Friday, June 21, 2019 Last Updated 1 Min 39 Sec ago English Edition
Todays E paper
Ads by Google
Friday 22 Jun 2018 03.43 PM

ഞാനും എന്റെ സ്വപ്‌നങ്ങളും

''മകന്‍ ദുല്‍ഖറിനൊപ്പം സി.ഐ.എ യില്‍, പിതാവ് മമ്മൂട്ടിക്കുമൊപ്പം അങ്കിള്‍ എന്ന ചിത്രത്തില്‍... ആ ത്രില്ലിലാണ് കാര്‍ത്തിക മുരളീധരന്‍. കുട്ടിക്കാലം മുതല്‍ സിനിമയെ നെഞ്ചോടു ചേര്‍ത്ത കാര്‍ത്തികയുടെ സിനിമാനുഭവങ്ങള്‍.''
uploads/news/2018/06/227625/KarthikaMuraleedharanINW.jpg

ആദ്യ ചിത്രം മലയാളത്തിലെ യൂത്ത് സ്റ്റാര്‍ ദുല്‍ഖറിനൊപ്പം. രണ്ടാമത്തെ ചിത്രമാകട്ടെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പവും. ഒരു തുടക്കക്കാരിക്ക് കിട്ടുന്ന അപൂര്‍വ്വ ഭാഗ്യം. ഈ ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് കാര്‍ത്തിക മുരളീധരന്‍. നടി എന്നതിലുപരി ഒരു ഡാന്‍സര്‍ കൂടിയാണ് ഈ പെണ്‍കുട്ടി.

പികെ, ത്രീ ഇഡിയറ്റ്‌സ് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ സി.കെ.മുരളീധരന്റെ മകള്‍ എന്നൊരു വിശേഷണം കൂടി കാര്‍ത്തികയ്ക്കുണ്ട്. കാര്‍ത്തികയുടെ സിനിമാ വിശേഷങ്ങളിലേക്ക്.

ദ ബെസ്റ്റ് ആക്ടര്‍


അങ്കിള്‍ സിനിമയില്‍ മമ്മുക്കയോടൊപ്പമാണ് അഭിനയിച്ചത്. സീനിയര്‍ നടന്റെ ജാഡകളൊന്നുമില്ലാത്ത വ്യക്തി. 30 ദിവസമാണ് ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നത്. എനിക്ക് അദ്ദേഹത്തോടൊപ്പം കുറേയേറെ കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നു, അതും കാറിനുള്ളില്‍.

മമ്മുക്കയുടെ ഡ്രൈവിങ് ക്രേസിനെക്കുറിച്ച് നേരത്തെ കേട്ടിട്ടുണ്ടായിരുന്നു.സാധാരണ അച്ഛനൊപ്പമല്ലാതെ മറ്റൊരാള്‍ക്കൊപ്പം യാത്ര ചെയ്യുന്നത് എനിക്ക് ചിന്തിക്കാനാവുമായിരുന്നില്ല. പക്ഷേ മമ്മുക്കക്കൊപ്പം യാത്ര ചെയ്യാന്‍ പേടിയേ ഉണ്ടായിരുന്നില്ല. ഷൂട്ടിലുടനീളം ഞാന്‍ കംഫര്‍ട്ടബിളായിരുന്നു.

ആദ്യ ദിവസം ഞാന്‍ ലൊക്കേഷനിലെത്തി അവിടെയൊരിടത്ത് നില്‍ക്കുമ്പോഴാണ് മമ്മുക്കയുടെ കാര്‍ വന്നു നിന്നത്. കാറില്‍ നിന്നിറങ്ങുന്നതു കണ്ടപ്പോള്‍ നിന്നിടത്തുനിന്ന് അനങ്ങാന്‍ പോലും കഴിഞ്ഞില്ലെന്നതാണ് സത്യം.

ആളെ നേരിട്ട് കാണുകയാണ്, ഒരിക്കലും കരുതിയിട്ടേയില്ല ഇങ്ങനെയൊരു നിമിഷം ജീവിതത്തില്‍ ഉണ്ടാകുമെന്ന്, നല്ല പേടിയുണ്ടായിരുന്നു സംസാരിക്കാന്‍. പിന്നെ ജോയിയേട്ടനാണ്(ജോയ് മാത്യു)എന്നെ മമ്മുക്കയുടെ അടുത്തു കൊണ്ടുപോയി പരിചയപ്പെടുത്തിയത്.

ആദ്യം സംസാരിക്കാന്‍ പേടിയുണ്ടായിരുന്നു. എന്റെ പേടി കണ്ടിട്ട് ഇക്ക തന്നെയാണ് എന്നോട് സംസാരിച്ചു തുടങ്ങിയത്. സംസാരിച്ചു തുടങ്ങിയപ്പോള്‍ മമ്മുക്ക ഇത്ര സിംപിളായിരുന്നോ എന്ന് തോന്നി. ബ്രേക്കിനിടയില്‍ പഴയ സിനിമകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ഫെമിനിസത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമൊക്കെ ഞങ്ങള്‍ സംസാരിച്ചു.

ഞങ്ങളെല്ലാം ഒരേ ഹോട്ടലിലായിരുന്നു താമസം. മമ്മുക്ക എന്നുമെന്നെ ഡിന്നറിന് വിളിച്ച് എനിക്കിഷ്ടമുള്ള ഫുഡൊക്കെ വാങ്ങിത്തരും. ഹെല്‍ത്തി ഈറ്റിങ്ങാണ് അദ്ദേഹത്തിന്റേത്. നന്നായി ഭക്ഷണം കഴിക്കുമെങ്കിലും അതിനൊപ്പം വര്‍ക്കൗട്ട് ചെയ്ത് ഹെല്‍ത്ത് മെയിന്റെയിന്‍ ചെയ്യും.

uploads/news/2018/06/227625/KarthikaMuraleedharanINW2.jpg

യൂത്ത് സ്റ്റാര്‍


ആദ്യ സിനിമ മലയാളത്തിലെ യൂത്ത് സ്റ്റാര്‍ ദുല്‍ഖറിനൊപ്പമായിരുന്നു. സി.ഐ.എ യില്‍ അഭിനയിക്കാനെത്തുമ്പോള്‍ നല്ല ടെന്‍ഷനായിരുന്നു. ഡി.ക്യൂ വളരെ ഹെല്‍പ്പ്ഫുള്ളാണ്. ഫണ്ണിയായിരുന്നു സംസാരമൊക്കെ.

ക്യാമറയുടെ മുമ്പില്‍ നില്‍ക്കുന്ന ടെന്‍ഷനിനിടയിലും സംസാരിച്ച് എന്നെ കംഫര്‍ട്ടബിളാക്കി. കൂടെ അഭിനയിക്കുന്നവരുടെ കാര്യം ശ്രദ്ധിക്കുന്ന ആളാണ് ഡി.ക്യൂ. താരപുത്രന്റെ ജാഡയൊട്ടുമില്ല.

സി.ഐ.എ ഒരു ലൗ സ്റ്റോറിയാണ്. സിനിമയ്ക്കുവേണ്ടി നല്ലൊരു കെമിസ്ട്രിയാണ് ഡി.ക്യു ഉണ്ടാക്കിയെടുത്തത്. അതോടെ ആദ്യ സിനിമയാണെന്നുള്ള ടെന്‍ഷന്‍ മാറി. ആ ബോണ്ടിങ് സിനിമയിലും കാണാം.

സി ഐ എയില്‍ ദുല്‍ഖറിനെ ചതിച്ച പെണ്‍കുട്ടി എന്ന നിലയില്‍ പലരില്‍ നിന്നും തെറി വിളിയൊക്കെ കേട്ടെന്നുള്ളത് മറ്റൊരു തമാശ.

സി.ഐ.എ & അങ്കിള്‍


അഞ്ച് വര്‍ഷം മുമ്പ് അച്ഛനെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന ഒരു പത്രപ്രവര്‍ത്തകന്‍ ഞാന്‍ അഭിനയിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചിരുന്നു. അന്നെനിക്ക് താല്‍പര്യമില്ലാതിരുന്നതുകൊണ്ട് 'ദുല്‍ഖറിന്റെ കൂടെയൊക്കെ അഭിനയിക്കാന്‍ ഒരവസരം കിട്ടിയാല്‍ ചാന്‍സ് മിസാക്കില്ല' എന്ന് പറഞ്ഞ് ഒഴിവാക്കി.

പിന്നീട് എന്റെ ഫോട്ടോഷൂട്ട് കണ്ട അതേ പത്രപ്രവര്‍ത്തകനാണ് അച്ഛനെ വിളിച്ച് എന്നെക്കുറിച്ചന്വേഷിച്ചതും സി.ഐ.എയിലെ ഓഡീഷന് പങ്കെടുക്കാന്‍ പറഞ്ഞതും.

സി.ഐ.എ കഴിഞ്ഞ് കുറച്ചുനാളുകള്‍ക്കുശേഷമാണ് ജോയിയേട്ടന്‍ അച്ഛനെ വിളിച്ച് അങ്കിളിന്റെ സ്‌ക്രിപ്റ്റിനെക്കുറിച്ച് സംസാരിച്ചത്. പക്ഷേ അന്നത് അച്ഛന്‍ സീക്രട്ടായി വച്ചു. പിന്നീടാണ് എന്നോട് പറഞ്ഞത്.

ദുല്‍ഖറിന്റെ കൂടെ അഭിനയിച്ചശേഷം അടുത്ത ചിത്രം മമ്മുക്കക്കൊപ്പം... കേട്ടാല്‍ അതിശയമാണ്. പക്ഷേ മമ്മുക്കയ്‌ക്കൊപ്പമുള്ള സിനിമയായതുകൊണ്ട് ഷൂട്ടിങ് തുടങ്ങാന്‍ വൈകി. ആ സമയത്താണ് ഓഡീഷനൊക്കെ നടന്നത്.

മീ & മൂവി


അച്ഛന്‍ വഴി കുട്ടിക്കാലം മുതല്‍ സിനിമയുമായി ബന്ധമുണ്ട്. വീട്ടില്‍ ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് സിനിമ കാണാറുണ്ട്. കൂടാതെ മിക്കവാറും തിയേറ്ററിലും പോയി കാണും. തിരികെ വരുന്ന സമയത്ത് കാറിലിരുന്ന് കണ്ട സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്യാറുണ്ട്.

ചെറുപ്പത്തില്‍ ശനിയാഴ്ചയും ഞായറാഴ്ചയുമൊക്കെ ഞങ്ങള്‍ മലയാളം സിനിമ കാണുമായിരുന്നു. മോഹന്‍ലാല്‍ -ശ്രീനിവാസന്‍ കോമ്പിനേഷനിലുള്ള സിനിമകളൊക്കെ കണ്ട് ഒരുപാട് ചിരിച്ചിട്ടുണ്ട്.

മലയാളം കോമഡി ചിത്രങ്ങളിലൊക്കെ നല്ല സെന്‍സ് ഓഫ് ഹ്യൂമറുണ്ടാകും. വളരെ റിയലിസ്റ്റിക്കാണ് മലയാളം ചിത്രങ്ങള്‍. മനുഷ്യ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന, നല്ല സ്‌ക്രിപ്റ്റുകള്‍ മലയാളത്തിലുണ്ട്.

ഞങ്ങള്‍ക്ക് സിനിമ വെറുമൊരു വിനോദമല്ല, ആര്‍ട്ട് ഫോമാണ്. ഓരോ സിനിമ കാണുമ്പോഴും ഞാനതിനെ വിശകലനം ചെയ്യാന്‍ കാരണം അച്ഛനാണ്. സിനിമ തുടങ്ങുമ്പോഴേ അച്ഛന്റെ കമന്ററി തുടങ്ങും. ആ ഷോട്ട് ശരിയായില്ല. മറ്റൊരു ഷോട്ട് നന്നായിട്ടുണ്ട് എന്നൊക്കെ. ചെറുപ്പം മുതല്‍ ഈ കമന്ററി കേട്ടാണ് സിനിമ കണ്ടു തുടങ്ങിയത്.

uploads/news/2018/06/227625/KarthikaMuraleedharanINW3.jpg

ചെറുപ്പത്തില്‍ ഞാന്‍ സെറ്റിലൊക്കെ പോകുമായിരുന്നു. പക്ഷേ ക്യാമറയുടെ മുമ്പില്‍ വന്നിട്ടില്ല. നൂറുകണക്കിനാളുക ള്‍ ഒരേ സമയം ഡെഡിക്കേഷനോടെ ജോലി ചെയ്യുന്നതു കണ്ട് ഓരോ സെറ്റും എന്നെ അതിശയിപ്പിച്ചിട്ടുണ്ട്.

അന്നുതൊട്ടേ ക്യാമറയുടെ മുമ്പില്‍ നില്‍ക്കണമെന്ന് ആഗ്രഹമായിരുന്നു. സിനിമയും അഭിനയവും പഠിക്കാനായിരുന്നു അന്ന് അച്ഛന്റെ ഉപദേശം. അങ്ങനെയാണ് തിയേറ്റര്‍ ആര്‍ട്ട് പഠിക്കുന്നത്. സ്‌റ്റേജില്‍ പെര്‍ഫോം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ കുറച്ചൊക്കെ ധൈര്യമായി.

സിനിമ വളരെ സീരിയസായിട്ടാണ് കാണുന്നത്. അതുകൊണ്ട് സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കണമെന്നുണ്ട്. അച്ഛന്‍ ബോളിവുഡില്‍ വര്‍ക്ക് ചെയ്യുന്നതുകൊണ്ട് ബോളിവുഡ് മൂവിയില്‍ അഭിനയിക്കാമായിരുന്നില്ലേ എന്ന് പലരും ചോദിച്ചു. മലയാളത്തിലൂടെ സിനിമയിലെത്തിയത് യാദൃച്ഛികമാണ്.

മൈ ലൈഫ്


ബംഗളൂരുവില്‍ സൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട് ഡിസൈന്‍ ആന്‍ഡ് ടെക്നോളജിയിലാണ് ഞാന്‍ പഠിക്കുന്നത്. കണ്ടംപററി ആര്‍ട്ട്സിലാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. പഠന ഭാഗമായി കഴിഞ്ഞ വര്‍ഷത്തെ ബിനാലേയില്‍ ഒരു എക്സിബിഷന്‍ ചെയ്തിരുന്നു.

ഡാന്‍സാണ് മറ്റൊരു ക്രേസ്. കുട്ടിക്കാലം മുതല്‍ ഡാന്‍സ് പഠിക്കുന്നു. ഒഡീസിയും ഭരതനാട്യവുമൊക്കെ പഠിച്ചിട്ടുണ്ട്. ഡാന്‍സിന് വേണ്ടി ചെയ്ത ഫോട്ടോ ഷൂട്ടാണ് എന്നെ സിനിമയിലെത്തിച്ചത്.

ഞാന്‍ എപ്പോഴും സന്തോഷത്തോടെയിരിക്കാന്‍ ആഗ്രഹിക്കുന്നയാളാണ്. എല്ലായ്‌പ്പോഴും പോസിറ്റീവ് ആയിരിക്കണം എന്നാണ് ആഗ്രഹം. ഡാന്‍സാണ് അതിനെന്നെ സഹായിക്കുന്നത്.

ജീവിതത്തില്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. കുറേയേറെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കണം. നല്ല സിനിമകളുടെ ഭാഗമാകണം, കുറേയേറെ യാത്ര ചെയ്യണം. അങ്ങനെ അങ്ങനെ ചില സ്വപ്നങ്ങള്‍...

മുംബൈ ലൈഫ്


എന്റെ ഹോം സിറ്റിയാണ് മുംബൈ. അവിടെ ഫാമിലിയുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കാം. മാത്രമല്ല ട്രാവലിങ് വളരെ ഈസിയാണ്. മുംബൈയിലെ കോളജില്‍ പഠിക്കുന്ന സമയത്ത് ആറു മണിയാകുമ്പോള്‍ വീട്ടില്‍ നിന്നിറങ്ങും. ഒന്നര മണിക്കൂറുണ്ട് കോളജിലേക്ക്. റിക്ഷയിലും ട്രെയിനിലും ബസിലുമായിട്ടാണ് യാത്ര.

12 മണിയോടെ ക്ലാസ് കഴിയും. പിന്നെ ഡാന്‍സ് ക്ലാസിലേക്ക്. ഒരു മണിക്കു തുടങ്ങുന്ന ഡാന്‍സ് ക്ലാസ് തീരുമ്പോള്‍ 10 മണിയാകും. പതിനൊന്നരയോടെ വീട്ടിലെത്തും. മുംബൈ ജീവിതം വളരെ സേഫാണ്. സിറ്റിയിലെ ഓരോ വഴിയും എനിക്ക് പരിചിതമാണ്. അതുകൊണ്ട് ഒറ്റയ്ക്ക് യാത്ര ചെയ്യാനും പേടിയുണ്ടായിരുന്നില്ല.

കോളജ് ഡേയ്സ്


പ്ലസ്ടു, ബി. എ എല്ലാം പഠിച്ചത് വിമന്‍സ് ഒണ്‍ലി കോളജിലാണ്. മൂന്ന് വര്‍ഷത്തെ ആ കലാലയജീവിതത്തോളം മറ്റൊന്നും എന്നെ സ്വാധീനിച്ചിട്ടില്ല. കുറേ പെണ്ണുങ്ങള്‍ ഒത്തുകൂടിയാല്‍ ഒരുമിച്ചിരുന്ന് മറ്റുള്ളവരുടെ കുറ്റം പറയും, ഗോസിപ്പുണ്ടാക്കും എന്നൊക്കെയുള്ള ധാരണ മാറ്റിയത് ആ കോളജാണ്.

അവിടുത്തെ പെണ്‍കുട്ടികളെപ്പോലെ ഇന്‍ഡിപെന്‍ഡന്റായ പെണ്‍കുട്ടികളെ വേറെ എവിടെയും കണ്ടിട്ടില്ല. മൂന്ന്, നാല് മണിക്കൂറൊക്കെ യാത്ര ചെയ്താണ് പലരും ക്ലാസിലെത്തുന്നത്. ഏറ്റവും വലിയ ക്വാളിറ്റി എന്താണെന്നുവച്ചാല്‍ അവരാരും പരസ്പരം ചതിക്കില്ലെന്നതാണ്. ബംഗളൂരുവില്‍ ക്ലാസ് വളരെ സ്ട്രിക്ടാണ്. സാധാരണ ആര്‍ട്സ് കോളേജുകളില്‍ നിന്ന് വ്യത്യസ്തമാണവിടം.

uploads/news/2018/06/227625/KarthikaMuraleedharanINW1.jpg

ഐ ലവ് ട്രാവലിങ്


ട്രാവലിങ് എനിക്കൊരുപാട് ഇഷ്ടമാണ്. പ്രത്യേകിച്ച് മുംബൈ നഗരത്തിനുള്ളിലെ യാത്ര. ഇന്ത്യ മുഴുവന്‍ ചുറ്റണമെന്നുണ്ട്. ഇന്ത്യയ്ക്ക് വെളിയില്‍ ഫാമിലി ടൂര്‍പോയാലും ഞങ്ങള്‍ സാധാരണ ഹോട്ടലില്‍ താമസിച്ച്, പൊതു ഗതാഗത സൗകര്യങ്ങളാണുപയോഗിക്കാറ്. ഒരു നാട്ടില്‍ ചെന്നാല്‍ ആ നാടിനെയും നാട്ടുകാരേയും അവരുടെ ടേസ്റ്റും അറിയാന്‍ ഇത്തരം യാത്രകളാണ് സഹായിക്കുന്നത്.

കേരളം


സിനിമയിലെത്തും മുമ്പ് വര്‍ഷത്തിലൊരിക്കല്‍ നാട്ടിലെത്തുമായിരുന്നു. വേനലവധിക്കാലം അച്ഛന്റെയും അമ്മയുടെ തറവാടുകളിലായിരുന്നു. ഇപ്പോള്‍ ബംഗളൂരുവില്‍ പഠിക്കുന്നതുകൊണ്ട് വെക്കേഷനായാല്‍ നേരെ മുംബൈയിലേക്കാണ് പോകുന്നത്. കേരളത്തില്‍ വരാനും മലയാളം സംസാരിക്കാനുമൊക്കെ ഒരുപാടിഷ്ടമാണ്. മലയാളം പഠിച്ചു വരുന്നേയുള്ളൂ.

മൈ ഫാമിലി


കലാകുടുംബമാണ് എന്റേത്. അച്ഛന്‍ സി കെ മുരളീധരന്‍, സിനിമയില്‍ ഛായാഗ്രാഹകനാണ്. അമ്മ മീന നായര്‍, ഹിന്ദുസ്ഥാനി ഗായികയാണ്. സ്‌റ്റേജു ഷോകള്‍ക്കൊപ്പം കുട്ടികളെ പഠിപ്പിക്കുന്നുമുണ്ട്. അനിയന്‍ ആകാശ് സ്‌കൂള്‍ബസ് എന്ന ചിത്രത്തിലൂടെ എനിക്കുമുമ്പേ സിനിമയിലെത്തി.

വീട്ടില്‍ എല്ലാവരും സപ്പോര്‍ട്ടീവാണ്. എല്ലാ കാര്യങ്ങളും പരസ്പരം ചര്‍ച്ച ചെയ്യും. അച്ഛനോ എനിക്കോ അനിയനോ ഒരു ഓഫര്‍ വന്നാല്‍ ഒരുമിച്ചിരുന്ന് സംസാരിച്ചാണ് തീരുമാനമെടുക്കുന്നത്. എല്ലാവര്‍ക്കും അവരവരുടേതായ ഫ്രീഡം നല്‍കാറുണ്ട്. ആണ്‍ പെണ്‍ വ്യത്യാസമൊന്നും ഞങ്ങള്‍ക്കിടയിലില്ല. കണക്ടഡ് ഫാമിലിയാണ് ഞങ്ങളുടേത്.

അശ്വതി അശോക്

Ads by Google
Friday 22 Jun 2018 03.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW