Thursday, September 13, 2018 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 24 Jun 2018 01.16 AM

പാല്‍ കുടിക്കാത്ത പൂച്ച

uploads/news/2018/06/228053/re6.jpg

ഒരിടത്ത്‌ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രാജധാനിയില്‍ കുറെ പൂച്ചകളും. പൂച്ചകളെക്കൊണ്ടുള്ള ശല്യം സഹിക്ക വയ്യാതായപ്പോള്‍ ഒരു ദിവസം ഭൃത്യന്മാര്‍ രാജസന്നിധിയിലെത്തി സങ്കടമുണര്‍ത്തിച്ചു. 'തിരുമേനി, മാര്‍ജാരന്മാരുടെ ഉപദ്രവം സഹിക്ക വയ്യാതായിരിക്കുന്നു. രാജധാനിയിലെ വിലപിടിച്ച പല വസ്‌തുക്കളും അവര്‍ നശിപ്പിച്ചു കളയുന്നു.'
'സുമാര്‍ എത്ര പൂച്ചകള്‍ ഉണ്ടായിരിക്കും?' രാജാവ്‌ ചോദിച്ചു.
'നൂറെണ്ണത്തില്‍ കുറയാനിടയില്ല.'
അടുത്ത ദിവസം നഗരത്തില്‍ നിന്ന്‌ രാജകല്‌പനയനുസരിച്ച്‌ നൂറുപേരെ വരുത്തി. അവരോടു രാജാവ്‌ പറഞ്ഞു: 'നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഞാന്‍ ഓരോ പൂച്ചയെ തരുന്നുണ്ട്‌.'
'തിരുമേനീ, അവയ്‌ക്കാവശ്യമായ പാല്‍ ആരാണടിയങ്ങള്‍ക്കു തരിക? '
വന്നവരിലൊരാള്‍ ചോദിച്ചു.
'ഞാന്‍ തീര്‍ച്ചയായും തരും ' രാജാവു പറഞ്ഞു. 'ഇവിടെ എത്ര പശുക്കളുണ്ട്‌? ' രാജാവ്‌ ചോദിച്ചു.
'വളരെ കുറച്ചേ ഉള്ളൂ.' ഭൃത്യന്മാര്‍ പറഞ്ഞു.
'എന്നാലും ആകെ എത്രയെണ്ണമുണ്ട്‌?'
'ഇരുപതെണ്ണമുണ്ട്‌ തിരുമേനീ.'
'ശരി തന്നെ, നമുക്ക്‌ നൂറു പശുക്കളെ വാങ്ങാം. പൂച്ചയുടെ ഉടമസ്‌തന്‍മാര്‍ക്ക്‌ ഓരോ പശുക്കളെ വീതം കൊടുക്കാം 'രാജാവു പറഞ്ഞു. രാജശാസന പ്രകാരം ഓരോ പൂച്ചകളെയും അത്രയും തന്നെ പശുക്കളെയും ഓരോരുത്തര്‍ക്കു കൊടുത്തു. അങ്ങനെ പശുവിനെയും പൂച്ചയെയും കിട്ടിയവരില്‍ ഒരാളായിരുന്നു രസിക ശിരോമണിയും കൗശലക്കാരനുമായ തെന്നാലി രാമന്‍.
മറ്റെല്ലാവരും പശുവിനെ കറന്ന പാല്‍ രാജാവിന്റെ പൂച്ചകള്‍ക്കു കൊടുത്തു വന്നു. എന്നാല്‍ തെന്നാലി രാമനാകട്ടെ ആദ്യത്തെ ദിവസത്തെ പാല്‍ കറന്നു തിളപ്പിച്ച്‌ ചൂടോടെ ഒരു കപ്പ്‌ കൊണ്ടുവന്ന്‌ പൂച്ചയുടെ മുമ്പില്‍വച്ചു. പാല്‍ കണ്ട സന്തോഷത്തോടെ പൂച്ച തന്റെ നാവ്‌ അതില്‍ മുക്കി. നാവു പൊള്ളിയ പൂച്ച പിന്നീട്‌ പാലിന്റെ കപ്പുപോലും തിരിഞ്ഞു നോക്കിയില്ല. പാല്‍ കപ്പ്‌ കണ്ടാല്‍ അത്‌ ഭയപ്പെട്ട്‌ ഓടാന്‍ തുടങ്ങും. അതുകൊണ്ട്‌ തെന്നാലിരാമന്‌ കിട്ടുന്ന പാല്‍ മുഴുവന്‍ തന്റെ കുടുംബത്തിലുള്ളവര്‍ക്ക്‌ കുടിക്കാന്‍ കഴിഞ്ഞു. മറ്റു വീടുകളിലെ പൂച്ചകളെല്ലാം കൊഴുത്തു തടിച്ചിരിക്കുമ്പോള്‍ തെന്നാലിരാമന്റെ പൂച്ചമാത്രം മെലിഞ്ഞ്‌ നടക്കാന്‍ പോലും ശേഷിയില്ലാതെ കിടക്കുകയാണ്‌. ഒരുനാള്‍ രാജാവത്‌ അറിഞ്ഞു. ഉടനെ രാജസന്നിധിയില്‍ താന്‍ നല്‍കിയ പൂച്ചയോടു കൂടി ഹാജരാകണമെന്ന രാജശാസന തെന്നാലിരാമനു കിട്ടി. അയാള്‍ ഉടനെ തിരുമുമ്പിലെത്തി. 'നിങ്ങളുടെ പൂച്ച എന്താണിങ്ങനെ മെലിഞ്ഞിരിക്കുന്നത്‌?'
'തിരുമേനീ, ഈ പൂച്ച പാല്‍ കുടിക്കുന്നില്ല.'
പൂച്ചയുടെ മുമ്പില്‍ ഒരു കപ്പ്‌ പാല്‍വെക്കാന്‍ അദ്ദേഹം ഭൃത്യന്മാര്‍ക്കു കല്‌പന കൊടുത്തു. അവര്‍ പാല്‍ കൊണ്ടുവന്ന്‌ പൂച്ചയുടെ സമീപം വെച്ചു. പാല്‍പ്പാത്രം കാണേണ്ട താമസം, പൂച്ച രാജധാനിയില്‍ നിന്നൊരു മരണപ്പാച്ചില്‍.
രാജാവു ചോദിച്ചു. 'എന്താണിതിനു കാരണം? നിങ്ങള്‍ ആദ്യത്തെ ദിവസം ഇതിനു ചൂടുള്ള പാല്‍ കൊടുത്തുവോ?'
'നിങ്ങളുടെ പശുവിന്‌ ധാരാളം പാല്‍ കിട്ടുന്നില്ലേ?'
'ഉവ്വ്‌ തിരുമേനീ'
'പിന്നെ എന്തുകൊണ്ട്‌ നിങ്ങളിതിന്‌ ചൂടുള്ള പാല്‍ കൊടുത്തു? നിങ്ങളിതിനെ പേടിപ്പിക്കാനുള്ള കാരണമെന്ത്‌?'
'തിരുമേനി കോപിക്കരുത്‌. എനിക്ക്‌ വലിയൊരു കുടുംബമുണ്ട്‌. അകത്തു കുട്ടികള്‍ ഒരു തുള്ളി പാല്‍കുടിക്കാനില്ലാതെ കരയുന്നതു കണ്ടപ്പോള്‍ അടിയന്‍ ചെയ്‌ത വേലയാണിത്‌.'
'ശരി, തനിക്കൊരു പശുവിനെക്കൂടി വാങ്ങിത്തരുവാന്‍ നാം കല്‍പ്പിക്കുന്നതാണ്‌. ഇപ്പോള്‍ വീട്ടിലേക്കു പൊയ്‌ക്കൊള്ളുക.'
തന്റെ കുടുംബത്തിലെ കഷ്‌ടപ്പാടും ദാരിദ്ര്യവും എത്ര സുന്ദരമായിട്ടാണ്‌ തെന്നാലിരാമന്‍ രാജാവിനെ അറിയിച്ചത്‌. രാജാവിനു കാര്യം ബോധ്യപ്പെട്ടപ്പോള്‍ അവനെ സഹായിക്കാനും തയാറായി. നാം യാഥാര്‍ത്ഥ്യ ബോധ്യത്തോടെ ജീവിക്കണം. മറ്റുള്ളവരുമായുള്ള ഇടപാടുകളില്‍ സത്യസന്ധതയും സുതാര്യതയും ഉണ്ടായിരിക്കണം.

Ads by Google
Sunday 24 Jun 2018 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW