Tuesday, April 23, 2019 Last Updated 29 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 23 Jun 2018 11.14 PM

ലഹരിക്കെതിരെ ഒരു പെണ്‍പോരാട്ടം

uploads/news/2018/06/227902/sun2.jpg

ലഹരിയുടെ ആഴങ്ങളിലേക്കു വഴുതിവീണ കൂട്ടുകാരി മുങ്ങിത്താഴുന്നതു നിസ്സഹായയായി നോക്കിനിന്നതിന്റെ ആഘാതം 30 വര്‍ഷങ്ങള്‍ക്കിപ്പുറവും ഗീതാ ജേക്കബിന്റെ മനസിലുണ്ട്‌. സ്വന്തം കൂട്ടുകാരിക്കുണ്ടായ ദുരന്തത്തിന്റെ വ്യാപ്‌തി തിരിച്ചറിഞ്ഞപ്പോള്‍ ഏറെ വൈകി. ലഹരിമരുന്ന്‌ ഉപയോഗത്തിനെതിരേ അന്നു തുടങ്ങിയ ഒറ്റയാള്‍ പോരാട്ടം 29 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, ഒരുപാടു ചെറുപ്പക്കാര്‍ ഗീത പകര്‍ന്നുനല്‍കിയ ധൈര്യത്തില്‍ ജീവിതത്തിലേക്കു തിരിച്ചുവന്നിട്ടുണ്ട്‌.
ലഹരിമരുന്ന്‌ ഉപയോഗത്തിനെതിരേ പോരാടാന്‍ കോയമ്പത്തൂര്‍ ആസ്‌ഥാനമായി 1989-ല്‍ സൊസൈറ്റി യൂണൈറ്റഡ്‌ ഫോര്‍ ഡി-അഡിക്ഷന്‍ ആന്‍ഡ്‌ റിഹാബിലിറ്റേഷന്‍ (സുഡാര്‍) എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു. തമിഴ്‌നാട്ടിലെ ദീര്‍ഘനാളത്തെ സേവനത്തിനുശേഷം ഇന്നിപ്പോള്‍ കൊച്ചിയിലും സുഡാറിന്റെ പ്രവര്‍ത്തനങ്ങളുമായി ഗീത ജേക്കബ്‌ സജീവമാണ്‌.

പ്രതീക്ഷയുടെ നാളമായി
തിരുവല്ല സ്വദേശികളായ സി.ജെ ജേക്കബിന്റെയും ഏലിയാമ്മയുടെയും മകളായ ഗീത തമിഴ്‌നാട്ടിലാണ്‌ പഠിച്ചതും വളര്‍ന്നതും. ഇക്കണോമിക്‌സില്‍ ബിരുദാനന്തരബിരുദം നേടിയ ഗീത, പിന്നീട്‌ സൈക്കോളജിസ്‌റ്റായതും ലഹരിമരുന്നിനെതിരേ പോരാട്ടം ആരംഭിച്ചതും തനിക്കു നേരിടേണ്ടിവന്ന അനുഭവങ്ങള്‍ പകര്‍ന്നുനല്‍കിയ ശക്‌തിയിലാണ്‌. കോയമ്പത്തൂരില്‍ കോളജ്‌ വിദ്യാഭ്യാസ കാലത്താണ്‌ അടുത്ത കൂട്ടുകാരി ലഹരിമരുന്നു മാഫിയയുടെ പിടിയില്‍ അകപ്പെട്ടത്‌.
ലഹരി ഉപയോഗത്തിന്റെ തുടര്‍ച്ചയായി അവള്‍ സെക്‌സ് റാക്കറ്റിന്റെയും ഭാഗമായി മാറി. കൂട്ടുകാരിക്കുണ്ടായ അനുഭവം ഗീതയെ ആദ്യം കരയിച്ചു; പിന്നീട്‌ ചിന്തിപ്പിച്ചു. വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയ അവളെക്കുറിച്ച്‌ പിന്നീട്‌ വിവരമൊന്നും ഉണ്ടായില്ല. പക്ഷേ, ആ സംഭവം ഒരു കനലായി ഗീതയുടെ മനസില്‍കിടന്നെരിഞ്ഞു.
കോളജിലെ ലഹരിമരുന്ന്‌ ഉപയോഗത്തെക്കുറിച്ചും അതു ലഭിക്കുന്ന സ്രോതസുകളെക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്താന്‍ ഈ സംഭവം ഗീതയ്‌ക്കു പ്രേരണയായി. അന്വേഷണത്തില്‍ കോളജില്‍ പതിവായി വിദ്യാര്‍ഥികളെ പരിശോധിക്കാനെത്തുന്ന ഡോക്‌ടറാണ്‌ മയക്കുമരുന്നിന്റെ ഏജന്റെന്നു മനസിലായി. ലഹരിമരുന്ന്‌ മാഫിയക്കെതിരേ പോരാടാനുറച്ച്‌ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ സഹായം തേടി.
വിദ്യാഭ്യാസ മന്ത്രിയെയും പോലീസ്‌ ഉദ്യോഗസ്‌ഥരെയും യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലറെയും കണ്ട്‌് സഹായം അഭ്യര്‍ഥിച്ചു. അവരൊക്ക തന്നെ നന്നായി പ്രോല്‍സാഹിപ്പിച്ചതായി ഗീത പറയുന്നു. 1989-ല്‍ സുഡാര്‍ എന്ന സ്‌ഥാപനം ആരംഭിച്ചതിനൊപ്പം സൈക്കോളജിയിലും ബിരുദാനന്തരബിരുദം നേടി. സ്‌കൂളും കോളജുകളും കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന്‌ ബോധവല്‍കരണം ആരംഭിച്ചു. കൗണ്‍സലിംഗിനൊപ്പം വൈദ്യസഹായം വേണ്ടവര്‍ക്ക്‌ ആശുപത്രികളുമായി ബന്ധപ്പെട്ട്‌ അതിനുള്ള സഹായവും സുഡാര്‍ ചെയ്‌തുകൊടുക്കും. ഇതിനൊന്നും ഗീത ഫീസ്‌ വാങ്ങാറില്ല. ലഹരിമരുന്ന്‌ ഉപയോഗത്തിലൂടെ ജീവിതം തകര്‍ന്നവരെ കൈപിടിച്ചുയര്‍ത്തുക മാത്രമല്ല മയക്കുമരുന്നിന്റെ ഉറവിടം തേടിച്ചെന്ന്‌ അതു വേരോടെ പിഴുതെറിയാനും ഗീത മുന്നില്‍നിന്നു പോരാടിയിട്ടുണ്ട്‌.

അംഗീകാരവും ഭീഷണികളും
സുഡാര്‍ എന്ന തമിഴ്‌വാക്കിന്റെ അര്‍ഥം നാളം എന്നാണ്‌. ലഹരിമരുന്ന്‌ കരിനിഴല്‍ വീഴ്‌ത്തിയ നിരവധി ചെറുപ്പക്കാരുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ നാളം പകരാന്‍ സുഡാറിനു കഴിഞ്ഞിട്ടുണ്ട്‌. സുഡാറിന്റെ വളര്‍ച്ചയ്‌ക്കൊപ്പം ലഹരിമരുന്ന്‌ മാഫിയകളില്‍നിന്നുള്ള ഭീഷണികളും ഏറിവന്നു. ഒരിക്കല്‍ ഗീതയുടെ കാറിന്റെ ടയറുകള്‍ കുത്തിക്കീറി. വീട്‌ പുറത്തുനിന്നു പൂട്ടി. ഭീഷണികളെക്കുറിച്ച്‌ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അന്നു കരുണാനിധി സര്‍ക്കാര്‍ പോലീസ്‌ സംരക്ഷണം നല്‍കിയിരുന്നു. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മികച്ച പിന്തുണയാണ്‌ തമിഴ്‌നാട്‌ സര്‍ക്കാരും ജനങ്ങളും നല്‍കിയതെന്നു ഗീത പറയുന്നു.

സുഡാര്‍ കേരളത്തിലേക്ക്‌
രണ്ടുവര്‍ഷത്തോളമായി സുഡാര്‍ കൊച്ചിയില്‍ കടവന്ത്ര കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങിയിട്ട്‌. 2004-ല്‍ സ്വന്തമായി എച്ച്‌.ആര്‍. കണ്‍സള്‍ട്ടന്‍സി സ്‌ഥാപനം ആരംഭിച്ചതോടെ ഗീത ജേക്കബ്‌ കേരളത്തിലെ നിരവധി കോളജുകളില്‍ ക്യാമ്പസ്‌ ഇന്റര്‍വ്യൂവിന്റെ ഭാഗമായി വിദ്യാര്‍ഥികളോടു സംവദിച്ചിരുന്നു. ഇതിലൂടെ കാമ്പസുകളില്‍ ലഹരിമരുന്ന്‌ ഉപയോഗം വര്‍ദ്ധിക്കുന്നതിന്റെ സൂചനകളും ചെറുപ്പക്കാരിലുണ്ടാകുന്ന പെരുമാറ്റ വൈകല്യങ്ങളെക്കുറിച്ചും കൃത്യമായി മനസിലാക്കി.
ജന്മനാടിനോടുള്ള ഇഷ്‌ടക്കൂടുതല്‍ കൂടിയായതോടെ സുഡാറിന്റെ പ്രവര്‍ത്തനം കേരളത്തിലേക്കു കൂടി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ തമിഴ്‌നാട്ടില്‍നിന്നു കിട്ടുന്ന പിന്തുണയുടെ പകുതിപോലും കേരളത്തില്‍നിന്നു ലഭിക്കുന്നില്ലെന്നു ഗീത ജേക്കബ്‌ പറയുന്നു.
കഞ്ചാവ്‌ കൈവശമുള്ളവരുടെ കൃത്യമായ വിവരങ്ങള്‍ പോലീസിനു കൈമാറിയാലും അവര്‍ വേണ്ടത്ര ഗൗരവം നല്‍കാറില്ല. കഞ്ചാവ്‌ ദിനംപത്രി പിടിക്കുന്നുണ്ടെങ്കിലും ഇതിന്റെ ലഭ്യതയ്‌ക്ക് ഒരു കുറവും സംഭവിക്കുന്നില്ല. കോളജുകളിലും വിദ്യാലയങ്ങളുടെ പരിസരങ്ങളിലുമെല്ലാം സുലഭമായി മയക്കുമരുന്ന്‌ പലരൂപത്തില്‍ ലഭിക്കുന്നുണ്ട്‌. കുട്ടികളെ ബോധവല്‍ക്കരിച്ചാല്‍ മാത്രമേ ലഹരിമരുന്നിന്റെ ഉപയോഗത്തില്‍നിന്ന്‌ അവരെ പിന്തിരിപ്പിക്കാനാകൂ. പാഠ്യപദ്ധതിയിലും ഇതിന്റെ ദൂഷ്യവശങ്ങള്‍ ഉള്‍പ്പെടുത്തണം.
ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ ജാഗ്രതയും ആവശ്യമാണ്‌. വീടുകളില്‍ ഒറ്റപ്പെടുന്ന കുട്ടികളാണ്‌ ലഹരിമരുന്ന്‌ മാഫിയയുടെ വലയില്‍ എളുപ്പം അകപ്പെടുന്നത്‌. തിരക്കു പിടിച്ച ജീവിതത്തില്‍ കുട്ടികളെ വേണ്ടവിധം ശ്രദ്ധിക്കാത്ത മാതാപിതാക്കളാണ്‌ ഉത്തരവാദികള്‍. കുട്ടികളും മാതാപിതാക്കളുമായി ഫലപ്രദമായ ആശയവിനിമയം ഉണ്ടായാല്‍ത്തന്നെ ലഹരിമരുന്ന്‌ ഉപയോഗം പോലുള്ള അപകടങ്ങളില്‍നിന്ന്‌ അവരെ രക്ഷിച്ചെടുക്കാനാകുമെന്ന്‌ ഗീത പറയുന്നു.
സ്‌കൂള്‍ വിടുമ്പോള്‍ ഒറ്റപ്പെട്ടു നടക്കുന്നവര്‍, വാഹനത്തിനു ലിഫ്‌റ്റ് ചോദിക്കുന്നവര്‍ എന്നിങ്ങനെ കുട്ടികളെ നിരന്തരം നിരീക്ഷിച്ച്‌ സൗഹൃദം സ്‌ഥാപിച്ചാണ്‌ അവരെ ലഹരിമരുന്ന്‌ ഉല്‍പന്നങ്ങളിലേക്ക്‌ ആകര്‍ഷിക്കുന്നത്‌.

പരിചരണം ശ്രദ്ധപൂര്‍വം
ലഹരിമരുന്നിന്‌ അടിമപ്പെട്ടവരെ വളരെ ക്ഷമാപൂര്‍വം പരിചരിക്കണം. ഇവര്‍ക്കുള്ള ചികിത്സയും സങ്കീര്‍ണമാണ്‌. ചികിത്സ തേടിയെത്തുന്നവരുടെ കുടുംബ പശ്‌ചാത്തലവും ജീവിത സാഹചര്യങ്ങളും ആദ്യം മനസിലാക്കും. മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവര്‍ക്കു മാത്രമല്ല അവരുമായി ഇടപെടുന്നവര്‍ക്കും കൗണ്‍സലിംഗ്‌ ആവശ്യമാണ്‌. ഒരിക്കല്‍ കൗണ്‍സലിംഗ്‌ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഇരുപതുവയസുള്ള ഒരു ചെറുപ്പക്കാരന്‍ ഷര്‍ട്ടിന്റെ കൈയില്‍ ഒളിപ്പിച്ചിരുന്ന ബ്ലേഡ്‌ എടുത്ത്‌ ഗീതയുടെ കൈത്തണ്ടയിലേക്കു ചേര്‍ത്തുവച്ച്‌ എനിക്കു നിങ്ങളെ വിശ്വസിക്കാമോ എന്നു ചോദിച്ചു. ഒരു ചെറിയ ഭാവമാറ്റംപോലും അവനെ പ്രകോപിപ്പിക്കുമായിരുന്നു.
പതറാതെ നിന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായി. നാക്കില്‍ പാമ്പിനെക്കൊണ്ട്‌ കൊത്തിച്ച്‌ ലഹരി കണ്ടെത്തുന്ന ഒരു യുവാവും മുന്നില്‍വന്നു. കുപ്പിയില്‍ സൂക്ഷിക്കുന്ന ചെറിയ പാമ്പിന്റെ ഒരു കൊത്തിന്‌ വലിയ തുകയാണ്‌ ഈടാക്കിയിരുന്നത്‌. ഇത്തരം നിരവധി അനുഭവങ്ങള്‍. പലരെയും വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ്‌ കൊണ്ടുവരുന്നത്‌. അവരുടെ വിശ്വാസം ആര്‍ജിച്ചെടുത്താല്‍ മാത്രമേ ചികിത്സ മുന്നോട്ടു കൊണ്ടുപോകാനാകൂ.
കൊച്ചി നഗരത്തിന്റെ ഇരുട്ടുവഴികളില്‍ ചിലപ്പോള്‍ ഗീത ജേക്കബിനെ കാണാനാകും. കനാലിന്റെ അരികിലും പാലങ്ങളുടെ അടിയിലും കലുങ്കിലുമൊക്കെ കൂട്ടംകൂടിയിരുന്ന്‌ മയക്കുമരുന്ന്‌ ഉപയോഗിക്കുന്ന പിള്ളേരെ കാണാന്‍. മുപ്പതു വര്‍ഷത്തിനടുത്ത അനുഭവസമ്പത്തുകൊണ്ട്‌ മയക്കുമരുന്ന്‌ ഉപയോഗിക്കുന്നവരെ കണ്ടാല്‍ കൃത്യമായി തിരിച്ചറിയാനാകും. പക്ഷേ ആളനക്കം കേള്‍ക്കുമ്പോള്‍ ഇവര്‍ ഓടിരക്ഷപ്പെടും.
ഇക്കാര്യത്തില്‍ പോലീസിന്റെയും എക്‌സൈസിന്റെയും സഹകരണം തേടിയപ്പോഴൊക്കെ നിരാശയായിരുന്നു ഫലം. എങ്കിലും ഗീത പിന്നോട്ടില്ല. മുപ്പതു വര്‍ഷത്തെ അനുഭവങ്ങള്‍ അത്രത്തോളം കരുത്തു നല്‍കിയിട്ടുണ്ട്‌.

അനിത മേരി ഐപ്പ്‌

Ads by Google
Saturday 23 Jun 2018 11.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW