Thursday, June 06, 2019 Last Updated 1 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Jun 2018 01.46 AM

കാമമേ നിന്റെ ബലിക്കണക്കില്‍ കാമുകിമാരെത്ര പിടഞ്ഞുവീണൂ... ​കേരളം പ്രണയബലിദാനികളുടെ പറുദീസയോ?

uploads/news/2018/06/226827/bft1.jpg

ചാവക്കാട്‌ കടപ്പുറത്ത്‌ കണ്ടെടുത്ത അസ്‌ഥിപഞ്‌ജരം ഒരു മിസ്‌ഡ്‌ കോള്‍ പ്രണയത്തിന്റെ ബാക്കിപത്രമായിരുന്നു. പതിവു രാത്രി സമാഗമത്തിനിടെ കാമുകനോടു വിവാഹക്കാര്യം എടുത്തിട്ട യുവതിക്കാകട്ടെ സ്വന്തം ചുരിദാര്‍ ഷാളിന്റെ കുരുക്കില്‍ പിടഞ്ഞുമരിക്കാനായിരുന്നു വിധി.
42 വയസുള്ള വീട്ടമ്മയെ കഴുത്തുഞെരിച്ചു കൊന്ന്‌ കനാലില്‍ തള്ളിയ കാമുകന്‍ "ദൈവവേല"ക്കാരനായ പാസ്‌റ്റര്‍. ഒളിച്ചോട്ടത്തിനൊടുവില്‍ ചേതനയറ്റ്‌ പുഴയിലൂടെ ഒഴുകിനടന്ന യുവതി, പ്രണയത്തിനായി മതംമാറി ഒടുവില്‍ സ്വയമൊരു തീനാളമായി ഒടുങ്ങുമ്പൊഴും മരണമൊഴിയില്‍ ഭര്‍ത്താവിനെ തള്ളിപ്പറയാതിരുന്ന ഇരുപതുകാരി, പരസ്‌പരം ബന്ധിച്ച്‌ കൊക്കയില്‍ ചാടി പ്രണയബലിദാനികളായ കമിതാക്കള്‍, എന്നെ ഇനി അന്വേഷിക്കേണ്ടെന്ന മകളുടെ ഫോണ്‍വിളിയില്‍ നെഞ്ചുപൊട്ടി മരിച്ച പിതാവ്‌... കണ്ണില്ലാത്ത പ്രണയത്തില്‍ ജീവന്‍ ഹോമിക്കപ്പെട്ടവര്‍ ഏറെയാണ്‌.

വഴിവക്കില്‍ കണ്ട യുവാവുമായുള്ള പ്രണയം കൊലപാതകത്തില്‍ കലാശിച്ചതു ചാവക്കാട്ടെ ആദ്യസംഭവമായിരുന്നില്ല. അകലാട്‌ സ്വദേശിയായ ഇരുപത്താറുകാരിയാണു വിവാഹവാഗ്‌ദാനത്തില്‍ മയങ്ങി കാമുകനു വഴങ്ങിയത്‌. രാത്രി യുവതിയുടെ വീടിനു സമീപത്തെ ആളില്ലാത്ത വീട്ടിലായിരുന്നു സമാഗമങ്ങള്‍. ഒരു രാത്രി പവര്‍കട്ട്‌ സമയത്തു വീട്ടില്‍നിന്നു കാണാതായ യുവതിയുടെ മൃതദേഹം മൂന്നാംപക്കം ആളൊഴിഞ്ഞ വീടിന്റെ വിറകുപുരയുടെ പിന്നില്‍ കുഴിച്ചുമൂടിയ നിലയിലാണു കണ്ടെത്തിയത്‌.

സൈബര്‍ പ്രണയങ്ങളും അവിഹിതബന്ധങ്ങളും ചിലപ്പോഴൊക്കെ ഒരു മിസ്‌ഡ്‌ കോളിലാകും ആരംഭിക്കുക. അങ്ങനെയൊരു മിസ്‌ഡ്‌ കോളിനു ചെവിയോര്‍ത്ത വീട്ടമ്മയുടെ മൃതദേഹം ചാവക്കാട്ട്‌ കടപ്പുറത്ത്‌ അസ്‌ഥിപഞ്‌ജരമായാണു കണ്ടെടുത്തത്‌. തൃശൂരിലെ ചേലക്കരയില്‍നിന്നു കാണാതായ യുവതിക്കായുള്ള അന്വേഷണമാണ്‌ അവിഹിത പ്രണയകൊലപാതകത്തിന്റെ ചുരുളഴിച്ചത്‌.

തൃശൂരിലെ സ്വകാര്യാശുപത്രി ജീവനക്കാരിയായ കുടുംബിനിയാണു മൊബൈല്‍ ഫോണ്‍ വിളികളിലൂടെ ചാവക്കാട്‌ സ്വദേശിയുമായി അടുത്തത്‌. ആ വിളികള്‍ പിന്നീടു കടപ്പുറത്തെ സമാഗമങ്ങളിലേക്കു വഴിതിരിഞ്ഞു. ശാരീരികബന്ധത്തിനു പുറമേ ചില സാമ്പത്തിക ഇടപാടുകളും ഇവര്‍ക്കിടയിലുണ്ടായിരുന്നു. ഒരു സുപ്രഭാതത്തില്‍ യുവതിയെ കാണാനില്ലെന്നു ഭര്‍ത്താവ്‌ പോലീസില്‍ പരാതിപ്പെട്ടു. പോലീസിന്റെ ദീര്‍ഘനാളത്തെ അന്വേഷണത്തിനൊടുവില്‍ യുവതിയുടെ മൃതദേഹം ചാവക്കാട്‌ എടക്കഴിയൂര്‍ കടപ്പുറത്ത്‌ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. അതും രണ്ടരവര്‍ഷത്തിനുശേഷം അസ്‌ഥിപഞ്‌ജരമായി. വസ്‌ത്രങ്ങളുടെയും ആഭരണങ്ങളുടെയും അവശിഷ്‌ടങ്ങള്‍ കണ്ടാണു ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്‌.

വഴിവക്കില്‍ കണ്ട യുവാവുമായുള്ള പ്രണയം കൊലപാതകത്തില്‍ കലാശിച്ചതു ചാവക്കാട്ടെ ആദ്യസംഭവമായിരുന്നില്ല. അകലാട്‌ സ്വദേശിയായ ഇരുപത്താറുകാരിയാണു വിവാഹവാഗ്‌ദാനത്തില്‍ മയങ്ങി കാമുകനു വഴങ്ങിയത്‌. രാത്രി യുവതിയുടെ വീടിനു സമീപത്തെ ആളില്ലാത്ത വീട്ടിലായിരുന്നു സമാഗമങ്ങള്‍. ഒരു രാത്രി പവര്‍കട്ട്‌ സമയത്തു വീട്ടില്‍നിന്നു കാണാതായ യുവതിയുടെ മൃതദേഹം മൂന്നാംപക്കം ആളൊഴിഞ്ഞ വീടിന്റെ വിറകുപുരയുടെ പിന്നില്‍ കുഴിച്ചുമൂടിയ നിലയിലാണു കണ്ടെത്തിയത്‌. പതിവുപോലെ കാമുകസമാഗമത്തിനൊടുവില്‍ യുവതി വിവാഹക്കാര്യം എടുത്തിട്ടു. മറ്റു പല സ്‌ത്രീകളുമായും ബന്ധമുണ്ടായിരുന്ന യുവാവ്‌ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും യുവതി സമ്മതിച്ചില്ല. അപ്പോള്‍തന്നെ കൂട്ടിക്കൊണ്ടുപോകണമെന്നു യുവതി ശഠിച്ചതോടെ കാമുകന്‍ തനിസ്വരൂപം പുറത്തെടുത്തു. ചുരിദാര്‍ ഷാള്‍ കഴുത്തില്‍ മുറുക്കി കാമുകിയെ കൊന്നുകുഴിച്ചുമൂടി.

രണ്ടുവര്‍ഷം മുമ്പാണ്‌ ഇടുക്കി, വെള്ളത്തൂവലിലെ പണിക്കന്‍കുടിയില്‍ 42 വയസുള്ള വീട്ടമ്മയെ കാണാനില്ലെന്ന പരാതിയുയര്‍ന്നത്‌. കട്ടപ്പന കരുന്തരവി എസ്‌റ്റേറ്റിലെ പാസ്‌റ്ററായ കാമുകന്‍, വീട്ടമ്മയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി തമിഴ്‌നാട്‌ അതിര്‍ത്തിയിലെ ഇറൈച്ചില്‍പാലം കനാലില്‍ തള്ളിയതായി പോലീസ്‌ കണ്ടെത്തി. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ അഴുകിയ മൃതദേഹം കണ്ടെടുത്തു. ദീര്‍ഘനാളത്തെ വഴിവിട്ട പ്രണയമാണു കൊലപാതകത്തില്‍ കലാശിച്ചത്‌.

വര്‍ഷങ്ങള്‍ക്കു മുമ്പാണു സംഭവം. തൃശൂര്‍ ജില്ലയിലെ പാവറട്ടിക്കടുത്ത്‌ പണ്ടാരമേട്‌ പുഴയിലൂടെ ഒരു സ്‌ത്രീയുടെ മൃതദേഹം ഒഴുകിയെത്തി. ഒരാളെ ഇഷ്‌ടമാണെന്നു മകള്‍ പറഞ്ഞതേ വീട്ടുകാര്‍ക്ക്‌ അറിയുമായിരുന്നുള്ളൂ. ആ പ്രണയം കൊലപാതകത്തിലാണു കലാശിച്ചതെന്നു പോലീസ്‌ കണ്ടെത്തി. കുന്നംകുളത്ത്‌ ഇതരമതസ്‌ഥനായ യുവാവിനൊപ്പം ഇറങ്ങിപ്പോയ പെണ്‍കുട്ടി പിന്നീടു ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനം സഹിക്കാതെ തീകൊളുത്തി ജീവനൊടുക്കി. തൃശൂര്‍ കടവല്ലൂര്‍ പഞ്ചായത്തിലെ പെരുമ്പിലാവ്‌ സ്വദേശിയായ ഇരുപതുകാരിയാണു കഴിഞ്ഞ ഏപ്രിലില്‍ ആത്മഹത്യ ചെയ്‌തത്‌. ഒരുമാസത്തിനുശേഷം ഭര്‍ത്താവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. വിവാഹശേഷം യുവതി മതംമാറുകയും ചെയ്‌തിരുന്നു. പാതിവെന്ത ശരീരവുമായി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ കിടക്കുമ്പോഴും മജിസ്‌ട്രേറ്റിനു നല്‍കിയ മരണമൊഴിയില്‍ യുവതി ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞില്ല. മരണക്കിടക്കയിലും ആത്മാര്‍ഥപ്രണയം മനസില്‍ സൂക്ഷിച്ച യുവതി ദിവസങ്ങള്‍ക്കുശേഷം മരണത്തിനു കീഴടങ്ങി.

ബിരുദവിദ്യാര്‍ഥിനിയുടെയും പെയിന്റിങ്‌ തൊഴിലാളിയുടെ ഒളിച്ചോട്ടം അവസാനിച്ചത്‌ ആത്മഹത്യയില്‍. കഴിഞ്ഞമാസമാണു കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ പാപ്പിനിശേരി ധര്‍മക്കിണര്‍ സ്വദേശിയായ കമല്‍കുമാറും (23) പാപ്പിനിശേരി വെസ്‌റ്റ്‌ സ്വദേശി പി.പി. അശ്വതി(20)യും കൊക്കയില്‍ ചാടി ജീവനൊടുക്കിയത്‌. മരണത്തില്‍പോലും വേര്‍പിരിയാതിരിക്കാന്‍ ഷാള്‍ ഉപയോഗിച്ച്‌ ഇരുവരും പരസ്‌പരം ബന്ധിച്ചിരുന്നു. മൂന്നുവര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. യുവതിക്കു മറ്റൊരു വിവാഹം ആലോചിച്ചതോടെയാണു വ്യത്യസ്‌ത ജാതിക്കാരായ കമിതാക്കള്‍ ആത്മഹത്യ ചെയ്ാന്‍ തയീരുമാനിച്ചത്‌. കേസില്‍ പോലീസ്‌ അന്വേഷണം തുടരുകയാണ്‌.

എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിലേക്കെന്നു പറഞ്ഞ്‌ വീട്ടില്‍നിന്നിറങ്ങിയ അശ്വതി തിരിച്ചെത്തിയില്ലെന്നു രക്ഷിതാക്കള്‍ വളപട്ടണം പോലീസില്‍ പരാതിപ്പെട്ടിരുന്നു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ ഇരുവരും കണ്ണൂര്‍ ഇരിട്ടി മേഖലയിലുള്ളതായി വിവരം ലഭിച്ചു. കാഞ്ഞിരക്കൊല്ലിയില്‍ ഒരു ബൈക്ക്‌ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ്‌ ശശിപ്പാറ വ്യൂ പോയിന്റിനു താഴെ കൊക്കയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.

പ്രണയം തലയ്‌ക്കു പിടിച്ച്‌ വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനി, രണ്ടു മക്കളുടെ അമ്മയായതോടെ കുടുംബം പോറ്റാന്‍ കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ട്‌ ഹോട്ടലില്‍ ജോലി ചെയ്യുകയാണ്‌. കുറവിലങ്ങാടിനു സമീപം, ഒരു ഉന്നതോദ്യോഗസ്‌ഥന്റെ സഹോദരിക്കാണ്‌ ഈ ദുര്‍ഗതി. പഠിക്കാന്‍ മിടുക്കിയായിരുന്ന പെണ്‍കുട്ടി ബിരുദവിദ്യാര്‍ഥിനിയായിരിക്കേ റബര്‍ ടാപ്പിങ്ങുകാരനായ യുവാവുമായി അടുപ്പത്തിലായി. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും എതിര്‍പ്പവഗണിച്ച്‌ വിവാഹിതരാകാന്‍ തീരുമാനിച്ചതോടെ പഠനവും ഉപേക്ഷിക്കേണ്ടിവന്നു. ദാമ്പത്യത്തിന്റെ അധ്യായം തുറന്നതോടെ ഭര്‍ത്താവ്‌ തനിനിറം കാട്ടിത്തുടങ്ങി. ഒടുവില്‍, മക്കള്‍ക്ക്‌ ആഹാരത്തിനുപോലും വഴിമുട്ടിയതോടെ യുവതി കൂലിവേലയ്‌ക്ക്‌ ഇറങ്ങുകയായിരുന്നു.

ഏകമകളുടെ തിരോധാനത്തേത്തുടര്‍ന്ന്‌ പിതാവ്‌ നെഞ്ചുപൊട്ടി മരിച്ച സംഭവം കാഞ്ഞിരപ്പള്ളിക്കാരുടെ മനസില്‍നിന്ന്‌ ഇനിയും മാഞ്ഞിട്ടില്ല. മകളെത്തേടി ഒരാഴ്‌ചയോളം മാതാപിതാക്കള്‍ അലഞ്ഞുതിരിഞ്ഞു. അതിനിടെയാണ്‌ അപ്രതീക്ഷിതമായി ആ വിളിയെത്തിയത്‌: "എന്നെ അന്വേഷിച്ചു സമയം കളയേണ്ട, ഞാന്‍ ഇഷ്‌ടപ്പെട്ടയാളുടെ കൂടെയുണ്ട്‌". ആ ഫോണ്‍ സംഭാഷണം മുഴുമിപ്പിക്കും മുമ്പേ പിതാവ്‌ തളര്‍ന്നുവീണു; പിന്നെ കണ്ണുതുറന്നില്ല. വിദേശത്തായിരുന്നു യുവതിയുടെ പിതാവിനു ജോലി. അതു നഷ്‌ടമായതോടെ നാട്ടിലെത്തി. ഏകമകളെ അല്ലലറിയിക്കാതെ പോറ്റാന്‍ കൂലിപ്പണിയെടുത്തു. ആ മകള്‍ ഏതോ ഒരാള്‍ക്കൊപ്പം ഇറങ്ങിപ്പോയെന്ന വിവരം പിതാവിനു താങ്ങാവുന്നതിനപ്പുറമായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷവും ബന്ധുക്കള്‍ യുവതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മകള്‍ക്കു വിവാഹാലോചനകള്‍ ആരംഭിച്ച്‌, ഒരു പെണ്ണുകാണലും നടന്നശേഷമായിരുന്നു ഒളിച്ചോട്ടം. കോളജ്‌ പഠനകാലത്തു പരിചയപ്പെട്ട സ്വകാര്യ ബസ്‌ ജീവനക്കാരനൊപ്പമാണ്‌ അവള്‍ പോയതെന്നു പിന്നീടറിഞ്ഞു. ഈരാറ്റുപേട്ട സ്വദേശിയായ കാമുകന്‍ നാട്ടില്‍ത്തന്നെ എട്ടോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. ഇരുവരെക്കുറിച്ചും ഇപ്പോള്‍ യാതൊരു വിവരവുമില്ല. യുവാവിനു ചില തീവ്രവാദസംഘടനകളുമായുള്ള ബന്ധവും കുടുംബത്തിന്റെ സ്വാസ്‌ഥ്യം കെടുത്തുന്നു. മകളുടെ തിരോധാനവും ഭര്‍ത്താവിന്റെ വിയോഗവും തളര്‍ത്തിയ നാല്‍പത്തഞ്ചുകാരിയായ വീട്ടമ്മ ജീവിതം വഴിമുട്ടിയ അവസ്‌ഥയിലാണ്‌.

വാട്ട്‌സ്‌ആപ്പ്‌, ഫെയ്‌സ്‌ബുക്‌ പ്രണയങ്ങളില്‍ ചിലത്‌ തുടക്കത്തിലേ വാടിക്കരിഞ്ഞ്‌ ജീവിതം നാശമാകുന്നതിന്‌ ഉദാഹരണമാണു വയനാട്ടിലെ മേപ്പാടിയില്‍ രണ്ടുമാസം മുമ്പു നടന്ന സംഭവം. ബിരുദവിദ്യാര്‍ഥികളായ കാമുകീകാമുകന്‍മാര്‍; ഇരുവരും വ്യത്യസ്‌ത സമുദായങ്ങളില്‍പ്പെട്ടവര്‍. കാമുകന്‍ ഇടപെട്ട്‌ പെണ്‍കുട്ടിയുടെ ഒരു വിവാഹാലോചന മുടക്കിയതോടെയാണ്‌ ഇരുവരും ബത്തേരിയിലെ ഒരു ക്ഷേത്രത്തില്‍ താലി ചാര്‍ത്തിയ വിവരം വീട്ടുകാര്‍ അറിഞ്ഞത്‌. പെണ്‍കുട്ടിയുടെ വീട്ടില്‍ ഭൂകമ്പമായി. സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ പെണ്‍കുട്ടിയുടെ മനസുമാറി. പോലീസ്‌ സ്‌റ്റേഷനില്‍ കാമുകന്റെ മുഖത്തുനോക്കി തള്ളിപ്പറഞ്ഞു. തൊട്ടുപിന്നാലെ, അവനൊപ്പംതന്നെ ജീവിക്കണമെന്നായി പെണ്‍കുട്ടി. പോലീസുകാര്‍ വലഞ്ഞു. പിന്നീട്‌ വീട്ടുകാരെ ധിക്കരിച്ച്‌ ഭര്‍തൃഗൃഹത്തിലെത്തിയ പെണ്‍കുട്ടിയെ കാമുകന്‍ ആട്ടിയിറക്കി. രണ്ടു കുടുംബങ്ങളും കണ്ണീരിലാണിപ്പോള്‍.

(തുടരും)

സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Tuesday 19 Jun 2018 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW