അടിമപ്പണി അപമാനമാണ്, ഒരാളെക്കൊണ്ടു നിര്‍ബന്ധിച്ചു ചെയ്യിച്ചാലും ഒരാള്‍ സ്വയമേറ്റെടുത്തു ചെയ്താലും. അത് ആ നാടിന്റെ അധമസംസ്കാരത്തെയാണ് വെളിവാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച ഉദ്യോഗസ്ഥര്‍ മേലധികാരികളുടെ വീട്ടില്‍ അടിമപ്പണിയെടുക്കേണ്ടി വരുന്നുവെന്നതു നാടിനു ലജ്ജാകരമായ വസ്തുതയാണ്. സംസ്ഥാന പോലീസ് സേനയില്‍ അടിമപ്പണി നടക്കുന്നുവെന്ന വസ്തുത എ.ഡി.ജി.പി. സുധേഷ്കുമാറിന്റെ വീട്ടില്‍ നടന്ന അതിക്രമത്തോടെയാണ് പുറംലോകമറിഞ്ഞതെന്ന മട്ടിലാണ് നമ്മുടെ രാഷ്ട്രീയ- പോലീസ് അധികാരികളുടെ പ്രതികരണങ്ങള്‍. പോലീസ് സേനയുടെ തുടക്കം മുതല്‍ നടക്കുന്ന ഈ അടിമവൃത്തി നാട്ടുനടപ്പായി മാറിയിരുന്നുവെന്നതാണ് വസ്തുത. മുഖ്യമന്ത്രിമുതല്‍ സാദാ പൗരനുവരെയും ഡി.ജി.പി. മുതല്‍ സാദാപോലീസുകാരനു വരെയും അറിയാവുന്നതാണ് ഈ അടിമപ്പണിയുടെ ചരിത്രവും ഭൂമിശാസ്ത്രവും.
ക്രമസമാധാനപാലനത്തിനും നീതി-നിയമ നിര്‍വഹണത്തിനും പൊതുജനങ്ങളുടെ പണം ശമ്പളമായി കൊടുത്തു നിയമിച്ചിരിക്കുന്ന ഉദ്യോഗസ്ഥരാണ് ഉന്നത പോലീസ് അധികാരികളുടെ വീട്ടുപടിക്കലും അടുക്കളത്തിണ്ണയിലും വെള്ളംകോരും വിറകുവെട്ടുമായി കഴിഞ്ഞുകൂടുന്നത്. ഇതില്‍ നിര്‍വൃതി കണ്ടെത്തി അഭിരമിക്കുന്ന ന്യൂനപക്ഷമുണ്ടായിരിക്കാം. എന്നാല്‍, ജോലിയില്‍ പിന്നീടുണ്ടാകുന്ന പീഡനമോര്ത്ത് ഉന്നതന്മാരുടെ ഭാര്യമാരുടെയും മക്കളുടെയും വിഴുപ്പലക്കിയും ആട്ടും തുപ്പും സഹിച്ചും മുന്നോട്ടുപോകുകയാണ് പ്രതികരണശേഷിയില്ലാത്ത ഭൂരിപക്ഷവും.
പോലീസ് സേനയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന യൂണിയനുകള്‍ പലതുണ്ട്. വര്‍ഷംതോറും ജില്ലാസമ്മേളനവും സംസ്ഥാനസമ്മേളനവും നടത്തി ഭാരവാഹികളെയും തെരഞ്ഞെടുത്ത് യൂണിയന് പ്രവര്‍ത്തനം മാതൃകാപരമായിത്തന്നെ നടത്തുന്നുണ്ട്. എന്നാല്‍, സഹജീവികളിലൊരാളെങ്കിലും ഐ.പി.എസ്.അടുക്കളയില്‍ പ്രതികരിക്കാനാവാതെ അടിമപ്പണിയെടുക്കുമ്പോള്‍ ഈ യൂണിയന് പ്രവര്‍ത്തനം നിഷ്ഫലമാണെന്നു നേതാക്കള്‍ തിരിച്ചറിയണം. ഫണ്ട് പിരിച്ചും റാലി നടത്തിയുമല്ല ശക്തി പ്രകടനം നടത്തേണ്ടത്, മറിച്ച് ഇത്തരം ദുഷിപ്പുകള്‍ക്കെതിരേ പ്രതികരിച്ചാണ് ശക്തി തെളിയിക്കേണ്ടത്.
ഐ.പി.എസ്. ഉടയോന്മാരുടെ വീട്ടിലെ അടിമപ്പണിയെക്കുറിച്ചു രാഷ്ട്രീയക്കാര്‍ "തിരിച്ചറിഞ്ഞ"തോടെ ഏതാനും ദിവസമായി പ്രസ്താവനാപ്രളയമാണ്. എന്നാല്‍, അധികാരത്തിലിരിക്കുന്ന നേതാക്കള്‍ തങ്ങളുടെ അടുക്കളയിലേക്കു തിരിഞ്ഞുനോക്കുന്നതു നന്നായിരിക്കും. ചില പോലീസുകാര്‍ അവിടെയും ഓച്ഛാനിച്ചു നില്ക്കുന്നതു കാണാന്‍ കഴിയും; അടുക്കളസാധനങ്ങള്‍ വാങ്ങാനും തുണിയലക്കാനുമൊക്കെയായി. കഴിഞ്ഞ ദിവസം തുടങ്ങിയ കണക്കെടുപ്പില്‍ അറുനൂറോളം പേര് ഇങ്ങനെ പോലീസ്- രാഷ്ട്രീയ മേധാവികളുടെ വീടുകളില്‍ അടിമപ്പണിയെടുക്കുന്നുവെന്നാണ് പ്രാഥമികവിവരം. എന്നാല്‍, ഈ കണക്ക് ഔദ്യോഗികമെന്നും അതിന്റെ പല മടങ്ങായിരിക്കും യഥാര്‍ഥ കണക്കെന്നും ഉദ്യോഗസ്ഥര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പോകുന്ന വഴിയില്‍ എസ്കോര്‍ട്ടും പൈലറ്റുമായി കാത്തുകിടന്നു സമയം പാഴാക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഈ കണക്കുകളിലൊന്നും വരാത്തതാണ്.
നീതിയും നിയമവും അറിയാവുന്നവരും നിര്‍വഹിക്കുന്നവരുമാണ് ഏറ്റവും കൂടുതല്‍ നീതികേടും നിയമലംഘനവും നടത്തുന്നത്. തങ്ങള്‍ നിയമങ്ങള്‍ക്ക് അതീതരാണെന്ന ചിന്തയാണ് ഇവരെയൊക്കെ ഭരിക്കുന്നത്. ദാസ്യവൃത്തി ചെയ്യുന്നവരുടെ കണക്കെടുക്കുമ്പോള്‍ ജഡ്ജിമാര്‍ മുതലുള്ളവരുടെ വീടുകളിലുള്ള അടിമകളുടെ കണക്കാണ് പുറത്തുവരുന്നത്. സുധേഷ്കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ ഗാവസ്കറുടെ അനുഭവം ഒറ്റപ്പെട്ട സംഭവമല്ല. സേനയിലെ മിണ്ടാപ്രാണികളുടെ ഇടയില്‍നിന്ന് പ്രതികരിക്കാന്‍ ശേഷിയുണ്ടായ ആദ്യത്തെയാളാണ് ഗാവസ്കറെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.
ഉദ്യോഗസ്ഥ പ്രമാണിമാരുടെയും ഭാര്യമാരുടെയും മക്കളുടെയും മര്‍ദ്ദനമേറ്റ ആയിരങ്ങള്‍ ജോലിയോര്ത്തും ജീവിക്കാനുള്ള കൊതികൊണ്ടും മിണ്ടാതെ മുന്നോട്ടുപോയതാണ് ഉദ്യോഗസ്ഥധാര്ഷ്ട്യത്തെ ഇത്രയധികം വളര്‍ത്തിയത്. മകളെക്കൊണ്ട് ഇരയ്ക്കെതിരേ പരാതിയും കൊടുപ്പിച്ച് ആ ജീവിതം ഇരുട്ടിലാക്കാന്‍ വെമ്പിയ അധികാരമത്തത മുഖ്യമന്ത്രിയുടെ ഇടപെടലില്ലായിരുന്നുവെങ്കില്‍ വിജയിക്കുമായിരുന്നു. ഇതില്‍ മാതൃകാപരമായ നടപടികളാണ് വേണ്ടത്.
നമ്മുടെ പോലീസ് സേനയില്‍ മാത്രമല്ല ഇത്തരത്തില്‍ അടിമപ്പണി നടക്കുന്നത്. സൈന്യത്തിലും അര്‍ധസൈനിക വിഭാഗങ്ങളിലും അടിമപ്പണിക്കെതിരേ പ്രതികരിച്ച് ജോലിയും ജീവനും നഷ്ടപ്പെട്ട ആയിരങ്ങളുടെ കഥകള്‍ ഓരോ വിഭാഗത്തിനും പറയാനുണ്ട്. അതൊക്കെ മാറേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് രാജ്യം തിരിച്ചറിഞ്ഞെങ്കിലേ അടിമകളുടെ കാലം അവസാനിക്കുകയുള്ളൂ.