Sunday, June 23, 2019 Last Updated 23 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Jun 2018 03.16 PM

കൈയെത്തും ദൂരത്ത് കണ്ണുംനട്ട്....

''ഗേളിയായി വെള്ളിത്തിരയില്‍ തുടക്കം കുറിച്ച നദിയാ മൊയ്തു 34 വര്‍ഷത്തിനിപ്പുറം നീരാളിയിലൂടെ വീണ്ടും മോഹന്‍ലാലിന്റെ നായികയാകുന്നു...''
uploads/news/2018/06/226907/NADIAMOIDU190618.jpg

കണ്ണെത്താദൂരം നീളുന്ന മുംബൈയിലെ ബാന്ദ്ര എന്ന തുറമുഖപട്ടണം. അവിടെ പാലി ഹില്ലിലെ ഫ്‌ളാറ്റിലിരുന്ന് ചിന്നിച്ചിതറുന്ന മഴത്തുള്ളികള്‍ക്കിടയിലൂടെ നഗരക്കാഴ്ചകളാസ്വദിക്കുന്ന മലയാളിയുടെ പ്രിയപ്പെട്ട ഗേളി, പ്രിയതാരം, നദിയാ മൊയ്തു. നഗരത്തിന്റെ മായാക്കാഴ്ചകള്‍ക്കിടയില്‍ ഒരാത്മഗതം: ജനിച്ചു വളര്‍ന്നതുകൊണ്ടാവണം, ഒരുമറാത്തി സിനിമയില്‍ അഭിനയിക്കണമെന്നുണ്ട്..

സറീനയില്‍ നിന്ന് നദിയയിലേക്കുള്ള ദൂരം താണ്ടി ഒരു ചെറുനോവായി മാറിയ ഗേളിയായി, ശ്യാമയായി മാറിയ നദിയ അന്നുമിന്നും ചെറുപ്പമാണ്. ആയിരം കണ്ണുകള്‍ കൊണ്ട് പ്രേക്ഷകെര, വന്ന് കണ്ട് കീഴടക്കിയ നടി 34 വര്‍ഷത്തിനു ശേഷം ആദ്യനായകന്‍ മോഹന്‍ലാലിന്റെ നായികയാകുകയാണ്, നീരാളിയില്‍.

34 വര്‍ഷം കഴിഞ്ഞു മോഹന്‍ലാലിന്റെ നായികയായി വീണ്ടും... എന്തു തോന്നുന്നു ?


എന്റെ ആദ്യത്തെ നായകനാണ് ലാലേട്ടന്‍. സത്യത്തില്‍ ഇത്രയും കാലത്തിനു ശേഷം എനിക്കിങ്ങനൊരു ഓഫര്‍ വന്നപ്പോള്‍ സന്തോഷം തോന്നി. ലാലേട്ടനൊപ്പം ഒരു സിനിമ മനസ്സു കൊണ്ടാഗ്രഹിച്ചതാണ്.

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് ചെയ്യുമ്പോള്‍ എനിക്ക് ലാലേട്ടനെ ശരിക്കറിയുക പോലുമില്ല. ഇപ്പോഴാണെങ്കില്‍ കംഫര്‍ട്ട് സോണ്‍ കൂടിയിട്ടുണ്ട്. അന്ന് ലാലേട്ടന്റെയും കരിയറിന്റെ തുടക്കമല്ലേ. ലാലേട്ടനെ പോലൊരഭിനേതാവിനൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്നത് തന്നെ വലിയ ബ്ലെസിംഗാണ്.

നീരാളിയുടെ ഓഫര്‍ വന്നപ്പോള്‍ തന്നെ എക്‌സൈറ്റ്ഡായി. ഇതില്‍ ഞാന്‍ ലാലേട്ടന്റെ ഭാര്യയാണ്. ഒപ്പമഭിനയിക്കുന്നു എന്നതിലുപരി ലാലേട്ടന്റെ നായികവേഷം ചെയ്യുന്നു എന്നതാണ് ത്രില്‍. ഇടയ്ക്ക് ലാലേട്ടനെ ചില ചടങ്ങുകളിലും എണ്‍പതുകളിലെ ആര്‍ട്ടിസ്റ്റുകളുടെ പുനഃസമാഗമത്തിലും കണ്ടിരുന്നു.

അതു കൊണ്ട് ഗ്യാപ് തോന്നിയില്ല. ലൊക്കേഷനില്‍ ആദ്യം കണ്ടപ്പോള്‍ ഹലോാ പറഞ്ഞു, പിന്നെ ലാലേട്ടന്‍ പഴയതില്‍ നിന്ന് ഒരുപാട് സ്ലിമ്മായല്ലോാഎന്നു ഞാന്‍ പറഞ്ഞു. സ്വതസിദ്ധമായ ചിരിയായിരുന്നു മറുപടി. പിന്നെ കുറെ കുടുംബവിശേഷങ്ങള്‍ പങ്കുവച്ചു.

സിനിമയിലേക്കെത്തിയത് ?


സിനിമയിലെത്തുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഫാസിലങ്കിളിന്റെ സഹോദരങ്ങളുമായി അച്ഛന് അടുപ്പമായിരുന്നു. അവരൊരിക്കല്‍ മുംബൈയിലെത്തി മടങ്ങിയ സമയത്താണ് നോക്കെത്താ ദൂരത്തിലെ ഗേളിക്ക് വേണ്ടി ഫാസിലങ്കിള്‍ പുതുമുഖങ്ങളെ തിരക്കുന്നത്. എനിക്ക് ഗേളിയുടെ സാമ്യമുണ്ടെന്ന് ഫാസിലങ്കിളിനോടവര്‍ പറഞ്ഞു. അങ്ങനെ നോക്കെത്താ ദൂരത്തിലേക്കെത്തി, തീര്‍ത്തും അപ്രതീക്ഷിതമായി.

പേരുമാറ്റത്തിനു പിന്നില്‍?


സറീന വഹാബ് മലയാളത്തില്‍ സജീവമായിരുന്നു. അതേ പേരില്‍ മറ്റൊരു നായിക വേണ്ടെന്ന് തോന്നിയതു കൊണ്ടാവണം ഫാസിലങ്കിളിന്റെ സഹോദരന്‍ നാസറിന്റെ ഭാര്യ എനിക്ക് നദിയ എന്ന പേരു നിര്‍ദ്ദേശിച്ചത്. എല്ലാം ദൈവാനുഗ്രഹം.

ആദ്യ സിനിമയില്‍ പത്മിനിയും മോഹന്‍ലാലും... ?


ആ സിനിമ തീരാറായപ്പോഴാണ് അതിലഭിനയിച്ച പലരുടെയും സിനിമകള്‍ ഞാന്‍ കണ്ടു തുടങ്ങിയത്. അപ്പോഴാണ് അവരുടെ വലിപ്പമറിഞ്ഞത്. ഉമ്മറങ്കിള്‍, പത്മിനി ആന്റി, നെടുമുടി സാര്‍... പത്മിനിയാന്റിക്കൊപ്പം അഭിനയിക്കുക എന്നത് വലിയൊരു കാര്യമായിരുന്നു. ആന്റിയുടെ ഹിന്ദി സിനിമകള്‍ കണ്ടിട്ടുണ്ടായിരുന്നു. അച്ഛനുമമ്മയും ആന്റിയുടെ ആരാധകരുമായിരുന്നു. ലാലേട്ടന്റെ ഒരു സിനിമ പോലും കാണാതെയാണ് അദ്ദേഹത്തോടൊപ്പം അഭിനയിച്ചത്.

അതു കഴിഞ്ഞാണ് സത്യത്തില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളൊക്കെ കണ്ടത്. മുന്‍പ് സിനിമകളൊന്നും കാണാഞ്ഞതു കൊണ്ട് അന്ന് എക്‌സൈറ്റ്‌മെന്റൊന്നും തോന്നിയില്ല. സിനിമ എന്നിലേക്ക് യാദൃച്ഛികമായി വന്നതാണ്. ഫാസിലങ്കിള്‍ ഫാമിലി ഫ്രണ്ടാണ്, അസോസിയേറ്റായ സിദ്ദിഖും ലാലും മിമിക്രി വേദികളില്‍ നിറഞ്ഞു നില്‍ക്കുന്നവരും.

ജോളി സെറ്റായിരുന്നത്. കംഫര്‍ട്ട് ലെവല്‍ കൂടുതലായിരുന്നതു കൊണ്ട് സ്‌കൂളില്‍ നാടകത്തിലഭിനയിക്കും പോലെയേ തോന്നിയുള്ളൂ. സിനിമയെക്കുറിച്ച് വലിയ വിവരമില്ലാത്തതു കൊണ്ടും സിനിമയിലെത്തണമെന്ന ആഗ്രഹമില്ലാഞ്ഞതു കൊണ്ടും ഞാനത് വളരെ ലൈറ്റായി മാത്രമേ കരുതിയിരുന്നുള്ളൂ.

uploads/news/2018/06/226907/NADIAMOIDU190618a.jpg

സിനിമ സീരിയസ്സായി കണ്ടു തുടങ്ങിയത് ?


നോക്കെത്താ ദൂരത്ത് കഴിഞ്ഞ് ആറു മാസത്തോളം ഞാന്‍ കോളജില്‍ പോയി. ആയിടെ കുറെ സിനിമകള്‍ വന്നു. ചിലതൊക്കെ നല്ല ഓഫറുകളുമായിരുന്നു. പ്രേക്ഷകര്‍ക്കെന്നെ ഇഷ്ടമാകുമെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് സിനിമയില്‍ സജീവമായത്.

ആദ്യ സിനിമ ഹിറ്റായ ശേഷം മമ്മുക്ക, റഹ്മാന്‍, മുകേഷ് തുടങ്ങി അന്നത്തെ മുന്‍നിരക്കാരുടെ നായികയാകാന്‍ ഭാഗ്യമുണ്ടായി. ഇതിനിടെ തമിഴ്, തെലുങ്ക് സിനിമകളും ചെയ്തു. എങ്കിലും നീണ്ടനാള്‍ സിനിമയിലുണ്ടാവില്ലെന്ന് എനിക്ക റിയാമായിരുന്നു. 1984ല്‍ സിനിമയിലെത്തി. 1988ല്‍ വിവാഹം കഴിച്ച് രംഗം വിട്ടു.

തിളങ്ങി നിന്ന സമയത്താണ് ബ്രേക്ക്. അതില്‍ വിഷമം തോന്നിയില്ലേ ?


ഒരിക്കലുമില്ല. ഒരിക്കലും റിഗ്രററ്റ് ചെയ്യാറേയില്ല. കിട്ടിയാല്‍ കിട്ടി, വിധിച്ചില്ലെങ്കില്‍ കിട്ടില്ല എന്നുള്ള വിശ്വാസത്തിലാണ് എന്നും ജീവിച്ചത്. സിനിമയിലെത്തും മുമ്പേ ഞാനെന്റെ ലൈഫ് പാര്‍ട്‌നറെ കണ്ടുമുട്ടിയിരുന്നു, ശിരീഷ് ഗോഡ്‌ബോലെ.

എനിക്ക് 17 വയസ്സുള്ളപ്പോള്‍ തുടങ്ങിയ അടുപ്പം. പൊതുസുഹൃത്തുക്കള്‍ വഴിയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. സൗഹൃദത്തില്‍ തുടങ്ങി പ്രണയമായതാണ്. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത ആള്‍.

ഞാനഭിനയിക്കുന്ന സമയം ശിരീഷ് വിദേശത്ത് പഠിക്കുകയാണ്. ജോലിയാകുന്നതോടെ വിവാഹം കഴിച്ച് സെറ്റിലാകുമെന്നറിയാമായിരുന്നു. സിനിമ വിടുന്നതിലോ കുടുംബസ്ഥായകുന്നതിലോ സങ്കടം തോന്നിയിട്ടില്ല. പിന്നീട് കുട്ടികളുടെ പഠനവും ഒക്കെയായി തിരക്കിലായി. കുടുംബം കഴിഞ്ഞുള്ള പ്രാധാന്യമേ ഞാനെന്നും സിനിമയ്ക്ക് കൊടുത്തിട്ടുള്ളൂ.

പങ്കാളിയുടെ മതം പ്രശ്‌നമായില്ലേ?


ശിരീഷ് ബ്രാഹ്മണനാണ്. ഞാനാണെങ്കില്‍ അച്ഛന്‍ വഴി മുസ്ലീമും. പക്ഷേ അതൊരിക്കലും ഞങ്ങളുടെ ഇഷ്ടത്തിന് തടസ്സമായിട്ടില്ല. അമേരിക്കയില്‍ പഠിച്ച ശിരീഷ് ഒരു ഇന്ത്യനെ വരിക്കുന്നതില്‍ സന്തോഷമായിരുന്നു അദ്ദേഹത്തിന്റെ രക്ഷിതാക്കള്‍ക്ക്.

30 വര്‍ഷം മുമ്പ് അവര്‍ക്കതംഗീകരിക്കാനായത് ഞാനിന്നും വലിയ കാര്യമായി കാണുന്നു. ഞാന്‍ മറാഠി സംസാരിക്കുന്നതു കൊണ്ടും ജാതി അവര്‍ക്കൊരു പ്രശ്‌നമായില്ല. വേറെയൊരു സംസ്‌കാരത്തില്‍ വരുന്നു എന്നൊരു വ്യത്യാസം ഇന്നുവരെ കാണിച്ചിട്ടില്ല. അതും ദൈവാനുഗ്രഹം.

പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് കുടുംബത്തിലേക്ക് ഒതുങ്ങിയപ്പോള്‍ ?


ഞാനാദ്യം മുതലേ വീടു നോക്കിയ ശേഷമാണ് സിനിമ ചെയ്യുന്നത്. എന്റെ മാതാപിതാക്കളും കുടുംബജീവിതത്തെക്കുറിച്ച് നല്ലൊരു പിക്ച്ചര്‍ തന്നിട്ടുണ്ട്. സിനിമയോ സെലിബ്രിറ്റി ലൈഫോ ഒന്നുമല്ല ജീവിതമെന്നും അവരെനിക്ക് മനസ്സിലാക്കിത്തന്നിരുന്നു. അതെനിക്ക് 110 % ശരിയാണെന്ന് തോന്നുന്നു. ലൈഫ് ബിയോണ്ട് സിനിമയാണ് എനിക്കിഷ്ടം.

കത്തിനില്‍ക്കുമ്പോഴാണ് ഞാന്‍ സിനിമ വിട്ടത്. മേനെ പ്യാര്‍ കിയായില്‍ അഭിനയിക്കാന്‍ ക്ഷണം കിട്ടിയ സമയത്തായിരുന്നത്. ഇന്നുമതിലെനിക്കു പശ്ചാത്താപമില്ല. മുംബൈയില്‍ അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് കമ്പനി എം.ഡിയാണു ശിരീഷ്. ശരിക്കും എന്റെ സിനിമ കണ്ടഭിപ്രായം പറയുന്നതദ്ദേഹമാണ്.

നോക്കെത്താ ദൂരത്താണ് ഇഷ്ടസിനിമകളില്‍ ഒന്ന്. മഹാരാഷ്ട്രീയനായതു കൊണ്ട് സബ്‌ടൈറ്റിലുള്ള സിനിമകളേ കാണൂ. കരിയര്‍ പീക്കില്‍ ഞാനതെല്ലാം വിട്ടിട്ട് ഫാമിലി ലൈഫ് തെരഞ്ഞെടുത്തതില്‍ അദ്ദേഹഹത്തിനെന്നോടു ബഹുമാനമാണ്. വിവാഹശേഷം വധു ഡോക്ടറാണിലേക്ക് ഓഫര്‍ വന്നപ്പോള്‍ അവസരം കളയണ്ട, ചെയ്‌തോഎന്ന് ശിരീഷ് പറഞ്ഞു.

ഇപ്പോഴും മുംബൈ ലൊക്കേഷനായതു കൊണ്ടാണ് നീരാളി ചെയ്തത്. പിന്നെ മക്കള്‍ അമേരിക്കയില്‍ പഠിക്കുകയാണ്. മൂത്തമകള്‍ സനം, ലിബറല്‍ ആര്‍ട്‌സിലെ പൊളിറ്റിക്കല്‍ സയന്‍സ് ആന്‍ഡ് അമേരിക്കന്‍ സ്റ്റഡീസും, രണ്ടാമത്തവള്‍ ജാന പ്ലസ്‌വണ്ണിലും.

അവര്‍ നാട്ടിലല്ലാത്തതു കൊണ്ട് എനിക്കിപ്പോള്‍ സമയമുണ്ട്. മക്കള്‍ സിനിമകള്‍ കാണുന്നത് കുറവാണ്. എന്റെ ചില സിനിമകള്‍ കാണുമ്പോള്‍ ഇഷ്ടമായെന്ന് പറയും. അവര്‍ക്ക് സ്‌പോര്‍ട്‌സും മ്യൂസിക്കും ഒക്കെയാണിഷ്ടം.

uploads/news/2018/06/226907/NADIAMOIDU190618c.jpg

ഒരു തലമുറയുടെ ഫാഷന്‍ ട്രെന്‍ഡ് സെറ്റര്‍ തന്നെയായിരുന്നു നദിയാ.. ?


ഇന്നത്തെപ്പോലല്ല അന്ന്. എല്ലാവര്‍ക്കും കൂടി ഒരു വസ്ത്രാലങ്കാരകനും ഹെയര്‍ സ്‌റ്റൈലിസ്റ്റുമൊക്കെയേ ഉള്ളൂ. എനിക്ക് കുറച്ച് ഫാഷന്‍ സെന്‍സൊക്കെയുണ്ടായിരുന്നു.

ഗേളിയായി മാറാന്‍ ഫാസിലങ്കിള്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം തന്നതു കൊണ്ട് എന്റേതായ സ്‌റ്റൈല്‍ കൊണ്ടു വരാന്‍ കഴിഞ്ഞു..നീ എങ്ങനെയാ കോളജില്‍ പോകുന്നത്, അതുപോലെ ഇതിലും ചെയ്താല്‍ മതി..എന്നു പറഞ്ഞു.

എത്ര കാഷ്വലാണെങ്കിലും അതിലൊരു പ്രത്യേകത കൊണ്ടു വരാന്‍ ശ്രമിച്ചു. ഷൂട്ടിനിടെ വെറുതെയിരുന്നപ്പോള്‍ തലമുടി പൊക്കിക്കെട്ടി വച്ചു. ഗേളിക്കതിണങ്ങുമെന്നു തോന്നി. അതങ്ങ് സ്‌റ്റെലായി. ഗേളിയോടുള്ള ഇഷ്ടം കൊണ്ടാണ് പ്രേക്ഷകരത് ട്രെന്‍ഡാക്കിയത്. ആ സ്‌റ്റൈല്‍ പ്രേക്ഷകരെ സ്വാധീനിച്ചു. ആ ഇഷ്ടമാണവര്‍ നദിയയ്ക്കും കൊടുത്തത്.

വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയെക്കാണുമ്പോള്‍ ?


അങ്ങനെ വിശകലനം നടത്താനൊന്നും എനിക്കറിയില്ല. 15 വര്‍ഷം കഴിഞ്ഞ് എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി ചെയ്യുമ്പോഴും വലിയ മാറ്റം തോന്നിയില്ല. പക്ഷേ അതിനു ശേഷം രണ്ടു മൂന്നു തെലുങ്ക് സിനിമകള്‍ ചെയ്തപ്പോള്‍ വലിയ തോതില്‍ മാറ്റങ്ങളറിഞ്ഞു.

ടെക്‌നോളജി, അന്തരീക്ഷം, സൗകര്യങ്ങള്‍ എല്ലാം മാറി. ഇന്ന് പഴയ സിനിമകള്‍ കോമാളിത്തരമായി തോന്നിയേക്കാം. പക്ഷേ അന്നതായിരുന്നു ട്രെന്‍ഡ്. പുതുതലമുറ പാഷനേറ്റാണ്.

എങ്കിലും അവര്‍ക്ക് ഡിസിപ്ലിന്‍ കുറച്ചു കുറവാണെന്ന് തോന്നിയിട്ടുണ്ട്. സമയത്തു വരിക, കമ്മിറ്റ്‌മെന്റ് എന്നതൊക്കെ കുറഞ്ഞു. അവര്‍ മെറ്റീരിയലിസ്റ്റക്കാണ്. അവരിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും നിമിഷവേഗത്തില്‍ പ്രേക്ഷകര്‍ അറിയുന്നു.

മാറ്റങ്ങള്‍ നല്ലതോ ചീത്തയോ ?


അങ്ങനെ അടച്ചാേക്ഷപിക്കാനാവില്ല. അന്ന് ചെല്ലുക, അഭിനയിക്കുക എന്നതു മാത്രമാണ്. ഇന്നങ്ങനല്ല, അഭിനേതാക്കള്‍ക്ക് വേറെ കുറെ ഉത്തരവാദിത്വങ്ങളുണ്ട്. ആ മാറ്റത്തിനൊപ്പം പോയേ മതിയാവൂ. സോഷ്യല്‍ മീഡിയയില്‍ വരെ സജീവമായേ തീരൂ. പണ്ട് സ്‌ക്രിപ്റ്റ് പഠിച്ച് മനഃപാഠമാക്കി പറയണമായിരുന്നു.

അന്നെനിക്ക് മലയാളം ശരിക്കറിയുക പോലുമില്ല. എന്നാലിന്ന് എനിക്ക് ഡയലോഗ് പറയാന്‍ ടെന്‍ഷനാണ്. പ്രോംപ്റ്റിംഗില്ലാതെ പറ്റില്ല. ശരിക്ക് ഹോംവര്‍ക്ക് ചെയ്താലും മൈന്‍ഡ് ബ്ലോക്കാകും. ഇന്ന് മള്‍ട്ടിടാസ്‌കിംഗാണ് എവിടെയും. ഞാന്‍ വളര്‍ന്ന ചുറ്റുപാടിലല്ല എന്റെ മക്കള്‍ വളരുന്നത്.

ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അത്രകണ്ട് ആക്ടീവല്ല. മക്കള്‍ പക്ഷേ അങ്ങനല്ല. ഒരുസമയത്ത് ഒരുപാട് കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് കൊണ്ട് എല്ലാം പ്രോപ്പറായി ചെയ്യാനവര്‍ക്ക് കഴിയുന്നില്ല.

അന്നൊക്കെ മനസ്സില്‍ തോന്നുന്നതു തുറന്നുപറയാന്‍ പേടിയാണ്. അതു കൊണ്ട് കള്ളം പറയും. ഇന്നത്തെ കുട്ടികള്‍ അങ്ങനല്ല. പറയാനുള്ളത് മുഖത്തു നോക്കിപ്പറയും. പേടി കുറവായതു കൊണ്ട് കള്ളം പറച്ചിലും കുറവാണ്.

പുതിയ തലമുറയെക്കുറിച്ച് ?


അവര്‍ പ്രൊഫഷനിലും ജീവിതത്തിലും കുറച്ചു കൂടി ഫോക്കസ് ചെയ്യുന്നത് നല്ലതാണ്. ബാലന്‍സ് ചെയ്യാന്‍ പറ്റുക എന്നതാണ് കാര്യം. കാലത്തിനൊത്തു മാറണമെന്നത് സത്യം. എന്നാലും താരങ്ങളുടെ പ്രൈവസി കുറഞ്ഞിട്ടുണ്ട്. വ്യക്തിപരമായ കാര്യങ്ങള്‍ കൂടുതലായി പബ്ലിക്കിലേക്ക് എത്തുമ്പോള്‍ അതിന്റെ ദോഷങ്ങളും വരും.

ഇന്റര്‍റാക്ഷനും നിലപാടറിയിക്കാനും സോഷ്യല്‍ മീഡിയ നല്ലതാണ്. പക്ഷേ എപ്പോഴുമത് ശരിയാകില്ല. ലക്ഷ്മണരേഖ ക്രോസ് ചെയ്യരുത്. എപ്പോഴും അപ്പ്ടുഡേറ്റായി നില്‍ക്കുന്നത് കൊണ്ട് പണ്ടൊരു താരത്തെ കാണുന്ന എക്‌സൈറ്റ്‌മെന്റ് ഇന്നത്തെ ആരാധകര്‍ക്കില്ല.

ഇതിന്റെ മറ്റൊരു വശം പറഞ്ഞാല്‍, ഏതുസമയവും ലൈംലൈറ്റില്‍ നില്‍ക്കുന്നവര്‍ പരാതി പറഞ്ഞിട്ട് കാര്യമില്ല. അത്ര ആക്ടീവായി നില്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ കൂടുതല്‍ സംസാരിക്കും, ഗോസിപ്പുകള്‍ പറയും. പ്രശസ്തിക്കിടയിലും ചെറിയൊരു അതിര്‍വരമ്പ് വരയ്ക്കണം.

സോഷ്യല്‍ മീഡിയയില്‍ ലൈവായി നില്‍ക്കുന്നതിന് മാറ്റി വയ്ക്കുന്ന സമയം കുടുംബത്തിന് കൊടുക്കാവുന്നതാണ്. പിന്നെ എല്ലാം ഒരുമിച്ചു കൊണ്ടുപോകാനുള്ള ബാലന്‍സും എനര്‍ജിയും വേണം.

എനിക്കതു കുറവായതു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ആക്ടീവല്ല. പത്രം വഴിയാണെല്ലാം അറിയുന്നത്. ഞാനൊരു സ്റ്റാറാണെന്ന് തോന്നിയിട്ടില്ല, മറ്റുള്ളവരെ പോലെ സാധാരണ ആളാണ്. അതാണ് എനിക്കിഷ്ടം.

uploads/news/2018/06/226907/NADIAMOIDU190618b.jpg
നദിയാ മൊയ്തു ഭര്‍ത്താവ് ശിരീഷ് ഗോഡ്‌ബോലെ മക്കള്‍ സനം, ജാന

സിനിമയില്‍ വ്യക്തിതാത്പര്യങ്ങള്‍ക്ക് പ്രാധാന്യം കൂടിയിട്ടുണ്ടോ ?


എനിക്കങ്ങനെ തോന്നിയിട്ടില്ല. ഒരു ജോഡി ഹിറ്റായാല്‍ അത് ട്രെന്‍ഡാകുന്നത് എന്നത്തേയും കാര്യമാണ്. പിന്നെ അടുപ്പമുള്ളവര്‍ക്കൊപ്പം ജോലി ചെയ്യുന്നത് കംഫ ര്‍ട്ടാണ്. ക്‌ളിക്കാവുന്ന ജോഡികളെ പ്രേക്ഷകരും ആവശ്യപ്പെടും. ടാലന്റ് ബേസ് ചെയ്താണ് എല്ലാം. പടം തിയേറ്ററില്‍ ഓടുക, വിറ്റു പോവുക എന്നതാണ് കാര്യം.

ഇന്ന് സോഷ്യല്‍ മീഡിയ ഉള്ളതു കൊണ്ട് മാനുപുലേഷനാണധികം. ഓര്‍ഗാനിക്കല്ല എന്നുവേണം പറയാന്‍. പല കാര്യങ്ങളും മാനുപുലേറ്റ് ചെയ്യും. അതുകൊണ്ട് മാത്രം സിനിമ വിജയിക്കില്ല. എന്നാലും പണ്ടത്തേ അപേക്ഷിച്ച് പ്രൊമോഷന്‍ കൂടുതലാണ്. അഭിനയിക്കുന്നതിലും ബുദ്ധിമുട്ടാണ് പ്രൊമോഷന്‍ വര്‍ക്കുകള്‍. സിനിമയുടെ ഭാഗമാണത്.

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് ?


തുടക്കത്തില്‍ എനിക്കൊപ്പം എപ്പോഴും അച്ഛനുണ്ടായിരുന്നു. മാത്രമല്ല സിനിമ കഴിഞ്ഞാല്‍ എന്റെ ലോകത്തേക്ക് ഒതുങ്ങിയിരുന്നു. ഷൂട്ടിംഗിന്റെ പുറത്ത് എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിട്ടില്ല. സൗഹൃദങ്ങളും കുറവായിരുന്നു.

സത്യത്തില്‍ കാസ്റ്റിംഗ് കൗച്ച് എന്നത് കേള്‍ക്കുമ്പോള്‍ സങ്കടമല്ല ദേഷ്യമാണ് വരുന്നത്. അതെന്താണ് നിര്‍ത്താന്‍ പറ്റാത്തതെന്ന ചോദ്യവും മനസ്സിലുണ്ട്. ശരിക്കുമത് വിഷമം വരുത്തുന്നതാണ്. കലയെ ഇങ്ങനെ ദുരുപയോഗപ്പെടുത്താന്‍ പാടില്ല. ഫെമിനിസ്റ്റുകള്‍ ശബ്ദമെടുക്കുന്നത് കൊണ്ട് സ്ത്രീകളുടെ പ്രശ്‌നം ചിലരെങ്കിലും അറിയുന്നു.

മക്കേളാടും ഞാന്‍ പറയുന്നത് പേടിച്ച് ജീവിക്കരുതെന്നാണ്. തെറ്റു കണ്ടാല്‍ പ്രതികരിക്കണം. ചുറ്റും എന്താണ് നടക്കുന്നതെന്നറിഞ്ഞിരിക്കണം. തുറന്നു പറയാനുള്ള ഓപ്പണ്‍ സ്‌പേസ് ഞാന്‍ കൊടുത്തിട്ടുണ്ട്. ഒരു പ്രശ്‌നമുണ്ടായാല്‍ എന്നോട് പറയുമെന്ന വിശ്വാസമുണ്ട്.

ഈ ചെറുപ്പത്തിനു പിന്നില്‍ ?


ജീവിതത്തെ പോസിറ്റീവായി കാണുന്നതാണ് പ്രധാനം. പിന്നെ ജനിറ്റിക്കായി കിട്ടിയതാണ്. എന്റെ പേരന്റ്‌സിനെ കണ്ടാല്‍ പ്രായം തോന്നിക്കില്ല. മനസാണ് ചെറുപ്പം നിലനിര്‍ത്തുന്നത്. ഡയറ്റ് നോക്കാറില്ലെങ്കിലും വ്യായാമം മുടക്കില്ല. നന്നായി കഴിക്കും, ഒപ്പം വ്യായാമവും ചെയ്യും.

ഇഷ്ടങ്ങള്‍ ?


ഹിന്ദി സിനിമകളില്‍ എന്നും അപ്പ്ടുഡേറ്റാണ്. സൗത്തിലെ സിനിമകള്‍ പലരും പറഞ്ഞറിഞ്ഞ് കാണാറുണ്ടായിരുന്നു. കോമഡി സിനിമകള്‍ വളരെയിഷ്ടമാണ്. കോമഡിയും ഇമോഷനല്‍ സീനുകളും ചെയ്യുന്നതിലും പ്രയാസം കാഷ്വലായി അഭിനയിക്കാനാണെന്ന് തോന്നിയിട്ടുണ്ട്.

എന്റെ സിനിമകളില്‍ നോക്കെത്താ ദൂരത്താണ് എപ്പോഴും ഫസ്റ്റ് ചോയ്‌സ്. ഗേളിയാണെന്റെ ഫേവറൈറ്റ്. ഫാസിലങ്കിളിനാണതിന്റെ ക്രെഡിറ്റ്. പിന്നെ ജോഷി സാറിന്റെ ശ്യാമ, ഒന്നിങ്ങു വന്നെങ്കില്‍ എന്നിവയൊക്കെ ഇഷ്ടങ്ങളില്‍ പെടും. എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മിയും, തെലുങ്ക് ദൃശ്യത്തിലെ പോലീസ് വേഷവുമൊക്കെ ഇഷ്ടമാണ്.

ഒപ്പമഭിനയിച്ച ഒരുപാട് പേരോട് ബഹുമാനം തോന്നിയിട്ടുണ്ട്. ശിവാജി ഗണേശന്‍ സാര്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത്രവലിയ ഒരഭിനേതാവിനൊപ്പം അന്‍പു ള്ള അപ്പാ ചെയ്തപ്പോള്‍ നെര്‍വസായി.

ഭാവിമോഹങ്ങള്‍ ?


കുടുംബത്തിനൊപ്പം ബാലന്‍സ് ചെയ്യാന്‍ പറ്റിയാലേ സിനിമയില്‍ സജീവമാകൂ. ഉടനടുത്ത സിനിമ കമ്മിറ്റ് ചെയ്യാത്തത് കുട്ടികള്‍ വെക്കേഷനു വരുന്നതു കൊണ്ടാണ്. പ്രത്യേകിച്ചാഗ്രഹമൊന്നുമില്ല. ഡ്രീം ക്യാരക്ടറില്ല.

മുംബൈയില്‍ ജീവിച്ചു വളര്‍ന്നതു കൊണ്ട് ഒരു മറാഠി സിനിമയില്‍ അഭിനയിക്കണമെന്നുണ്ട്. വിരലിലെണ്ണാവുന്നത്ര ചിത്രങ്ങള്‍കൊണ്ട് ഇത്ര വര്‍ഷമായിട്ടും മലയാൡകള്‍ ഓര്‍ത്തുവയ്ക്കുന്നതില്‍ തീരാത്ത കടപ്പാടുണ്ട്. അതുകൊണ്ട് നല്ല സിനിമ കിട്ടിയാല്‍ മലയാളത്തിലേക്കിനിയുമെത്തും...

uploads/news/2018/06/226907/NADIAMOIDU190618d.jpg

എന്റെ നായകന്മാര്‍


1. മോഹന്‍ലാല്‍
കംപ്ലീറ്റ് ആക്ടര്‍ ഐ ഹാവ് സീന്‍. ലാലേട്ടന്‍ വളരെ ഈസിയാണ്. സ്റ്റാറാണെന്ന ഗമയോ ജാഡയോ ഇല്ല. ഈഗോയില്ലെന്നു മാത്രല്ല അപ്രിഷിയേറ്റ് ചെയ്യാറുമുണ്ട്. ഇത്ര എക്‌സ്പീരിയന്‍സുണ്ടെങ്കിലും ലാലേട്ടന്‍ സംവിധായകന്റെ സ്ഥാനമെടുക്കില്ല. ഡയറക്‌ടേഴ്‌സ് ആക്ടറാണദ്ദേഹം.

2. മമ്മൂട്ടി
ആക്ടര്‍ ഐ ഗോട്ട് ടു നോ ബെറ്റര്‍ ഓവര്‍ടൈം. മമ്മുക്കയെ അറിഞ്ഞു തുടങ്ങിയാല്‍ അത്ര സീരിയസ്സായി തോന്നില്ല. ബോഡി ലാംഗ്വേജ് അങ്ങനായതു കൊണ്ട് ഹാര്‍ഡ് ടു ബ്രേക്ക് ദ ഐസ് എന്നു തോന്നും. ഞാനും ഒരുപരിധി വരെ അങ്ങനാണ്. അടുത്താല്‍ മമ്മുക്ക സിമ്പിളാണ്. ഡബിള്‍സിന്റെ സമയത്ത് കണ്ടപ്പോള്‍ കുടുംബവിശേഷം തിരക്കുകയും കളിയാക്കുകയുമൊക്കെ ചെയ്തു.

3. രജനികാന്ത്
വണ്ടര്‍ഫുള്‍ ഹ്യൂമന്‍ബീയിംഗ്. എപ്പോഴും ചുറുചുറുക്കാണ്, പം ക്ച്വലാണ്, ഡിസിപ്ലിന്‍ഡാണ്. എല്ലാവരോടും നല്ല പെരുമാറ്റം. സെറ്റില്‍ മിണ്ടുന്നത് കുറവാണെങ്കിലും എല്ലാവരെയും ബഹുമാനിക്കുന്നയാളാണ്. രജനി സാറിനൊപ്പം രാജാധിരാജ ചെയ്തു കഴിഞ്ഞായിരുന്നു എന്റെ കല്യാണം. അദ്ദേഹവും സിനിമാടീമും എനിക്ക് ഫെര്‍വേല്‍ തന്നു.

4. മുകേഷ്
ലാഫ് അറ്റ് സെറ്റ്. മുകേഷ് സെറ്റിലെത്തിയാല്‍ പിന്നെ ഭയങ്കര തമാശ പറച്ചിലും മറ്റുമായി രസമാണ്. എപ്പോഴും ജോളിയാണ്. വര്‍ക്കിന്റെ സ്‌ട്രെസ് ഒരിക്കലും അനുഭവപ്പെടില്ല. മുകേഷും റഹ്മാനും തമിഴില്‍ മോഹനും സുരേഷുമൊക്കെ എന്റെ നായകന്മാരായി. മോഹനൊപ്പം എന്റെ കുറെ നല്ല പാട്ടുകള്‍ വന്നിട്ടുണ്ട്. സുരേഷ് എപ്പോഴും കംഫര്‍ട്ടായ കോ ആക്ടറാണ്. തോളത്തു തട്ടിയുള്ള സൗഹൃദം പോലെയെന്നൊക്കെ സുരേഷിനെക്കുറിച്ച് പറയാം.

ലക്ഷ്മി ബിനീഷ്

Ads by Google
Tuesday 19 Jun 2018 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW