Tuesday, July 16, 2019 Last Updated 8 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 23 Jun 2018 11.14 PM

ഞാന്‍ ശ്രീസംഖ്യ , കല്‍പ്പനയുടെ മകള്‍

uploads/news/2018/06/227904/sun4.jpg

കല്‌പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക്‌ ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ്‌. ചിരിയുടെ മാലപ്പടക്കം തീര്‍ത്ത അമ്മയുടെ മകള്‍ നായികയായാണ്‌ സിനിമയില്‍ എത്തുന്നത്‌. ആബ്ര ഫിലിംസിന്റെ ബാനറില്‍ സുമേഷ്‌ ലാല്‍ സംവിധാനം ചെയ്യുന്ന കുഞ്ചിയമ്മയും അഞ്ചുമക്കളും എന്ന ചിത്രമാണ്‌ ശ്രീമയി ആദ്യമായി ചെയ്യാന്‍ പോകുന്നത്‌. രൂപത്തില്‍ മാത്രമല്ല പേരിലും മാറ്റത്തോടെയാണ്‌ ശ്രീ മലയാളികള്‍ക്ക്‌ മുന്നില്‍ എത്തുന്നത്‌. കലയുടെ വീട്ടില്‍ നിന്ന്‌ അമ്മയുടെയും വല്ല്യമ്മയുടെയും ചെറിയമ്മയുടെയും പാതയില്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുമ്പോള്‍ ഈ വിശേഷങ്ങളൊക്കെ പങ്കു വെച്ച്‌ ശ്രീ...

ശ്രീസംഖ്യ എന്ന പേര്‌
ന്യൂമറോളജി പ്രകാരം ശ്രീസംഖ്യയെന്ന പേരിട്ടത്‌ അമ്മയാണ്‌ (കല്‌പനയുടെ അമ്മ). സൂര്യന്റെ ഭാര്യയാണ്‌ സംഖ്യ. സൂര്യന്റെ പ്രഭാവലയത്തില്‍ പ്രകാശപൂരിതയായി നില്‌ക്കുന്ന സ്‌ത്രീ. എവിടെയും തളരാതെ സൂര്യനൊപ്പം തന്നെ ജ്വലിച്ച്‌ നില്‌ക്കുന്നവള്‍. പേര്‌ മാറിയെങ്കിലും ഇത്‌ കാര്യമായി ബാധിക്കാന്‍ പോകുന്നില്ല. കാരണം ഞാന്‍ എന്നും എല്ലാവര്‍ക്കും ശ്രീ ആണ്‌.

പഠനം
ചെന്നൈ എസ്‌.ആര്‍.എം യൂണിവേഴ്‌സിറ്റിയില്‍ ബി.എ. വിഷ്വല്‍ മീഡിയ ഒന്നാം വര്‍ഷം പഠിക്കുകയാണ്‌. പഠിത്തം പൂര്‍ത്തിയാക്കിയതിന്‌ ശേഷം സിനിമയില്‍ സജീവമാകാനാണ്‌ ഇഷ്‌ടം. കൊച്ചി ചോയ്‌സ് സ്‌കൂളിലാണ്‌ പ്ലസ്‌ ടൂ വരെ പഠിച്ചത്‌. എന്റെ ബെസ്‌റ്റ് ഫ്രണ്ട്‌ പൊടിയമ്മയുടെ മകള്‍ കുഞ്ഞാറ്റയാണ്‌. അവളെ എനിക്ക്‌ ഇപ്പോള്‍ മിസ്‌ ചെയ്യുന്നുണ്ട്‌. അവള്‍ ബംഗളുരു ക്രൈസ്‌റ്റില്‍ മള്‍ട്ടി മീഡിയ കോഴ്‌സ് പഠിക്കുകയാണ്‌. നേരത്തെ എന്നും പരസ്‌പരം വിളിക്കുമായിരുന്നു. എന്നാല്‍ പഠനത്തിന്റെ തിരക്കില്‍ ഇപ്പോള്‍ വിളി കുറഞ്ഞു. അവധിക്ക്‌ അവളുടെ വരവിനായി കാത്തിരിക്കുകയാണ്‌. കുടുംബത്തിലെ ഈ തലമുറയിലുള്ള എല്ലാവരും സിനിമാ സംബന്ധമായ കോഴ്‌സുകളാണ്‌ പഠിക്കുന്നത്‌.

അഭിനയം
അമ്മയുടെ പാത പിന്തുടര്‍ന്ന്‌ സിനിമയിലേക്ക്‌ എത്തിയെന്ന്‌ പറയുന്നതിനേക്കാള്‍ നല്ലത്‌ അഭിനയം രക്‌തത്തിലുണ്ട്‌ എന്നതാണ്‌. മിനുവിനെ (കല്‌പന) പോലെയൊരു അഭിനേത്രിയാവുക എന്ന ആഗ്രഹമൊന്നുമില്ല. കാരണം മിനുവിനു പകരമാവാന്‍ എനിക്കെന്നല്ല ആര്‍ക്കും കഴിയില്ല. നായികയെന്ന നിലയില്‍ നല്ല അഭിനയം കാഴ്‌ചവയ്‌ക്കണം. മിനു ചെയ്‌തപോലെ ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കും എന്നൊരു ധൈര്യം ഇതുവരെ വന്നിട്ടില്ല. സിനിമകളില്‍ ചെറിയ ഹ്യൂമര്‍ സീക്വന്‍സ്‌ വന്നാല്‍ ഒരുപക്ഷേ ചെയ്യാന്‍ സാധിക്കുമായിരിക്കും.
അമ്മ കോമഡിയാണ്‌ കൈകാര്യം ചെയ്‌തിരുന്നതെങ്കിലും എനിക്ക്‌ സീരിയസ്‌ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനാണ്‌ താല്‍പ്പര്യം.
എനിക്ക്‌ പിന്നാലെ കുഞ്ഞാറ്റയും കാര്‍ത്തുവിന്റെ (കലാരഞ്‌ജിനി) മകന്‍ അമ്പോറ്റിയും അമ്മാവന്റെ മകന്‍ അമ്പാടിയും സിനിമയിലേക്ക്‌ തന്നെ വരും. രണ്ട്‌ മൂന്ന്‌ വര്‍ഷങ്ങള്‍ക്കകം ഞങ്ങളെ എല്ലാവരെയും സിനിമയില്‍ കാണാന്‍ സാധിക്കും.

സിനിമ
ആബ്ര ഫിലിംസിന്റെ ബാനറില്‍ സുമേഷ്‌ ലാല്‍ സംവിധാനം ചെയ്യുന്ന കുഞ്ചിയമ്മയും അഞ്ചുമക്കളും എന്ന ചിത്രമാണ്‌ ആദ്യമായി ചെയ്യാന്‍ പോകുന്നത്‌. ഉടന്‍ ഷൂട്ടിങ്‌ തുടങ്ങാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. കുഞ്ചിയമ്മ എന്ന ലീഡ്‌ റോളിലാണ്‌ അരങ്ങേറ്റം കുറിക്കുന്നത്‌. ഗാന്ധിബസാറിന്റെ പരിസരത്ത്‌ താമസിക്കുന്ന 20 വയസ്സുള്ള ഒരു പെണ്‍കുട്ടിയും അവരേക്കാള്‍ ഇരുപത്‌ വയസ്സ്‌ മൂത്ത അഞ്ച്‌ വളര്‍ത്തുമക്കളും തമ്മിലുള്ള ആത്മബന്ധമാണ്‌ സിനിമയുടെ കഥ. മറ്റ്‌ ഓഫറുകള്‍ വരുന്നുണ്ടെങ്കിലും പഠനത്തിനൊപ്പം സിനിമ കൊണ്ട്‌ പോകാന്‍ സാധിക്കുന്ന തരത്തിലുള്ളവ മാത്രമാണ്‌ സ്വീകരിക്കുന്നത്‌. നല്ല കഥയും കഥാപാത്രങ്ങളും വരികയാണെങ്കില്‍ ഉറപ്പായും സ്വീകരിക്കും.

അമ്മ നല്ല സുഹൃത്ത്‌
സത്യത്തില്‍ മിനുവും കാര്‍ത്തുവും പൊടിയമ്മയുമൊക്കെ എനിക്ക്‌ ചേച്ചിമാരെ പോലെയാണ്‌. അമ്മ എന്ന്‌ ഞാന്‍ വിളിച്ചിരുന്നത്‌ പോലും അമ്മൂമ്മയെ ആണ്‌. ചെറുപ്പം മുതല്‍ ഞാന്‍ വളര്‍ന്നത്‌ അമ്മയ്‌ക്കൊപ്പമാണ്‌. മിനുവിനെ കുറിച്ച്‌ പറഞ്ഞാല്‍, പലപ്പോഴും എനിക്ക്‌ തോന്നിയിട്ടുണ്ട്‌ മിനു പക്വത ഇല്ലാത്തൊരു കുട്ടിയാണ്‌ എന്ന്‌. ആദ്യ സമയത്തൊന്നും മിനുവിന്‌ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ പോലും അറിയില്ലായിരുന്നു. മിനുവിനെ ഫോണ്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ചതൊക്കെ ഞാനാണ്‌.
ഒരിക്കല്‍ സ്‌കൂളില്‍ കൗണ്‍സിലിംഗ്‌ ക്ലാസ്‌ നടക്കുകയാണ്‌. എല്ലാവരും അവരുടെ അമ്മയ്‌ക്ക് ഒരു കത്തെഴുതാന്‍ ആവശ്യപ്പെട്ടു. എല്ലാവരും കാര്യമായി എന്തൊക്കെയോ എഴുതുകയാണ്‌. ഞാന്‍ മാത്രം ഒന്നും എഴുതാതെ ഇരിക്കുന്നതു കണ്ട മിസ്‌ എന്നെ വിളിച്ച്‌ കാര്യം തിരക്കി. ഞാന്‍ മിസിനോടു പറഞ്ഞു ഞാന്‍ മിനുവിനെ അമ്മയായി കണ്ടിട്ടില്ല. അതുകൊണ്ട്‌ എനിക്ക്‌ മിനുവിനെക്കുറിച്ച്‌ ഒന്നും എഴുതാന്‍ പറ്റില്ലായെന്ന്‌. എന്റെ അവസ്‌ഥ മനസിലാക്കി അമ്മൂമ്മയ്‌ക്ക് കത്തെഴുതിക്കോളു എന്നു മിസ്‌ പറഞ്ഞു. ഇക്കാര്യം വീട്ടില്‍ വന്ന്‌ പറഞ്ഞപ്പോള്‍ മിനു ഭയങ്കര ചിരിയായിരുന്നു.

രക്‌തത്തിലലിഞ്ഞ അഭിനയം
ചെറുപ്പത്തിലൊക്കെ എനിക്ക്‌ സ്‌റ്റേജില്‍ കയറാന്‍ പേടിയായിരുന്നു. സ്‌റ്റേജില്‍ കയറി എന്തെങ്കിലും ഡയലോഗ്‌ തെറ്റിയാല്‍ മിനുവിന്‌ അത്‌ കുറച്ചിലായി പോകില്ലേ എന്ന ചിന്തയായിരുന്നു. നാലാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ്‌ ആദ്യമായി സ്‌റ്റേജില്‍ കയറുന്നത്‌. അന്ന്‌ ഇതുപോലെയൊന്നുമല്ല, നല്ല വണ്ണമുണ്ട്‌. ആടുതോമ ആയാണ്‌ വേഷമിട്ടത്‌. ഫുള്‍ മേക്കപ്പില്‍ വന്നപ്പോള്‍ അസ്സല്‍ ആടുതോമയെ പോലെയുണ്ടെന്ന്‌ എല്ലാവരും പറഞ്ഞു. അന്ന്‌ എന്റെ പരിപാടി കാണാന്‍ മിനു മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. അതായിരുന്നു ആദ്യമായും അവസാനമായും ഞാന്‍ കയറിയ ഒരു സ്‌റ്റേജ്‌.

തയ്യാറാക്കിയത്‌: സുനിത സുനില്‍

Ads by Google
Saturday 23 Jun 2018 11.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW