Tuesday, November 20, 2018 Last Updated 26 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Jun 2018 01.36 AM

ഒളിപ്പിക്കുന്ന നിയമലംഘനങ്ങള്‍

uploads/news/2018/06/227075/editorial.jpg

സ്വാധീനമുള്ളവര്‍ക്ക്‌ പ്രതികൂലമായ കാര്യങ്ങള്‍ മൂടിപ്പൊതിഞ്ഞു വയ്‌ക്കപ്പെടുന്നത്‌ കേരളത്തില്‍ പുതിയ സംഭവമല്ല. അത്തരമൊരു സംഭവമാണ്‌ പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഉടമസ്‌ഥതയിലുള്ള വാട്ടര്‍ തീം പാര്‍ക്കിന്‌ സമീപമുണ്ടായ ഉരുള്‍പൊട്ടല്‍ മൂടിവയ്‌ക്കപ്പെട്ടത്‌. കോഴിക്കോട്‌ കക്കാടംപൊയിലില്‍ അതീവ പരിസ്‌ഥിതി ലോലപ്രദേശത്താണ്‌ എം.എല്‍.എയുടെ ഉടമസ്‌ഥതയില്‍ വാട്ടര്‍ തീം പാര്‍ക്ക്‌ പ്രവര്‍ത്തിക്കുന്നത്‌. കുത്തനെയുള്ള മലയുടെ മുകളിലാണ്‌ ഈ പാര്‍ക്ക്‌ സ്‌ഥിതി ചെയ്യുന്നത്‌. മലയുടെ മുകളില്‍ വലിയ തോതില്‍ വെള്ളം സംഭരിച്ചാണ്‌ തീം പാര്‍ക്കിന്റെ പ്രവര്‍ത്തനം. ഈ പാര്‍ക്കിന്റെ താഴെയാണ്‌ ഉരുള്‍പൊട്ടലുണ്ടായത്‌. പാര്‍ക്കിലേക്ക്‌ വെള്ളമെത്തിക്കാന്‍ ഉണ്ടാക്കിയിരിക്കുന്ന കുളത്തിലേക്കും കല്ലും മണ്ണും ഒക്കെ വീഴുകയും ചെയ്‌തു. കോഴിക്കോട്‌ ജില്ലയിലെ തന്നെ കരിഞ്ചോലമലയിലെ കട്ടിപ്പാറയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടലിനു പിന്നാലെയുണ്ടായ ഈ ഉരുള്‍പൊട്ടല്‍ മൂടിവയ്‌ക്കപ്പെട്ടെങ്കിലും പുറത്തറിഞ്ഞു. വില്ലേജ്‌ ഓഫീസര്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കിയതിനെ തുടര്‍ന്ന്‌ പാര്‍ക്കിന്റെ പ്രവര്‍ത്തനം തത്‌കാലത്തേക്ക്‌ നിര്‍ത്തി വച്ചിരിക്കുകയാണ്‌.

പരിസ്‌ഥിതി ലോലപ്രദേശമായ ഇവിടെ വാട്ടര്‍ തീം പാര്‍ക്ക്‌ ഉയര്‍ത്തുന്ന പാരിസ്‌ഥിതികവും സാമൂഹികവുമായ ഭീഷണികളെക്കുറിച്ച്‌ മുന്‍പ്‌ പലവട്ടം മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളതാണ്‌. പരിസ്‌ഥിതി ലോലപ്രദേശമായ ഇവിടെ ഇത്തരം ഒരു പാര്‍ക്കിന്‌ എങ്ങനെ അനുമതി ലഭിച്ചു എന്നത്‌ ദുരൂഹമാണ്‌. ഇതേക്കുറിച്ച്‌ വിശദമായ അന്വേഷണം അത്യാവശ്യമാണ്‌. കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്‌ഥലത്ത്‌ വലിയ ജലസംഭരണി ഉണ്ടായിരുന്നതാണ്‌ വലിയ ജലപ്രവാഹത്തിനിടയാക്കിയത്‌ എന്നു സൂചനയുണ്ട്‌. അതേ സാഹചര്യമാണ്‌ എം.എല്‍.എയുടെ പാര്‍ക്കിലും ഉള്ളത്‌. ആ മലഞ്ചെരുവിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാമായിരുന്ന ഉരുള്‍പൊട്ടല്‍ പുറത്തറിയാതിരിക്കാന്‍ നിയമസഭാംഗമായ ഒരാള്‍ ശ്രമിച്ചു എന്നത്‌ അതീവ ഗൗരവതരമാണ്‌. അങ്ങനെയൊരാള്‍ക്ക്‌ ഒരു ജനപ്രതിനിധിയാണെന്ന്‌ എങ്ങനെ പറയാനാവും? ഇങ്ങനെയൊരു സംഭവം ഉണ്ടായ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിച്ച്‌ തുടര്‍ നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവാദിത്വം എം.എല്‍.എയ്‌ക്ക്‌ ഉണ്ടായിരുന്നു. അദ്ദേഹം അതു ചെയ്യാതിരുന്നതിനാല്‍ വില്ലേജ്‌ ഓഫീസര്‍ മുതലുള്ള ഉദ്യോഗസ്‌ഥര്‍ക്ക്‌ ഇടപെടേണ്ടിവന്നു. അന്വേഷിക്കാനെത്തിയ മൈനിങ്‌ ആന്‍ഡ്‌ ജിയോളജി ഉദ്യോഗസ്‌ഥരാകട്ടെ മൂടല്‍ മഞ്ഞിന്റെ പേരുപറഞ്ഞ്‌ അന്വേഷിക്കാതെ മടങ്ങുകയും ചെയ്‌തു. ജനങ്ങളുടെ ജീവനും സ്വത്തും സംബന്ധിച്ച്‌ ഇവരുടെയൊക്കെ ഉത്തരവാദിത്വബോധം എന്താണ്‌?

തീം പാര്‍ക്ക്‌ സംബന്ധിച്ച്‌ മംഗളമടക്കമുള്ള മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ പാര്‍ക്ക്‌ പൂര്‍ണ സുരക്ഷിതമാണെന്നായിരുന്നു ജില്ലാ കലക്‌ടര്‍ അധ്യക്ഷനായുള്ള സമിതി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നത്‌. പാര്‍ക്ക്‌ സ്‌ഥിതിചെയ്യുന്ന സ്‌ഥലം പരിസ്‌ഥിതി ലോലമല്ലെന്നും ഈ സമിതി റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. എന്നാല്‍, ഈ റിപ്പോര്‍ട്ട്‌ ശാസ്‌ത്രീയ പരിശോധന നടത്തി ഉണ്ടാക്കിയതല്ലെന്ന്‌ ഇതേ കലക്‌ടര്‍ ഇപ്പോള്‍ പറയുന്നു. ശാസ്‌ത്രീയ പരിശോധന നടത്താന്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ കഴിവില്ലെന്നാണ്‌ കലക്‌ടര്‍ പറയുന്നത്‌. എന്ത്‌ ഉത്തരവാദിത്വബോധമാണ്‌ ഈ സമിതിക്ക്‌ ഉണ്ടായിരുന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഒന്നും പഠിക്കാതെ പാര്‍ക്കിന്‌ അനുകൂലമായി ഈ സമിതി റിപ്പോര്‍ട്ട്‌ നല്‍കാനിടയാക്കിയ സാഹചര്യം സമഗ്രമായി അന്വേഷിക്കണം. ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയങ്ങളില്‍ ഇതാണ്‌ ഉന്നതോദ്യോഗസ്‌ഥരുടെ പോലും സമീപനമെങ്കില്‍ കേരളത്തിന്റെ കാര്യം ഹാ, കഷ്‌ടം എന്നേ പറയേണ്ടൂ.

Ads by Google
Wednesday 20 Jun 2018 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW