Thursday, September 13, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 24 Jun 2018 01.21 AM

അതിര്‍വരമ്പുകള്‍ അറിയാത്ത ബന്ധം കൗമാരത്തിന്റെ ശാപം

uploads/news/2018/06/228059/bft2.jpg

കൗമാരത്തിന്റെ തുടക്കത്തില്‍ ഒരേ ലിംഗത്തില്‍പ്പെട്ടവരുമായാണു കുട്ടികള്‍ അധികവും സൗഹൃദങ്ങള്‍ ഉണ്ടാക്കുന്നത്‌. ആദ്യഘട്ടങ്ങളില്‍ ഇതു പ്രധാനമായും സംഘങ്ങള്‍ തമ്മിലുള്ള ഇടപഴകലുകള്‍ ആയിരിക്കും.
സമ്പര്‍ക്കങ്ങള്‍ക്കായി അവര്‍ എല്ലാ മീഡിയകളും നിരന്തരം ഉപയോഗിക്കുന്നു. ഈ ആകര്‍ഷണങ്ങള്‍ നിയന്ത്രണവിധേയമല്ലെങ്കില്‍ അവര്‍ മാതാപിതാക്കളില്‍നിന്നു സ്വതന്ത്രമാകാനും ബന്ധങ്ങള്‍ വഷളാകാനും കാരണമാകുന്നു.
രശ്‌മി(യഥാര്‍ഥ പേരല്ല) കേരളത്തിനു പുറത്തു ജോലിചെയ്യുന്ന ഐടി പ്രഫഷണല്‍ ആണ്‌. അവള്‍ക്ക്‌ 50,000 രൂപ മാസശമ്പളം ഉണ്ട്‌. മാതാപിതാക്കള്‍ വിവാഹലോചനകളുമായി എത്തിയപ്പോള്‍ അവള്‍ വിഷമിക്കുകയും ഒന്നിനോടും സഹകരിക്കുകയും ചെയ്‌തില്ല. കൗണ്‍സലിങ്ങില്‍, ജോലിസ്‌ഥലത്തെ ഒരു യുവാവുമായി അടുപ്പത്തിലാണെന്ന കാര്യം അവള്‍ തുറന്നുപറഞ്ഞു.
മാതാപിതാക്കള്‍ പറഞ്ഞതനുസരിച്ച്‌ അതവളുടെ മൂന്നാമത്തെ പ്രണയം ആയിരുന്നു. ആണ്‍കുട്ടികളുമായുള്ള ബന്ധത്തില്‍ പാലിക്കേണ്ട അതിര്‍വരമ്പുകളെക്കുറിച്ച്‌ അവള്‍ക്കറിയില്ല. ആണ്‍കുട്ടികള്‍ അല്‍പം സ്‌നേഹം കാണിക്കുമ്പോള്‍ അതിനെ അവള്‍ ലൈംഗികമായി ധരിച്ച്‌ പ്രേമത്തിലേക്കു വഴുതി വീഴുന്നു.
കൗമാരക്കാര്‍ക്ക്‌ എതിര്‍ലിംഗത്തിലുള്ളവര്‍ എപ്പോഴും ഒരു കൗതുകമാണ്‌. അവര്‍ പരസ്‌പരം രഹസ്യവും അത്ഭുതവുമാണ്‌. അവരുടെ സ്വരവും സംസാരവും ചേഷ്‌ടകളും മനസിനെ ഇക്കിളിപ്പെടുത്തും.
ലൈംഗിക ഹോര്‍മോണുകളാണ്‌ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. കൗമാരകാലത്ത്‌ വേണ്ട വിധത്തിലുള്ള മാര്‍ഗനിര്‍ദേശം ലഭിക്കുകയും അതനുസരിക്കുകയും ചെയ്‌തില്ലെങ്കില്‍ എതിര്‍ലിംഗവുമായുള്ള ബന്ധങ്ങള്‍ അതിര്‍വരമ്പുകള്‍ ലംഘിച്ച്‌ അപകടത്തിലേക്കു പോകാം.
ഈ പ്രതിഭാസത്തെ കൗമാരത്തിലെ മാനസിക വികാസത്തിന്റെ സാധാരണഘട്ടമായും ഏതൊരു കൗമാരക്കാരന്റെയും വളര്‍ച്ചയുടെ നാഴികക്കല്ലായും മാതാപിതാക്കള്‍ ഉള്‍ക്കൊള്ളണം. മാതാപിതാക്കള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ധൃതിയില്‍ തീരുമാനങ്ങളിലേക്ക്‌ എത്തരുത്‌. ഒപ്പം കൗമാരക്കാരെ ശിക്ഷിക്കുകയും അരുത്‌. കാരണം, തിടുക്കത്തില്‍ എടുക്കുന്ന തീരുമാനങ്ങളും ശിക്ഷകളും കൗമാരക്കാരില്‍ ആക്രമണ മനോഭാവവും നിഗൂഢതയും സൃഷ്‌ടിക്കാനേ ഉപകരിക്കൂ.
അങ്ങനെ അവര്‍ വീടുവിട്ടുപോകുകയും ചെയ്യുന്നു. തങ്ങളുടെ ബന്ധങ്ങളെക്കുറിച്ച്‌ ഭയമേതും കൂടാതെ മാതാപിതാക്കളുമായി ചര്‍ച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം കൗമാരക്കാര്‍ക്ക്‌ നല്‍കേണ്ടതുണ്ട്‌.
അതിനാല്‍ വിരട്ടലോ വിധിക്കലോ അല്ലാത്ത മാര്‍ഗത്തിലൂടെ കൗമാരക്കാരുടെ ബന്ധങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്‌തു മനസിലാക്കുകയാണു വേണ്ടത്‌. ഇത്‌, സന്തോഷത്തോടെ തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ വ്യാപൃതരായി ലക്ഷ്യം നേടാന്‍ കൗമാരക്കാരെ സഹായിക്കുന്നു.

ഡോ. വര്‍ഗീസ്‌ പുതുശേരി സി.എം.ഐ.

(ലേഖകന്‍ കൊച്ചിയില്‍ കച്ചേരിപ്പടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാന്ത്വന ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ കൗണ്‍സലിങ്‌ ആന്‍ഡ്‌ സൈക്കോതെറാപ്പിയുടെ ഡയറക്‌ടറാണ്‌ )

Ads by Google
Sunday 24 Jun 2018 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW