Thursday, November 15, 2018 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Friday 22 Jun 2018 12.43 AM

ഹൈക്കോടതിയിലെ മോഷണം ദുസ്സൂചന

uploads/news/2018/06/227479/1.jpg

തീക്കട്ടയില്‍ ഉറുമ്പരിക്കുന്നുവെന്നു പറഞ്ഞതു പോലെയായി കേരള ഹൈക്കോടതിയില്‍നിന്നു സുപ്രധാനമായ കേസ്‌ സംബന്ധിച്ച ഫയല്‍ കാണാതായ സംഭവം. മലബാര്‍ സിമെന്റ്‌സ്‌ കമ്പനിയിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ട ഹര്‍ജികളിലെ വിവിധ ഫയലുകളാണു പലതവണയായി കോടതിയില്‍നിന്നു കാണാതായത്‌. അഴിമതിക്കേസുകള്‍ സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള രണ്ടു ഹര്‍ജികള്‍, കമ്പനി ഡയറക്‌ടര്‍മാര്‍ക്കെതിരേ പ്രോസിക്യൂഷന്‍ അനുമതി പിന്‍വലിച്ച സര്‍ക്കാര്‍ ഉത്തരവിനെതിരായ ഹര്‍ജി എന്നിവയുടെ ഫയലുകളാണ്‌ അപ്രത്യക്ഷമായത്‌. മലബാര്‍ സിമെന്റ്‌സ്‌ കമ്പനി സെക്രട്ടറിയായിരുന്ന പി. ശശീന്ദ്രന്റെ പിതാവ്‌ കെ. വേലായുധന്‍, ജോയ്‌ കൈതാരം, അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണ സമിതി തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജികളും അനുബന്ധ രേഖകളും കാണാതായതില്‍ പെടുന്നു. മലബാര്‍ സിമെന്റ്‌സ്‌ അഴിമതിക്കേസുമായി ബന്ധപ്പെട്ട 52 നിര്‍ണായക ഫയലുകള്‍ ഇങ്ങനെ കാണാതായതായി സൂചനയുണ്ട്‌.
ഹൈക്കോടതിയുടെ സുരക്ഷിതത്വം അപകടത്തിലാണെന്നു ജസ്‌റ്റിസ്‌ ബി. സുധീന്ദ്ര കുമാറിനു പറയേണ്ടിവന്ന അവസ്‌ഥയിലേക്ക്‌ കാര്യങ്ങള്‍ എത്തി. കോടതിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നു കോടതി പറഞ്ഞു. ജനങ്ങള്‍ മുഴുവന്‍ നീതിക്കുവേണ്ടി ഉറ്റുനോക്കുന്ന സ്‌ഥാപനത്തിനു തങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന്‌ ആവശ്യപ്പെടേണ്ടിവരുന്നത്‌ അഴിമതിക്കാരുടെ കരങ്ങള്‍ അതിശക്‌തമാണെന്നു തെളിയിക്കുന്നു. ഹൈക്കോടതിയില്‍നിന്നു പലവട്ടമായി ഫയലുകള്‍ കടത്തിക്കൊണ്ടു പോകാന്‍ തക്കവണ്ണം അതിശക്‌തരായ അഴിമതിക്കാര്‍ ചില്ലറക്കാരല്ല. ഇവര്‍ കടത്തിയതിനു ശേഷമുള്ള കേസ്‌ ഫയലെങ്കിലും സുരക്ഷിതമായി സൂക്ഷിക്കണമെന്ന്‌ കോടതി നിര്‍ദേശിച്ചിരിക്കുകയാണ്‌.
സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുന്നത്‌ അടക്കമുള്ള ഫയലുകള്‍ കാണാതായത്‌ ദുരൂഹമാണ്‌. കേസ്‌ അട്ടിമറിക്കാനുള്ള നീക്കമാണ്‌ ഇതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. മലബാര്‍ സിമെന്റ്‌സില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന വിവിധങ്ങളായ അഴിമതികള്‍ കേരളത്തിനു മുന്നില്‍ തുറന്നുകാട്ടിയത്‌ മംഗളം ദിനപത്രം തുടര്‍ച്ചയായി നല്‍കിയ അന്വേഷണാത്‌മക റിപ്പോര്‍ട്ടുകളാണ്‌. കമ്പനിയുടെ പല മേലധികാരികളും ഇടനിലക്കാരും കമ്പനിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ചില ഇടനിലക്കാരുമൊക്കെ അഴിമതിയില്‍ പങ്കാളികളാണ്‌. ഇതൊക്കെ മംഗളം പുറത്തു കൊണ്ടുവന്നിരുന്നു. ഈ അഴിമതിക്കേസുകളൊക്കെയാണ്‌ കോടതിയുടെ മുന്നിലുള്ളത്‌. സിമെന്റ്‌സിലെ കമ്പനി സെക്രട്ടറിയായിരുന്ന പി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം സംബന്ധിച്ചും അനവധി വിവരങ്ങള്‍ മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ഈ മരണങ്ങള്‍ സംബന്ധിച്ച ദുരൂഹത നിലനില്‍ക്കുന്നതിനിടയിലെ ഈ രേഖ മോഷണം അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.
ഈ രേഖകള്‍ കടത്താന്‍ ഉദ്യോഗസ്‌ഥരില്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു. ഇക്കഴിഞ്ഞ മേയ്‌ 21-നു ശേഷമാണു ഫയലുകള്‍ കാണാതായത്‌. മേയ്‌ 25-നാണു കേസ്‌ പരിഗണിക്കേണ്ടിയിരുന്നത്‌. തലേന്നു പരിശോധിച്ചപ്പോള്‍ ഫയല്‍ കാണാനില്ലെന്ന്‌ അറിഞ്ഞിട്ടും ബന്ധപ്പെട്ടവര്‍ അന്നു റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല ഇതെന്തുകൊണ്ടാണെന്നും കണ്ടെത്തണം. കമ്പനിയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിയായ വിവാദവ്യവസായിയുടെ ഓഫീസ്‌ ജീവനക്കാരന്‍ ഹൈക്കോടതിയില്‍ വിവിധ സെക്‌ഷനുകളില്‍ കയറിയിറങ്ങിയിരുന്നതായി വിവരമുണ്ട്‌. ഇതേക്കുറിച്ചും അന്വേഷിക്കണം. കോടതി പോലും സുരക്ഷിതമല്ലെന്ന അവസ്‌ഥ വരുന്നത്‌ കേരള സമൂഹത്തിന്‌ ഭൂഷണമല്ല.

Ads by Google
Friday 22 Jun 2018 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW