Sunday, June 23, 2019 Last Updated 29 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 18 Jun 2018 04.05 PM

പ്രണയമല്ല... പ്രാണനാണ്...!

''പരിമിതികളെ പരിശ്രമം കൊണ്ട് കീഴടക്കിയ ഷിഹാബിന്റെയും, പെണ്‍ചിന്തകള്‍ക്കും പെണ്‍ സ്വപ്നങ്ങള്‍ക്കും അത്ര പെട്ടെന്ന് കടന്നു ചെല്ലാന്‍ കഴിയാത്ത വഴികളിലൂടെ സഞ്ചരിച്ച് ഷിഹാബിന്റെ ജീവിതത്തിലേക്ക് കടന്നെത്തിയ ഷഹാനയുടെയും അപൂര്‍വ്വ സ്‌നേഹത്തിന്റെ, അമ്പരപ്പിക്കുന്ന ജീവിതകഥ..''
uploads/news/2018/06/226657/shihabshahanalife180618a.jpg

കല്യാണം കഴിഞ്ഞിട്ടാണ് ഇങ്ങനെ സംഭവിച്ചിരുന്നതെങ്കിലോ, ഞാന്‍ തന്നെയല്ലേ ഇക്കയെ സംരക്ഷിക്കേണ്ടി വരിക. നിങ്ങളെന്താ
അതോര്‍ക്കാത്തേ... ഇക്കാന്റെ സ്‌നേഹം എനിക്കറിയാം, എനിക്കത് മതി...!

മനസുമാറ്റാനെത്തിയവരെല്ലാം ഒറ്റനിമിഷം കൊണ്ട് നിശ്ശബ്ദരായി... ഷിഹാബിന്റെയും ഷഹാനയുടെ ജീവിത കഥ ഇവിടെ ആരംഭിക്കുകയാണ്.

സിനിമയുടേതെന്നപോലെ ഷഹാനയുടെ ആ വാചകം വെറുമൊരു ട്രെയിലര്‍ മാത്രമായിരുന്നു. സ്‌നേഹവും സന്തോഷവും സഹനവും ട്വിസ്റ്റുകളുമുള്ള സിനിമാകഥയെ വെല്ലുന്ന അനുഭവകഥയുണ്ട് ഇവരുടെ ജീവിതത്തില്‍.

പരിമിതികളെ പരിശ്രമം കൊണ്ട് കീഴടക്കിയ അത്ഭുതപ്രതിഭയായ ഷിഹാബിന്റെയും, പെണ്‍ചിന്തകള്‍ക്കും പെണ്‍ സ്വപ്നങ്ങള്‍ക്കും അത്ര പെട്ടെന്ന് കടന്നു ചെല്ലാന്‍ കഴിയാത്ത വഴികളിലൂടെ സഞ്ചരിച്ച് ഷിഹാബിന്റെ ജീവിതത്തിലേക്ക് വലതുകാല്‍ വച്ച ഷഹാനയുടെയും അപൂര്‍വ്വ സ്‌നേഹത്തിന്റെ, അമ്പരപ്പിക്കുന്ന ജീവിതകഥ. ഈ കഥയുടെ ആദ്യഭാഗത്ത് നിറയുന്നത് കഥാനായകനാണ്.

കൈകാലുകള്‍ കവര്‍ന്നെടുത്ത വിധിയെ സ്വന്തം ഇച്ഛാശക്തി കൊണ്ട് പോരാടി തോല്‍പ്പിച്ച മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഷിഹാബ്. ചെറിയ വീഴ്ചകളില്‍ പോലും മാനസികമായി തളര്‍ന്നു പോയവര്‍ക്ക് മുന്നില്‍ സ്വന്തം ജീവിതാനുഭങ്ങളുടെ തീച്ചൂളയില്‍ നിന്ന് ആത്മവിശ്വാസത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഷിഹാബിനെ ലോകമറിയുന്നത് ഇന്‍സ്പിരേഷണല്‍ സ്പീച്ച് സ്‌പെഷ്യലിസ്റ്റ് ആയിട്ടാണ്.

പരിമിതികളുടെ പഠിപ്പുരയില്‍ പരിശ്രമത്തിന്റെ പുതിയൊരധ്യായം രചിച്ച ഷിഹാബ് ഇന്ന് രാജ്യത്തിനകത്തും പുറത്തുമുള്‍പ്പടെയുള്ള വേദികളില്‍ സ്വന്തം ജീവിതകഥയിലൂടെ മറ്റുള്ളവര്‍ക്ക് ആത്മവിശ്വാസം പകരുന്നു.

ഷിഹാബിന്റെയും ഷഹാനയുടെയും അതുല്യസ്‌നേഹത്തിന്റെ ആഴമറിയണമെങ്കില്‍ ഷിഹാബ് എന്ന അത്ഭുത മനുഷ്യന്റെ ജീവിതവഴികളിലൂടെ ആദ്യമൊന്ന് സഞ്ചരിക്കണം...

ഷിഹാബിന്റെ ജീവിതം: ഒരു ഫ്‌ളാഷ്ബാക്ക്...


ജന്മനാ എനിക്ക് കൈകാലുകളില്ലായിരുന്നു. ഗര്‍ഭാവസ്ഥയില്‍ ഉമ്മ കഴിച്ച മരുന്നിന്റെയോ മറ്റോ പ്രശ്‌നമാണെന്നാണ് എന്റെ കേട്ടറിവ്. കാരണം അന്വേഷിച്ചിട്ടു കാര്യമില്ലാത്തതു കൊണ്ട് തന്നെ ഞാനതിനു വേണ്ടി സമയം കളഞ്ഞിട്ടില്ല. തിരിച്ചറിവായ കാലത്താണ് എന്റെ പരിമിതികള്‍ എന്നെ ബാധിച്ചു തുടങ്ങിയത്.

മറ്റ് കുട്ടികള്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍, സ്‌കൂളിലേക്ക് പോകുന്നത് കാണുമ്പോഴൊക്കെ അവര്‍ ചെയ്യും പോലെ ചെയ്യാന്‍ ശ്രമിക്കും. കഴിയാതെ വരുമ്പോഴാണ് പരിമിതികളെ കുറിച്ച് മനസ്സിലാകുന്നത്.

സ്‌കൂളില്‍ പോകാന്‍ കഴിയാത്തത് കാരണം വീട്ടില്‍ തന്നെയായിരുന്നു ബാല്യകാലം. മൂന്നാം ക്ലാസില്‍ നേരിട്ട് അഡ്മിഷന്‍ എടുത്തിരുന്നെങ്കിലും പോകാന്‍ പറ്റിയില്ല. ഇത്തയും ഇക്കയും വീട്ടില്‍ വന്ന് പഠിക്കുന്നത് കേട്ടാണ് ഞാന്‍ പഠിച്ചത്.

പിന്നീട് ഉപ്പാന്റെ എം 80 സ്‌കൂട്ടറിന്റെ മുന്നില്‍ പ്രത്യേകം സീറ്റ് ഘടിപ്പിച്ച് പരീക്ഷ മാത്രം എഴുതാന്‍ പോകുമായിരുന്നു. സ്ഥിരമായി സാധാകുട്ടികള്‍ക്കൊപ്പം സ് കൂളില്‍ പോകാന്‍ തുടങ്ങിയത് എട്ടാം ക്ലാസിലാണ്. പൂക്കോട്ടൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ചേര്‍ന്നത്.

uploads/news/2018/06/226657/shihabshahanalife180618.jpg

ഉച്ചയ്ക്ക് ഉമ്മ വന്ന് ഭക്ഷണം വാങ്ങി തരും. അങ്ങനെയാണ് പത്താം ക്ലാസുവരെ മുന്നോട്ട് പോയത്. ഇന്ന് ഞാന്‍ ലിറ്ററേച്ചറില്‍ പി.ജി കഴിഞ്ഞു. ഡോക്ടര്‍ എന്നത് തന്നെയായിരുന്നു മോഹം. പക്ഷേ ഈ പരിമിതികള്‍ അതിന് തടസ്സമാകുമെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വഴി മാറി ചിന്തിച്ചു.

ജീവിതത്തില്‍ എല്ലാ ഘട്ടത്തിലും പിന്തുണയുമായി ഒരുപാട് പേരുണ്ടായിരുന്നു. ഭക്ഷണം വാരിത്തരാനുള്‍പ്പടെ എല്ലാ റ്റിനും കൂട്ടുകാര്‍ ഉണ്ടായിരുന്നതാണ് എന്റെ ബലം. അവര്‍ക്കൊപ്പം പുറത്ത് കളിക്കാന്‍ പോകാന്‍ പറ്റിയിരുന്നെങ്കില്‍ എന്നൊക്കെ തോന്നിയിട്ടുണ്ട്.

പക്ഷേ എനിക്ക് എന്റേതായ ഒരു ലോകമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കാലും കൈയും ഇല്ല. അതു കൊണ്ട് ഒന്നിനും കഴിയില്ലെന്ന് ചിന്തിക്കുന്നവരും ഉണ്ടാകും, കാലില്ലാതെ എങ്ങനെ നടക്കാം എന്ന് ചിന്തിക്കുന്നവരും ഉണ്ടാകും. ഞാന്‍ രണ്ടാമത്തെ ഗണത്തില്‍ പെട്ട ആളാണ്.

പറ്റില്ലെന്ന് പറയുന്ന കാര്യങ്ങളെ എന്റെ രീതിയില്‍ എങ്ങനെ ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ ചിന്തിക്കുക. ക്രിക്കറ്റ് കളിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയ സമയമുണ്ട്.

എല്ലാവരും കളി കഴിഞ്ഞ് ബാറ്റ് കൊണ്ടു വയ്ക്കുമ്പോള്‍ അതെങ്ങനെ എടുക്കാന്‍ പറ്റുമെന്ന ശ്രമത്തിനൊടുവിലാണ് ക്രിക്കറ്റ് ബാറ്റ് എടുത്തത്. പിന്നീട് ക്രിക്കറ്റ് കളിച്ചു. ആ വാര്‍ത്തയറിഞ്ഞ് ശ്രീശാന്ത് നേരിട്ട് വിളിച്ചഭിനന്ദിച്ചു. അതിലൊക്കെ വലിയ അഭിമാനമുണ്ട്. അത്തരം വാശി എപ്പോഴുമുണ്ട്.

വയലിന്‍ പഠിച്ചതും ഡാന്‍സ് കളിച്ചതും ചിത്രം വരയ്ക്കുന്നതും മൊബൈലും ലാപ്‌ടോപ്പും ഉപയോഗിക്കുന്നതും ഡ്രംസ് പഠിക്കുന്നതും കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ മജീഷ്യന്‍ മുതുകാട് സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതും ഒക്കെ ആ വാശിയുടെ ഭാഗം തന്നെയാണ്. ജീവിതത്തോട് ആ മനോഭാവം കൊണ്ടാകണം പരിമിതികളെ ഓര്‍ത്ത് ഒരിക്കലും വിഷമിക്കേണ്ടി വന്നിട്ടില്ല. അങ്ങനെ വിഷമിച്ചിരുന്നെങ്കില്‍ ഞാന്‍ 24 വയസ്സുവരെ ജീവിക്കില്ലായിരുന്നു.

ഇങ്ങനെ ജനിച്ചതില്‍ വിഷമമുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. ഇല്ല എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. സത്യത്തില്‍ ഞാന്‍ 100% സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യുന്നവരെ മാത്രമേ ലോകം ശ്രദ്ധിക്കൂ.

ദൈവം എന്നെ ക്രിയേറ്റീവായി ജനിപ്പിച്ചതുകൊണ്ട് വലിയ ക്രിയേറ്റിവിറ്റി ഒന്നും ഞാനായിട്ട് ചെയ്യേണ്ടി വന്നിട്ടില്ല. ഞാനിങ്ങനെ ആയില്ലായിരുന്നെങ്കില്‍ ഒരു ഡോക്ടറോ എന്‍ജിനീയറോ ഒക്കെയായി ആരും തിരിച്ചറിയാതെ എവിടെയോ ജീവിച്ചിരിക്കേണ്ട ആളാണ്.

uploads/news/2018/06/226657/shihabshahanalife180618a1.jpg

ലോകത്തോടൊപ്പം നടക്കുക എന്നത് എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. 75% അംഗപരിമിതിയുള്ള ഞാന്‍ ബാക്കിയുള്ള 25% കൊണ്ടാണ് മറ്റുള്ളവര്‍ക്കൊപ്പം എത്തേണ്ടത്. അതുകൊണ്ട് ഓരോന്നിലും എക്‌സ്ട്രാ ഓര്‍ഡിനറി ആയേ മതിയാവൂ. മനസ് പറയുന്ന കാര്യങ്ങള്‍ അധികം അഭിപ്രായം ഒന്നും ചോദിക്കാതെ ചെയ്യുകയാണ് എന്റെ രീതി.

അഭിപ്രായങ്ങള്‍ നമ്മളെ പിന്നോട്ട് വലിക്കും. ചെയ്യുന്ന കാര്യത്തില്‍ നിന്നുള്ള സംതൃപ്തി മാത്രമാണ് ഞാന്‍ കണക്കിലെടുക്കുന്നത്. ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ ഉണ്ടായിട്ട് സന്തോഷിക്കാം എന്ന് കരുതി സമയം കളയരുത്. ചെറിയ ചെറിയ കാര്യങ്ങളില്‍ നിന്ന് സന്തോഷം കണ്ടെത്തുക. അപ്പോള്‍ ജീവിതത്തില്‍ നമുക്ക് വലിയ സന്തോഷമുണ്ടാകും.

കുടുംബവും സാഹചര്യവുമാണ് ശരിക്കും എന്നെപ്പോലൊരാളെ വളര്‍ത്തുന്നത്. അക്കാര്യത്തിലും ഞാന്‍ ഭാഗ്യവാനാണ്. അവര്‍ക്ക് നമ്മള്‍ ഒരു ബാധ്യതയായി തോന്നിയാല്‍ എല്ലാം അവിടെ കഴിഞ്ഞു.

മമ്മുക്കയുടെ വലിയ ഫാനാണ് എന്റെ ഉപ്പ. മമ്മുക്കയോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്നത് ഉപ്പാന്റെ സ്വപ്നമായിരുന്നു. ഒരു വേദിയില്‍ വച്ച് എന്റെ ഉപ്പയാണെന്ന് പറഞ്ഞ് മമ്മുക്കയ്ക്ക് പരിചയപ്പെടുത്തി. ഫോട്ടോ എന്ന ഉപ്പാന്റെ സ്വപ്നം അന്ന് സാധ്യമായി.

ഏഴ് മക്കളുണ്ടായിട്ടും ഉപ്പാന്റെ സ്വപ്നം സാധിച്ചു കൊടുത്തത് ഞാനാണെന്ന് ഉപ്പ പറഞ്ഞത് ഇന്നും കാതില്‍ മുഴങ്ങുന്നുണ്ട്. ഷിഹാബിന്റെ ഉപ്പ എന്നദ്ദേഹത്തിന് അഭിമാനിക്കാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ഉപ്പയും ഉമ്മയും അധികം പഠിച്ചിട്ടില്ല. പക്ഷേ അവരുടെ തുറന്ന കാഴ്ചപ്പാടും പിന്തുണയുമാണ് എന്നെ ഞാനാക്കിയത്. സ്‌കൂളില്‍ വിട്ട് പഠിപ്പിക്കാന്‍ അവര്‍ കാണിച്ച മനസിനാണ് ഞാന്‍ നന്ദി പറയുന്നത്.

പത്താം ക്ലാസ് സെന്‍ഡോഫ് സമയത്ത് എല്ലാവരും അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന സമയത്ത് ഞാനും സംസാരിച്ചു. സ്‌കൂള്‍ എന്നത് സ്വപ്നം പോലും കാണാന്‍ കഴിയാതിരുന്ന ഞാന്‍ അവിടെ വരെ എത്തിയ അനുഭവങ്ങള്‍ പങ്കിട്ടു. അത് എല്ലാവരുടെയും ഹൃദയത്തില്‍ കൊണ്ടു.

കാരണങ്ങള്‍ കണ്ടെത്തി സങ്കടപ്പെടുന്നവരുടെ ലോകത്ത് ഷിഹാബിന്റെ ജീവിതം ഒരു തിരിച്ചറിവാണെന്നും ജീവിതാനുഭവങ്ങള്‍ പ്രചോദനമാണെന്നും ടീച്ചര്‍മാര്‍ അന്ന് പറഞ്ഞു. അവരുടെ ഉപദേശമാണ് ഒരു മോട്ടിവേഷണല്‍ സ്പീക്കറായി എന്നെ മാറ്റിയത്.

uploads/news/2018/06/226657/shihabshahanalife180618a2.jpg

സച്ചിനെ നേരില്‍ കാണണം, എവറസ്റ്റ് കയറണം, സമൂഹം ഒറ്റപ്പെടുത്തുന്നതും ജീവിതസാഹചര്യമില്ലാത്തവര്‍ക്കുമായി ഒരു അക്കാഡമി തുടങ്ങണം എന്നൊക്കെയുള്ള സ്വപ്നങ്ങള്‍ ബാക്കിയുണ്ട്. നമ്മള്‍ ആ സ്വപ്നങ്ങള്‍ക്ക് വേണ്ടി സ്ട്രഗിള്‍ ചെയ്തു കൊണ്ടേയിരിക്കണം.

സെയിഫ് സോണിലെത്തി എന്ന തോന്നലുണ്ടായാല്‍ ജീവിതത്തോടുള്ള ആവേശം കുറയും. പോരാടാനുള്ള മനസ് നഷ്ടപ്പെടും. ആ മനസുള്ളത് കൊണ്ടാണ് എനിക്ക് ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പടെ 700ല്‍ അധികം വേദികളിലും കൂവൈറ്റിലടക്കമുള്ള വിദേശവേദികളിലും പല ചാനലുകളിലും വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിച്ചത്. ഈ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഇതിലും വലിയ നേട്ടം കിട്ടാനില്ല എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്..

ഷിഹാബിന്റെ ആ തോന്നലും തെറ്റാണെന്ന് കാലം തെളിയിച്ചു. അതിലും വലിയൊരു നേട്ടം ഷിഹാബിനെ തേടിയെത്തി. ഷഹാന...! അതോടെ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവാണ് ഷിഹാബിന്റെ ജീവിതത്തില്‍ സംഭവിച്ചത്. സ്വപ്നത്തില്‍ പോലുമില്ലായിരുന്ന കാര്യം, വിവാഹം...

വലിയ ലോകത്ത് ചെറിയ സ്വപ്നങ്ങളെ മാറോടണച്ച് ഷഹാന ഷിഹാബിന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. സംഘര്‍ഷങ്ങളും സങ്കടങ്ങളും കടന്നെത്തിയ വലിയ സന്തോഷം. ജീവിതകഥയുടെ അടുത്ത ഘട്ടം ആരംഭിക്കുകയാണ്.

ഷിഹാബിന്റെ സ്വന്തം ഷഹാന


കഥയുടെ രണ്ടാം ഘട്ടം. ഇവിടെ തിളങ്ങുന്നത് കഥാ നായികയാണ്. ഷഹാന ഫാത്തിമ.
ചാനലില്‍ പ്രോഗ്രാം കണ്ട് ഷിഹാബിനോട് ബഹുമാനം തോന്നിയ കോട്ടയത്തുകാരി. ഫോണ്‍ നമ്പര്‍ ലഭിച്ചതോടെ ആദ്യമവളൊരു മെസേജയച്ചു..പ്രോഗ്രാം കണ്ടു, നന്നായിരുന്നു. ആശംസയിലൂടെ തുടങ്ങിയ സൗഹൃദം മൂന്ന് വര്‍ഷംപിന്നിട്ട് സ്‌നേഹത്തിന്റെ ആഴക്കടല്‍ താണ്ടി.

പരസ്പരം ഇഷ്ടങ്ങള്‍ പറഞ്ഞും സ്വപ്നങ്ങള്‍ പങ്കിട്ടും ഇരുവരുടെയും സൗഹൃദം വളര്‍ന്നു. ഒടുവിലവള്‍ പ്രിയ സുഹൃത്തിന്റെ സ്‌റ്റേജ് ഷോ നേരില്‍ കാണാനെത്തി. കണ്ടു, സംസാരിച്ചു, മടങ്ങി.

പരിമിതികളോട് പടവെട്ടി വിജയിച്ച സുഹൃത്തിനോട് അവള്‍ക്ക് ആരാധനയേറി. പരിധിയില്ലാതെ സ്വപ്നം കാണുന്നതിന് പകരം പരിമിതികളോട് പാകപ്പെടാന്‍ മനസിനെ പഠിപ്പിച്ചു. ഒടുവില്‍ ആഗ്രഹിച്ച പോലെ ഇരുവരും മനസ് പങ്കിട്ടു, പരസ്പരം ജീവിതത്തിലേക്ക് ക്ഷണിച്ചു. എതിര്‍പ്പുകള്‍ സ്വാഭാവികമായുണ്ടായി. പെണ്‍വീട്ടുകാരുടെ താല്പര്യക്കുറവ് സംഘര്‍ഷ നിമിഷങ്ങള്‍ക്ക് വഴിയൊരുക്കി.

പരിമിതികള്‍ പ്രിയപ്പെട്ടവരെ അകറ്റുമെന്ന നിലയിലും അതുല്യ സ്‌നേഹം മുറുകെ പിടിച്ച് ഇരുവരും നിലകൊണ്ടു. ഒടുവില്‍ തീരുമാനം എടുക്കേണ്ട ഉത്തരവാദിത്തം ഷഹാനയുടെ കൈകളിലെത്തി.

കൈകാലുകളില്ലാത്ത ഷിഹാബിനൊപ്പമുള്ള ഭാവി ജീവിതത്തിന്റെ പ്രശ്‌നങ്ങള്‍ നിരത്തി അവളുടെ മനസ് മാറ്റാന്‍ ശ്രമിച്ചവര്‍ക്ക് മുന്നില്‍ അവള്‍ ഒരേയൊരു മറുചോദ്യം ചോദിച്ചു.

uploads/news/2018/06/226657/shihabshahanalife180618a3.jpg

കല്യാണം കഴിഞ്ഞിട്ടാണ് ഇങ്ങനെ സംഭവിച്ചിരുന്നതെങ്കിലോ, ഞാന്‍ തന്നെയല്ലേ ഇക്കയെ സംരക്ഷിക്കേണ്ടത്? ഇക്കാന്റെ സ്‌നേഹം എനിക്കറിയാം, എനിക്കതു മതി.. അന്നു പറഞ്ഞ വാചകം ഓര്‍ത്ത് പറഞ്ഞ് അവള്‍ ഷിഹാബിന്റെ തോളിലേക്ക് ചാഞ്ഞു.

ഞാനെന്തോ വലിയ ത്യാഗം ചെയ്ത പോലെയാണ് എല്ലാവരുടെയും സംസാരം. എന്നെ നന്നായി കെയര്‍ ചെയ്യുന്ന, നന്നായി സ്‌നേഹിക്കുന്ന ഒരാള്‍ ജീവിതത്തില്‍ ഒപ്പം വേണമെന്നേ ഉണ്ടായിരുന്നുള്ളൂ. അത് സാധിച്ചു.

ഇക്ക പറയാറുള്ളതു പോലെ വലിയ സ്വപ്നങ്ങള്‍ക്കു വേണ്ടി കാത്തിരുന്നു സമയം കളയുന്നതില്‍ എന്തര്‍ത്ഥം. ചെറിയ സന്തോഷങ്ങളില്‍ സംതൃപ്തി കണ്ടെത്താനായാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.. പ്രവൃത്തി കൊണ്ട് മാത്രമല്ല, വാക്കുകള്‍ കൊണ്ടും അവളൊരു അത്ഭുതമാവുകയായിരുന്നു.

ആരാധന എന്നൊക്കെ പറയുമെങ്കിലും സത്യത്തില്‍ പ്രണയമായിരുന്നോ എന്ന ചോദ്യം കൂടി അവസാനമായി ചോദിക്കുമ്പോള്‍ ഷിഹാബിന്റെ മുഖത്തേക്ക് കണ്ണുകളെറിഞ്ഞ് അവര്‍ ഒരു നിമിഷം നിശ്ശബ്ദയായി.

അല്ല... പ്രാണനായിരുന്നു...!!

സെന്റിമെന്റല്‍ സീനുകള്‍ക്ക് പകരം ഒരു സെന്‍സേഷണല്‍ ക്ലൈമാക്‌സ്. സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്ന ഷിഹാബിന്റെ ജീവിതകഥയില്‍ ഇന്‍സ്പിരേഷന്റെ പുതിയൊരധ്യായം കൂടി എഴുതി ചേര്‍ക്കപ്പെടുകയാണ്... ഷഹാന ഫാത്തിമ...!

ദീപു ചന്ദ്രന്‍

Ads by Google
Monday 18 Jun 2018 04.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW