Tuesday, April 23, 2019 Last Updated 38 Min 54 Sec ago English Edition
Todays E paper
Ads by Google
ജി. വിശാഖന്‍
Saturday 23 Jun 2018 01.42 AM

'മാഞ്ഞുപോയ' ജെസ്‌ന; പോലീസ്‌ അവഗണിച്ച നിര്‍ണായക തെളിവുകള്‍

uploads/news/2018/06/227808/bft2.jpg

മുക്കൂട്ടുതറ കുന്നത്ത്‌ വീട്ടില്‍ ജെയിംസ്‌ ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട്‌ ഇന്നലെ മൂന്നു മാസം. അന്വേഷണ സംഘത്തിന്റെ അലച്ചിലിനും ഇതേ പ്രായം വരും. ലോക്കല്‍ പോലീസ്‌ മുതല്‍ സി.ബി.ഐ വരെ തെരഞ്ഞിട്ടും കണ്ടെത്താന്‍ കഴിയാതെ പോയ നിരവധി മാന്‍ മിസിങ്‌ കേസുകളില്‍ ഒന്നായി മാറുമോ ഇതും.? പോലീസ്‌ ഹൈക്കോടതിയില്‍ കൈമലര്‍ത്തിയ സ്‌ഥിതിക്ക്‌ അതിനുള്ള സാധ്യത വിദൂരമല്ല.
ജെസ്‌നയുടെ തിരോധാനത്തിലേക്കു വെളിച്ചം വീശുന്ന ഒരു കടലാസ്‌ കഷണം പോലും തങ്ങളുടെ പക്കലില്ലെന്ന്‌ പോലീസ്‌ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമ്മതിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ സന്ദേശങ്ങളും കോളുകളും ഡീകോഡ്‌ ചെയ്‌ത്‌ കൈവശംവച്ചിട്ടുണ്ട്‌. അവയിലൊന്നിലും കേസിലേക്ക്‌ വിരല്‍ ചൂണ്ടുന്ന തെളിവുകളില്ലെന്നു പോലീസ്‌ വിളിച്ചു പറഞ്ഞും കഴിഞ്ഞു. എന്നിട്ടും കഥകള്‍ മെനഞ്ഞു രസിക്കുകയാണ്‌ ചില മാധ്യമങ്ങള്‍. ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇല്ലാക്കഥകളും തെളിവുകളം പ്രചരിപ്പിക്കുകയാണ്‌. ശൂന്യതയില്‍നിന്ന്‌ ഇത്തരം വാര്‍ത്തകള്‍ വരുന്നതുമൂലം വലയുന്നതു പോലീസാണ്‌.
ഇതുവരെ പ്രതീക്ഷ നല്‍കുന്ന ഒരു തെളിവും കിട്ടിയിട്ടില്ലെന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായ തിരുവല്ല ഡിവൈ.എസ്‌.പി: ആര്‍. ചന്ദ്രശേഖരപിള്ള പറയുന്നു: മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കഥകളിലൊന്നിലും സത്യമില്ല. ഇവയില്‍ ചിലതെങ്കിലും നേരത്തേ തന്നെ അന്വേഷണ സംഘം പരിശോധിച്ച്‌ തള്ളിയവയാണ്‌. അതിനും ആഴ്‌ചകള്‍ക്ക്‌ ശേഷമാണ്‌ പുതിയ കണ്ടുപിടിത്തം പോലെ വാര്‍ത്തകള്‍ വരുന്നത്‌.
മറ്റുള്ള മാധ്യമങ്ങളും ഇതു പെരുപ്പിക്കും. അതോടെ ആ വഴിക്ക്‌ വീണ്ടും അന്വേഷിക്കാന്‍ പോകേണ്ട ഗതികേടാണ്‌ ഞങ്ങള്‍ക്കുള്ളത്‌. ചിലര്‍ ആവശ്യപ്പെടുന്നത്‌ ജെസ്‌നയുടെ പിതാവിനെ ചോദ്യം ചെയ്യണമെന്നാണ്‌. അതിനുള്ള സാഹചര്യമല്ല നിലവിലുള്ളത്‌.
വേണ്ടി വരുമ്പോള്‍ എല്ലാവരെയും ചോദ്യം ചെയ്യും. ജെസ്‌നയുടെ സഹപാഠിയെ നുണ പരിശോധനയ്‌ക്കു വിധേയനാക്കാന്‍ തീരുമാനിച്ചിട്ടില്ല. പ്രചരിക്കുന്ന കഥകള്‍ക്ക്‌ പിന്നില്‍ ആരാണെന്നും അന്വേഷണമുണ്ടാകും.-ഡിവൈ.എസ്‌.പി പറഞ്ഞു. അവസാനം മലപ്പുറം കോട്ടക്കുന്നിലെ പാര്‍ക്കില്‍ ജെസ്‌നയെ കണ്ടുവെന്ന വാര്‍ത്തയും പോലീസിന്‌ സ്‌ഥിരീകരിക്കാനായിട്ടില്ല.
'ദൃശ്യം' മോഡല്‍ പരിശോധന

ഫോണ്‍ കോള്‍ പിന്തുടര്‍ന്ന്‌: മണ്ണ്‌ പരിശോധനയ്‌ക്ക്‌ അയച്ചു

മുണ്ടക്കയം ഏന്തയാറില്‍ ജെസ്‌നയുടെ പിതാവ്‌ കരാര്‍ ഏറ്റെടുത്തു നിര്‍മിക്കുന്ന വീടിനുള്ളില്‍ പോലീസ്‌ പരിശോധന നടത്തിയത്‌ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചതുപോലെ മൂന്നു ജില്ലകളില്‍ സ്‌ഥാപിച്ച പെട്ടികളിലെ കുറിപ്പടിയില്‍നിന്നുള്ള സൂചന പ്രകാരമല്ല.
ഒരു അജ്‌ഞാത ഫോണ്‍ സന്ദേശമാണ്‌ അതിന്റെ ഉറവിടം. ജെസ്‌നയെ കൊന്നു കുഴിച്ചു മൂടിയതാണെന്ന്‌ അയല്‍വാസികളില്‍ ഒരാള്‍ ഫോണില്‍ പോലീസിനോടു പറയുകയായിരുന്നു. പോലീസ്‌ വീടിനകം കുഴിച്ചു നോക്കിയെങ്കിലും ഒന്നും കിട്ടിയില്ല. ഇതോടെ "ഇന്‍ഫോര്‍മര്‍" കീഴ്‌മേല്‍ മറിഞ്ഞു. മൃതദേഹം അവിടെനിന്ന്‌ മാറ്റിയെന്നായിരുന്നു പുതിയ വിവരം. അതും പോലീസ്‌ അവഗണിച്ചില്ല. കെട്ടിടത്തിലെ മണ്ണിന്റെ സാമ്പിള്‍ ശേഖരിച്ച്‌ പരിശോധനയ്‌ക്ക്‌ അയച്ചു.
മൃതദേഹം മറവു ചെയ്‌തിട്ടുണ്ടെങ്കില്‍ ഈ സാമ്പിളില്‍നിന്ന്‌ അറിയാന്‍ കഴിയും. ഇതു പോലുള്ള നൂറുകണക്കിന്‌ ഫോണ്‍ കോളുകളാണ്‌ അന്വേഷണ സംഘത്തെ തേടിവരുന്നത്‌. ജെസ്‌നയെ കണ്ടെത്തുന്നവര്‍ക്ക്‌ സര്‍ക്കാര്‍ പാതിതോഷികം കൂടി പ്രഖ്യാപിച്ചതോടെ ഫോണ്‍കോളുകള്‍ കൂടിയതായി ഡിവൈ.എസ്‌.പി. പറഞ്ഞു. കാട്ടിലും കൊക്കയിലും കിണറ്റിലും വരെ പോലീസ്‌ പരതി.

പോലീസ്‌ അന്വേഷണം ഇതുവരെ...

അന്വേഷണത്തിന്റെ ഭാഗമായി ജെസ്‌നയുടെ ഫോണ്‍ കോള്‍ ലിസ്‌റ്റ്‌ പോലീസ്‌ വിശദമായി പരിശോധിച്ചു. അതില്‍നിന്നു കിട്ടിയ ഏറ്റവും പ്രധാന തെളിവ്‌ സഹപാഠിയായ യുവാവിനു ജെസ്‌ന അയച്ചെന്നു പറയുന്ന സന്ദേശങ്ങളാണ്‌. ഞാന്‍ ചത്തുകളയും എന്നായിരുന്നു അവയില്‍ ഏറെയും. ഇതനുസരിച്ച്‌ മുണ്ടക്കയം പുഞ്ചവയല്‍ സ്വദേശിയായ യുവാവിനെ വിളിച്ചുവരുത്തി പോലീസ്‌ മൊഴിയെടുത്തു. ജെസ്‌നയ്‌ക്ക്‌ ഈ യുവാവിനോട്‌ അടുപ്പമുണ്ടായിരുന്നു. ഇക്കാര്യം അറിഞ്ഞ സഹോദരന്‍ യുവാവിനെ ഫോണില്‍ വിളിച്ചു താക്കീതു ചെയ്‌തു. താനല്ല, ആ പെണ്‍കുട്ടി തന്റെ പിന്നാലെയാണ്‌ നടക്കുന്നത്‌ എന്നായിരുന്നു യുവാവിന്റെ പ്രതികരണം. ഇതിന്റെ പേരില്‍ ഇനി വിരട്ടാന്‍ വന്നാല്‍ നിന്റെ കാല്‍ അടിച്ചൊടിക്കുമെന്നും യുവാവ്‌ പറഞ്ഞതോടെ ആ സീനിന്‌ തിരശീല വീണു.
ഈ ഒരു സംഭവം മാത്രമാണ്‌ പോലീസിന്റെ കൈയിലുള്ള ഏക സൂചനയും തെളിവും. ഇതു കൊണ്ട്‌ ഒരാളെ അറസ്‌റ്റ്‌ ചെയ്യാന്‍ പോലീസിന്‌ കഴിയില്ല.
പുഞ്ചവയല്‍ സ്വദേശിയായ യുവാവിന്‌ ജെസ്‌നയോട്‌ അടുപ്പം ഉണ്ടായിരുന്നില്ലെന്ന്‌ മാത്രമല്ല, മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണ്‌ താനും. ആ സ്‌ഥിതിക്ക്‌ ജെസ്‌നയെ അപായപ്പെടുത്തേണ്ട കാര്യം അയാള്‍ക്കില്ലെന്ന നിഗമനത്തിലാണ്‌ പോലീസ്‌.

പോലീസ്‌ അവഗണിച്ച നിര്‍ണായക തെളിവുകള്‍

ഇതിനിടയില്‍ പോലീസ്‌ അവഗണിച്ച ചില നിര്‍ണായക തെളിവുകള്‍ കൂടിയുണ്ട്‌. മേയ്‌ എട്ടിന്‌ രാത്രി ആന്റോ ആന്റണി എം.പി മാധ്യമങ്ങള്‍ക്ക്‌ കൈമാറിയ വാര്‍ത്തയാണ്‌ അതിന്‌ ആധാരം. കര്‍ണാടക മടിവാളയിലുള്ള ആശ്രയഭവനില്‍ ജെസ്‌ന എത്തിയിരുന്നുവെന്നും വാഹനാപകടത്തില്‍ പരുക്കേറ്റ്‌ നിംഹാന്‍സ്‌ ആശുപത്രിയില്‍ ചികില്‍സ തേടിയെന്നും അതിനു ശേഷം പുരുഷ സുഹൃത്തിനൊപ്പം മൈസൂരുവിലേക്കു പോയെന്നുമാണ്‌ വാര്‍ത്ത പരന്നത്‌. ആശ്രയ ഭവനിലെ അന്തേവാസിയായ 85 വയസുള്ള പുരോഹിതന്‍ മുണ്ടക്കയം പുഞ്ചവയലിലുള്ള തന്റെ ബന്ധുവിനെ വിളിച്ചാണ്‌ ജെസ്‌നയും കാമുകനും ഇവിടെ എത്തിയെന്നറിയിച്ചത്‌.
ബന്ധു ഉടന്‍ തന്നെ അത്‌ പത്തനംതിട്ട ഡിവൈ.എസ്‌.പി: എസ്‌. റഫീക്കിന്‌ കൈമാറുകയായിരുന്നു. പോലീസ്‌ സംഘം നിംഹാന്‍സിലും ആശ്രയഭവനിലും എത്തിയെങ്കിലും ഒരു സിസിടിവി ഫൂട്ടേജിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇവിടെയാണ്‌ പോലീസ്‌ വിട്ടു പോയ തുമ്പുള്ളത്‌. ആരോ മെനഞ്ഞ കഥ അതേപടി തട്ടിവിടുകയാണ്‌ ആശ്രയഭവനിലെ പുരോഹിതന്‍ ചെയ്‌തതെന്നു വേണം സംശയിക്കാന്‍. ഇദ്ദേഹത്തെ കൂടുതല്‍ ചോദ്യം ചെയ്യുകയും കഥ വന്ന വഴി കണ്ടെത്തുകയും ചെയ്‌തിരുന്നെങ്കില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമായിരുന്നു.
ഫോണ്‍ ചെയ്‌ത പുരോഹിതന്‍, വിവരം കേട്ട പുഞ്ചവയലിലെ ബന്ധു എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പോലീസ്‌ തയാറായിട്ടില്ല.
തിരുവനന്തപുരത്തു ടെക്‌നോപാര്‍ക്കിനു സമീപത്തുനിന്ന്‌ ഒരു പെണ്‍കുട്ടി ലിഫ്‌റ്റ്‌ ചോദിച്ചു തന്റെ ബൈക്കിനു പിന്നില്‍ കയറിയെന്നും അതു ജെസ്‌നയാണെന്നും ഒരു യുവാവ്‌ പോലീസിനെ അറിയിച്ചിരുന്നു.
അയാളെയും വിശദമായി ചോദ്യം ചെയ്‌തില്ല. ചെന്നൈയിലെ ടെലിഫോണ്‍ ബൂത്തില്‍ ജെസ്‌നയെ കണ്ട മലയാളി, മലപ്പുറം കോട്ടക്കുന്നിലെ പാര്‍ക്കില്‍ ജെസ്‌നയെ കണ്ട അജ്‌ഞാതര്‍, നിരവധി "വിവരങ്ങള്‍" മാധ്യമങ്ങളെ വിളിച്ചറിയിക്കുന്ന ജെസ്‌നയുടെ ബന്ധു എന്നിവരിലൂടെ പോലീസ്‌ വീണ്ടും അന്വേഷണം നടത്തിയാല്‍ ഒരു പക്ഷേ, കേസ്‌ തെളിഞ്ഞേക്കും.

തിരോധാനത്തിന്റെ പേരില്‍ രാഷ്‌ട്രീയം

ജെസ്‌നയുടെ തിരോധാനം രാഷ്‌ട്രീയ മുതലെടുപ്പിനും വേദിയായി. സംഗതി പോലീസിന്റെ വീഴ്‌ചയായി ചിത്രീകരിച്ച്‌ ജെസ്‌നയുടെ ബന്ധുക്കളെ കോണ്‍ഗ്രസ്‌ ഏറ്റെടുത്തപ്പോള്‍ പിടിവിട്ടു പോയ സി.പി.എം, വെച്ചൂച്ചിറ പഞ്ചായത്ത്‌ ഭരണസമിതിയെ കൂട്ടുപിടിച്ച്‌ അവര്‍ക്കെതിരേ ആരോപണം ഉയര്‍ത്തുകയാണ്‌.
രാജുഏബ്രഹാം എം.എല്‍.എയുടെ മണ്ഡലമായ റാന്നിയിലാണു ജെസ്‌നയുടെ കുടുംബം. ജെസ്‌നയുടെ തിരോധാനം കോണ്‍ഗ്രസ്‌ ഏറ്റെടുത്ത്‌ പ്രക്ഷോഭം തുടങ്ങിയപ്പോഴാണ്‌ പണി തനിക്കിട്ടാണെന്നു രാജു ഏബ്രഹാമിന്‌ മനസിലായത്‌. ഒട്ടും അമാന്തിച്ചില്ല, വെച്ചൂച്ചിറ പഞ്ചായത്ത്‌ ഭരണസമിതിയെയും നാട്ടുകാരെയും ചേര്‍ത്ത്‌ ആക്‌ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച്‌ മറുപണി തുടങ്ങി. ജെസ്‌നയുടെ തിരോധാനത്തിന്‌ പിന്നില്‍ ബന്ധുക്കള്‍ക്ക്‌ പങ്കുണ്ടെന്നാണ്‌ ആക്‌ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്‌.
പോലീസ്‌ അന്വേഷണം ഫലപ്രദമല്ലെന്നാരോപിച്ച്‌ 20 ന്‌ പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ്‌ കമ്മറ്റി നിയമസഭാ കവാടത്തിലേക്കു ജെസ്‌നയുടെ ബന്ധുക്കളെ അടക്കം പങ്കെടുപ്പിച്ചു മാര്‍ച്ച്‌ നടത്തിയിരുന്നു. എന്നാല്‍, അതിന്റെ തലേന്ന്‌ രാജു ഏബ്രഹാം എം.എല്‍.എ ആക്‌ഷന്‍ കൗണ്‍സില്‍ നേതാക്കളുമായി ഡി.ജി.പിയെ കണ്ട്‌ ബന്ധുക്കളെ സംശയമുണ്ടെന്നു പരാതി നല്‍കി.

2018 മാര്‍ച്ച്‌ 22ന്‌ സംഭവിച്ചത്‌...

അന്നു ജെസ്‌നയ്‌ക്ക്‌ സ്‌റ്റഡി ലീവായിരുന്നു. പുസ്‌തകവുമായി വീടിന്റെ വരാന്തയിലിരുന്ന്‌ ജെസ്‌ന പഠിക്കുന്നത്‌ അയല്‍വാസികള്‍ കണ്ടിരുന്നു. രാവിലെ ഒമ്പതു മണിയോടെ ജെസ്‌ന ഒരു ഓട്ടോറിക്ഷയില്‍ മുക്കൂട്ടുതറ ടൗണിലേക്കു പോയി. അവിടെയുള്ള അമ്മായിയുടെ വീട്ടിലേക്കു പോകുന്നുവെന്നാണു ജെസ്‌ന ഓട്ടോ ഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്‌. കുട്ടി ഓട്ടോയില്‍ വന്നിറങ്ങുന്നതു മുക്കൂട്ടുതറ ടൗണിലുള്ള ചിലര്‍ കണ്ടിരുന്നു. ഇതിനുപിന്നാലെയാണു ജെസ്‌നയെ കാണാതായത്‌.
ഇതു സംബന്ധിച്ച്‌ അന്നു രാത്രി ഏഴരയോടെ എരുമേലി സ്‌റ്റേഷനില്‍ പിതാവും ബന്ധുക്കളും പരാതി നല്‍കി. എന്നാല്‍, സംഭവം നടന്നതു വെച്ചൂച്ചിറ സ്‌റ്റേഷന്റെ പരിധിയിലായിരുന്നതിനാല്‍ കേസ്‌ അവിടേക്ക്‌ മാറ്റിയതു പിറ്റേന്ന്‌ രാവിലെ എട്ടിന്‌. മൊബൈല്‍ ഫോണ്‍ കാള്‍ ലിസ്‌റ്റ്‌ പരിശോധിച്ചിട്ട്‌ അസ്വാഭാവികതയില്ല. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്‌തു. ആര്‍ക്കും ജെസ്‌നയെക്കുറിച്ച്‌ എതിരഭിപ്രായമില്ല.
മൊബൈല്‍ ഫോണ്‍ അടക്കം ഒരു സാധനവും ജെസ്‌ന എടുത്തിട്ടുമില്ല. മാര്‍ച്ച്‌ 26 ന്‌ പിതാവ്‌ ജെയിംസ്‌ ജോസഫ്‌, സഹോദരന്‍ ജെയ്‌സ്‌ എന്നിവര്‍ പത്തനംതിട്ട പ്രസ്‌ ക്ലബില്‍ വാര്‍ത്താ സമ്മേളനം വിളിക്കുന്നതുവരെ വെറുമൊരു തിരോധാനം മാത്രമായിരുന്നു പോലീസിനത്‌. മാധ്യമങ്ങള്‍ ഏറ്റു പിടിച്ചതോടെയാണു പോലീസ്‌ ഉണര്‍ന്നത്‌.

Ads by Google
ജി. വിശാഖന്‍
Saturday 23 Jun 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW