മറ്റൊരു യോഗാദിനാചരണം കൂടി കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യക്കൊപ്പം ലോകമൊട്ടാകെ യോഗാ ദിനം ആചരിക്കപ്പെട്ടു. കോടിക്കണക്കിനു ജനങ്ങള്‍ വിവിധ യോഗാഭ്യാസങ്ങള്‍ സമൂഹമായി ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാഷയില്‍ പറഞ്ഞാല്‍, ഡെറാഡൂണ്‍ മുതല്‍ ഡബ്ലിന്‍ വരെയും ഷാങ്ഹായ് മുതല്‍ ഷിക്കാഗോ വരെയും ജക്കാര്‍ത്ത മുതല്‍ ജൊഹാന്നസ്ബര്‍ഗ് വരെയും യോഗാദിനം ആചരിച്ചു. നരേന്ദ്ര മോഡി പ്രധാനമന്ത്രിയായശേഷം 2014 സെപ്റ്റംബര്‍ 27-ന് ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തിലാണ് യോഗാ ദിനം ആചരിക്കണമെന്ന് അഭ്യര്‍ഥിച്ചത്. ഉത്തരാര്‍ദ്ധ ഗോളത്തിലെ രാജ്യങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യം കൂടിയ ദിനമായതിനാല്‍ ജൂണ്‍ 21-ന് ഈ ദിനം ആചരിക്കാമെന്ന് നിര്‍ദേശിച്ചതും മോഡിയാണ്.
2014 ഡിസംബര്‍ 11-ന് ഇതു സംബന്ധിച്ച പ്രമേയം യു.എന്‍. പാസാക്കി. ഒരു ജീവിതചര്യ എന്ന നിലയില്‍ യോഗയുടെ പ്രാധാന്യം പ്രചരിപ്പിക്കുക, ധ്യാനവും യോഗാഭ്യാസവും വ്യാപകമായി ചെയ്യുക, യോഗയുടെ ഫലമായുണ്ടാകുന്ന ശാരീരിക ഗുണങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക എന്നതാണ് ഈ ദിനം യു.എന്‍. അംഗീകരിച്ചതിനു പിന്നില്‍.
ഈ വര്‍ഷം നടന്നത് നാലാമത്തെ യോഗാദിനാചരണമാണ്. സിയാച്ചിനിലെ മഞ്ഞുമലകളിലും രാജസ്ഥാനിലെ മരുഭൂവിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മലനിരകളിലും ഡെക്കാനിലെ പീഠഭൂമിയിലും സമുദ്രതീരങ്ങളിലും കടലില്‍ നങ്കൂരമിട്ട യുദ്ധക്കപ്പലുകളിലുമൊക്കെ പതിനായിരങ്ങള്‍ യോഗ ചെയ്യാന്‍ ഒത്തു ചേര്‍ന്നു. ഇന്ത്യയിലെ പ്രധാനപരിപാടി ഡെറാഡൂണിലാണ് നടന്നത്. രാജസ്ഥാനിലെ കോട്ടയില്‍ ഒരുലക്ഷം പേര് ഒരുമിച്ചു യോഗ ചെയ്തത് ഗിന്നസ് ബുക്കില്‍ വരെ കടന്നു. മതവും ജാതിയും വര്‍ണവും ദേശവും ഒന്നും ബാധകമാവാതെ ലോകമെമ്പാടും നടന്ന ദിനാചരണം യോഗയുടെ രാജ്യാന്തര തലത്തിലുള്ള ജനപ്രീതി വ്യക്തമാക്കുന്നു.
വിദേശ രാജ്യങ്ങളില്‍ ഒഴിവ് ദിനങ്ങളിലും പുലര്‍കാലത്തും സായന്തനങ്ങളിലും കൂട്ടത്തോടെ യോഗാ ചെയ്യുന്ന ധാരാളം പേരെ കാണാം. ഇന്ത്യയില്‍ വന്നു യോഗ പഠിച്ചവരാണ് വിദേശത്തെ പരിശീലകരില്‍ ഭൂരിഭാഗവും. യോഗയ്ക്ക് ആഗോളമായുള്ള പ്രിയം ഇന്ത്യ മുതലാക്കേണ്ടിയിരിക്കുന്നു. യഥാര്‍ഥരീതിയില്‍ യോഗ അഭ്യസിപ്പിക്കുന്നവര്ക്ക് ഏറെ ആവശ്യമുണ്ട്. ഈരംഗത്ത് ധാരാളം കള്ളനാണയങ്ങള്‍ ഉണ്ട് എന്നതിനാലാണ് യഥാര്‍ഥ രീതിയില്‍ അഭ്യസിപ്പിക്കുന്നവര്‍ എന്നു പറയേണ്ടി വരുന്നത്. പരമ്പരാഗതമായി അഭ്യസിപ്പിച്ചു വരുന്ന രീതികൂടാതെ മഹാത്മാക്കളായ യോഗാഗുരുക്കള് രൂപപ്പെടുത്തിയ യോഗാ വകഭേദങ്ങളുണ്ട്. എന്നാല്‍, ഇത്തരം ശാസ്ത്രീയ രൂപങ്ങളില്‍ വെള്ളം ചേര്‍ത്ത് യോഗ അഭ്യസിപ്പിക്കുന്നവരുണ്ട്. തനതു യോഗയുടെ പേരു ചീത്തയാക്കുന്ന ഇത്തരക്കാര്‍ തുറന്നു കാട്ടപ്പെടുകയും ഒഴിച്ചു നിര്‍ത്തപ്പെടുകയും വേണം. പരിസ്ഥിതി ദിനത്തില്‍ മാത്രം മരൈത്ത വയ്ക്കുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നതു പോലെയും വായനാ ദിനത്തില്‍ മാത്രം പുസ്തകം വായിക്കുന്നതു പോലെയും ഒരു ദിവസം മാത്രം ചെയ്യുന്ന ഒന്നായി മാറാനുള്ളതല്ല യോഗ. ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നവര്‍ തുടര്‍ച്ചയായി ചെയ്യുന്നത് ആരോഗ്യമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സഹായിക്കും.
യോഗയുടെ ആത്മീയമായ ഫലങ്ങളെ കുറിച്ചും അതിനെതിരെയും ധാരാളം അവകാശവാദങ്ങള്‍ കാണാന്‍ സാധിക്കും. എന്നാല്‍, കായികാഭ്യാസമെന്ന നിലയില്‍ യോഗ ശരീരത്തിനു ഗുണം നല്കുന്നു എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അതിനാല്‍ യോഗ പ്രചരിപ്പിക്കാന്‍ ഇനിയും വ്യാപകമായ നടപടികള്‍ ഉണ്ടാവണം.