Wednesday, July 17, 2019 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 21 Jun 2018 02.52 AM

തെറ്റുകള്‍ 'ശരിയാക്കുന്ന' നിയമഭേദഗതികള്‍!

uploads/news/2018/06/227315/bft1.jpg

ഈ നിയമസഭാ സമ്മേളനത്തില്‍ ഇതുവരെ നടന്ന നിയമനിര്‍മാണങ്ങളുടെ പശ്‌ചാത്തലത്തില്‍ ചില ചോദ്യങ്ങള്‍ ബാക്കിയാകുന്നു. മുമ്പു രൂപീകരിച്ച ചില നിയമങ്ങള്‍ നിവൃത്തിക്കേണ്ട പ്രശ്‌നങ്ങളിലോ വിഷയങ്ങളിലോ കാലാനുസൃതമാറ്റങ്ങള്‍ വരുത്താനും അപാകതകള്‍ പരിഹരിക്കാനുമാണു നിയമഭേദഗതികള്‍. രാജ്യത്തിനുതന്നെ മാതൃകയായ പല നിയമങ്ങളും ആദ്യം പാസാക്കിയതു കേരളനിയമസഭയാണ്‌. എന്നാല്‍ ഇന്നു സാമൂഹികപ്രതിബദ്ധതയ്‌ക്കു വിരുദ്ധമായ ചില നിലപാടുകള്‍ക്കും നിയമസാധൂകരണം ലഭിക്കുന്നു. ഇത്‌ ആശാസ്യമാണോയെന്നതാണ്‌ ഏറ്റവും പ്രസക്‌തമായ ചോദ്യം.
നിയമങ്ങള്‍ പ്രായോഗികമാക്കാനുള്ള നടപടികളും വൈകുന്നു. ഇതു നിയമത്തെത്തന്നെ അസ്‌ഥിരപ്പെടുത്തുകയോ അവയുടെ ലക്ഷ്യത്തെ ഇല്ലാതാക്കുകയോ ചെയ്യുന്നതിനു തുല്യമാണ്‌. ഈ സമ്മേളനകാലത്തു പാസാക്കിയ ഭേദഗതികളില്‍ പലതും മൂലനിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇല്ലായ്‌മ ചെയ്യുന്നതാണ്‌. നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട നിയമങ്ങള്‍ തലനാരിഴകീറി ചര്‍ച്ചചെയ്‌താലും ഭേദഗതികളുടെ പരമ്പരതന്നെ അവതരിപ്പിച്ചാലും അതൊക്കെ അവഗണിച്ച്‌ ഭൂരിപക്ഷമുള്ള സര്‍ക്കാരിനു പാസാക്കാന്‍ കഴിയും. ബില്ലുകളുടെ ചര്‍ച്ചയില്‍ ഉയര്‍ന്നുവരുന്ന വിവിധ ആശയങ്ങള്‍ നിയമം കുറേക്കൂടി സുദൃഢമാക്കാന്‍ സഹായകമാകുമെങ്കിലും അവയൊന്നും പലപ്പോഴും അംഗീകരിക്കപ്പെടാറില്ല. അപ്പം ചുട്ടെടുക്കുന്നപോലെ രണ്ടും മൂന്നും ബില്ലുകള്‍, ഭേദഗതിയാണെങ്കില്‍ക്കൂടി, ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ നിയമനിര്‍മാണത്തിന്റെ ഗൗരവംതന്നെ ചോദ്യം ചെയ്യപ്പെടുകയല്ലേ?
കേരളനിയമസഭ സമ്മേളിക്കുന്ന ദിവസങ്ങളുടെ എണ്ണം മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച്‌ കൂടുതലാണ്‌. എന്നാല്‍, പ്രതിഷേധപ്രകടങ്ങള്‍ മൂലം നിയമനിര്‍മാണത്തിന്റെ കഴുത്തറക്കപ്പെടുന്ന സന്ദര്‍ഭങ്ങളാണ്‌ അധികവും. വിഷയത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടാണു നിയമസഭയിലെ മുന്‍ഗാമികള്‍ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്‌. എന്നാല്‍, സമീപകാലത്തു ചര്‍ച്ചയ്‌ക്കെടുക്കുന്ന നിയമങ്ങളില്‍ പലതും ഏതെങ്കിലുമൊരു സംവിധാനത്തിന്റെ കാലാവധി കുറയ്‌ക്കുകയോ കൂട്ടുകയോ അംഗബലം വ്യത്യാസപ്പെടുത്തുകയോ ചെയ്യാന്‍ ലക്ഷ്യമിട്ടായിരുന്നു; അതല്ലെങ്കില്‍ തെറ്റിനെ ന്യായീകരിച്ചു ക്രമപ്പെടുത്താന്‍. നാമമാത്രമായ പിഴയടച്ചാല്‍ തെറ്റുകള്‍ സാധൂകരിച്ചു കൊടുക്കുന്ന സമ്പ്രദായം. ഇതു ശരിയായ രീതിയാണോയെന്നു ചര്‍ച്ചചെയ്യപ്പെടണം.
പഞ്ചായത്ത്‌ രാജ്‌ നിയമത്തിലെ പ്രധാന വ്യവസ്‌ഥകളിലൊന്നായിരുന്നു മദ്യവ്യാപാരവും വിതരണവും സംബന്ധിച്ചത്‌. മദ്യവ്യാപാരസ്‌ഥാപനങ്ങള്‍ ആരംഭിക്കാന്‍ തദ്ദേശസ്വയംഭരണസ്‌ഥാപനത്തിന്റെ അനുമതി വേണമായിരുന്നു. ഇതിലൂടെ ഒരു സാമൂഹികപരിശോധന സാധ്യമായിരുന്നു. അതു ഭേദഗതി ചെയ്‌തതോടെ മദ്യവ്യാപനം നിരുത്സാഹപ്പെടുത്തുന്ന സാമൂഹിക ഇടപെടലാണ്‌ ഇല്ലാതായത്‌. നിയമങ്ങള്‍ നിയമസഭയില്‍ മാത്രം ചര്‍ച്ചചെയ്യപ്പെടേണ്ടവയല്ല. അതിന്റെ ഗുണഭോക്‌താക്കളായ സാധാരണക്കാര്‍ക്ക്‌ അതില്‍ ഇടപെടാനും അഭിപ്രായം രേഖപ്പെടുത്താനും കഴിയണം. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ നിയമസഭതന്നെ അതിനു മുന്‍കൈയെടുക്കണം. ബില്ലുകള്‍ വെബ്‌സൈറ്റില്‍ വന്നാല്‍ പൊതുജനാഭിപ്രായം ശേഖരിക്കാന്‍ കഴിയണം. എങ്കിലേ അതിന്റെ നന്മതിന്മകള്‍ കൃത്യമായി മനസിലാക്കാനാകൂ. അതല്ലെങ്കില്‍ ബന്ധപ്പെട്ട വകുപ്പിലെയും നിയമവകുപ്പിലെയും ഉദ്യോഗസ്‌ഥരുടെ മനോധര്‍മമനുസരിച്ചാകും അവ പുറത്തുവരുക.
കഴിഞ്ഞ ജൂലൈ 31-നു മുമ്പ്‌ ക്രമവിരുദ്ധമായും ചട്ടങ്ങള്‍ ലംഘിച്ചും നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ (ഭൂരിപക്ഷവും ബഹുനിലക്കെട്ടിടങ്ങള്‍) സാധൂകരിക്കും വിധം ഭേദഗതി ചെയ്‌തതാണ്‌ ഈ സഭാസമ്മേളനത്തില്‍ പാസാക്കിയ പ്രധാന നിയമങ്ങളിലൊന്ന്‌. നാളെകളില്‍ സംഭവിക്കാവുന്ന തെറ്റുകളും സ്വാധീനമുള്ളവര്‍ക്ക്‌ ഇതുപോലെ ഭേദഗതികള്‍ കൊണ്ടുവന്നു സാധൂകരിക്കാനാകും. അനധികൃത കെട്ടിടനിര്‍മാണം പ്രോത്സാഹിപ്പിക്കുമ്പോള്‍ മുന്‍നിയമത്തിന്റെ അടിസ്‌ഥാനസങ്കല്‍പങ്ങള്‍ ഇല്ലാതാകുകയല്ലേ ചെയ്യുന്നത്‌? തെറ്റുകള്‍ "ശരിയാക്കി" കൊടുക്കാന്‍ നിയമം നിര്‍മിക്കുന്നതിന്റെ ധാര്‍മികസാംഗത്യമെന്താണ്‌?
ഇതേ സമ്മേളനകാലത്ത്‌ അവതരിപ്പിക്കപ്പെട്ട മറ്റൊരു ഭേദഗതിയാണു പഞ്ചായത്ത്‌ രാജ്‌ നിയമത്തിന്റേത്‌. 1994-ലെ പഞ്ചായത്ത്‌ രാജ്‌ നിയമം വകുപ്പ്‌ 159, ഉപവകുപ്പ്‌ ഒന്ന്‌ പ്രകാരം തദ്ദേശസ്‌ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ചുമതലയേറ്റാലുടന്‍ അവരുടെയും കുടുംബാംഗങ്ങളുടെയും ആസ്‌തിബാധ്യതകള്‍ അധികൃതരോടു വെളിപ്പെടുത്തണം. 2007-ല്‍ കാലാവധി മൂന്നുമാസത്തിനകമെന്നു ഭേദഗതി ചെയ്‌തു. 2013 ആയപ്പോഴേക്കു കാലാവധി 15 മാസമാക്കി. ഇക്കാലയളവിനുള്ളിലും സ്വത്ത്‌ വെളിപ്പെടുത്താന്‍ പല ജനപ്രതിനിധികള്‍ക്കും കഴിയാതെപോയതിനാല്‍ ഇപ്പോള്‍ മൂന്നാം ഭേദഗതിയും കൊണ്ടുവന്നു. ഇതനുസരിച്ച്‌ 30 മാസംവരെ ആസ്‌തിപ്പട്ടിക സമര്‍പ്പിക്കാതിരിക്കാന്‍ ഒരു ജനപ്രതിനിധിക്കു സാധിക്കും. അഴിമതിമുക്‌തമായ ഭരണസംവിധാനം പടുത്തുയര്‍ത്താന്‍ പൂര്‍വസൂരികള്‍ നിര്‍മിച്ച നിയമത്തെ ആര്‍ക്കുവേണ്ടിയാണ്‌ ഇങ്ങനെ മാറ്റിമറിച്ചത്‌? തെരഞ്ഞെടുക്കപ്പെട്ട കാലാവധിയുടെ പകുതിയോളം സമയം സ്വത്ത്‌ വെളിപ്പെടുത്താതിരിക്കാന്‍ അനുവദിക്കുന്ന ഭേദഗതിയേക്കാള്‍ ഭേദം മൂലനിയമംതന്നെ വേണ്ടെന്നുവയ്‌ക്കുന്നതായിരുന്നു.
സര്‍ക്കാരും രാജകുടുംബവുമായുള്ള ഒരു ഉടമ്പടിപ്രകാരമാണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ രൂപീകരിച്ചത്‌. എന്നാല്‍, ഇതുസംബന്ധിച്ച മൂലനിയമം ഇതുവരെ 13 തവണ ഭേദഗതി ചെയ്‌തു. ദേവസ്വം കമ്മിഷണറായി സെക്രട്ടേറിയറ്റിലെ ജോയിന്റ്‌ സെക്രട്ടറി പദവിയില്‍ കുറയാത്ത ഉദ്യോഗസ്‌ഥനെ നിയമിക്കാമെന്നതാണ്‌ ഇത്തവണത്തെ ഭേദഗതി. സ്വയംഭരണാവകാശമുള്ള ബോര്‍ഡില്‍, സ്‌ഥാനക്കയറ്റം ലഭിച്ചുവരുന്ന ഉദ്യോഗസ്‌ഥനു പകരമാണ്‌ ഇങ്ങനെ പുറത്തുനിന്നുള്ള നിയമനം. സര്‍ക്കാര്‍ കണക്കില്‍ ബഹുലക്ഷം അപേക്ഷകളും നിവേദനങ്ങളും ആവലാതികളും തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുണ്ട്‌. സെക്രട്ടേറിയറ്റില്‍ പിടിപ്പതു ജോലിയുള്ളപ്പോള്‍ ഈ ഉദ്യോഗസ്‌ഥര്‍തന്നെ ദേവസ്വവും ഭരിക്കണമെന്ന്‌ എന്താണു നിര്‍ബന്ധം? കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്‌ വരുമ്പോള്‍ നഷ്‌ടപ്പെടുന്ന തസ്‌തികകള്‍ക്കു പകരം ലാവണങ്ങള്‍ കണ്ടെത്താനുള്ള കുറുക്കുവഴിയല്ലേ ഈ ദേവസ്വം പ്രേമമെന്നു ജനം കരുതിയാല്‍ തെറ്റുണ്ടോ?
മേല്‍പ്പറഞ്ഞ മൂന്നു നിയമങ്ങളില്‍, ജനങ്ങളുമായി ബന്ധപ്പെട്ട ഏതു വിഷയത്തിനാണ്‌, അതല്ലെങ്കില്‍ സാമൂഹികപരിരക്ഷ ഉറപ്പാക്കാനാണ്‌ നിലവിലുള്ള നിയമം പരിമിതപ്പെടുത്തുന്നത്‌ എന്ന്‌ മനസിലാകുന്നില്ല. തണ്ണീര്‍ത്തടനിയമം ഭേദഗതി ചെയ്യുന്നതിനേപ്പറ്റി ഇതേ പംക്‌തിയില്‍ മുമ്പു ചൂണ്ടിക്കാട്ടിയിരുന്നു. അതില്‍ വിട്ടുപോയ ചില കാര്യങ്ങള്‍ ഇവിടെ പറയുന്നു. ഒന്നാമത്‌, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ബില്‍ സാധാരണ രീതിയില്‍ പാസാക്കിയ നിയമമല്ല. സെലക്‌ട്‌ കമ്മിറ്റിയെ നിശ്‌ചയിച്ച്‌, സാമാജികരുടെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ വിദഗ്‌ധരുമായി ചര്‍ച്ചചെയ്‌ത്‌, അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു നിര്‍മിച്ച നിയമമാണ്‌.അതു തള്ളിക്കളയണമെങ്കില്‍ അതേ ജനങ്ങളോടു ചോദിക്കുന്നതല്ലേ ധാര്‍മികമര്യാദ? ഒരു നിയമം നിര്‍മിച്ചാല്‍ അവയുടെ പ്രായോഗിക ഇടപെടലിന്‌ ആവശ്യമായ ചട്ടങ്ങള്‍ മൂന്നുമാസത്തിനകം തയാറാക്കണമെന്നും അടുത്ത മൂന്നുമാസത്തിനുള്ളില്‍ വിഷയസമിതിയില്‍ അവതരിപ്പിക്കണമെന്നുമാണു ചട്ടം. എന്നാല്‍, 1962-ലെ അഗ്നിശമനസേനാ നിയമത്തിന്‌ ഇന്നും ചട്ടങ്ങളില്ല.
അടുത്തിടെ മാത്രമാണു ചട്ടം രൂപീകരിച്ച്‌ നിയമസഭാ ഉപസമിതിക്കു സമര്‍പ്പിച്ചത്‌. ഇതു സംബന്ധിച്ച മറ്റൊരു നിയമം നിര്‍മിക്കാന്‍ സംസ്‌ഥാനസര്‍ക്കാര്‍ ആലോചിക്കുന്നതിനാല്‍ സമിതി അതുപേക്ഷിച്ചു. 56 വര്‍ഷമെടുത്തിട്ടും ഒരു നിയമത്തിന്‌ ചട്ടമുണ്ടാക്കാന്‍ നമ്മുടെ ഉദ്യോഗസ്‌ഥസംവിധാനത്തിനു കഴിഞ്ഞില്ല! ഹൈക്കോടതിതന്നെ രണ്ടുതവണ ഇത്തരം രീതികള്‍ ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയതാണ്‌. എന്നിട്ടും നിയമനിര്‍മാണത്തോടൊപ്പം ചട്ടങ്ങളും അംഗീകരിക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല.
വന്യജീവികളുടെ ആക്രമണത്തിന്‌ ഇരയാകുന്നവര്‍ക്കുള്ള നഷ്‌ടപരിഹാരം, മലയാളം സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല തുടങ്ങി എത്രയോ നിയമങ്ങള്‍ പാസാക്കി. പക്ഷേ ഒന്നിനും ചട്ടങ്ങള്‍ നിര്‍മിക്കാനായിട്ടില്ല.
ഇപ്പോഴും ഓര്‍ഡിനന്‍സുകള്‍ മുറയ്‌ക്കു പുറത്തിറങ്ങുന്നു; ചട്ടങ്ങള്‍ പട്ടങ്ങളായി വായുവില്‍ പാറിനടക്കുന്നു. നിയമനിര്‍മാണങ്ങളുടെ മാമൂലുകള്‍ പരിഷ്‌കരിക്കേണ്ട സമയമായിരിക്കുന്നു. ഭൂരിപക്ഷത്തിന്റെ അടിസ്‌ഥാനത്തിലുള്ള ഏകപക്ഷീയ മേല്‍ക്കൈ സാങ്കേതികമായി ശരിയായിരിക്കാം. പക്ഷേ, അവ പ്രതിഫലിപ്പിക്കുന്നതു ജനകീയനിലപാടുകളെയാണെന്നു പറയാനാവില്ല.

Ads by Google
Thursday 21 Jun 2018 02.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW