Saturday, July 20, 2019 Last Updated 54 Min 38 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Jun 2018 01.46 AM

കട്ടിപ്പാറ ദുരന്തം നല്‍കിയ പാഠം

uploads/news/2018/06/226828/editorial.jpg

കേരളത്തെ മൊത്തം ദുഃഖത്തിലാക്കിയ ദുരന്തമായിരുന്നു കോഴിക്കോട്‌ ജില്ലയിലെ കട്ടിപ്പാറ കരിഞ്ചോലമലയില്‍ കഴിഞ്ഞ വ്യാഴാഴ്‌ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടല്‍. 14 പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവം കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായി കണക്കാക്കാവുന്നതാണ്‌. ഒരു ജനവാസകേന്ദ്രത്തില്‍ നടന്ന അപകടത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ അഞ്ചു ദിവസം വേണ്ടി വന്നു. അപ്രതീക്ഷിത ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കേരളം പലപ്പോഴും പകച്ചു നില്‍ക്കുന്നു എന്നതാണ്‌ ഈ സംഭവത്തിനു ശേഷവും വ്യക്‌തമാകുന്നത്‌.

കേരളത്തിന്റെ മലയോരങ്ങള്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്‌ഥലങ്ങളാണ്‌. ചെറിയതോതിലുള്ള ഉരുള്‍പൊട്ടലുകള്‍ എല്ലാവര്‍ഷവും ഇവിടങ്ങളില്‍ നടക്കുന്നുമുണ്ട്‌. പലപ്പോഴും ജീവഹാനി ഉണ്ടാകാറില്ലാത്തതിനാല്‍ ഇവ വലിയവാര്‍ത്തകളാകാതെ പോകുന്നു എന്നു മാത്രം. ഈ വര്‍ഷം തന്നെ ഇടുക്കിയിലും മറ്റും ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി. വീടുകള്‍ക്ക്‌ നാശനഷ്‌ടം സംഭവിച്ചിരുന്നു. കട്ടിപ്പാറയില്‍ ഉണ്ടായതിനു സമാനമായ ഒരു ദുരന്തമായിരുന്നു 2001 നവംബറില്‍ തിരുവനന്തപുരം ജില്ലയിലെ അംബൂരിയിലുണ്ടായത്‌. 39 പേരാണ്‌ അന്ന്‌ മരണമടഞ്ഞത്‌. അംബൂരിയില്‍ ഭൂമിയുടെ പ്രത്യേകത ദുരന്തത്തിന്‌ ആക്കം കൂട്ടി. ചെറുതും വലുതുമായ പാറക്കല്ലുകള്‍ ധാരാളമുണ്ടായിരുന്ന മലഞ്ചെരിവായിരുന്നു അത്‌. ഈ കല്ലുകള്‍ വളരെ കനംകുറഞ്ഞ മണ്ണിന്റെ ആവരണത്തിനു മുകളിലായിരുന്നു സ്‌ഥിതി ചെയ്‌തിരുന്നത്‌. പതിവിലും കൂടുതല്‍ മഴ പെയ്‌തപ്പോഴുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഈ കല്ലുകളെല്ലാം തെറിച്ചു താഴേക്കുവന്നു. കൃഷി ഭൂമിയായതിനാല്‍ സ്വാഭാവികമായ നീര്‍വാര്‍ച്ചയ്‌ക്ക്‌ തടസ്സമുണ്ടായിരുന്നതും ദുരന്തത്തിന്‌ ആക്കം കൂട്ടി എന്ന്‌ വിദഗ്‌ധര്‍ കണ്ടെത്തിയിരുന്നു.

ഇതേതരം ഭുമിയുള്ള സ്‌ഥലങ്ങളിലെല്ലാം യുദ്ധകാലാടിസ്‌ഥാനത്തില്‍ പരിശോധന നടത്തണമെന്നും വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും അന്നു വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടിരുന്നു. അത്തരം നീക്കങ്ങള്‍ ഉണ്ടാകുമെന്ന്‌ അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട്‌ കാര്യമായ തുടര്‍നടപടികളുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ കട്ടിപ്പാറ ദുരന്തം ഒരുപക്ഷേ ഒഴിവാക്കാനായേനേ. ദുരന്ത ഭുമിയിലെ ജലസംഭരണിയും ആഘാതം വലുതാക്കി. ഈ ജലസംഭരണിയെക്കുറിച്ച്‌ നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നെങ്കിലും അതില്‍ നടപടി ഒന്നും ഉണ്ടായില്ല. എന്തുകൊണ്ട്‌ ഇക്കാര്യത്തില്‍ ഉദ്യോഗസ്‌ഥര്‍ മെല്ലെപ്പോക്ക്‌ തുടര്‍ന്നു എന്നത്‌ സര്‍ക്കാര്‍ ഗൗരവത്തോടെ അന്വേഷിക്കേണ്ടിയിരിക്കുന്നു. പതിനാല്‌ വര്‍ഷം മുന്‍പ്‌ ഇടുക്കി ജില്ലയിലും ഇതിനു സമാനമായി ഒരു ജലസംഭരണി തകര്‍ന്ന്‌ അപകടമുണ്ടായിരുന്നു. ഇത്തരം അനധികൃത തടയണകളും ജലസംഭരണികളും കേരളത്തില്‍ പലയിടത്തും കാണാം. അപകടങ്ങളില്‍ നിന്ന്‌ നാം പാഠം പഠിക്കുന്നില്ലെന്നാണ്‌ ഇതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത്‌.

ദുരന്തങ്ങളെ നേരിടാനും ദുരിതാശ്വാസപ്രവര്‍ത്തനത്തിനുമായി കൃത്യമായ ആസൂത്രണം കേരളം നടത്തണമെന്നാണ്‌ കട്ടിപ്പാറ ദുരന്തം വ്യക്‌തമാക്കുന്നത്‌. ആവര്‍ത്തന സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച്‌ ഗൗരവതരമായ പഠനം നടത്തേണ്ടിയിരിക്കുന്നു. ഉരുള്‍പൊട്ടല്‍, രൂക്ഷമായ കടലാക്രമണം തുടങ്ങിയവ ഒരേ സ്‌ഥലങ്ങളില്‍ തന്നെയെ ഉണ്ടാവുകയുള്ളു. കടലാക്രമണം ഉണ്ടാകുന്ന സ്‌ഥലം ഏറെക്കുറെ സ്‌ഥിരമായിരിക്കും. എന്നാല്‍, ഉരുള്‍പൊട്ടലിന്റെ കാര്യം അതല്ല. എവിടെ ഉരുള്‍പൊട്ടും എന്നു മുന്‍കൂട്ടി പറയാനാവില്ല. അതിനാല്‍, ഇത്തരം സ്‌ഥലങ്ങളെയെല്ലാം ഉള്‍പെടുത്തി ഒരു മാനേജ്‌മെന്റ്‌ പദ്ധതി തയാറാക്കുകയാണ്‌ വേണ്ടത്‌. ദുരന്തമുണ്ടായാല്‍ ഒട്ടും വൈകാതെ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള തയാറെടുപ്പുണ്ടാകണം. അംബൂരി ദുരന്തത്തിനു ശേഷം ഭാവിയില്‍ അവിടെ മലയോരത്തു വീടുവയ്‌ക്കുന്നതിനും കൃഷി ചെയ്യുന്നതിനും പഠനം നടത്തണമെന്നു നിര്‍ദേശമുണ്ടായിരുന്നു. ഇത്തരം പഠനം എല്ലാ ഉരുള്‍പൊട്ടല്‍ മേഖലകളിലും നടത്തി ജനങ്ങളെ ബോധവത്‌കരിക്കേണ്ടത്‌ അത്യാവശ്യമാണ്‌.

Ads by Google
Tuesday 19 Jun 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW