Thursday, September 13, 2018 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 21 Jun 2018 02.54 AM

കണ്ണില്ലാത്ത പ്രണയവും കണ്ണുകെട്ടിയ നീതിയും

uploads/news/2018/06/227316/editorial.jpg

കേരള സമൂഹത്തില്‍ നിശബ്‌ദമായി വേദന പരത്തിക്കൊണ്ടിരിക്കുന്ന ഒരു സ്‌ഥിതിവിശേഷത്തിലേക്ക്‌ കണ്ണുതുറപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ഏഴു ദിവസങ്ങളിലായി മംഗളം പ്രസിദ്ധീകരിച്ച "കണ്ണില്ലാത്ത പ്രണയവും കണ്ണുകെട്ടിയ നീതിയും" എന്ന വാര്‍ത്താ പരമ്പര. പ്രായപൂര്‍ത്തിയെത്തുന്നതോടെ മക്കള്‍ മാതാപിതാക്കളെ ഉപേക്ഷിച്ച്‌ കമിതാവിനൊപ്പം വീടുവിട്ടിറങ്ങുന്ന പ്രവണത കേരളത്തില്‍ ധാരാളം കണ്ടുവരുന്നതിനെക്കുറിച്ചായിരുന്നു പരമ്പര. ഒരു പെണ്‍കുട്ടി വീടുവിട്ട്‌ കാമുകനോടൊപ്പം പോയതിനെത്തുടര്‍ന്ന്‌ കേരളത്തില്‍ അടുത്തിടെ കൊലപാതകം വരെ നടന്നു. പക്വതയില്ലാതെ കുട്ടികള്‍ കൈക്കൊള്ളുന്ന നടപടികള്‍ മാതാപിതാക്കളെ തീരാക്കണ്ണീരിലാഴ്‌ത്തുന്നതിന്റെ നേര്‍ക്കാഴ്‌ച നല്‍കുന്നതായിരുന്നു പരമ്പരയിലെ ഉള്ളടക്കം.

വളര്‍ത്തി വലുതാക്കുന്ന കുട്ടികള്‍ ഒരു സുപ്രഭാതത്തില്‍ തങ്ങളെ വിട്ട്‌ തങ്ങള്‍ക്ക്‌ അറിയുക പോലുമില്ലാത്ത ആരുടെയൊക്കെയോ കൂടെ ഇറങ്ങിപ്പോകുന്നത്‌ മാതാപിതാക്കള്‍ ആരും സഹിക്കില്ല. പക്വതയെത്തുന്നതിനു മുന്‍പേയുള്ള ഇത്തരം ഇറങ്ങിപ്പോകലുകളുടെ ഏതാനും ഉദാഹരണങ്ങള്‍ മാത്രമേ പുറത്തറിയുന്നുള്ളു. ഈ വാര്‍ത്താ പരമ്പരയുടെ വിവരശേഖരണത്തിനായി ഇറങ്ങിയ മംഗളം ലേഖകന്മാര്‍ക്ക്‌ ലഭിച്ചത്‌ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്‌. പുറത്ത്‌ അറിയുന്നതിലും പലമടങ്ങാണ്‌ ഇത്തരം സംഭവങ്ങള്‍ കേരളത്തില്‍ അരങ്ങേറുന്നത്‌. മക്കളുടെ പെരുമാറ്റത്തിലൂടെ മനംനൊന്ത്‌ ജീവനൊടുക്കിയവര്‍ അനേകമാണ്‌. മനസ്സുതകര്‍ന്ന്‌ രോഗികളായി നിത്യദുരിതത്തിലായവര്‍ വളരെയുണ്ട്‌. ഇതു സംബന്ധിച്ച്‌ പിന്നീടുണ്ടാകുന്ന കേസുകളുടെ നൂലാമാലകളും ഇവരുടെ ജീവിതത്തെ തകര്‍ക്കുന്നു. മാനക്കേടും മനോവേദനയും കേസുകളുടെ തലവേദനയും മൂലം നരകിച്ചു ജീവിക്കുന്ന ഇവരുടെ വേദന പക്ഷേ, മക്കള്‍ കാണുന്നില്ല. അതു മംഗളം കണ്ടു. അതിന്റെ പ്രതിഫലനമായിരുന്നു ഈ പരമ്പര.

ഇതേ കാഴ്‌ചപ്പാട്‌ തന്നെയാണ്‌ കേരള ഹൈക്കോടതിയും പങ്കുവച്ചത്‌. പ്രായപൂര്‍ത്തി ആയതുകൊണ്ട്‌ പക്വതയുണ്ടാകണമെന്നില്ലെന്ന്‌ കഴിഞ്ഞ 13-ന്‌ ജസ്‌റ്റിസ്‌ കെ. വിനോദ്‌ ചന്ദ്രനും ജസ്‌റ്റിസ്‌ അശോക്‌ മേനോനും അഭിപ്രായപ്പെട്ടത്‌ ഇത്തരം ഒരു കേസിന്റെ വിധിയിലായിരുന്നു. മാതാപിതാക്കളെ അവഗണിച്ചു കാമുകനൊപ്പം പോയശേഷം കോടതിയിലെത്തി മാതാപിതാക്കള്‍ക്കെതിരേ നിലപാടെടുക്കുന്ന കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ഹൈക്കോടതി ആശങ്കപ്പെട്ടു. ഇത്തരം കേസുകളുമായി ബന്ധപ്പെട്ടു ഹേബിയസ്‌ കോര്‍പ്പസ്‌, പോലീസ്‌ സംരക്ഷണ ഹര്‍ജികള്‍ വര്‍ധിച്ചുവരുകയാണെന്നും കോടതി വ്യക്‌തമാക്കി. അയല്‍ക്കാരനൊപ്പം പോയ യുവതിക്കുണ്ടായ ദാരുണമായ അനുഭവം വിവരിച്ചാണ്‌ കോടതി ആശങ്ക വ്യക്‌തമാക്കിയത്‌.

അയല്‍വാസിക്കൊപ്പം പോയി വിവാഹിതയായ യുവതി മയക്കുമരുന്നിന്റെ അടിമയാണ്‌ ഭര്‍ത്താവെന്നു പിന്നീടാണ്‌ അറിഞ്ഞത്‌. ഭര്‍ത്താവ്‌ യുവതിയെ ആക്രമിക്കുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്‌തു. മയക്കുമരുന്നിനടിമയായ ഭര്‍ത്താവില്‍നിന്നു പോലീസ്‌ സംരക്ഷണം വേണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ യുവതി കോടതിയെ സമീപിച്ചത്‌. ആവശ്യം ന്യായമാണെന്നു വ്യക്‌തമാക്കിയ കോടതി യുവതിക്കു മതിയായ പോലീസ്‌ സംരക്ഷണം നല്‍കണമെന്നു നിര്‍ദ്ദേശിക്കുകയും ചെയ്‌തു.

മാതാപിതാക്കളെ ഉപേക്ഷിച്ച്‌ കമിതാവിനൊപ്പം ഇറങ്ങിപ്പോകുന്ന സംഭവങ്ങളില്‍ വലിയൊരു പങ്കും ദുരന്തത്തില്‍ കലാശിക്കുകയാണെന്നായിരുന്നു മംഗളം ലേഖകര്‍ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്‌. ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍ ഉറ്റവരെ ഇട്ടെറിഞ്ഞ്‌ പോകുന്ന പലരും പങ്കാളിയുടെ ജീവിതത്തിന്റെ യാഥാര്‍ഥ്യം അറിഞ്ഞ്‌ ഞെട്ടിത്തരിച്ചു നില്‍ക്കുന്ന കഥകളാണ്‌ ഞങ്ങള്‍ അനാവരണം ചെയ്‌തത്‌. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഏറെ മുന്‍കരുതല്‍ വേണ്ടിയിരിക്കുന്നു. കുടുംബബന്ധങ്ങള്‍ ഊഷ്‌മളമാക്കുക എന്നതാണ്‌ ഇതിന്‌ അത്യാവശം വേണ്ടത്‌. ഇതു സംബന്ധിച്ച്‌ വ്യാപകമായ ബോധവത്‌കരണം നടക്കേണ്ടിയിരിക്കുന്നു.

Ads by Google
Thursday 21 Jun 2018 02.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW