Friday, June 21, 2019 Last Updated 43 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 23 Jun 2018 01.42 AM

വിലാസിനിയുടെ വാനിറ്റി (ബാഗ്‌!)

uploads/news/2018/06/227809/bft1.jpg

വിലാസിനി പട്ടണത്തില്‍ പഠിക്കാന്‍ പോവുകയാണ്‌!
വിവരം നാട്ടില്‍ ഫ്‌ളാഷായി. അമ്മൂമ്മമാര്‍ മൂക്കത്തു വിരല്‍വച്ചു- പാവാടപ്രായം കഴിഞ്ഞ ഒരു പെണ്ണിനെ ആണ്‍തുണയില്ലാതെ അകലെത്താമസിക്കാന്‍ വിടുകയോ?
സെറ്റും ഹാഫ്‌സാരിയും ധരിച്ച്‌, കണ്ണെഴുതി പൊട്ടുതൊട്ട്‌, പിന്നിയിട്ട മുടിയില്‍ മുല്ലപ്പൂ ചൂടി ആശ്രമകന്യകയായ വിലാസിനി, എന്തായാലും പട്ടണത്തിന്റെ വിശാലലോകത്തേക്ക്‌ പ്രവേശിച്ചു.
ആറേഴുമാസം കഴിഞ്ഞ്‌ ഒരവധിക്ക്‌ അവള്‍ തറവാട്ടിലെത്തി. വിലയേറിയ തോല്‍ച്ചെരുപ്പിട്ട്‌, നിറമുള്ള സാരി ചുറ്റി, ചെറിയ കുടയും ഹാന്‍ഡ്‌ബാഗുമായി വന്നിറങ്ങിയ ആശ്രമപുത്രിയെക്കണ്ട്‌ നാട്ടുകാര്‍ ഞെട്ടി. മുതിര്‍ന്നവര്‍ മിഴിനീരൊഴുക്കി.
''ഇതെന്തു വേഷം?'' - തറവാട്ടിലെ ആസ്‌ഥാന മുത്തശ്ശി കണ്ണീര്‍വാര്‍ത്തു- ''പെണ്ണിനെ ഒരുത്തന്റെ കൂടെ പറഞ്ഞയയ്‌ക്കാനുള്ള സമയമായി!''
വിലാസിനിയുടെ ഹാന്‍ഡ്‌്ബാഗാണ്‌ ഏറെ ചര്‍ച്ചാവിഷയമായത്‌.
''അവള്‍ക്കെന്തിനാണ്‌ കൈയിലൊരു സഞ്ചി? മദാമ്മേടെ മുറുക്കാന്‍പൊതി പോലെ!'''- ജനം ചോദിച്ചു. വിലാസിനിയുടെ 'വാനിറ്റി'യുടെ തിളക്കം കുറയ്‌ക്കുന്ന അപവാദശരങ്ങള്‍ നാട്ടില്‍ പെയ്‌തുതുടങ്ങി!
കിം ബഹുനാ? - പട്ടണത്തിലേക്കു മടങ്ങാതെ വിലാസിനിക്കു വേറെ രക്ഷയുണ്ടായിരുന്നില്ല!
തകഴി 1944-ല്‍ എഴുതിയ 'ഹാന്‍ഡ്‌ബാഗ്‌' എന്ന കഥയിലെ നായികയാണ്‌ അവള്‍. നാട്ടില്‍ ഉടുതുണി പോയിട്ട്‌ അരിപോലും കിട്ടാനില്ലാത്ത കാലത്താണ്‌ കഥ നടക്കുന്നത്‌. പട്ടണങ്ങള്‍ ഗ്രാമങ്ങളെ വിഴുങ്ങുന്നതിനു തൊട്ടുമുമ്പുള്ള കാലം. കേരളം വലിയ നഗരമായി മാറുന്നതിനു മുമ്പുള്ള കാലം. സ്‌ത്രീകള്‍ക്ക്‌ അവരുടേതായ ഇടങ്ങള്‍ ഇല്ലാതിരുന്ന കാലം. മാറുന്ന കാലവും വളരുന്ന നഗരങ്ങളും നമ്മുടെ സ്‌ത്രീകളെ എങ്ങനെ ബാധിക്കുമെന്ന്‌ തകഴി അന്നേ നിരീക്ഷിച്ചു! ഒരുപക്ഷേ, ഇത്‌ മലയാളത്തിലെ ആദ്യത്തെ 'സ്‌ത്രീപക്ഷ' രചനയായിരിക്കാം. നഗരസംസ്‌കാരം ഗ്രാമീണ നിഷ്‌കളങ്കകതകളെ ഇല്ലാതാക്കിത്തുടങ്ങിയത്‌ അദ്ദേഹം കണ്ടറിഞ്ഞതാകാം.
ഗ്രാമം വിട്ടു നഗരത്തിലെത്തിയതോടെയാണ്‌ പെണ്‍മനസുകളുടെ ഏകാന്തജാലകങ്ങള്‍ തുറക്കപ്പെട്ടത്‌. പാതിവിരിഞ്ഞ നാട്ടുപൂക്കള്‍ നഗരസ്‌ഥലികളില്‍ പൂത്തുലഞ്ഞു. നാട്ടിന്‍പുറത്തു കിട്ടാതെപോയ സ്വകാര്യ ഇടങ്ങളെ അവര്‍ പട്ടണങ്ങളില്‍നിന്നു പിടിച്ചെടുത്തു. അതിന്റെ അടയാളങ്ങളിലൊന്നാണ്‌ ഹാന്‍ഡ്‌ബാഗ്‌. പുരുഷന്റെ മടിശീല പോലെ 'തുറന്ന പുസ്‌തകമല്ല' സ്‌ത്രീയുടെ ഹാന്‍ഡ്‌ബാഗ്‌ എന്നു നിശ്‌ചയം. അവള്‍ക്കല്ലാതെ മറ്റാര്‍ക്കാണ്‌ അതു തുറന്നുനോക്കാന്‍ അധികാരം? അതിനുള്ളില്‍ എന്തൊക്കെയാണുള്ളതെന്ന്‌ പുരുഷന്‍മാര്‍ ഇന്നോളം പരതിനോക്കിയിട്ടില്ല!
പണ്ട്‌, വലിയകുടുംബങ്ങളില്‍പ്പോലും പെണ്ണുങ്ങള്‍ക്കും ആണുങ്ങള്‍ക്കും സ്വകാര്യഇടങ്ങള്‍ ഇല്ലായിരുന്നു. വലിയ തറവാടുകള്‍ ആളുകളെക്കൊണ്ടു നിറഞ്ഞുകവിഞ്ഞു. അച്‌ഛനും അമ്മയും അമ്മൂമ്മയും പത്തുപന്ത്രണ്ടു മക്കളും ബന്ധുക്കളും വാല്യക്കാരും ആശ്രിതരും ചേരുമ്പോള്‍ അടുക്കളയും ഊണുമുറികളുമൊക്കെ രാവും പകലും മുരളുന്ന തേനീച്ചക്കൂടുകള്‍ പോലെ! ചിരിയും കരച്ചിലും സുഖവും ദുഃഖവുമൊക്കെ ഈ ബഹളങ്ങളില്‍ അമര്‍ന്നെരിഞ്ഞുതീര്‍ന്നു! പായും തലയിണയും ഭക്ഷണവുമൊക്കെ പങ്കുവച്ചിരുന്ന നാളുകള്‍! കേറിക്കിടക്കാന്‍ പോലും സ്‌ഥലമോ കൂരയോ ഇല്ലാതിരുന്നവരുടെ കാര്യം ഇതിലേറെ കഷ്‌ടമായിരുന്നു. ''ഒരു നുള്ള്‌ ഉമിക്കരിയും ഉരിയരിയുടെ കഞ്ഞിയും ദിവസവും കൊടുത്താല്‍ മതിയല്ലോ''- എന്നായിരുന്നു പണ്ടത്തെ പെണ്ണുങ്ങളെക്കുറിച്ച്‌ അമ്മൂമ്മമാര്‍ ആശ്വസിച്ചിരുന്നത്‌. പല്ലു തേയ്‌ക്കാന്‍ ഒരു നുള്ള്‌ ഉമിക്കരിയും കഞ്ഞികുടിക്കാന്‍ ഉരിയരിയും! അതുകൊണ്ട്‌ ഒരു ദിവസം കഴിഞ്ഞുകൂടാം! ഓണത്തിനും വിഷുവിനും ഒരു മുണ്ടും! അതായിരുന്നു ഒരു പെണ്ണിന്റെ കഥ!
ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും മനസിലും ദേഹത്തും ഒളിക്കാന്‍ ഒന്നുമില്ലായിരുന്നു. മേല്‍വസ്‌ത്രങ്ങള്‍ ആരും ഉപയോഗിച്ചിരുന്നില്ല. മുട്ടറ്റമുള്ള ഒറ്റത്തുണിയായിരുന്നു വേഷം. രവിവര്‍മച്ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ്‌ നാട്ടില്‍ സാരിക്കു സ്‌ഥാനം കിട്ടിയതെന്നു വാദിക്കുന്നവരുണ്ട്‌. ആണുങ്ങള്‍ ഷര്‍ട്ടിടാന്‍ തുടങ്ങിയിട്ട്‌ പത്തമ്പതു വര്‍ഷമേ ആയിട്ടുള്ളൂ. സാധാരണക്കാര്‍ മാത്രമല്ല, മഹാരാജാക്കന്മാര്‍ക്കുപോലും മുണ്ടും വേഷ്‌ടിയും മാത്രമായിരുന്നു. മലബാറിന്റെയും സുഗന്ധദ്രവ്യ വ്യാപാരത്തിന്റെയും അധിപതിയായിരുന്ന സാമൂതിരിയെ വാസ്‌കോഡഗാമ ആദ്യമായി വന്നുകണ്ടു വണങ്ങുന്ന ചിത്രം പ്രസിദ്ധമാണ്‌. ഈ ചിത്രത്തില്‍ ഗാമ കോട്ടും കാല്‍സ്രായിയും തൊപ്പിയും ധരിച്ച വി.ഐ.പിയായും സാമൂതിരി ഒരു തറവാട്ടുകാരണവരെപ്പോലെയുമാണ്‌ കാണപ്പെടുന്നത്‌.
പണ്ട്‌, മറപ്പുരകള്‍ക്കു കതകും ജനാലയും മേല്‍ക്കൂരയുമില്ലായിരുന്നു. ആറ്റിലെ കുളിക്കടവുകളില്‍ ആണുങ്ങളും പെണ്ണുങ്ങളും മാറിമാറിക്കുളിച്ചു. കുളിക്കടവുകളിലെ നഗ്നതകള്‍ ആരേയും ലഹരിപിടിപ്പിച്ചിരുന്നില്ല. അയല്‍വീടുകളിലെ അമ്മമാര്‍ കുട്ടികളെ പരസ്‌പരം മുലയൂട്ടിയിരുന്ന കാലവുമുണ്ടായിരുന്നു.''നീ എന്റെ മുലകുടിച്ചു വളര്‍ന്നവനല്ലേ?'-എന്ന്‌ നാട്ടിലെ ചെറുപ്പക്കാരെ നോക്കി അമ്മമാര്‍ പറയാറുണ്ടായിരുന്നു.
എന്നാല്‍, പ്രത്യേക സമുദായങ്ങളില്‍പ്പെട്ട സ്‌ത്രീകള്‍ക്ക്‌ മാറു മറയ്‌ക്കാന്‍ അവകാശമില്ലായിരുന്നെന്നു മാത്രമല്ല, 'മുലക്കരവും' നല്‍കണമായിരുന്നു. 'മുലക്കരം' നല്‍കണമെന്ന്‌ വാശിപിടിച്ച ഒരു സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്റെ മുമ്പില്‍ സ്വന്തം മുല മുറിച്ചെറിഞ്ഞ ചേര്‍ത്തലയിലെ നങ്ങേലി ഒരര്‍ത്ഥത്തില്‍ തന്റെ സ്വകാര്യതകളെ സംരക്ഷിക്കാനുള്ള അവകാശത്തിനു കൂടിയാണ്‌ പോരാടിയത്‌. മാറുമറയ്‌ക്കുന്നവരാകട്ടെ, 'മാന്യന്‍മാരെ'ക്കാണുമ്പോള്‍ മാറിലെ തുണി മാറ്റണമെന്ന നിയമം കൂടിയുണ്ടായിരുന്നു. ഏതു ജാതിയില്‍പ്പെട്ട സ്‌ത്രീയായാലും പുരുഷനു വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന്‌ ഉത്തരവിറക്കിയത്‌ കാര്‍ത്തികപ്പള്ളിയിലെ നാട്ടുരാജാവായിരുന്നുവല്ലോ..
ത്രിസന്ധ്യയ്‌ക്ക് പെണ്ണുങ്ങള്‍ ഉമ്മറത്തിരിക്കരുതെന്നും ഒരുങ്ങരുതെന്നും തലമുടി വിടര്‍ത്തിയിടരുതെന്നും മൈനര്‍ ഉത്തരവുകള്‍ വേറെയുമുണ്ടായിരുന്നു.
മൂക്കുത്തി ധരിക്കാന്‍ അവകാശമില്ലാതിരുന്ന സ്‌ത്രീകള്‍ക്കായി ചന്തയില്‍ വട്ടിനിറയെ മൂക്കുത്തിയുമായെത്തിയ സമരനായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ പെണ്ണുങ്ങള്‍ക്ക്‌ മൂക്കുത്തി കൊടുത്തുവെന്നും എതിര്‍ക്കാന്‍ വന്നവരുടെ കരണക്കുറ്റി പുകച്ചെന്നും ഗുരു നിത്യചൈതന്യ യതി എഴുതിട്ടുണ്ട്‌.
വി.ടി. ഭട്ടതിരിപ്പാടിന്റെ 'മറക്കുടയ്‌ക്കുള്ളിലെ മഹാനരകം' എന്ന നാടകം കണ്ടിട്ട്‌ ഒരു നൂറ്റാണ്ടു മുമ്പ്‌ നമ്പൂതിരിസ്‌ത്രീകള്‍ മറക്കുട ഉപേക്ഷിച്ചത്‌ അവരുടെ സ്വന്തം ഇടങ്ങള്‍ കണ്ടെത്താനുള്ള സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു.
സ്‌ത്രീകളുടെ വെറ്റിലമുറുക്ക്‌ മറ്റൊരു സ്വത്വപ്രകാശനമായിരുന്നില്ലേ? ചുണ്ണാമ്പു ചോദിക്കുന്ന യക്ഷിയെ പുരുഷന്മാര്‍ ഭയപ്പെട്ടിരുന്നത്‌ വെറുതെയല്ല!
-'അന്തിക്കൊക്കാത്ത പെണ്ണും ചന്തിക്കൊക്കാത്ത മണ്ണും ഇല്ല!',
-'കോടി ഒന്നലക്കുവോളം, കുമരി ഒന്നു പെറുവോളം',
-'അടുക്കളപ്പെണ്ണിന്‌ അഴകുവേണമോ?',
-'ഉറക്കെച്ചിരിക്കുന്നവളെ ഉലക്കയ്‌ക്കടിക്കണം',
-'വെറ്റിലയ്‌ക്കൊതുങ്ങാത്ത പാക്കും ആണിനൊതുങ്ങാത്ത പെണ്ണുമില്ല'- തുടങ്ങിയ ചൊല്ലുകള്‍ സ്‌ത്രീയെ ഉല്‍പ്പന്നം മാത്രമാക്കുന്നവയാണ്‌. 'സ്‌മാര്‍ത്തവിചാരത്തി'നു വിധേയമാകുന്ന പെണ്ണിന്റെ വിളിപ്പേര്‌ 'സാധനം' എന്നായിരുന്നവെന്നും ഓര്‍ക്കണം. സ്‌ത്രീ എന്ന വസ്‌തുവിനെ വശീകരിക്കുന്നതിനു പ്രത്യേക മന്ത്രവാദശാഖതന്നെയുണ്ട്‌- 'സ്‌ത്രീവൈശ്യം!.' അരിതാരവും അതിമധുരവും അരച്ചു ഗുളികയുണ്ടാക്കിക്കുഴച്ച്‌ പൊട്ടുതൊടുന്ന പുരുഷന്‌ സ്‌ത്രീകള്‍ വശപ്പെടുമെന്നാണ്‌ അതിന്റെ ആദ്യപാഠം.
'വിലാസിനി'മാര്‍ നാലക്ഷരം പഠിച്ചു തുടങ്ങിതോടെയാകണം അവര്‍ക്കുവേണ്ടിയുള്ള പരസ്യങ്ങളും ലേഖനങ്ങളും മറ്റും പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്‌. സ്‌ത്രീരോഗങ്ങള്‍ക്കു പരിഹാരമായുള്ള 'കുമാരി ഗുളിക'കളുടെ പരസ്യങ്ങള്‍ നാല്‍പതുകളില്‍ വന്നുതുടങ്ങിയിരുന്നു. അറുപതുകളില്‍ ബ്രേസിയറുകളുടെ പരസ്യങ്ങളും! മലയാള സിനിമയിലെ പ്രശസ്‌ത നടിയായിരുന്നു പരസ്യമോഡല്‍! അവരെക്കുറിച്ച്‌ ഏറെ അപവാദങ്ങളുമുയര്‍ന്നു! എഴുപതുകളില്‍ സാനിട്ടറി നാപ്‌കിനുകളുടെ പരസ്യങ്ങള്‍ സാധാരണമായി. നാപ്‌കിനുകള്‍ സാര്‍വത്രികമായതായിരിക്കും ഒരു പക്ഷേ, നാട്ടിലെ ആദ്യത്തെ സാമൂഹിക വിപ്ലവം. ട്രാന്‍സ്‌പോര്‍ട്ട്‌ ബസുകളുടെ പിന്നില്‍പ്പോലും 'നിരോധി'ന്റെയും കുടുംബാസൂത്രണ ചിഹ്നമായ ചുമന്ന ത്രികോണത്തിന്റെയും 'കോപ്പര്‍ ടി'യുടെയും പരസ്യങ്ങള്‍ വന്നുതുടങ്ങിയത്‌ അതിനുശേഷമായിരുന്നു.
നമ്മുടെ സിനിമകളിലെ പെണ്ണൊരുക്കങ്ങള്‍ പുരുഷനുവേണ്ടിയുള്ളതാണെന്നതാണ്‌ മറ്റൊരു കാര്യം. അഞ്‌ജനക്കണ്ണെഴുതി, ആലിലത്താലി ചാര്‍ത്തി മുക്കുറ്റിച്ചാന്തുംതൊട്ട്‌ അവള്‍ പുരുഷനെ കാത്തിരിക്കുന്നു- പുരുഷന്റെ അതൃപ്‌തിയേല്‍ക്കാതിരിക്കാന്‍വേണ്ടി! ഹേമന്തയാമിനിയുടെ പൊന്‍വിളക്കു പൊലിയുമ്പോള്‍ ഓരോ പെണ്ണും ചൂടിയെറിയപ്പെട്ട നിശാഗന്ധികള്‍ മാത്രമാകുന്നു.
ഒരു കണക്കിനു പറഞ്ഞാല്‍, ബാലിശമാര്‍ന്ന പുരുഷന്റെ രീതികളേക്കാള്‍ നിഗൂഢമാണ്‌ പെണ്ണിന്റെ വഴികള്‍. രണ്ടു സ്‌ത്രീകള്‍ തമ്മില്‍ അഗോചരമായ ബന്ധം നിലനില്‍ക്കുന്നുണ്ടെന്നു തോന്നുന്നു. ഒറ്റനോട്ടത്തില്‍ത്തന്നെ അവരിരുവരും പരസ്‌പരം അളക്കും! അത്‌ ഒന്നൊന്നര അളവായിരിക്കും! ദൈവം കൊടുത്ത ശാരീരിക പരിമിതികളും അവരെ ഒന്നിപ്പിക്കുന്നു. അതുകൊണ്ടുതന്നെ സ്വകാര്യതകളില്‍ വാഴാന്‍ ഓരോ പെണ്ണും ഉള്ളാലെ ആഗ്രഹിക്കുന്നുണ്ട്‌. ഈ സ്വകാര്യ ഇടങ്ങളാണ്‌ ഇന്നത്തെ സ്‌ത്രീകള്‍ക്കു കിട്ടിയിരിക്കുന്നത്‌. സ്‌ത്രീവാരികകളും വാട്‌സാപ്പും ഫേസ്‌ബുക്കുമൊക്കെ അവര്‍ക്ക്‌ പുതിയ ഇടങ്ങള്‍ ഒരുക്കുന്നുമുണ്ട്‌. ഈ ഇടങ്ങളെ ചിലരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നുമാത്രമാണ്‌ സംശയം!
ഇന്നായിരുന്നെങ്കില്‍ വിലാസിനിമാരുടെ ബാഗില്‍ തീര്‍ച്ചയായും മണിപ്പേഴ്‌സും മൊബൈല്‍ഫോണും കാണുമായിരുന്നു! ചിലപ്പോള്‍ അപ്പന്റെ ബ്രാണ്ടിക്കുപ്പിയും! മദ്യപിക്കുന്ന സ്‌ത്രീകളുടെ എണ്ണം കൂടിയെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌. മധ്യതിരുവിതാംകൂര്‍ ജീവിതം വിസ്‌തരിക്കുന്ന രണ്ടുമൂന്നു സിനിമകളിലെങ്കിലും മദ്യപിക്കുന്ന സ്‌ത്രീകഥാപാത്രങ്ങളുണ്ട്‌!

തമ്പുരാന്റെ ചോദ്യം!:

യൗവനയുക്‌തകളായ പെണ്‍കുട്ടികളെക്കാണുമ്പോള്‍ 'ഏതാണീ കുട്ടി? തെരണ്ടോ?'-എന്നു ചോദിക്കുന്ന ഒരു തമ്പുരാനെക്കുറിച്ച്‌ വി.കെ.എന്‍. എഴുതിയിട്ടുണ്ട്‌.

ഇമെയില്‍:
krpramomdenon@gmail.com

Ads by Google
Saturday 23 Jun 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW