Friday, June 07, 2019 Last Updated 31 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 21 Jun 2018 02.52 AM

യോഗ: ജീവിതത്തിന്റെ സ്വര്‍ണത്താക്കോല്‍

uploads/news/2018/06/227314/bft2.jpg

ഇന്നു ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിഷാദരോഗമാണ്‌. അതിനെ നേരിടുന്നതിന്‌ എല്ലാവരും "ഡൗണ്‍ലോഡ്‌" ചെയ്യേണ്ട ഏറ്റവും മികച്ച "ആപ്പ്‌" യോഗയും. ശാസ്‌ത്രം, കായികം, സംസ്‌കാരം തുടങ്ങിയവയ്‌ക്കു കിട്ടുന്ന പ്രോത്സാഹനം യോഗയ്‌ക്കും ആവശ്യമാണ്‌. മതേതരത്വത്തിന്റെ മറവില്‍ അര്‍ഹമായ സ്‌ഥാനം ലഭിക്കാതെപോയ യോഗയ്‌ക്കു പ്രധാനമന്ത്രി നരേന്ദ്ര മോഡി നല്‍കിയ പ്രാധാന്യം ഏറെ പ്രശംസയര്‍ഹിക്കുന്നു.
രാഷ്‌ട്രങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ യോഗ പരിശീലിക്കുന്നത്‌ കൂടുതല്‍ ശാന്തത സൃഷ്‌ടിച്ച്‌ അവരിലെ ഏകാധിപത്യ മനോഭാവം കുറയ്‌ക്കും. യോഗയുടെ ജ്‌ഞാനത്തെ എല്ലാ രാഷ്‌ട്രീയ നേതാക്കളും മുറുകെപ്പിടിച്ചാല്‍ ശരിയായ ലോകസമാധാനം സാധ്യമാകും.
വേദാന്തത്തില്‍ പരാമര്‍ശിക്കുന്ന പരമസത്യത്തെയും ക്വാണ്ടം ഫിസിക്‌സിലെ പ്രാപഞ്ചിക ഊര്‍ജത്തെയും തിരിച്ചറിയാനുള്ള വഴിയാണു യോഗ. യോഗയിലൂടെ വേദാന്തത്തിലെ പരമവും അചിന്തനീയവുമായ സത്യം കുറെക്കൂടി പ്രകടമാകുന്നു. ആന്തരികാശത്തിലേക്കുള്ള യാത്രയുടെ "ലോഞ്ചിങ്‌ പാഡ്‌" ആണു യോഗ. അതു വ്യക്‌തിയിലും സമൂഹത്തിലും ആനന്ദത്തിന്റെ കവാടങ്ങള്‍ തുറന്നുതരും. അഹംബോധത്തില്‍നിന്ന്‌ ഉയര്‍ന്നുവരുന്ന വ്യക്‌തിപരവും സാമൂഹികവുമായ ദുരിതങ്ങള്‍ മായ്‌ച്ചുകളയും. ആരോഗ്യം, ഊര്‍ജസ്വലത തുടങ്ങിയ ഭൗതികഫലങ്ങള്‍ക്കപ്പുറം, യോഗ ആത്മാവിനെ ഉയര്‍ത്തുകയും ഭരണത്തിന്‌ അവശ്യം വേണ്ട സഹജാവബോധത്തെ ഉണര്‍ത്തുകയും ചെയ്യും. പ്രവൃത്തിയില്‍ നൈപുണ്യം വളര്‍ത്തി, പിരിമുറുക്കമില്ലാതെ വെല്ലുവിളികളെ നേരിടാന്‍ സഹായിക്കുന്നതും യോഗ തന്നെ.
നമ്മുടെ പൗരാണിക സര്‍വകലാശാലകളില്‍ യോഗ നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പാഠ്യവിഷയമാക്കിയിരുന്നു. യോഗ ഒരു സാര്‍വലൗകിക ശാസ്‌ത്രമാണ്‌. ഓരോ കുഞ്ഞും ജന്മനാ യോഗിയാണ്‌. മൂന്നു വയസ്‌ വരെ എല്ലാ കുഞ്ഞുങ്ങളും പല യോഗാസനങ്ങളും മുദ്രകളും സ്വയം ചെയ്യുന്നു. കുഞ്ഞിന്റെ ശ്വസനരീതിക്കും മാനസികാവസ്‌ഥക്കും യോഗിയുടേതുമായി വളരെയധികം സാമ്യമുണ്ട്‌. നമ്മളില്‍ ശിശുസഹജമായ സൗന്ദര്യവും നിഷ്‌കളങ്കതയും ഉയര്‍ത്താന്‍ യോഗ സഹായിക്കുന്നു.
സ്വന്തം ഉറവിടത്തിലേക്കുള്ള യാത്രയാണു യോഗ. അവിടെ സൗന്ദര്യവും നിഷ്‌കളങ്കതയും മാത്രമാണുള്ളത്‌. യോഗ ശാരീരിക വ്യായാമം മാത്രമല്ല അത്‌ വ്യക്‌തിയും പ്രപഞ്ചവും തമ്മിലുള്ള ഐക്യത്തിന്റെ തിരിച്ചറിവുകൂടിയാണ്‌. നിരവധി രോഗങ്ങളില്‍നിന്ന്‌ ആശ്വാസം നേടാന്‍ യോഗ സഹായിക്കും. നിമിഷനേരം കൊണ്ടുതന്നെ അത്‌ വ്യക്‌തിത്വത്തില്‍ സന്തുലനം സാധ്യമാക്കുന്നു. സങ്കീര്‍ണമായ മാനസികാവസ്‌ഥകളെയും വാസനകളെയും ശരിയാക്കാന്‍ യോഗയിലൂടെ സാധിക്കും. പല ശാസ്‌ത്രശാഖകളും യോഗയിലൂടെ നിരവധി പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നുണ്ട്‌.ധ്യാനത്തിന്റെ ചെറിയ അനുഭവമുണ്ടാകുമ്പോള്‍ ആളുകളുടെ സ്വഭാവം പൂര്‍ണമായും മാറും. ഇത്‌ ജയിലുകളിലും കണ്ടുവരുന്നു. അടിസ്‌ഥാനപരമായ പ്രാണായാമം പഠിപ്പിച്ചാല്‍ ജയില്‍പ്പുള്ളികളെ വളരെ എളുപ്പത്തില്‍ ധ്യാനാവസ്‌ഥയില്‍ എത്തിക്കാന്‍ കഴിയും. അതോടെ, അവരുടെ സ്വഭാവത്തില്‍ പതഞ്‌ജലി ഉദ്‌ഘോഷിക്കാറുള്ള യോഗയിലെ യമനിയമങ്ങള്‍ പ്രകടമാകും. നമ്മുടെ ഭാവനയ്‌ക്കപ്പുറമായി യോഗയ്‌ക്ക്‌ തീവ്രവാദികളെയുംതടവുകാരെയും സന്യാസിമാരെയും കവികളേയും വരെ മാറ്റാന്‍ കഴിയും. അത്‌ ഹൃദയത്തെ മൃദുലമാക്കുന്നു. ബുദ്ധിയെ മൂര്‍ച്ചയുള്ളതാക്കുന്നു. ആശയക്കുഴപ്പം ഇല്ലാതെയാക്കുന്നു

യോഗാസനങ്ങള്‍ എങ്ങനെ ശരിയായി ചെയ്യാം?

യോഗാസനത്തിലേക്ക്‌ ശരീരത്തെ കൊണ്ടുവരികയോ ശരീരം വലിച്ചുനീട്ടുകയോ ചെയ്യുമ്പോള്‍ ശ്വാസം അകത്തേക്കെടുക്കുക. അതേനിലയില്‍ തുടര്‍ന്ന്‌ സാധാരണ ശ്വാസം എടുത്ത്‌ വിടുക. സാധാരണ നിലയിലേക്കു വരുന്നതോടൊപ്പം ശ്വാസം പുറത്തേക്കു വിടുക. പുറത്തേക്കുവരുന്ന ശ്വാസത്തിലേക്ക്‌ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക. ഇത്‌ നിങ്ങളെ കൂടുതല്‍ കൂടുതല്‍ വിശ്രമാവസ്‌ഥയിലേക്കെത്തിക്കും.
ചില യോഗാസനങ്ങള്‍ ഈ രീതിയില്‍നിന്നു വ്യത്യസ്‌തമാണ്‌. യോഗയുടെ ഉപജ്‌ഞാതാവായ പതഞ്‌ജലി മഹര്‍ഷി "പതഞ്‌ജലി യോഗസൂത്രം" എന്ന ആധികാരിക ഗ്രന്ഥത്തില്‍ യോഗയെ "സ്‌ഥിരസുഖം ആസനം" എന്നു നിര്‍വചിക്കുന്നു. ഒരേസമയം സ്‌ഥിരവും സുഖവുമാകണം ആസനം എന്നാണ്‌ അദ്ദേഹം പറയുന്നത്‌. യോഗാസനങ്ങള്‍ പരിശീലിക്കുന്നതിനായി യോഗാക്ല ാസുകളില്‍ ചേരുന്നതാണു നല്ലത്‌. അപ്പോള്‍ മാത്രമേ ഓരോ ആസനവും ശരിയായ രീതിയില്‍ ചെയ്യുന്നതെങ്ങനെ എന്നു മനസിലാകൂ. അതുവഴി ഫലപ്രദമായ വ്യായാമം മാത്രമല്ല ലഭിക്കുക. മനസിനു സന്തോഷവും ഏകാഗ്രതയും ലഭിക്കും.നന്നായി തുടങ്ങുന്നതിനെ ആശ്രയിച്ചിരിക്കും ആസനങ്ങളുടെ പൂര്‍ണത. യോഗാസനം തുടക്കത്തില്‍ത്തന്നെ ശരിയായി ചെയ്‌താല്‍ ആസനത്തിന്റെ ഒഴുക്കിലേക്കെത്താന്‍ എളുപ്പമാകും. അവബോധത്തോടെ ആസനത്തിലേക്കെത്തുക മാത്രമാണ്‌ ആവശ്യം. എവിടെയാണോ വലിച്ചില്‍ അനുഭവപ്പെടുന്നത്‌, അവിടേക്ക്‌ അവബോധത്തെ കൊണ്ടുവരികയും ശ്വസനഗതി ശ്രദ്ധിക്കുകയും ചെയ്യുക. അതോടൊപ്പം നിങ്ങളുടെ മാനസികാവസ്‌ഥയെപ്പറ്റിയും അവബോധമുണ്ടാകണം. അവബോധം, ശരീരം, ശ്വാസം, മനസ്‌ എന്നിവ തമ്മിലുള്ള ലയനം സാധ്യമാക്കി കൂടുതല്‍ ആഴമേറിയതും പൂര്‍ണവുമായ അനുഭവം നല്‍കുന്നു.

യോഗാസനത്തില്‍ നിലകൊള്ളുക

ആസനത്തിലേക്കെത്തിയതിനുശേഷം വെറുണ്ണത വിട്ടുകൊടുത്തു വിശ്രമിക്കൂ എന്ന്‌ പതഞ്‌ജലി യോഗസൂത്രത്തില്‍ പറയുന്നു. യോഗാസനം എന്തെങ്കിലും ലക്ഷ്യം നേടാനുള്ള തീവ്രപ്രയത്‌നമോ നൂറുശതമാനം ശരിയായി ചെയ്യാനുള്ള വ്യഗ്രതയോ ആകേണ്ടതില്ല. കുറ്റമറ്റ രീതിയില്‍ ചെയ്യുക എന്ന ആശയത്തില്‍നിന്നു മാറി "ശരിയായ" രീതിയില്‍ ചെയ്യുക എന്ന മനോഭാവം അവലംബിക്കുന്നതാണു നല്ലത്‌. ശ്വാസത്തിലേക്കുള്ള ചെറിയൊരു ശ്രദ്ധയും ചെറുപുഞ്ചിരിയും അതിനു സഹായിക്കും. യോഗാസനത്തില്‍ അതേപടി തുടരുന്നതിനോടൊപ്പം പുഞ്ചിരിക്കൂ. ദീര്‍ഘവും ആഴവുമേറിയ ശ്വാസമെടുത്ത്‌ പുറത്തേക്കുവിടൂ.

യോഗാസനത്തില്‍നിന്ന്‌ പുറത്തേക്ക്‌

യോഗാസനത്തിലേക്കു കടക്കുന്നതുപോലെതന്നെ പ്രധാനമാണ്‌ അതില്‍നിന്നു ശരിയായരീതിയില്‍ പുറത്തുവരുന്നതും. അവബോധത്തോടെ, ഓരോ ശരീരചലനത്തെയും ശ്വാസത്തോടൊപ്പം സമന്വയിപ്പിച്ച്‌ സാവധാനം ആസനത്തില്‍നിന്നു പുറത്തുവന്ന്‌ വിശ്രമത്തിലേക്കു പ്രവേശിക്കുക. ആസനത്തിലേക്കു കടക്കുമ്പോള്‍ പിന്തുടര്‍ന്ന അതേ ഘട്ടങ്ങള്‍ വിപരീതക്രമത്തില്‍ പിന്തുടരുക. യോഗാസനങ്ങള്‍ പരിശീലിക്കുന്നതിനുമുമ്പ്‌ ശരീരം ചൂടുപിടിപ്പിക്കാന്‍ വ്യായാമങ്ങള്‍ ചെയ്യണം. യോഗ കഴിഞ്ഞ്‌ എഴുന്നേല്‍ക്കുന്നതിനു മുമ്പ്‌ ശരീരം തണുക്കുകയും വേണം. ശവാസനത്തില്‍ കിടന്നിട്ടോ യോഗനിദ്ര ചെയ്‌തിട്ടോ യോഗാ പരിശീലനം അവസാനിപ്പിക്കുക.
യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ മനസിലുണ്ടാകേണ്ട അടിസ്‌ഥാനപരമായ കാര്യങ്ങളാണിവ. അടിസ്‌ഥാനാപരമായ ചില ആസനങ്ങള്‍ പരിശീലിച്ച്‌ ഉറപ്പിച്ചതിനുശേഷം ആസനപരിശീലനത്തിന്‌ ഈ നിര്‍ദേശങ്ങള്‍ സ്വീകരിക്കുക. യോഗ പരിശീലിക്കുകയും അതിലൂടെ ആന്തരികശാന്തി അനുഭവിക്കുകയും ചെയ്‌തിട്ടുള്ളവര്‍ക്ക്‌ ഈ ദിവസം വളരെ പ്രധാനപ്പെട്ടതാണ്‌. വിദ്യാഭ്യാസ മേഖലയില്‍ യോഗപരിശീലനം നടത്തുന്നത്‌ യുവാക്കള്‍ക്ക്‌ ഏറെ പ്രയോജനപ്പെടും. അക്രമരഹിത സമൂഹം ഓരോ കുട്ടിക്കും അവകാശപ്പെട്ടതാണ്‌. യോഗ അതിനു സഹായകമാകും. അതുകൊണ്ടുതന്നെ യോഗയ്‌ക്ക്‌ ആഗോള അംഗീകാരം സാധ്യമാക്കിയ പ്രധാനമന്ത്രിയോടു നന്ദി പറയുന്നു.

ശ്രീ ശ്രീ രവിശങ്കര്‍

Ads by Google
Thursday 21 Jun 2018 02.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW