Tuesday, July 16, 2019 Last Updated 54 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 23 Jun 2018 11.14 PM

ക്യാന്‍സറിനു ശേഷം ജീവിതം : മൂന്നു പുഞ്ചിരികള്‍ സുശ്രുതനെ മരണത്തില്‍നിന്നു രക്ഷിച്ചു!

uploads/news/2018/06/227903/sun3.jpg

ആശുപത്രി മുറി.
കതകുതുറന്ന്‌ കറുത്തു പൊക്കംകൂടിയ ഒരാള്‍ മുറിയിലേക്കു കയറിവന്നു.
കൈയില്‍ കത്തിയും കത്രികയും മറ്റു മാരകായുധങ്ങളെല്ലാമുണ്ട്‌. ആശുപത്രിയിലെ ബാര്‍ബര്‍!
വിധിയുടെ ഇരയെപ്പോലെ കട്ടിലില്‍ നിസഹായനായിക്കിടന്ന അയാളോട്‌ ക്ഷുരകന്‍ പരുഷമായി പറഞ്ഞു: ''എഴുന്നേറ്റ്‌ ബാത്‌റൂമിലേക്കു വരണം. അടിമുടി തുണിയെല്ലാം ഊരണം!''
തൊട്ടടുത്ത ഓപ്പറേഷന്‍ തീയേറ്ററില്‍ ഉയിരുകാക്കുന്ന യന്ത്രങ്ങളുടെ മുരളല്‍... ഇ.സി.ജിയുടെ മൂളല്‍... അജ്‌ഞാതഭീതികള്‍ ഉള്ളില്‍നിറയ്‌ക്കുന്ന 'ബീപ്‌...ബീപ്‌' ശബ്‌ദങ്ങള്‍...
കട്ടിലില്‍നിന്നെഴുന്നേല്‍ക്കാന്‍ അയാളെ ബാര്‍ബര്‍ സഹായിച്ചു.
ബാത്‌റൂമിലെ സ്‌റ്റൂളില്‍ അയാള്‍ കൂനിക്കൂടിയിരുന്നു. ക്ഷുരകന്റെ മൂര്‍ച്ചയില്ലാത്ത കത്തി അയാളുടെ കഷണ്ടിയില്‍നിന്നു തുടങ്ങി. ദേഹത്തെ രോമങ്ങളെല്ലാം വടിച്ചുനീക്കി. ഒരു ഔദാര്യമെന്നോണം പൊടിമീശ കളഞ്ഞില്ല! ഭാഗ്യം!
രോമങ്ങളും മുടിയും നീക്കിക്കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു അന്യഗ്രഹജീവിയെപ്പോലെ തോന്നിച്ചു.
കുളികഴിഞ്ഞുവന്നപ്പോള്‍ നഴ്‌സ് ആശുപത്രിക്കുപ്പായം ധരിപ്പിച്ചു കിടത്തി. പെരുമ്പറപോലെ ഹൃദയമിടിക്കവേ, സമയം നിശ്‌ചലമായപോലെ.അനിശ്‌ചിതത്വത്തിന്റെ ഭീകരമായ മണിക്കൂറുകള്‍ക്കുശേഷം പിറ്റേന്നു രാവിലെ ഒരു ട്രോളിയിലേക്ക്‌ അയാളെ കയറ്റി. ഓപ്പറേഷന്‍ തീയേറ്ററിലേക്കുള്ള യാത്ര!
മലയാളികളുടെ ഒരുകാലത്തെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്ന കേണല്‍ ഡോ.എം. മോഹന്‍കുമാര്‍ എന്ന 'സുശ്രുതന്‍' ആ ട്രോളിയില്‍ വീണ്ടും വിധിയുടെ പരീക്ഷണവസ്‌തുവായിക്കിടന്നു. ജീവിതസായാഹ്നത്തിലെ മൂന്നാമത്തെ ഓപ്പറേഷനു വിധേയനാകാന്‍വേണ്ടി! ഉദരത്തിലെ ക്യാന്‍സര്‍ മൂലം വന്‍കുടല്‍ ഒന്‍പതിഞ്ചു നീളത്തില്‍ മുറിച്ചുമാറ്റപ്പെടാനായി!
അടുത്തിടെ നടന്ന ഈ ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ മൂക്കില്‍ തള്ളിനില്‍ക്കുന്ന റൈല്‍സ്‌ ട്യൂബും മൂത്രക്കുഴലും മറ്റും മാറ്റാന്‍ ഏറെനാള്‍ വേണ്ടിവന്നു. ബോധം വന്നും പോയുമിരിക്കുന്ന സമയം. മനസില്‍ എന്തെന്തു വിചാരങ്ങള്‍! കുട്ടിക്കാലം മുതല്‍ അതുവരെയുള്ള ഓര്‍മകള്‍! വേദനകളുടെ ശരശയ്യയില്‍ കിടക്കുമ്പോള്‍ സുശ്രുതന്‍ ആശ്വസിച്ചത്‌ ഇങ്ങനെ: ''ഉയര്‍ത്തിവച്ച കിടക്കയില്‍ അനക്കമറ്റു കിടക്കവേ, എന്റെ കണ്ണുകള്‍ കവിഞ്ഞൊഴുകി;ദൈവത്തിനു സ്‌തുതി. എന്റെ കണ്ണീര്‍ ഗ്രന്ഥികള്‍ക്കു കുഴപ്പമില്ലല്ലോ! ഞാന്‍ പിടിച്ചുനില്‍ക്കും!''
മലയാളത്തിലെ ആദ്യത്തെ 'മെഡിക്കല്‍ നോവല്‍' എന്നു വിശേഷിപ്പിക്കപ്പെടുന്ന 'ഇരട്ടസര്‍പ്പം' എഴുതിയയാള്‍ക്ക്‌ ഇങ്ങനെയൊക്കയേ പറയാനാകുമായിരുന്നുള്ളൂ. ക്യാന്‍സറിനും മുമ്പ്‌ എത്രയെത്ര രോഗങ്ങള്‍ ഈ സൈനിക ദന്തഡോക്‌ടറെ പിടികൂടി! ബൈപ്പാസിലേക്കു നയിച്ച ഹൃദയധമനികളിലെ തടസം, പുളിച്ചുതികട്ടല്‍, സൈനസൈറ്റിസ്‌, അമീബിയാസിസ്‌, അപ്പന്‍ഡിസൈറ്റിസ്‌, മിഥ്യാരോഗഭയം, സ്‌പോണ്ടിലോസിസ്‌, സന്ധിവേദന തുടങ്ങിയവ അസുഖങ്ങള്‍! പതിനെട്ടു വയസു മുതല്‍ രോഗങ്ങളുടെ സഞ്ചരിക്കുന്ന പരീക്ഷണശാലയായിരുന്നു അദ്ദേഹം!
തന്റെ വേദനകളെക്കുറിച്ചും ഉള്ളിലെ അതിജീവനത്തിന്റെ ശക്‌തിയെക്കുറിച്ചും എഴുതണമെന്ന്‌ രോഗക്കിടക്കയില്‍ കിടന്നുകൊണ്ട്‌ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ്‌ വേദനയുടെ ലോകത്തുനിന്നുള്ള അതിജീവനത്തിന്റെ കുറിപ്പുകള്‍ 'മൈ ജേര്‍ണീസ്‌ ത്രൂ ഹീലിംഗ്‌സ്' എന്ന ബെസ്‌റ്റ്സെല്ലര്‍ പിറക്കുന്നത്‌.
ഈ പുസ്‌തകം 'ക്യാന്‍സറിനുശേഷം ജീവിതം' എന്ന പേരില്‍ മലയാളത്തില്‍ തയാറായിക്കഴിഞ്ഞു.
ഒരു എഴുത്തുകാരന്റെ, ഒരു സൈനികന്റെ, കാഞ്ഞിരപ്പള്ളിക്കാരന്റെ അതിജീവനത്തിന്റെ കഥയായാണത്‌. ജീവിതസായാഹ്നത്തില്‍ ഹൃേദ്രാഗവും ക്യാന്‍സറും പിടിമുറുക്കിയിട്ടും ആത്മവിശ്വാസം കൈവിടാതെ ജീവിതത്തിലേക്കു മടങ്ങിവന്ന്‌, മറ്റുള്ളവര്‍ക്കു കരുത്തുപകര്‍ന്ന കഥ! ഒരുപക്ഷേ, ജനിച്ചുവളര്‍ന്ന കാഞ്ഞിരപ്പള്ളി തമ്പലക്കാടു തോട്ടുവായില്‍ തറവാട്ടില്‍നിന്നു കിട്ടിയ ഉള്‍ക്കരുത്തും വിധിയോടു പൊരുതാനുള്ള ചങ്കുറപ്പുമാകാമത്‌. ഒരു കാലത്ത്‌ മദ്ധ്യതിരുവിതാംകൂറിലെ അഭിമാനമായിരുന്ന, 'തോട്ടുവായില്‍ കുട്ടപ്പന്‍'-എന്ന സഹ്യപുത്രന്റെ തലയെടുപ്പും വീരചരിതങ്ങളും അക്കാലത്തെ ശൈശവസ്‌മൃതികളും മനസിലേക്കു കടന്നുവന്ന്‌ ആശ്വാസം പകര്‍ന്നിരിക്കാം.
'വരാവുന്നതില്‍ വെച്ചേറ്റവും വലിയ അപകടം മരണംതന്നെ. അതിനപ്പുറമൊന്നുമില്ല. മരണത്തെപ്പറ്റി ഗൗരവമായി ചിന്തിച്ചുതുടങ്ങി' - അദ്ദേഹം എഴുതി. എങ്കിലും സന്തോഷം കലര്‍ന്ന മനസ്‌ ഒരു ഔഷധംകൂടിയാണെന്ന്‌ അദ്ദേഹം തിരിച്ചറിയുന്നു.
'എന്‍ഡോര്‍ഫിന്‍' പോലെയുള്ള സമാശ്വാസകരമായ അന്തര്‍സ്രവങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ ആനന്ദം നിറഞ്ഞ മനസ്‌ തലച്ചോറിനെ പ്രചോദിപ്പിക്കുമെന്നും ധ്യാനത്തിലൂടെയുള്ള രോഗശമനത്തിന്‌ പ്രാധാന്യമുണ്ടെന്നും അദ്ദേഹം സ്‌മരിക്കുന്നു.
മൂന്നു പുഞ്ചിരികളാണ്‌ തന്നെ മരണത്തില്‍നിന്ന്‌ രക്ഷിച്ചതെന്ന്‌ അദ്ദേഹം ഓര്‍മിക്കുന്നുണ്ട്‌. ഒന്ന്‌- തന്നെ ചികിത്സിച്ച ചീഫ്‌ മെഡിക്കല്‍ ഓങ്കോളജിസ്‌റ്റ് ഡോ. സെന്തില്‍ രാജപ്പയുടെ മന്ദഹാസം. മറ്റൊന്ന്‌, 'ഗുരുവായൂരപ്പന്റെ വരദാന'മായി കാണുന്ന തന്റെ ഭാര്യ ഗിരിജയുടെ പുഞ്ചിരി! പിന്നെ, ജീവിതത്തിലെവിടെയോ പരിചയപ്പെട്ട നഴ്‌സിന്റെ 'മാംസനിബന്ധമല്ലാത്ത രാഗത്തിന്റെ' നിറകണ്‍ചിരി!
വൈദ്യശാസ്‌ത്രവും സാഹിത്യവും ആത്മീയതയും പ്രേമവും കാമവുമൊക്കെ ഈ പുസ്‌തകത്തെ വിഭിന്നമാക്കുന്നു. രണ്ട്‌ അസ്‌തിത്വതലങ്ങളിലൂടെയാണിതിന്റെ ആഖ്യാനപ്രവാഹം. ഒന്ന്‌- അര്‍ബുദത്തില്‍ തുടങ്ങുന്ന മാരകരോഗ പരമ്പരയുടെ ശരീരയാഥാര്‍ഥ്യങ്ങള്‍. മറ്റൊന്ന്‌ രോഗിയുടെ മാനസഭൂവിലൂടെ പായുന്ന വിവിധ ചിന്തകള്‍.
'ഇരട്ടസര്‍പ്പം', 'ഒരു യുദ്ധവും കുറെ മനുഷ്യരും' തുടങ്ങിയ നോവലുകളിലൂടെയും മറ്റനേകം ചെറുകഥകളിലൂടെയും എഴുപതുകളില്‍ നിറഞ്ഞുനിന്നയാളാണ്‌ വി.കെ.എന്നിന്റെയും എന്‍.വി. കൃഷ്‌ണവാര്യരുടെയുമൊക്കെ അനുഗ്രഹമേറ്റുവാങ്ങിയ സുശ്രുതന്‍. വിവിധ പട്ടാളത്താവളങ്ങള്‍ പിന്നിട്ട്‌, സെക്കന്തരാബാദിലെ സൈനിക്‌പുരിയില്‍ ബി-199-ല്‍ താമസമാക്കിയ 'സുശ്രുത'ന്റെ കഥകളിലെ മനോഹാരിത ഈ അനുഭവക്കുറിപ്പുകളില്‍ തെളിയുന്നു. പ്രണയനൈരാശ്യക്കാര്‍ മുതല്‍ തീരാവേദനയില്‍ ഉഴറുന്നവര്‍ വരെ ഈ പുസ്‌തകം നുകരും. കരസേനാമേധാവിയുടെ അനുമോദനമേറ്റുവാങ്ങിയ ഈ സ്‌മരണകള്‍ വേദനിക്കുന്ന മനുഷ്യര്‍ക്ക്‌ വെളിച്ചം പകരുന്നു.

കെ.ആര്‍. പ്രമോദ്‌

Ads by Google
Saturday 23 Jun 2018 11.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW