ചീങ്കണ്ണിപ്പാലിയിലെ പി.വി. അന്‍വര്‍ എം.എല്‍.എയുടെ തടയണ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടി വേഗത്തിലാക്കാന്‍ ഗവ. പ്ലീഡര്‍ക്കു കലക്ടര്‍ നിര്‍ദേശം നല്കി. കേസില്‍ എ.ജിയോടു മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ നിയമോപദേശം തേടി. തടയണ പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ നീക്കം നേരത്തേ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
സ്റ്റേ നീക്കാന്‍ നടപടിയെടുക്കാതെ തടയണയ്ക്ക് റവന്യൂവകുപ്പു സംരക്ഷണം നല്കുന്നതിനെക്കുറിച്ചു മംഗളം ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വനത്തില്‍ നിന്നുത്ഭവിക്കുന്ന കാട്ടരുവി തടഞ്ഞ് ആദിവാസികളുടെ കുടിവെള്ളം മുട്ടിച്ചു തടയണ നിര്‍മിച്ചതിനെക്കുറിച്ചു ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതും മംഗളമായിരുന്നു.
ദുരന്തനിവാരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 14 ദിവസത്തിനകം ഇറിഗേഷന്‍ എക്സിക്യുട്ടീവ് എന്‍ജിനീയറുടെ മേല്‍നോട്ടത്തില്‍ തടയണ പൊളിച്ചുനീക്കാന്‍ കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് കലക്ടര്‍ ഉത്തരവിട്ടത്. തന്റെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവിട്ടതെന്നു പറഞ്ഞ് അന്‍വറിന്റെ ഭാര്യാപിതാവ് തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ റോഡിലെ അഫ്സ മഹല്‍ അബ്ദുല്ലത്തീഫ് നല്കിയ ഹര്ജിയിന്മേലാണു ഡിസംബര്‍ ഇരുപതിനു സ്റ്റേ നേടിയത്.
ആറു മാസമായിട്ടും എതിര്‍സത്യവാങ്മൂലം പോലും കൊടുക്കാതെ റവന്യുവകുപ്പ് ഒളിച്ചുകളിക്കുകയായിരുന്നു.