Friday, June 21, 2019 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 20 Jun 2018 01.34 AM

വായന: മനുഷ്യര്‍ക്ക്‌ ലഭിച്ച അത്ഭുതസിദ്ധി

uploads/news/2018/06/227074/bft1.jpg

ഒരു ദിവസം ഒരു മണിക്കൂറെങ്കിലും വായിക്കാത്ത മലയാളി ചുരുക്കമായിരിക്കുമെന്നാണ്‌ എന്റെ നിഗമനം. പത്രം, വാരിക, കഥാപുസ്‌തകങ്ങള്‍ എന്നിവയാണു വായിക്കപ്പെടുന്ന പ്രധാന മാധ്യമങ്ങള്‍. ഇതു മൂന്നും െകെയിലെടുക്കാത്തവരും വായിക്കുന്നുണ്ട്‌. ഇ വായന. വാട്ട്‌സ്‌അപ്പില്‍ വരുന്ന ചെറുകുറിപ്പുകള്‍ മതിമറന്ന്‌ വായിച്ചിരിക്കുന്നവരെയും നമുക്ക്‌ വായനക്കാരെന്നു വിളിക്കാം. ഓരോ വായനയിലൂടെയും ലഭിക്കുന്നത്‌ ഓരോതരം അറിവാണ്‌. ഓരോരുത്തരും അവരവരുടെ അഭിരുചി അനുസരിച്ചായിരിക്കുമല്ലോ വായനാ വിഷയം തെരഞ്ഞെടുക്കുന്നതും.
അറിവിന്റെ പ്രാധാന്യത്തെപറ്റി ഭഗവത്‌ ഗീതയില്‍ പറയുന്നത്‌ ഇപ്രകാരമാണ്‌ -നഹി ജ്‌ഞനേന സദ്രശ്യം പവിത്രം ഹ: വിദ്യതേ. മനസിലെ മാലിന്യങ്ങള്‍ അകറ്റാന്‍ അറിവിനു പകരം മറ്റൊരുപായമില്ല. വായനയിലൂടെ നേടുന്ന അറിവാണ്‌ ഏറ്റവും വലിയ ആയുധം. ബെര്‍ത്തോള്‍ഡ്‌ ബ്രെഹ്‌ത്‌ പറഞ്ഞത്‌ "വിശക്കുന്ന മനുഷ്യാ, പുസ്‌തകം െകെയിലെടുക്കൂ. അതൊരു ആയുധമാണ്‌"- എന്ന ശക്‌തമായ വാക്കുകളാണ്‌. ഒരുപക്ഷേ, വാളല്ലെന്‍ സമരായുധം എന്ന്‌ നമ്മുടെ പ്രിയ കവി വയലാറിനെക്കൊണ്ട്‌ എഴുതിച്ചതും ഇത്തരമൊരു ചിന്താഗതി ആയിരിക്കണം.
വായന മനുഷ്യര്‍ക്കു മാത്രം സാധ്യമാകുന്ന ഒരത്ഭുത സിദ്ധിയാണ്‌. സമൂഹത്തിന്റെ വളര്‍ച്ചയുടെ സമ്പന്നമായ ഒരു ഘട്ടത്തിലാണ്‌ മനുഷ്യര്‍ ആശയവിനിമയത്തിന്‌ അക്ഷരങ്ങളും അക്ഷരങ്ങള്‍ ചേര്‍ത്ത്‌ വാക്കുകളും വാക്കുകളിലൂടെ വാചകങ്ങളും ഉണ്ടാക്കിത്തുടങ്ങിയത്‌. സംസാരഭാഷ രേഖപ്പെടുത്താന്‍ മാര്‍ഗം കണ്ടെത്തിയതോടെ മനുഷ്യരുടെ വായനയും ആരംഭിക്കുകയായിരുന്നു. ഇവിടെ വായിക്കാന്‍ പഠിക്കുന്നതിനു മുന്‍പു തന്നെ എഴുതാന്‍ മനഷ്യന്‍ പഠിച്ചു എന്നുവേണം കരുതാന്‍. മനുഷ്യസഹജമായ സൗന്ദര്യാവിഷ്‌കരണ കൗതുകത്തില്‍ നിന്നാവാം എഴുത്തിന്റെ ഉത്ഭവം.
കല്ലിലും മണ്ണിലും ആദിമ മനുഷ്യര്‍ എഴുത്തു തുടങ്ങി. ഗുഹാമുഖങ്ങളില്‍ പറയാനുള്ള ആശയങ്ങള്‍ രേഖപ്പെടുത്തി. ചിത്രലിപികളില്‍നിന്ന്‌ അക്ഷരങ്ങളിലേക്കു മാറുന്നതോടെ ആശയവിനിമയം കൂടുതല്‍ ഫലവത്തായി. ആദ്യകാലങ്ങളില്‍ മതപരമോ രാഷ്‌ട്രീയമോ ആയ കാര്യങ്ങള്‍ എഴുതി. പില്‍ക്കാലത്ത്‌ മണ്‍കട്ടകളില്‍ എഴുത്ത്‌ തുടങ്ങിയതോടെ വായനയ്‌ക്ക്‌ പൊതു മാര്‍ഗങ്ങളുണ്ടായി. മൃഗത്തോലിലും മരപ്പലകയിലുമെഴുത്ത്‌ തുടര്‍ന്നപ്പോള്‍ എഴുതിയത്‌ െകെമാറാനും കാത്തുസൂക്ഷിക്കാനും എളുപ്പമായി. പിന്നീടത്‌ മരത്തോലിലും ഓലകളിലുമായി. ചൊല്ലിക്കേള്‍പ്പിച്ച കാവ്യങ്ങളും കഥകളും വായനയ്‌ക്കായി പുതിയ മാര്‍ഗം തേടിയതിങ്ങനെയാണ്‌. പന്ത്രണ്ടായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പാണ്‌ അക്ഷരലിപികള്‍ മണ്‍കട്ടയിലേക്കും പിന്നീട്‌ ക്രമേണ ഓലകളിലേക്കുമൊക്കെ പടര്‍ന്നു കയറിയത്‌. വായന ശീലമാക്കിയതോടെയാണ്‌ മനുഷ്യന്‍ മറ്റുള്ള പ്രദേശങ്ങളിലെ മനുഷ്യജീവിതത്തെക്കുറിച്ച്‌ അറിഞ്ഞുതുടങ്ങിയത്‌. പരസ്‌പരം അറിയുന്നതിനും മനസിലാക്കുന്നതിനും വായന കാരണമായി.
പുതിയ തലമുറയ്‌ക്കു വായനാശീലം കുറയുന്നുവെന്നു വാദം ഉയരുമ്പോള്‍ തന്നെ മലയാള പത്രങ്ങളുടെ വായനക്കാര്‍ മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ച്‌ കൂടുതലാണെന്ന പഠന റിപ്പോര്‍ട്ട്‌ പുറത്തു വന്നിരിക്കുന്നു. പുതിയ തലമുറക്കാര്‍ എല്ലാം ഇ- വായനക്കാരാണെങ്കില്‍ എങ്ങനെയാണ്‌ മലയാള പത്രങ്ങളുടെ വായന കൂടിയത്‌? അപ്പോള്‍ പുതുതലമുറക്കാര്‍ മലയാള പത്രങ്ങള്‍ വായിക്കുന്നുണ്ടെന്നാണു വിലയിരുത്തേണ്ടത്‌.
പി.എന്‍. പണിക്കര്‍ എന്ന അക്ഷര മഹര്‍ഷി

കേരളത്തിന്റെ വായനാ വളര്‍ച്ചയെക്കുറിച്ച്‌ എഴുതുമ്പോള്‍ കേരളത്തിലെ വായനശാലകളെക്കുറിച്ചും ഗ്രന്ഥശാലാ സംഘത്തിന്റെ സ്‌ഥാപകന്‍ പി.എന്‍. പണിക്കര്‍ എന്ന അക്ഷര മഹര്‍ഷിയെക്കുറിച്ചും പറയാതെപോകാനാകില്ല. മലയാളിയുടെ വായനയില്‍ വിപ്ലവം സൃഷ്‌ടിച്ച മനുഷ്യന്‍. വായനശാലകള്‍ പടുത്തുയര്‍ത്തി കേരളം അങ്ങോളമിങ്ങോളം, പ്രോമിത്യൂസിനെപ്പോലെ അറിവിന്റെ തീ കൊണ്ടുചെന്നയാള്‍. പുസ്‌തകങ്ങളിലൂടെ സാംസ്‌കാരിക നവോത്ഥാനം സാധ്യമാക്കിയ ആള്‍. പുതുവായില്‍ നാരായണപ്പണിക്കര്‍ എന്ന പി.എന്‍. പണിക്കര്‍. ജൂണ്‍ 19 വായനാദിനമായി കേരളമൊട്ടുക്കും സര്‍ക്കാറിന്റെയും സാമൂഹ്യസംഘടനകളുടെയും നേതൃത്വത്തില്‍ നടത്തിവരികയാണ്‌. 1995 ജൂണ്‍ 19ന്‌ അന്തരിച്ച അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും സ്‌മരിക്കുന്നതിന്‌ വേണ്ടിയാണ്‌ വായനാദിനം ആചരിക്കണമെന്ന്‌ ബന്ധപ്പെട്ടവര്‍ തിരുമാനിച്ചത്‌.
ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ജനിച്ച പി.എന്‍. പണിക്കര്‍ മലയാളം ഹയര്‍ പരീക്ഷ പാസായശേഷം നീലംപേരൂര്‍ മിഡില്‍ സ്‌കൂള്‍ അധ്യാപകനായി. ഇദ്ദേഹത്തിന്റെ ശ്രമഫലമായി ജന്മദേശത്തു സ്‌ഥാപിതമായ വായനശാലയാണ്‌ പില്‍ക്കാലത്ത്‌ സനാതന ധര്‍മവായനശാലയായി പ്രസിദ്ധമായത്‌. സനാതന ധര്‍മവായനശാലയുടെയും പി.കെ. മെമ്മോറിയന്‍ ഗ്രന്ഥശാലയുടെയും സ്‌ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു. 1945-ല്‍ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാ സംഘമാണ്‌ 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്‌. സ്‌കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍തന്നെ സര്‍ക്കാരില്‍നിന്ന്‌ അനുവാദം നേടി പണിക്കര്‍ മുഴുവന്‍സമയ ഗ്രന്ഥശാലാ പ്രവര്‍ത്തകനായി. "വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക" എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച്‌ സംഘടിക്കപ്പെട്ട സാംസ്‌കാരിക ജാഥയ്‌ക്കും അദ്ദേഹം നേതൃത്വം നല്‍കി. ദീര്‍ഘകാലം കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറിയായും അതിന്റെ മുഖപത്രമായ ഗ്രന്ഥാലോകത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ച പണിക്കര്‍ 1977-ലാണു വിരമിച്ചത്‌. 1978 മുതല്‍ അനൗപചാരിക വിദ്യാഭ്യാസവികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്റെ സെക്രട്ടറിയായും സേവനമനുഷ്‌ഠിച്ചു.കാന്‍ഫെഡ്‌ ന്യൂസ്‌, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു.
വായനയുടെ ചരിത്രത്തിലെ നിര്‍ണായക ഘട്ടം ആരംഭിക്കുന്നത്‌ കടലാസും അച്ചടിയും കണ്ടുപിടിച്ചതോടെയാണ്‌. ഋഷികളില്‍ നിന്നും പണ്ഡിതന്മാരില്‍ നിന്നും വായന സാധാരണക്കാരിലേക്ക്‌ നീങ്ങിയത്‌ അങ്ങനെയാണ്‌. നുഷ്യരുടെ ബുദ്ധിപരമായ വളര്‍ച്ചയും ചിന്താശക്‌തിയും അപ3്ര
ഗഥനശേഷിയും വായനയിലൂടെയാണ്‌ വികസിക്കുന്നത്‌. വായന തലച്ചോറിന്റെ വികാസം വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല. ബുദ്ധിയേയും ഭാവനയേയും വികസിപ്പിക്കുന്ന വായന, കുട്ടികളില്‍ ശീലമാക്കാന്‍ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധിക്കേണ്ടതാണ്‌. ഇന്നത്തെ മിക്ക രക്ഷാകര്‍ത്താക്കളും പാഠപുസ്‌തകള്‍ മാത്രം വായിക്കാനാണ്‌ കുട്ടികളെ നിര്‍ബന്ധിക്കുന്നത്‌. അതിനപ്പുറമുള്ള പരന്ന വായനയാണ്‌ കുട്ടിയുടെ സ്വഭാവിക വ്യക്‌തിത്വത്തെ വളര്‍ത്തുന്നത്‌. ചെരുപ്പ്‌ കുത്തിയില്‍നിന്ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ആയി മാറിയ എബ്രഹാം ലിങ്കനും രാമേശ്വേരത്തെ സാധാരണ കുടുംബത്തില്‍ ജനിച്ച്‌ ഇന്ത്യന്‍ പ്രസിഡന്റ്‌ ആയി മാറിയ അബ്‌ദുള്‍ കലാമും തങ്ങളുടെ വിജയ ഘടകത്തിലൊന്നായി പറയുന്നത്‌ പരന്ന വായനയാണ്‌. ഇന്ന്‌ ഇ-വായനയുടെ കാലമാണ്‌. ലോകത്തെവിടെയിരുന്നും വായിക്കാം. അറിവുകള്‍ സൂക്ഷിച്ചുവയ്‌ക്കാനും ഫലപ്രദമായി ഉപയോഗിക്കാനും സാധിക്കുന്നു. സാങ്കേതിക വിദ്യയുടെ വളര്‍ച്ചയില്‍ അഭിമാനിക്കുമ്പോള്‍ തന്നെ പുസ്‌തകവായനയുടെ പ്രാധാന്യം കുറച്ചുകാണാനാകില്ല. പുസ്‌തകങ്ങളും വായനയും പരസ്‌പര പൂരകങ്ങളാണ്‌. ഒന്നില്ലെങ്കില്‍ മറ്റേതിന്‌ നിലനില്‍പ്പില്ല. നമുക്ക്‌ അന്യമായിപോകുന്ന വായനശാല സംസ്‌കാരത്തെക്കുറിച്ച്‌ നാം ബോധവാന്മാരാകേണ്ടിയിരിക്കുന്നു. വായിച്ചു വളരുന്നതും ചിന്തിച്ചു പ്രവര്‍ത്തിക്കുന്നതുമായ ഒരു സമൂഹത്തെ സൃഷ്‌ടിച്ചെടുക്കാന്‍ കഴിയട്ടെയെന്നു പ്രത്യാശിക്കാം.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 20 Jun 2018 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW