Tuesday, July 23, 2019 Last Updated 44 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Jun 2018 01.45 AM

പ്രവാസിയുടെ സമ്പാദ്യം നാടിന്റെ വികസനത്തിന്‌

uploads/news/2018/06/226826/bft2.jpg

ബദല്‍ വികസന നയത്തിന്റെ ഏറ്റവും പ്രധാന ഉപകരണമായിട്ടാണ്‌ കെ.എസ്‌.എഫ്‌.ഇ. പ്രവാസി ചിട്ടിയെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കാണുന്നത്‌. 2007-2011 ല്‍ കെ.എസ്‌.എഫ്‌.ഇ. ആവിഷ്‌കരിച്ചതാണു പ്രവാസി മലയാളികള്‍ക്കായുള്ള ഈ ചിട്ടി. 2016 ജൂലൈയില്‍ കേരള സര്‍ക്കാര്‍ പ്രവാസി ചിട്ടി തുടങ്ങാന്‍ കെ.എസ്‌.എഫ്‌.ഇക്ക്‌ അനുമതി നല്‍കി. 2017-18-ലെ ബജറ്റ്‌ പ്രസംഗത്തില്‍ ധനമന്ത്രി തോമസ്‌ ഐസക്‌ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. വിവിധ വികസന പദ്ധതികള്‍ കിഫ്‌ബി വഴി നടപ്പാക്കാന്‍ പ്രവാസി ചിട്ടിയിലെ വരുമാനം പ്രയോജനപ്പെടുത്തുമെന്നും പ്രഖ്യാപിച്ചു. ഇതിനായി കിഫ്‌ബി ബോണ്ടുകളില്‍ തുക നിക്ഷപിക്കാനാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. കെ.എസ്‌.എഫ്‌.ഇ. പ്രവാസി ചിട്ടിയില്‍ അംഗമാകുന്ന പ്രവാസികള്‍ക്ക്‌ സുരക്ഷിത സമ്പാദ്യത്തിനുള്ള അവസരം കിട്ടുന്നതിനൊപ്പം എല്‍.ഐ.സിയുടെ ഇന്‍ഷുറന്‍സ്‌ പരിരക്ഷയും സ്‌റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ നല്‍കുന്ന അത്യാഹിത സുരക്ഷാ സഹായവും ലഭിക്കും. പ്രവാസി ചിട്ടിയുടെ പ്രവര്‍ത്തനം പൂര്‍ണമായും ഡിജിറ്റലാണെന്ന പ്രത്യേകതയുമുണ്ട്‌.

ധാന്യക്കുറിയില്‍നിന്ന്‌ കെ.എസ്‌.എഫ്‌.ഇയിലേക്ക്‌

ഗ്രാമീണ സംസ്‌കാരത്തിന്റ ഭാഗമായി ഉയര്‍ന്നുവന്നതാണു ചിട്ടി. ലോഗന്റെ മലബാര്‍ മാനുവലിലും (1887) ബ്രിട്ടീഷുകാരി എഡിത്ത്‌ ജമീമ സിംകോക്‌സിന്റെ (1894) പ്രിമിറ്റീവ്‌ സിവിലൈസേഷന്‍സ്‌ എന്ന ഗ്രന്ഥത്തിലും അക്കാലത്ത്‌ മലബാറില്‍ നിലവിലുണ്ടായിരുന്ന കുറിക്കല്യാണം അഥവാ മലബാര്‍ കുറി എന്ന ചിട്ടി രൂപത്തെക്കുറിച്ച്‌ പറയുന്നുണ്ട്‌. 1800-ല്‍ കൊച്ചിരാജാവായിരുന്ന രാജരാമവര്‍മ്മ തൃശൂര്‍ അങ്ങാടിയിലെ സുറിയാനി ക്രിസ്‌ത്യാനി കച്ചവടക്കാര്‍ക്ക്‌ കച്ചവടത്തിന്‌ പണം ചിട്ടിവായ്‌പ നല്‍കിയിരുന്നു. അതിനും എത്രയോ മുമ്പ്‌ 1577-ല്‍ ഇന്ത്യാ സന്ദര്‍ശനം നടത്തിയ ചൈനയില്‍നിന്നുള്ള പോര്‍ച്ചുഗീസ്‌ മിഷനറിമാര്‍ കൊടുങ്ങല്ലൂരില്‍ മുസിരിസ്‌ സന്ദര്‍ശിക്കുകയും വൈപ്പിന്‍കോട്ടയില്‍ സെമിനാരി സ്‌ഥാപിക്കുകയും അതുവഴി ചിട്ടി പ്രവര്‍ത്തനം നടത്തുകയും ചെയ്‌തതായി രേഖകളുണ്ട്‌. 1830-കളില്‍ തൃശൂര്‍ കല്‍ദായ വലിയപള്ളിയിലാണ്‌ ചരിത്രത്തിലാദ്യമായി കേരളത്തില്‍ വ്യവസ്‌ഥാപിത ചിട്ടി നടത്തിയതായി കണ്ടെത്തിയിട്ടുള്ളത്‌. പള്ളിപ്പണിക്കായി നടത്തിയ ചിട്ടിക്ക്‌ കൃത്യമായ കണക്കുകളും പാസ്‌ബുക്കും ഉണ്ടായിരുന്നത്രെ. കാലാന്തരേണ തൃശൂര്‍ കുറിക്കമ്പനികളുടെ നാടായി.
സംസ്‌ഥാനത്തെ ചിട്ടിരംഗം അന്നു പൂര്‍ണമായും സ്വകാര്യമേഖലയുടെ കൈയിലായിരുന്നു. 1967-ലെ രണ്ടാം ഇ.എം.എസ്‌. മന്ത്രിസഭ ചിട്ടിയില്‍ സര്‍ക്കാര്‍ ഇടപെടലിനു തീരുമാനിച്ചു. അക്കൊല്ലം ബജറ്റില്‍ ധനകാര്യമന്ത്രി പി.കെ. കുഞ്ഞ്‌ ഇതുസംബന്ധിച്ച പ്രസ്‌താവന നടത്തി. 1969 നവംബര്‍ 6-ന്‌ തൃശൂര്‍ ആസ്‌ഥാനമാക്കി കേരള സ്‌റ്റേറ്റ്‌ ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്‌ (കെ.എസ്‌.എഫ്‌.ഇ.) രൂപീകരിച്ചു. സ്വകാര്യ ചൂഷകരുടെ പിടിയില്‍നിന്ന്‌ നിക്ഷേപകരെ മോചിപ്പിക്കാനുദ്ദേശിച്ച്‌ രണ്ടു ലക്ഷം രൂപ മൂലധനവുമായി തുടങ്ങിയ കെ.എസ്‌.എഫ്‌.ഇ. ഇന്ന്‌ 581 ശാഖകളും ഏഴായിരത്തിലധികം ജീവനക്കാരുമുള്ള സ്‌ഥാപനമാണ്‌. 2018-ലെ വാര്‍ഷിക റിപ്പോര്‍ട്ട്‌ പ്രകാരം 36,305 കോടി രൂപ വിറ്റുവരവുള്ള സ്‌ഥാപനം.

പ്രവാസി ചിട്ടി
18-നും 55-നും ഇടയ്‌ക്കു പ്രായമുള്ള ഇന്ത്യന്‍ പൗരന്മാരായ പ്രവാസി മലയാളികള്‍ക്കു ചിട്ടിയില്‍ അംഗമാകാം. പ്രവാസി ചിട്ടിവഴി സമാഹരിക്കുന്ന പണത്തിന്റെ നീക്കിയിരിപ്പ്‌ (ബാങ്കിങ്‌ ഭാഷയില്‍ പറഞ്ഞാല്‍ ഫ്‌ളോട്ട്‌) തുകയാണ്‌ കിഫ്‌ബിയുടെ അടിസ്‌ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി ഉപയോഗിക്കുക. പ്രവാസി ചിട്ടിയുടെ ദൈനംദിന നീക്കിയിരിപ്പ്‌ കെ.എസ്‌.എഫ്‌.ഇ. കിഫ്‌ബിയുടെ ബോണ്ടുകളില്‍ കരുതലാകും. ഈ ബോണ്ടുകളുടെ ജാമ്യക്കാരന്‍ കേരള സര്‍ക്കാരാണ്‌.
പത്തുലക്ഷം രൂപവരെ ഒന്നോ അതിലധികമോ ചിട്ടികളായി പ്രവാസി മലയാളിക്ക്‌ ചിട്ടി അംഗത്വമെടുക്കാം. ഇടപാടുകളെല്ലാം ഓണ്‍ലൈന്‍ വഴി നടത്താനാകും. ഡെബിറ്റ്‌ കാര്‍ഡ്‌, നെറ്റ്‌ ബാങ്കിംഗ്‌ സൗകര്യങ്ങളുപയോഗിച്ച്‌ വിദേശത്തുനിന്ന്‌ പണമടയ്‌ക്കാം. ഓണ്‍ലൈനിലൂടെ ചിട്ടി ലേലത്തില്‍ പങ്കെടുക്കാം. ലേലത്തുക ഓണ്‍ലൈനിലൂടെ ലഭിക്കുകയും ചെയ്യും. ലേലത്തുകയ്‌ക്ക്‌ ഈടുനല്‍കുന്നതു സംബന്ധിച്ച്‌ നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈനില്‍ ചെയ്യാനാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ സംവിധാനം. അവധിക്ക്‌ നാട്ടിലെത്തുന്ന പ്രവാസിക്ക്‌ കെ.എസ്‌.എഫ്‌.ഇ.യുടെ ഏതു ശാഖയിലും ബാങ്ക്‌ ചെക്ക്‌ വഴി ചിട്ടിപ്പണം അടയ്‌ക്കാനാകും. വിദേശത്തുനിന്നോ നാട്ടിലോ പ്രവാസി ചിട്ടി ഇടപാടുകള്‍ ക്യാഷായി (നോട്ടിടപാട്‌) നടത്താനാവില്ല. പ്രവാസി ജീവിതം അവസാനിപ്പിച്ച്‌ നാട്ടില്‍ മടങ്ങിയെത്തുന്നവര്‍ക്ക്‌ പ്രവാസി ചിട്ടിയില്‍ അംഗമായി തുടരാം. ജോലി നഷ്‌ടപ്പെട്ട്‌ വരുമാനമില്ലാത്തവര്‍ക്ക്‌ അതുവരെ ചിട്ടിയില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയും ചെയ്യും.

പെന്‍ഷന്‍/ഇന്‍ഷുറന്‍സ്‌ ആനുകൂല്യങ്ങള്‍
എല്‍.ഐ.സി.യുടെ ഇന്‍ഷുറന്‍സ്‌, പെന്‍ഷന്‍, സ്‌റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ നല്‍കുന്ന അത്യാഹിത സുരക്ഷാ പരിരക്ഷ, സുരക്ഷിത സമ്പാദ്യം എന്നിങ്ങനെ നാല്‌ വ്യത്യസ്‌ത സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ചിട്ടിയാണ്‌ പ്രവാസി ചിട്ടി. ചിട്ടിത്തുക എല്‍.ഐ.സിയുടെ പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്‌ അതിന്‌ അവസരമുണ്ട്‌. പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകണമെന്നു നിര്‍ബന്ധവുമില്ല. ചിട്ടിത്തുക ഒടുക്കുന്നതില്‍ വീഴ്‌ച വരുന്ന പക്ഷം എല്‍.ഐ.സി. പെന്‍ഷന്‍ പദ്ധതിയില്‍ നിക്ഷേപിച്ച തുക തിരികെ ലഭിക്കുകയില്ല.
ചിട്ടി അംഗങ്ങള്‍ക്ക്‌ അപകട ഇന്‍ഷുറന്‍സ്‌ കിട്ടുമെന്നത്‌ പ്രവാസി ചിട്ടിയുടെ മറ്റൊരു മേന്മയാണ്‌. സ്‌റ്റേറ്റ്‌ ഇന്‍ഷുറന്‍സാണ്‌ അപകട ഇന്‍ഷുറന്‍സ്‌ നല്‍കുന്നത്‌. ഇതിന്റെ ആനുകൂല്യം ലഭിക്കാന്‍ ചിട്ടിത്തുകയല്ലാതെ അധികമായി ഒരുരൂപ പോലും നല്‍കേണ്ടതില്ല. മരണം, തൊഴിലെടുക്കാനാവാത്തവിധമുള്ള അംഗഭംഗം എന്നിവ സംഭവിക്കുന്ന സാഹചര്യത്തില്‍, അംഗം ചിട്ടിയില്‍ ബാക്കി തുക അടയ്‌ക്കാനുള്ള പക്ഷം അത്‌ കെ.എസ്‌.എഫ്‌.ഇ. തന്നെ അടച്ചുതീര്‍ക്കും. പ്രവാസി ചിട്ടിയുടെ തലയാള്‍ എന്ന നിലയില്‍ കെ.എസ്‌.എഫ്‌.ഇ.യ്‌ക്ക്‌ ലഭിക്കുന്ന വിഹിതത്തില്‍ നിന്നാണ്‌ ഇതു ചെയ്യുക. അംഗത്തിന്‌ പെന്‍ഷനും ഇന്‍ഷുറന്‍സും പൂര്‍ണമായി ലഭിക്കും. ചിട്ടിത്തുക ലഭിച്ചിട്ടുള്ള അംഗത്തിന്‌ ഇങ്ങനെ അത്യാഹിതം സംഭവിക്കുന്നതെങ്കില്‍ ചിട്ടിത്തുക ലഭിക്കാന്‍ ഈടായി നല്‍കിയ രേഖകളൊക്കെയും കെ.എസ്‌.എഫ്‌.ഇ. ഉടനടി മോചിതമാക്കും. വിദേശത്ത്‌ മരണം സംഭവിക്കുന്ന അവസരങ്ങളില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവും ഒപ്പം സഞ്ചരിക്കുന്നയാള്‍ക്ക്‌ ഒന്നരലക്ഷം രൂപ വരെ പരിധി നിശ്‌ചയിച്ച്‌ വിമാനക്കൂലിയും ലഭിക്കും.

കിഫ്‌ബി

കേരള അടിസ്‌ഥാന വികസന നിക്ഷേപ ഫണ്ട്‌ ബോര്‍ഡ്‌ എന്ന സംവിധാനത്തിന്‌ രൂപംനല്‍കിയത്‌ 1999ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ടി. ശിവദാസമേനോനാണ്‌. ഈ സംവിധാനം ഉപയോഗിച്ച്‌ തുക സമാഹരിക്കുന്നതിനും ആസ്‌തി വികസനത്തിനും നടപടികള്‍ കൈക്കൊള്ളുമെന്ന്‌ പ്രഖ്യാപിച്ചത്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ്‌. സംസ്‌ഥാനത്ത്‌ പെട്രോളിയം ഉല്‍പന്നങ്ങളില്‍നിന്നും കിട്ടുന്ന സെസ്‌, റോഡ്‌ ടാക്‌സിന്റെ 50 ശതമാനം എന്നിവയില്‍നിന്നാണ്‌ കിഫ്‌ബിയുടെ വരുമാനം. കിഫ്‌ബിയെ സംബന്ധിച്ച സമഗ്രനിയമം ഈ സര്‍ക്കാരിന്റെ കാലത്ത്‌ നിയമസഭയില്‍ ഏകകണ്‌ഠമായി പാസാക്കിയിരുന്നു. കിഫ്‌ബിയുടെ ബോണ്ടുകളെക്കുറിച്ചും ചില വിമര്‍ശനമുണ്ടായി. റിസര്‍വ്‌ ബാങ്ക്‌ അനുമതിയോടെ കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്ന ബോണ്ടുകളുടെ പൊതുനാമമാണ്‌ മസാലബോണ്ട്‌. ഇതുതന്നെയാണ്‌ കിഫ്‌ബിയും ഉപയോഗിക്കുന്നത്‌. കെ.എസ്‌.എഫ്‌.ഇ. പ്രവാസി ചിട്ടിയുടെ നിത്യേനയുള്ള നീക്കിയിരിപ്പ്‌ കിഫ്‌ബി ബോണ്ടുകളാക്കുന്നു എന്നു മാത്രം. പ്രവാസി ചിട്ടി വരുന്നതോടെ പ്രവാസിയുടെ സമ്പാദ്യം നാടിന്റെ വികസനത്തിന്‌ ഉപയോഗപ്പെടുന്നതിന്റെ കൃത്യമായ അളവും തൂക്കവും വ്യക്‌തമാക്കപ്പെടുകയും ചെയ്യും.

ലാലു ജോസഫ്‌

(ലേഖകന്‍ ഹിന്ദുസ്‌ഥാന്‍ ലാറ്റക്‌സിന്റെ മുന്‍ ലോ ഓഫീസറും സ്വതന്ത്ര പത്രപ്രവര്‍ത്തകനുമാണ്‌)

Ads by Google
Tuesday 19 Jun 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW