍ണൂരിനുമിടയില്‍ 17 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഒരു മണിക്കൂര്‍ ആറ്‌ മിനിറ്റാണു വേണാടിനു പുതിയ സമയക്രമത്തില്‍ അനുദിച്ചിരിക്കുന്നത്‌. ഒരു മണിക്കൂര്‍ വൈകി ഓടിയാലും കൃത്യനിഷ്‌ഠ തെറ്റില്ല!
കൊച്ചുവേളി - ബംഗളുരു ട്രെയിനിനു കേരളത്തിലേക്കു വരുമ്പോള്‍ കൊല്ലത്തിനും കൊച്ചുവേളിക്കുമിടയില്‍ സഞ്ചരിക്കാന്‍ രണ്ട്‌ മണിക്കൂറും ബംഗളുരുവിലേക്ക്‌ പോകുമ്പോള്‍ ഇതേദൂരം സഞ്ചരിക്കാന്‍ 50 മിനിറ്റുമാണു നല്‍കിയിരിക്കുന്നത്‌. പാസഞ്ചര്‍ ട്രെയിന്‍പോലും ഇതിലും നേരത്തെ എത്തുമെന്നതാണു വസ്‌തുത.
ഇതെല്ലാമായിട്ടും ആധുനിക സങ്കേതങ്ങളുപയോഗപ്പെടുത്തി സമയ ദൈര്‍ഘ്യം കുറയ്‌ക്കാനും കൃത്യനിഷ്‌ഠ പാലിക്കാനും കഴിയാത്തതെന്തുകൊണ്ട്‌?
ലോകത്തെ നാലാമത്തെ റെയില്‍വേ ശൃംഘലയാണു നമ്മുടേത്‌. ഇന്ത്യയെ ഒന്നിപ്പിക്കുന്ന അഭിമാനസ്‌തംഭം. ഏറ്റവും ദൈര്‍ഘ്യമേറിയ കന്യാകുമാരി-ബിബ്രൂഗഡ്‌ ട്രെയിന്‍ രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ.
165 വര്‍ഷത്തെ ചരിത്രം. ഒരു ദിവസം 2.3 കോടി യാത്രക്കാര്‍ . ഒരു വര്‍ഷം 700 കോടി യാത്രക്കാര്‍. 12,000 ട്രെയിനകള്‍. 8,000 റെയില്‍വേ സ്‌റ്റേഷനുകള്‍. 1.1 ലക്ഷം കിലോമീറ്റര്‍ റയില്‍പാളം. എന്നു പറഞ്ഞാല്‍ ഭൂമിയെ ഒന്നര തവണ വലം വയ്‌ക്കാവുന്ന ദൈര്‍ഘ്യം. ഇതാണ്‌ ഇന്ത്യന്‍ റെയില്‍വേ.
ഇവിടെ കാലഘട്ടത്തിനനുസരിച്ച്‌ കാതലായ മാറ്റങ്ങള്‍ അനിവാര്യം. എറണാകുളം -തിരുവനന്തപുരം വൈദ്യുതീകരിക്കാത്ത കോട്ടയം വഴിയുള്ള ഒറ്റപ്പാതയുണ്ടായിരുന്നപ്പോള്‍ നാലരമണിക്കൂര്‍ എടുത്തിരുന്നിടത്ത്‌ വൈദ്യുതീകരിച്ച ഇരട്ട പാതയും ആലപ്പുഴ പാതയും എല്ലാം വന്നിട്ടും ഇതേസമയം തന്നെ എടുക്കുന്നു; അല്ലാ ഇതില്‍ കൂടുതല്‍ എടുക്കുന്നു,
കൃത്യനിഷ്‌ഠ പരിഷ്‌ക്കാരംകൂടി വന്നപ്പോള്‍ അത്‌ വീണ്ടും കൂടും. കേരളത്തിലെ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസുകളെല്ലാം തന്നെ 50 കിലോമീറ്ററിന്‌ താഴെ വേഗലാണ്‌ ഓടുന്നത്‌. 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടാവുന്ന വൈദ്യൂതീകരിച്ച ആധുനിക പാതകള്‍ രണ്ടെണ്ണമുള്ളപ്പോള്‍ എന്തുകൊണ്ട്‌ വേഗംകൂട്ടി സമയം കുറച്ചുകൂടാ.
കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കുന്നതിന്‌ ഒരു തടസമായി പറയുന്നത്‌ ലൈന്‍ കപ്പാസിറ്റിയാണ്‌. ഇതു മറികടക്കാന്‍ ഓട്ടോമാറ്റിക്‌ ബ്ലോക്ക്‌ സിഗ്നലിങ്‌ (എ.ബി.എസ്‌.) സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തിയാല്‍ നിലവില്‍ ഓടുന്നതിന്റെ ഇരട്ടി ട്രെയിനുകള്‍ ഇതേ പാതയില്‍ ഓടിക്കാന്‍ കഴിയും.
ഇതു നടപ്പാക്കാന്‍ വളരെ ചുരുങ്ങിയ ചെലവു മാത്രമേ വരൂ. സമയവും കുറച്ചു മതി.
റെയില്‍വേ സുരക്ഷയെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിക്കപ്പെട്ട അനില്‍ കക്കോദ്‌കര്‍ ഉന്നതതല കമ്മിറ്റി എല്‍.എച്ച്‌.ബി. കോച്ചുകളിലേക്കു മാറണമെന്ന്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.
രാജധാനി, ശതാബ്‌ദി തുടങ്ങിയ ട്രെയിനുകളില്‍ ഉപയോഗിക്കുന്നതാണ്‌ എല്‍.എച്ച്‌.ബി. കോച്ചുകള്‍. ആകെ 5,000.
എന്നാല്‍ ഇന്റഗ്രല്‍ കോച്ചു ഫാക്‌ടറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഐ.സി.എഫ്‌. കോച്ചുകളാണ്‌ റെയില്‍വേയില്‍ ഏറെയും -55,000. 2018 മുതല്‍ ഐ.സി.എഫ്‌ കോച്ചുകള്‍ ഉണ്ടാക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്‌.
ഇത്തരം നടപടികളിലൂടെ ആധുനികവല്‍ക്കരണത്തിന്റെ ഗുണമേന്‍മ ആര്‍ജിച്ചെടുക്കാന്‍ റെയില്‍വേയ്‌ക്കു കഴിയണം. അപ്പോള്‍ കൃത്യനിഷ്‌ഠയ്‌ക്ക്‌ സമയമാറ്റം ആയുധമാക്കേണ്ടിവരില്ല.
ബ്രിട്ടീഷുകാര്‍ ചിട്ടപ്പെടുത്തുകയും പാലിക്കുകയും ചെയ്‌ത സമയ ക്ലിപ്‌തതയും കാര്യക്ഷമതയും നമുക്കും നിലനിര്‍ത്താന്‍ കഴിയും.

ജോസഫ്‌ എം. പുതുശ്ശേരി

Ads by Google
Sunday 24 Jun 2018 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW