Tuesday, April 23, 2019 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Jun 2018 11.32 AM

ലോകകപ്പിന് തൊട്ടുമുമ്പത്തെ സൗഹൃദമത്സരം ജയിച്ച രാത്രി ലഹരിയും മദിരാക്ഷിയും ; ഒമ്പതു മെക്‌സിക്കന്‍ കളിക്കാര്‍ ഉപയോഗിച്ചത് 30 ലൈംഗികത്തൊഴിലാളികളെ

uploads/news/2018/06/226868/mexico-team.jpg

മെക്‌സിക്കോസിറ്റി: അല്ലേലും ലോകഫുട്‌ബോളിലെ വടക്കേ അമേരിക്കന്‍ ശക്തിയായ മെക്‌സിക്കോ ടീം എക്കാലവും ഇങ്ങിനെയാണ്. മുന്‍ നായകനും ടീമിലെ പരിചയസമ്പന്നനായ കളിക്കാരനുമായ ആള്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ മുഖ്യ കണ്ണിയാണെന്ന ആരോപണം നില നില്‍ക്കുമ്പോഴും ടീം ആദ്യ മത്സരത്തില്‍ ജര്‍മ്മനിയെ കീഴടക്കി മികച്ച തുടക്കം തന്നെ നേടി. വന്‍ ജയം നേടി ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തുമ്പോഴും ലഹരിയും മദിരാക്ഷിയും എന്നും ടീമിനെ വിവാദത്തില്‍ നിര്‍ത്താറുണ്ട്.

ലോകകപ്പ് മത്സരത്തിന് തൊട്ടു മുമ്പ് സ്‌കോട്ട്‌ലന്റിനെതിരേ നടന്ന വാം അപ്പ് മത്സരം 1-0 ന് ജയിച്ചതിന് തൊട്ടുപിന്നാലെ മെക്‌സിക്കന്‍ താരങ്ങള്‍ 30 ലൈംഗികത്തൊഴിലാളികള്‍ക്ക് ഒപ്പം വിജയം ആഘോഷിച്ച പഴയ വിവാദം വീണ്ടും പുറത്തു വരികയാണ്. ലോകകപ്പിന് തൊട്ടു മുമ്പ് മെക്‌സിക്കോ സിറ്റിയിലെ എസ്‌റ്റേഡിയോ അസ്‌ടെക്കയില്‍ 1-0 നായിരുന്നു ജയം. അന്നു രാത്രിയില്‍ ടീമിലെ ഒമ്പതു പേര്‍ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്തതായും കൂട്ടത്തില്‍ 30 ലൈംഗികത്തൊഴിലാളികള്‍ ഉണ്ടായിരുന്നെന്നുമുള്ള ഗോസിപ്പ് മാഗസിന്റെ വാര്‍ത്തയ്ക്ക് കൂടുതല്‍ പ്രചാരം കിട്ടിയിരിക്കുകയാണ്.

ഗോളി ഗ്വില്ലെര്‍മോ ഒക്കോവ, മുന്നേറ്റക്കാരന്‍ റൗള്‍ ജിമെനെസ്, പ്രതിരോധക്കാരന്‍ കാര്‍ലോകസ് സാല്‍സിഡോ മദ്ധ്യനിരക്കാരന്‍ മാര്‍ക്കോ ഫാബിയന്‍, സഹോദരന്മാരായ ജോനാതന്‍ ജിയോവാനി ഡോസ് സാന്റോസ് എന്നിവരായിരുന്നു മെക്‌സിക്കന്‍ തലസ്ഥാനത്തെ ഒരു സ്വകാര്യ വളപ്പില്‍ അര്‍മ്മാദിച്ചത്. സംഭവം വലിയ ചര്‍ച്ചയൊക്കെ ആയെങ്കിലും കളിയോ പരിശീലനമോ ഇല്ലാത്തപ്പോള്‍ കളിക്കാര്‍ സ്വതന്ത്രരാണെന്നും അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നും അതില്‍ ഇടപെടാന്‍ തല്‍ക്കാലം ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് ഫുട്‌ബോള്‍ അസോസിയേഷന്‍ കളിക്കാര്‍ക്ക് അനുകൂലമായ നിലപാട് എടുക്കുകയായിരുന്നു.

അതേസമയം മയക്കുമരുന്ന് കടത്തുകാരുടെയും മാഫിയാ സംഘങ്ങളുടെയും കാര്‍ട്ടലുകളുടെയും വിളനിലമായ മെക്‌സിക്കോയില്‍ ഫുട്‌ബോള്‍ ടീമിന് വിവാദം ഒരു പുത്തരിയല്ല. കഴിഞ്ഞ വര്‍ഷം മുതലാണ് മെക്‌സിക്കന്‍ ഫുട്‌ബോള്‍ ടീമിനെ ഇടവേളയ്ക്ക് ശേഷം വിവാദം വീണ്ടും പിടികൂടി തുടങ്ങിയത്. റഷ്യ 2018 ഉള്‍പ്പെടെ അഞ്ചു ലോകകപ്പുകളില്‍ കളിച്ച മുന്‍നായകന്‍ റാഫേല്‍ മാര്‍ക്വേസിന് എതിരേ യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് മയക്കുമരുന്നു റാക്കറ്റുമായി ബന്ധം ആരോപിച്ചത് മുതല്‍. അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തു സംഘത്തിന്റെ തലവനാണ് റാഫേല്‍ മാര്‍ക്വേസ് എന്നായിരുന്നു അമേരിക്ക ആരോപിച്ചത്. പ്രസ്താവന വലിയ വിവാദം വിളിച്ചു വരുത്തുകയും റാഫേല്‍ മാര്‍ക്വോസിനെ നിയമനടപടി നേരിടാന്‍ മൂന്ന് മാസം ടീമിന് പുറത്തു നിര്‍ത്തുകയും ചെയ്തു എന്നാതായിരുന്നു ഏക പ്രശ്‌നം.

തൊട്ടു പിന്നാലെ ഈ മാസം ആദ്യമായിരുന്നു 30 ലൈംഗികത്തൊഴിലാളികളെ ഒമ്പതു കളിക്കാര്‍ ചേര്‍ന്ന് ഒരു രാത്രിയില്‍ ഉപയോഗിച്ച വ്യഭിചാരക്കഥ ടി വി നോട്ടാസ് പുറത്തുവിട്ടത്. ഇക്കാര്യത്തില്‍ അസോസിയേഷന്‍ പുലര്‍ത്തിയ നിസ്സംഗത പക്ഷേ പല മാധ്യമപ്രവര്‍ത്തകരെയും ചൊടിപ്പിച്ചു. ഇത്തരക്കാര്‍ക്കെതിരേ അസോസിയേഷന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ അവര്‍ കൂടുതല്‍ അവഹേളനം സഹിക്കേണ്ടി വരുമെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ഈ വിവാദത്തെ ആളിക്കത്തിച്ചാണ് ടീം പോര്‍ച്ചുഗലിലേക്ക് പോകുന്നതിന് മുമ്പായി ഡന്മാര്‍ക്കില്‍ നടന്ന പരിശീലനത്തിനിടെ മദ്ധ്യനിരക്കാരന്‍ ഹെക്ടര്‍ ഹെരേര ലീവ് ചോദിച്ചത്.

തൊട്ടു പിന്നാലെ ടീമിലെ സൂപ്പര്‍താരം ചിച്ചാരിറ്റോ ടീം മോശമായി ഒന്നും ചെയ്തിട്ടില്ലെന്ന് സ്ഥാപിക്കാന്‍ വീഡിയോ പുറത്തു വിട്ടത്. ഏതാനും വര്‍ഷമായി മെക്‌സിക്കന്‍ ടീമിനെ വിവാദങ്ങള്‍ വിടാതെ പിടികൂടുക ആയിരുന്നു. 2010 സെപ്തംബറില്‍ ഒരു സൗഹൃദ മത്സരത്തിന് പിന്നാലെ കളിക്കാര്‍ ഒരു അപരിചിതയ്‌ക്കൊപ്പം നൈറ്റ് പാര്‍ട്ടി നടത്തിയതായിരുന്നു വിവാദം. പ്രതിരോധ താരം എഫ്രേന്‍ യുവാരസും മുന്നേറ്റക്കാരന്‍ കാര്‍ലോസ് വേലയും ഉള്‍പ്പെടെ 11 കളിക്കാര്‍ക്ക് ആറു മാസമായിരുന്നു അസോസിയേഷന്‍ സസ്‌പെന്‍ഷന്‍ നല്‍കിയത്.

2011 ല്‍ കോപ്പാ അമേരിക്ക കളിക്കാന്‍ അര്‍ജന്റീനയിലേക്ക് പോകും മുമ്പ് ഇക്വഡോറിലെ ക്വിറ്റോയില്‍ താമസിക്കുന്ന ഹോട്ടലിലേക്ക് ലൈംഗിക തൊഴിലാളികളെ കളിക്കാര്‍ കൊണ്ടുവന്നിരുന്നു. ഇതിന് ഇവര്‍ക്ക് പിഴയും പകുതി വര്‍ഷം സസ്‌പെന്‍ഷനും നല്‍കി. അതേസമയം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ജര്‍മ്മനിയെ തോല്‍പ്പിച്ചതോടെ ആരാധകര്‍ക്ക് വിവാദമൊന്നും ഒരു പ്രശ്‌നമായിട്ടില്ല. ടീമിനൊപ്പം റഷ്യയില്‍ കളിക്കാന്‍ എത്തിയിരിക്കുന്ന മുന്‍ നായകന്‍ മാര്‍ക്വേസ് അഞ്ചാം ലോകകപ്പില്‍ കളിക്കാനാണ് വന്നിരിക്കുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിക്കുന്ന താരങ്ങളില്‍ ഒരാളായി മാര്‍ക്വേസ് മാറുകയും ചെയ്തിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW