Friday, April 19, 2019 Last Updated 33 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 23 Jun 2018 11.14 PM

ജപമാലയില്‍ കൊരുത്ത ജീവിതം

uploads/news/2018/06/227905/sun1.jpg

വിശ്വാസികളുടെ സന്തതസഹചാരിയാണ്‌ ജപമാലകള്‍. ഊണിലും ഉറക്കത്തിലും ആറാം വിരല്‍പോലെ അത്‌ കൂടെ കൊണ്ടുനടക്കുന്നവരുണ്ട്‌. കൈച്ചൂടും ഉള്ളുരുകിയ പ്രാര്‍ത്ഥനയുടെ കണ്ണീര്‍നനവും അറിഞ്ഞ കൊന്തകള്‍ക്ക്‌ ചെവികൊടുത്താല്‍ പുറംലോകമറിയാത്ത ആയിരംകഥകള്‍ അവയ്‌ക്ക് പറയാന്‍ ഉണ്ടാകും. ജപമാലകളെ ജീവിതത്തിന്റെ ഭാഗമാക്കുകയും അതിന്റെ പേരില്‍ ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ സ്‌ഥാനം പിടിക്കുകയും ചെയ്‌ത പുതിയവീട്ടില്‍ സാബു കെയ്‌റ്റര്‍ എന്ന എറണാകുളം സ്വദേശിയുടെ സ്വകാര്യശേഖരത്തിലുളളത്‌ 63000 ത്തിലേറെ കൊന്തകള്‍.

അപ്പാപ്പന്റെ കൊന്ത
ചെറുപ്പത്തില്‍ എനിക്കേറ്റവും അടുപ്പം അപ്പാപ്പനോടായിരുന്നു. വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍കൊണ്ട്‌ കിടപ്പായശേഷവും ഞാന്‍ അപ്പാപ്പനോട്‌ ചേര്‍ന്ന്‌ ആ കിടക്കയ്‌ക്കരികില്‍ പോയിരിക്കും. അപ്പോഴൊക്കെ എന്റെ കണ്ണുടക്കുക അദ്ദേഹത്തിന്റെ കയ്യിലെ ജപമാലയിലായിരുന്നു. പേരക്കുട്ടിയുടെ ആഗ്രഹം മനസ്സിലാക്കി 'ഇത്‌ മോന്‍ വെച്ചോ' എന്നുപറഞ്ഞ്‌ അപ്പാപ്പന്‍ ഒരുമനുഷ്യായുസ്സിന്റെ പ്രാര്‍ത്ഥനകള്‍ക്ക്‌ മൂകസാക്ഷിയായ ജപമാല എന്നെ ഏല്‍പ്പിക്കുമ്പോള്‍ കൊന്തകളോടുള്ള സ്‌നേഹത്തിന്റെ വിത്ത്‌ ഉള്ളില്‍ മുളച്ചത്‌ ഞാന്‍ പോലും അറിഞ്ഞിരുന്നില്ല.
1981 ജൂലൈ മാസത്തില്‍ അപ്പാപ്പന്‍ പി.സി. ഫ്രാന്‍സിസ്‌ മരിക്കുമ്പോള്‍, എനിക്ക്‌ 13 വയസ്സേയുള്ളു. ജപമാലയുടെ രൂപത്തില്‍ അപ്പാപ്പന്‍ എന്റെ കയ്യില്‍ വെച്ചുതന്നത്‌ അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളാണ്‌. അതൊരു തുടക്കമായിരുന്നു. ഓരോ വര്‍ഷം കഴിയുംതോറും ആ ജപമാല എന്നില്‍ കൂടുതല്‍ ശക്‌തി നിറയ്‌ക്കുന്നതായി തോന്നിയതുകൊണ്ടാകാം കൊന്തകള്‍ എനിക്ക്‌ ഇത്രമേല്‍ പ്രിയപ്പെട്ടതാകുന്നത്‌.
തൃശൂര്‍ കൊടകരയില്‍ സ്വര്‍ണാഭരണശാല നടത്തിക്കൊണ്ടിരിക്കെയാണ്‌ അപ്പച്ചന്‍ കെയ്‌റ്റര്‍ 25 കൊന്തകള്‍ സമ്മാനിക്കുന്നത്‌. വല്ല്യമ്മച്ചിയും അമ്മച്ചിയും ഉപയോഗിച്ചിരുന്ന ജപമാലകളും എനിക്കാണ്‌ തന്നത്‌. നിയോഗം പോലെ ദേശാന്തരങ്ങളില്‍ നിന്നുപോലും ജപമാലകള്‍ എന്നിലേക്ക്‌ ഒഴുകിയെത്തി എന്നു വേണമെങ്കില്‍ പറയാം. 2018 ഫെബ്രുവരിയില്‍ ലോകത്ത്‌ ഏറ്റവുമധികം വൈവിധ്യമുള്ള ജപമാലയുടെ ശേഖരത്തിന്‌ ഉടമയായതിന്റെ പേരില്‍ ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ എന്റെ പേര്‌ വരുമ്പോള്‍ 83 രാജ്യങ്ങളില്‍ നിന്നുള്ള 50000 കൊന്തകള്‍ കൈവശമുണ്ടായിരുന്നു. ഇപ്പോള്‍ അത്‌ 63000 കടന്നു.

സമ്മാനമായി ജപമാലകള്‍ തന്നിരുന്ന സിസ്‌റ്റര്‍ ആന്റി
അമ്മച്ചിയുടെ അനിയത്തി കന്യാസ്‌ത്രീയാണ്‌-സിസ്‌റ്റര്‍ നിമ്മി. ആന്റി വരുമ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം ജപമാലകള്‍ സമ്മാനമായി നല്‍കിയിരുന്നു. കുറച്ചുകഴിയുമ്പോള്‍ തന്നെ കളിയുടെ ജ്വരത്തില്‍ കസിന്‍സൊക്കെ അവര്‍ക്ക്‌ കിട്ടിയ കൊന്തകള്‍ അങ്ങിങ്ങായി നഷ്‌ടപ്പെടുത്തും. ഞാന്‍ മാത്രം അവ നിധിപോലെ സൂക്ഷിച്ചു. മറ്റുള്ളവരുടേത്‌ ചോദിച്ചു വാങ്ങാനും മടി തോന്നിയിട്ടില്ല. വരുമ്പോള്‍ എന്താ കൊണ്ടുവരേണ്ടതെന്ന്‌ ആന്റി സ്‌നേഹത്തോടെ ചോദിക്കുമ്പോള്‍ 'എനിക്ക്‌ കൊന്ത മതി' എന്ന്‌ പറയുന്നത്‌ ഓര്‍മയിലുണ്ട്‌. നിനക്കെന്തിനാ ഇതിനും മാത്രം കൊന്തകളെന്ന്‌ കളിയാക്കുമെങ്കിലും എന്റെ ശേഖരത്തിലേക്ക്‌ സ്‌നേഹത്തില്‍ പൊതിഞ്ഞെത്തിയ സമ്മാനത്തിന്‌ ഒരിക്കലും മുടക്കം വന്നില്ല. ഇതിനോടുള്ള എന്റെ ആവേശം മനസിലാക്കി വിദേശ യാത്രകള്‍ക്കിടയില്‍ വ്യത്യസ്‌തത തോന്നുന്ന കൊന്തകള്‍ ഓരോ സ്‌ഥലത്തും പോയി, തേടിപ്പിടിച്ച്‌ വാങ്ങി ഇപ്പോഴും ആന്റി സമ്മാനിക്കാറുണ്ട്‌.അതുപോലെ തന്നെ കുടുംബത്തിനകത്തും പുറത്തും നിന്ന്‌ ഒരുപാട്‌ പേര്‍.

ബെനീറ്റയെ കൂട്ടായി കിട്ടിയപ്പോള്‍
1995 ലായിരുന്നു ബെനീറ്റ എന്റെ ജീവിതത്തിലേക്ക്‌ കടന്ന്‌ വന്നത്‌. ഭക്‌തിയും ശേഖരവും വര്‍ദ്ധിച്ചത്‌ അതോടെയാണ്‌. ഹോബി ആയി ഒതുങ്ങുമായിരുന്ന ഒന്നിനെ ഇത്രത്തോളം ആക്കിയതിന്റെ ക്രെഡിറ്റ്‌ ഭാര്യയ്‌ക്കാണ്‌. ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബത്തില്‍ ഒരുപാട്‌ കന്യാസ്‌ത്രീകളുണ്ട്‌. അവരില്‍ നിന്നൊക്കെ പലതരം ജപമാലകളെക്കുറിച്ച്‌ അറിയാനും അവ സ്വന്തമാക്കാനും കഴിഞ്ഞു. ഓര്‍മ്മ ഉറയ്‌ക്കും മുന്‍പ്‌ കൊന്തകളുടെ ലോകം മുന്നില്‍ കണ്ടതുകൊണ്ടാകാം മകന്‍ അഖിലിനും ഞങ്ങളെപ്പോലെ ഇതില്‍ കമ്പം തോന്നിയത്‌.

വിശുദ്ധരുടെ കൈപതിഞ്ഞ ജപമാലകള്‍
മദര്‍ തെരേസയ്‌ക്ക് അവരെ കാണാന്‍ ചെല്ലുന്നവര്‍ക്ക്‌ ഒരു പെന്‍ഡന്റും കൊന്തയും സമ്മാനിക്കുന്ന ശീലമുണ്ടായിരുന്നു. പലരെയും പോലെ അവരുടെ കയ്യില്‍നിന്ന്‌ കൊന്ത കൈപ്പറ്റാന്‍ എനിക്കും ഭാഗ്യം കിട്ടിയിട്ടുണ്ട്‌. വിശുദ്ധ പദവി കിട്ടും മുന്‍പ്‌ ആരും ആ കൊന്തകള്‍ക്ക്‌ അത്ര വില കല്‌പിച്ചിരിക്കില്ല. രണ്ടു രൂപയുടേതോ അഞ്ച്‌ രൂപയുടേതോ അല്ലേ എന്നൊക്കെ വിചാരിക്കുന്നവരാണ്‌ അധികവും. സാധാരണ സിസ്‌റ്റര്‍മാരില്‍ നിന്നായാല്‍ കൂടി അവരുടെ പേരും തന്ന തീയതിയും എഴുതി സൂക്ഷിക്കുന്നതാണ്‌ എന്റെ ശീലം. അതുകൊണ്ട്‌ ഒന്നും നഷ്‌ടപ്പെട്ടിട്ടില്ലെന്നു മാത്രമല്ല , ഏതു കൊന്ത ആരുതന്നു എന്നും വ്യക്‌തമായി അറിയാം. മദറിന്റെ കോണ്‍വെന്റിലെ കന്യാസ്‌ത്രീകളില്‍ നിന്നും അവര്‍ ഉപയോഗിച്ചിരുന്ന കൊന്തകളും എനിക്ക്‌ കിട്ടിയിട്ടുണ്ട്‌. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയുടെയും ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെയും അനുഗ്രഹം പതിഞ്ഞ കൊന്തകളും കൈവശമുണ്ട്‌. 130ല്‍ പരം ബിഷപ്പുമാരും മെത്രാന്മാരും കര്‍ദിനാള്‍മാരും വൈദികരും കന്യാസ്‌ത്രീകളും ആശിര്‍വദിച്ച്‌ കൊന്തകള്‍ സമ്മാനിച്ചിട്ടുണ്ട്‌. കയ്യിലുളളത്‌ കൈമാറിയത്‌ കൂടാതെ യാത്രകളിലും മറ്റും അവര്‍ ബോധപുര്‍വം വിവിധ തരം കൊന്തകള്‍ ശേഖരിച്ച്‌ എനിക്ക്‌ എത്തിച്ചു തന്നിട്ടുണ്ട്‌. അവരുടെ പ്രയത്നഫലമായി ലഭിച്ച ജപമാലകള്‍ക്ക്‌ ഞാന്‍ മറ്റെന്തിനേക്കാളും വിലകല്‍പ്പിക്കുന്നു. കാശുള്ള ആര്‍ക്കും സ്വര്‍ണത്തിന്റെ കൊന്ത ജ്യുവലറിയില്‍ പോയി വാങ്ങാം. അതിനേക്കാള്‍ മൂല്യം അത്‌ ആരില്‍ നിന്ന്‌ കൈപ്പറ്റി എന്നതിനാണ്‌.

വഴിത്തിരിവായത്‌ പ്രദര്‍ശനങ്ങള്‍
ബെനീറ്റയുടെ ആന്റി കന്യാസ്‌ത്രീയാണ്‌. അവരുടെ കോണ്‍വെന്റില്‍ ജപമാലകളുടെ ഒരു പ്രദര്‍ശനം നടത്തുന്നതിനെക്കുറിച്ച്‌ എന്നോട്‌ ആലോചിക്കുമ്പോള്‍ ഒരു എക്‌സിബിഷന്‍ നടത്താന്‍ മാത്രം എണ്ണം കൈവശം ഉണ്ടാകില്ലെന്ന്‌ കരുതി ഒഴിഞ്ഞു മാറാനാണ്‌ ആദ്യം ശ്രമിച്ചത്‌. ഉള്ളത്‌ മതിയെന്ന്‌ ആവര്‍ത്തിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചു. 2007ല്‍ ആദ്യ പ്രദര്‍ശനത്തിനുള്ള തയ്യാറെടുപ്പിനിടയിലാണ്‌ എന്റെ കളക്ഷന്‍ എത്രമാത്രം ആയെന്ന്‌ സ്വയം ബോധ്യപ്പെടുന്നത്‌. മൂന്ന്‌ മുറി നിറയെ നിരത്തിവെച്ചത്‌ വര്‍ഷങ്ങളായുള്ള എന്റെ തപസ്യയാണ്‌. എക്‌സിബിഷനില്‍ പങ്കെടുത്തവരുടെ കൗതുകം എന്നെ ഇതിലേക്ക്‌ കൂടുതല്‍ അടുപ്പിച്ചു. വ്യത്യസ്‌തമായ കൊന്തകള്‍ കൈവശമുള്ള പലരും നിറഞ്ഞ മനസ്സോടെ സൗജന്യമായി എനിക്കവ തന്നു. പ്രദര്‍ശനത്തിനിടെ കണ്ടു എന്നതിനപ്പുറം ഒരു പരിചയവും ഇല്ലാത്തവരുടെ ആ സ്‌നേഹം തന്നെ വലിയൊരു അനുഗ്രഹമല്ലേ?
പിന്നീട്‌ 2009ല്‍ പള്ളിയില്‍ ഒരു പ്രദര്‍ശനം നടത്തിയത്‌ ശരിക്കും വഴിത്തിരിവായി. കാണുന്നതു പോലെ അത്ര എളുപ്പമുള്ള കാര്യമല്ല, എക്‌സിബിഷന്‍ നടത്തുന്നത്‌. കുറഞ്ഞത്‌ 15 ദിവസത്തെ മുന്നൊരുക്കങ്ങള്‍ വേണ്ടിവരും. ബെനീറ്റയാണ്‌ പൊടി തുടച്ച്‌ ക്രമപ്പെടുത്തി പ്രാര്‍ത്ഥിച്ച്‌ കൊന്തകള്‍ സെറ്റ്‌ ചെയ്യുന്നതും മറ്റും. മോനും സഹായത്തിന്‌ കൂടും. പ്രദര്‍ശനം കഴിഞ്ഞ്‌ വീട്ടിലെത്തുമ്പോള്‍ എല്ലാം ക്രമം തെറ്റി പഴയപടിയാകും. വീണ്ടും ഒന്നില്‍ നിന്ന്‌ തുടങ്ങും. പക്ഷെ ഈ കഷ്‌ടപ്പാടിലും ഒരു രസമുണ്ട്‌.

നഷ്‌ടപ്പെട്ട ജപമാല
മംഗലാപുരത്തെ പള്ളിയില്‍ പ്രദര്‍ശനം നടത്തുന്നതിനിടയില്‍ വിലകൂടിയ ഒരു കൊന്ത കാണാതായി. ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ തന്നെ ഓരോ ജപമാലയുടെയും ക്ലോസ്‌ അപ്പ്‌ ഫോട്ടോ എടുത്ത്‌ സൂക്ഷിക്കുന്നതിന്റെ ഗുണം അന്നറിഞ്ഞു. കാണാതായ റോസറിയുടെ ഫോട്ടോ ഞാന്‍ അവിടത്തെ അച്ചനെ കാണിച്ചുകൊടുത്തു. അച്ചന്‍ അപ്പോള്‍ തന്നെ മൈക്കിലൂടെ കാര്യം വിളിച്ചുപറഞ്ഞു. പള്ളിയില്‍ സിസിടിവി സംവിധാനം ഉണ്ടെങ്കിലും എല്ലായിടത്തും ഘടിപ്പിച്ചിരുന്നില്ല.റോസറി എടുത്ത ആളുടെ മുഖം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്ന്‌ അച്ചന്‍ പറഞ്ഞ്‌ രണ്ടു മണിക്കൂര്‍ തികയുംമുന്‍പ്‌ ഒരു മൂലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നഷ്‌ടപ്പെട്ടെന്ന്‌ കരുതിയ ജപമാല കിടന്നുകിട്ടി.

വ്യത്യസ്‌തയാര്‍ന്ന കളക്ഷന്‍
കൊന്തകളില്‍ എന്താണിത്ര വ്യത്യാസമെന്ന്‌ കരുതുന്നവരുണ്ട്‌. എല്ലാം ഈ മുത്തും നൂലും തന്നെയല്ലേ എന്നോര്‍ത്താകാം ആ ചിന്ത. പക്ഷെ എന്റെ ശേഖരത്തിലുള്ളതെല്ലാം ഒന്നിനൊന്ന്‌ വ്യത്യസ്‌തമാണ്‌. അഖണ്ഡ ജപം ചൊല്ലാന്‍ ഉപയോഗിക്കുന്ന ആയിരം മുത്തുകളുള്ള ജപമാല ഇരുപത്‌ പേര്‌ ചേര്‍ന്നാണ്‌ ചൊല്ലുക. 20 മീറ്റര്‍ നീളമുള്ള ആ ജപമാലയാണ്‌ ഏറ്റവും വലുത്‌. രണ്ടിഞ്ചു പോലും നീളമില്ലാത്ത കുഞ്ഞന്‍ കൊന്തയും കൈവശമുണ്ട്‌. വത്തിക്കാനിലെ നാല്‌ ബസലിക്കകള്‍ ചിത്രീകരിച്ചിട്ടുള്ള ജപമാലകള്‍, തിളങ്ങുന്ന കൊന്ത(ലുമിനസ്‌ റോസറി),പച്ച നിറത്തിലുള്ള ഐറിഷ്‌ റോസറി, അഞ്ച്‌ ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിക്കുന്ന കൊന്ത തുടങ്ങിയവ കാഴ്‌ച്ചക്കാരില്‍ കൗതുകം ഉണര്‍ത്തും. 'വേ ഓഫ്‌ ദി ക്രോസ'്‌ എന്നുപേരുള്ള കൊന്ത കുരിശിന്റെ വഴിക്ക്‌ ചൊല്ലുന്നതാണ്‌. മൂന്ന്‌ മണികള്‍ കഴിയുമ്പോള്‍ ഒന്നാം സ്‌ഥലം ഒരു മെഡല്‍ വെച്ച്‌ തിരിച്ചിട്ടുണ്ട്‌. അങ്ങനെ 14 മെഡലുകള്‍ അതിലുണ്ട്‌.
അമേരിക്കയില്‍ ഭ്രൂണഹത്യയ്‌ക്ക് എതിരായിട്ടൊരു ജപമാല ഇറക്കിയിട്ടുണ്ട്‌- റോസറി ഓഫ്‌ അണ്‍ബോണ്‍. അതിലെ ഓരോ മുത്തിലും ജനിക്കാതെ പോയ കുഞ്ഞുങ്ങളുടെ രൂപങ്ങള്‍ കാണാം. മാതാവിന്റെ കണ്ണീര്‍ത്തുള്ളിയായി പ്രതീകാത്മകമായാണത്‌ ചെയ്‌തിരിക്കുന്നത്‌. വെഡ്‌ഡിങ്‌ റോസറിയാണ്‌ മറ്റൊന്ന്‌. വിവാഹത്തിന്‌ സമ്മാനമായി നല്‍കുന്ന ഈ ജപമാല രണ്ടെണ്ണം ഒന്നായി കോര്‍ത്ത രീതിയിലാണ്‌- രണ്ടു ശരീരവും ഒരാത്മാവും എന്ന രീതിയില്‍.
സൗദി അറേബ്യ പോലുള്ള മുസ്ലിം രാജ്യങ്ങളില്‍ റോസറികള്‍ക്ക്‌ വിലക്കുണ്ട്‌. അവിടെ കൊണ്ടുപോകുന്നതിനായി അമേരിക്കന്‍ ഗവണ്‍മെന്റ്‌ ഇറക്കിയതാണ്‌ 'ക്രെഡിറ്റ്‌ കാര്‍ഡ്‌ റോസറി'. പേര്‌ സൂചിപ്പിക്കുംപോലെ രൂപത്തിലും ക്രെഡിറ്റ്‌ കാര്‍ഡിനോട്‌ സമാനമായതുകൊണ്ട്‌ പഴ്‌സില്‍ കാര്‍ഡിനൊപ്പം സൂക്ഷിക്കാമെന്ന പ്രത്യേകതയുമുണ്ട്‌. വള,ബ്രേസ്‌ലെറ്റ്‌,ബ്രോച്ച്‌ അങ്ങനെ പല രൂപത്തിലെ കൊന്തകള്‍ സ്‌ത്രീകളെ ആകര്‍ഷിക്കും. സീസണ്‍ അനുസരിച്ചും ചില രാജ്യങ്ങളില്‍ കൊന്ത ഇറക്കാറുണ്ട്‌. ഫുട്‌ബോള്‍ ലഹരി പിടിക്കുന്ന സമയത്ത്‌ ബോളിന്റെ മാതൃകയിലുള്ള മുത്തുകള്‍കൊണ്ടുണ്ടാക്കുന്ന ജപമാലകള്‍ക്ക്‌ നല്ല ഡിമാന്‍ഡാണ്‌. സ്വര്‍ണം, വെള്ളി,പവിഴം,മരതകം,ചന്ദനത്തടി, ഒലിവ്‌ തടി,തുളസിയില,ചകിരിനാര്‌,വൃക്ഷക്കായ്‌കള്‍ തുടങ്ങി പലതുംകൊണ്ട്‌ നിര്‍മ്മിച്ച കൊന്തകള്‍ കളക്ഷനിലുണ്ട്‌. ഉദ്ദേശം 1ശം 150 വര്‍ഷം പഴക്കമുള്ള റോസറി വരെ ഉണ്ട്‌. 83 രാജ്യങ്ങളിലെ ജപമാലകള്‍ എന്ന്‌ പറയുന്നെങ്കിലും 99 ശതമാനവും നിര്‍മ്മിച്ചിരിക്കുന്നത്‌ ഇറ്റലിയിലാണ്‌. മെയ്‌ഡ് ഇന്‍ ഫ്രാന്‍സ്‌,ജര്‍മ്മനി എന്നൊക്കെ എഴുതിയിരിക്കുന്നത്‌ പഴക്കമുള്ളവയാണ്‌. കൊന്ത ഉണ്ടാക്കുന്നവരെ ലേബര്‍ പ്രശ്‌നങ്ങള്‍ കാരണം കിട്ടാത്തതുകൊണ്ട്‌ ഇറ്റലിയെയാണ്‌ മിക്ക രാജ്യങ്ങളും ജപമാലകള്‍ക്കായി ആശ്രയിക്കുന്നത്‌.

വൈകിയറിഞ്ഞ മൂല്യം
മിഷന്‍ റോസറി എന്ന പേരിലൊരു ജപമാലയുണ്ട്‌. പച്ച,ചുവപ്പ്‌ അങ്ങനെ പല നിറങ്ങളില്‍ ലഭിക്കും. നിര്‍മ്മാണത്തിന്‌ ഏഴ്‌ ഡോളറോളം ചെലവ്‌ വരുന്നുണ്ടെങ്കിലും അച്ചന്മാര്‍ക്കും കന്യാസ്‌ത്രീകള്‍ക്കും ആയിരക്കണക്കിന്‌ കൊന്തകളാണ്‌ സൗജന്യമായി എത്തിക്കുക. അടുത്തിടെയാണ്‌ പണംകൊണ്ട്‌ അളക്കാനാവാത്ത അതിന്റെ മൂല്യം ഞാന്‍ മനസ്സിലാക്കിയത്‌. ബുദ്ധിവൈകല്യമുള്ള കുട്ടികള്‍ പ്രാര്‍ത്ഥനയോടെ കെട്ടുന്ന ജപമാലകളാണതെന്നറിഞ്ഞ്‌ കണ്ണുനിറഞ്ഞുപോയി. നിഷ്‌കളങ്കമായ മനസ്സോടെ ദൈവത്തോടേറ്റവും ചേര്‍ന്നുനില്‍ക്കുന്ന ആ കുരുന്നുകളുണ്ടാക്കുന്ന കൊന്തയോളം വിലമതിക്കാനാവാത്ത എന്താണ്‌ ഈ ലോകത്തുള്ളത്‌? മിണ്ടാമഠങ്ങള്‍ എന്നുപറയുന്ന കോണ്‍വെന്റുകളില്‍ മാസങ്ങളോളം നീളുന്ന ഉപവാസപ്രാര്‍ത്ഥനകളിലൂടെ നിര്‍മ്മിക്കുന്ന ജപമാലകളുണ്ട്‌. എന്റെ കാഴ്‌ചപ്പാടില്‍, ഇവയുടെ വില സ്വര്‍ണ്ണത്തിനൊക്കെ വളരെ മേലെയാണ്‌.

പുതിയ കാല്‍വെയ്‌പ്പ്
കഴിഞ്ഞ ഒരു ദശകമായി, ജപമാല പ്രദര്‍ശനം നടത്തുന്നതിന്റെ അനുഭവ സമ്പത്തുകൊണ്ട്‌ വ്യത്യസ്‌തമായി എന്തെങ്കിലും ചെയ്യണമെന്ന്‌ ആഗ്രഹിച്ചിരുന്നു. ലോകത്ത്‌ തന്നെ സമാനതകളില്ലാത്ത ഒന്ന്‌. അങ്ങനെയാണ്‌ ഇന്റര്‍നാഷണല്‍ മരിയന്‍ എക്‌സിബിഷന്‍ എന്ന ആശയം ഉരുത്തിരിയുന്നത്‌. ജപമാലകള്‍ക്കൊപ്പം മാതാവ്‌ പ്രത്യക്ഷപ്പെട്ട സ്‌ഥലങ്ങളിലെ കുരിശുകളും അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രങ്ങളും മെഡലുകളും അടങ്ങുന്നതാണ്‌ മരിയന്‍ എക്‌സിബിഷന്‍. മാതാവിന്റെ ജനനം മുതല്‍ മരണം വരെയുള്ള ഘട്ടങ്ങള്‍ ദൃശ്യങ്ങളായി കാണികള്‍ക്കു മുന്നില്‍ എത്തിക്കുക എന്ന ആഗ്രഹവും ഇതോടുകൂടി സാധ്യമാകും എന്നതാണ്‌ എടുത്തുപറയാവുന്ന മാറ്റവും സന്തോഷവും. ഏറ്റവും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍വേണ്ടി തികഞ്ഞ തയ്യാറെടുപ്പോടെയാണ്‌ വരുന്ന ഓഗസ്‌റ്റ് 15 ന്‌ ഇത്തരത്തിലുള്ള ആദ്യ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്‌. പുതിയ ചുവടുവയ്‌പ്പിന്റെ പണിപ്പുരയിലാണ്‌ ഞങ്ങള്‍ ഇപ്പോള്‍.

മീട്ടു റഹ്‌മത്ത്‌ കലാം

Ads by Google
Saturday 23 Jun 2018 11.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW