Friday, April 19, 2019 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 18 Jun 2018 02.31 AM

"നീ പോയാല്‍ എനിക്കൊന്നുമില്ല"; കാമുകനു പറയാം, വീട്ടുകാരോ? ഇതു ന്യൂജെന്‍ ‘തേപ്പി’ന്റെ പൂക്കാലം

uploads/news/2018/06/226577/bft2.jpg

വിവാഹത്തലേന്നു പ്രതിശ്രുതവധുവിന്റെ ഒളിച്ചോട്ടം കേക്ക്‌ മുറിച്ച്‌ ആഘോഷിക്കേണ്ടിവന്ന കാസര്‍ഗോഡ്‌ സ്വദേശി, ഒരേസമയം രണ്ടുപേരെ പ്രണയിച്ച്‌ കാമുകന്‍മാരെ തെരുവില്‍ തല്ലിച്ച തൊടുപുഴക്കാരി...ന്യൂജെന്‍ തലമുറ "തേപ്പ്‌" എന്നു വിശേഷിപ്പിക്കുന്ന പ്രണയച്ചതിക്കുഴികളില്‍ വീണുപോകുന്നവരില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല, യുവാക്കളുമുണ്ട്‌. വാട്‌സ്‌ആപ്പിലും ഫെയ്‌സ്‌ബുക്കിലും പരിചയപ്പെട്ട കാമുകരെ തേടിയിറങ്ങുന്നവരില്‍ കൗമാരം കടക്കാത്തവരും...! ചിലര്‍ രക്ഷപ്പെടുന്നു, ചിലര്‍ ജന്മദാതാക്കള്‍ക്കു തീരാനൊമ്പരമാകുന്നു.


അടുത്തിടെ ഒരു കാമുകന്റെ കേക്ക്‌ മുറിക്കല്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. സുഹൃത്തുക്കള്‍ക്കു നടുവില്‍ നിന്ന്‌, ആഘോഷമായി യുവാവ്‌ മുറിച്ച കേക്കില്‍ ഇങ്ങനെ എഴുതിയിരുന്നു: "നീ പോയാല്‍ എനിക്കൊന്നുമില്ല"...നാലുവര്‍ഷം പ്രണയിച്ച കാമുകി, വിവാഹത്തലേന്ന്‌ മറ്റൊരുവനുമായി ഒളിച്ചോടിയതിന്റെ ആഘോഷമാണ്‌, ഉള്ളുനീറുമ്പോഴും ആ യുവാവ്‌ വ്യത്യസ്‌തമാക്കിയത്‌.
കഴിഞ്ഞയാഴ്‌ച കാസര്‍ഗോഡ്‌ നീലേശ്വരത്താണു സംഭവം. വീട്ടില്‍ ഏറെ കലഹമുണ്ടാക്കിയശേഷമാണു കാമുകനുമായുള്ള വിവാഹത്തിനു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സമ്മതം മൂളിയത്‌. എന്നാല്‍, വിവാഹത്തലേന്ന്‌ കാമുകനെ തേച്ചിട്ട്‌ അവള്‍ മറ്റൊരുവനൊപ്പം ഒളിച്ചോടി. പിതാവിന്റെ ബന്ധുകൂടിയായ ചെറുപുഴ പാടിച്ചാല്‍ സ്വദേശിയായിരുന്നു കാമുകന്‍. അവള്‍ക്കു 18 വയസായതോടെ വിവാഹാഭ്യര്‍ഥനയുമായി കാമുകന്റെ വീട്ടുകാര്‍ പെണ്ണിന്റ വീട്ടിലെത്തി.

വിവാഹത്തലേന്നു കമിതാക്കള്‍ ഒന്നിച്ചു ബൈക്കില്‍ പോയാണു കാഞ്ഞങ്ങാട്ടുനിന്നു മന്ത്രകോടി ഉള്‍പ്പെടെ വാങ്ങിയത്‌. തുടര്‍ന്ന്‌ നീലേശ്വരത്തെത്തി വീട്ടിലേക്കെന്നു പറഞ്ഞ്‌ പെണ്‍കുട്ടി പോയി. മണിക്കൂറുകള്‍ക്കുശേഷം മറ്റൊരു യുവാവുമായി വിവാഹം നടന്നതിന്റെ ചിത്രങ്ങള്‍ അവള്‍തന്നെ കാമുകന്റെ ഫോണിലേക്ക്‌ അയച്ചുകൊടുത്തു. ഫെയ്‌സ്‌ബുക്കില്‍ പരിചയപ്പെട്ട മറ്റൊരുവനുമായി കാമുകി പ്രണയത്തിലായ വിവരം പാവം യുവാവ്‌ അറിഞ്ഞിരുന്നില്ല. കല്യാണവീട്ടില്‍ ശ്‌മശാനമൂകതയായി.
എന്നാല്‍, പുറമേക്കെങ്കിലും യുവാവ്‌ പതറിയില്ല. "പ്രതിശ്രുതവധുവിന്റെ വിവാഹം" കൂട്ടുകാര്‍ക്കൊപ്പം ഗംഭീരമായി ആഘോഷിച്ചു. അതിന്റെ ഭാഗമായാണു കേക്ക്‌ മുറിച്ചതും സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റിട്ടതും. ഇടുക്കിയിലെ തൊടുപുഴയില്‍ ഒരേസമയം രണ്ടുപേരെ പ്രേമിച്ചവള്‍, കാമുകന്‍മാരെ തമ്മില്‍ തല്ലിച്ചതു കഴിഞ്ഞയാഴ്‌ചയാണ്‌. കാമുകരില്‍ ഒരുവന്‍ പിന്മാറിയതോടെ മറ്റേയാളുടെ കൂടെപ്പോകണമെന്നായി യുവതി. പോലീസിനും രണ്ടാം കാമുകനും മറ്റു നിര്‍വാഹമുണ്ടായിരുന്നില്ല!

ഫെയ്‌സ്‌ബുക്‌ പ്രണയമാണു മുളന്തുരുത്തി സ്വദേശിയായ ഇരുപത്തൊന്നുകാരിയുടെ ജീവിതവും തകര്‍ത്തത്‌. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. ഫെയ്‌സ്‌ബുക്കില്‍ പരിചയപ്പെട്ട കൊല്ലം സ്വദേശിയുമായി യുവതി പ്രണയത്തിലായി. വിവാഹിതരാകാന്‍ തീരുമാനിച്ചെങ്കിലും കാമുകന്‍ തന്റെ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. ഫെയ്‌സ്‌ബുക്‌ കാമുകനെ നേരില്‍ കാണാന്‍ ആഗ്രഹം തോന്നിയ യുവതി ഒരുദിവസം വീട്ടുകാരറിയാതെ കൊല്ലത്തേക്കു പുറപ്പെട്ടു. റെയില്‍വേ സ്‌റ്റേഷനിലെത്തിയ യുവതിയെ കാമുകന്‍ ചവറയിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. അന്നു രാത്രി അവര്‍ ശാരീരികബന്ധത്തിലേര്‍പ്പെട്ടു. പിറ്റേന്നാണു കാമുകനു പ്രായപൂര്‍ത്തിയായില്ലെന്നും പ്ലസ്‌ടു വിദ്യാര്‍ഥിയാണെന്നും യുവതി അറിഞ്ഞത്‌. മകളെ അന്വേഷിച്ചു മടുത്ത വീട്ടുകാര്‍ മുളന്തുരുത്തി പോലീസില്‍ പരാതി നല്‍കി.
പോലീസ്‌ അന്വേഷണത്തില്‍ യുവതിയെ കൊല്ലത്തു കണ്ടെത്തി. പ്ലസ്‌ടു വിദ്യാര്‍ഥി ഫെയ്‌സ്‌ബുക്‌ പ്ര?ഫൈലില്‍ പ്രായമുള്‍പ്പെടെ മറച്ചുവച്ചാണു യുവതിയെ വിവാഹവാഗ്‌ദാനം ചെയ്‌തു വഞ്ചിച്ചത്‌. ചവറയിലെ വീട്ടില്‍നിന്നു പിടികൂടിയ കാമുകനെ ജുവനൈല്‍ കോടതി റിമാന്‍ഡ്‌ ചെയ്‌തു. അവനെ പേമിച്ച യുവതി വിഷാദരോഗത്തിന്‌ അടിമയായി. ചികിത്സയിലൂടെയും കൗണ്‍സലിങ്ങിലൂടെയും മകളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണു മാതാപിതാക്കള്‍.

വാട്‌സ്‌ആപ്‌ പ്രണയത്തേത്തുടര്‍ന്ന്‌ വീടുവിട്ടിറങ്ങിയ പതിനഞ്ചുകാരി പോലീസിനെ വലച്ചതു കഴിഞ്ഞമാസമാണ്‌. കോയമ്പത്തൂരില്‍നിന്ന്‌ ഒറ്റയ്‌ക്ക്‌ ഒളിച്ചോടിയ ബാലിക എറണാകുളത്ത്‌ കാമുകന്റെ വീട്ടിലെത്തി. "കുഞ്ഞുകാമുകി"യെക്കണ്ടു ഞെട്ടിയ കാമുകനു പ്രശ്‌നത്തിന്റെ ഗൗരവം മനസിലായി. ഉടന്‍ കുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന്‌് അമ്മയും ബന്ധുക്കളുമെത്തി കൂട്ടിക്കൊണ്ടു പോകുന്നതിനിടെ കുട്ടി ട്രെയിനില്‍നിന്ന്‌ അപ്രത്യക്ഷയായി. ചെറുതുരുത്തിക്കു സമീപം ട്രെയിന്‍ സിഗ്‌നലിനായി നിര്‍ത്തിയിട്ടപ്പോളായിരുന്നു സംഭവം. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചെറുതുരുത്തി പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ പ്രദേശത്തെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന കുട്ടിയെ കണ്ടെത്തി. തുടര്‍ന്ന്‌ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കി ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

തൃശൂര്‍ സ്വദേശിയുമായി മൊബൈല്‍ ഫോണിലൂടെ പ്രണയത്തിലായ രണ്ടു കുട്ടികളുടെ മാതാവി(30)നെ ഒടുവില്‍ ഭര്‍ത്താവുതന്നെ കാമുകനു വിട്ടുകൊടുത്തതു നീലേശ്വരത്താണ്‌. ഉപദേശിച്ചും ശാസിച്ചും ഗതികെട്ടാണ്‌ ഭര്‍ത്താവ്‌ ഒടുവില്‍ തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഭാര്യയെ ഇരുപത്തഞ്ചുകാരനായ കാമുകനു കൈമാറിയത്‌. ഇതോടെ പകച്ചുപോയ കാമുകന്റെ അവസ്‌ഥ കണ്ട്‌ റെയില്‍വേ പോലീസ്‌ ഇരുവരെയും കസ്‌റ്റഡിയിലെടുത്ത്‌ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. യുവതിയുടെ ബന്ധുക്കളാകട്ടെ ഭര്‍ത്താവിനെതിരേ പരാതി നല്‍കി.

ഒന്നരവര്‍ഷം മുമ്പു തൊടുപുഴയിലാണു തന്നേക്കാള്‍ ഏറെ പ്രായമുള്ള ഇതരമതസ്‌ഥനൊപ്പം പതിനെട്ടുകാരി വിവാഹത്തലേന്ന്‌ ഒളിച്ചോടിയത്‌. ഒരുവര്‍ഷത്തോളം ഒരേ സ്‌ഥാപനത്തില്‍ ജോലിക്കാരായിരുന്നു ഇവര്‍. ഒന്നിച്ചു ജീവിതം തുടങ്ങി രണ്ടുമാസം കഴിഞ്ഞപ്പോഴാണ്‌ ഇയാള്‍ക്കു ഭാര്യയും കുഞ്ഞുമുണ്ടെന്നും ഭാര്യ രണ്ടാമത്തെ പ്രസവത്തിനു സ്വന്തം വീട്ടില്‍ പോയിരിക്കുകയാണെന്നും അറിഞ്ഞത്‌. പെണ്‍കുട്ടി വിവരമറിയിച്ചതിനേത്തുടര്‍ന്ന്‌ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോയി.

ഇടുക്കി മൂലമറ്റത്തിനു സമീപം സ്‌റ്റേഷനറി കടയുടമയുടെ രണ്ടു പെണ്‍മക്കളില്‍ മൂത്തയാള്‍ക്കു സംഭവിച്ചതും സമാനമായ അബദ്ധമാണ്‌. ആയുര്‍വേദമരുന്ന്‌ കമ്പനിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടി കാമുനൊപ്പം കറങ്ങിനടന്ന്‌ ഒടുവില്‍ ഗര്‍ഭിണിയായി. ഗര്‍ഭഛിദ്രവും നടത്തിയശേഷമാണു കാമുകനു ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമുണ്ടെന്ന്‌ അറിഞ്ഞത്‌. സ്വകാര്യ കമ്പനിയുടെ ഡ്രൈവറായി തൊടുപുഴയിലെത്തിയ തിരുവനന്തപുരം സ്വദേശിയാണു പെണ്‍കുട്ടിയെ വലയിലാക്കിയത്‌. കാമുകനുമായി ചുറ്റിത്തിരിയാനുള്ള പണം പെണ്‍കുട്ടി സ്വന്തം വീട്ടില്‍നിന്നുതന്നെ അടിച്ചുമാറ്റി. പിതാവിന്റെ അഞ്ചു പവന്‍ സ്വര്‍ണമാലയും അരലക്ഷം രൂപയും ഇതില്‍പ്പെടും. ഒടുവില്‍ കേസായതോടെ കാമുകനെത്തപ്പി തിരുവനന്തപുരത്തെത്തിയ പോലീസാണ്‌ ഇരുപത്തഞ്ചുകാരനായ ഇയാള്‍ കുടുംബസ്‌ഥനാണെന്നു കണ്ടെത്തിയത്‌.

കൂവപ്പള്ളിയിലെ പത്തൊമ്പതുകാരിയെ രണ്ടു കുട്ടികളുടെ അച്‌ഛനായ നാല്‍പ്പത്തൊമ്പതുകാരന്‍ വളച്ചതും വാട്‌സ്‌ആപ്‌ മുഖേനയാണ്‌. പാലക്കാട്‌ പട്ടാമ്പി സ്വദേശിയായിരുന്നു ഇയാള്‍. പഠനശേഷം ഉത്തരേന്ത്യയില്‍ ജോലി ലഭിച്ചെന്നു പറഞ്ഞ്‌ പുറപ്പെട്ട പെണ്‍കുട്ടിയെ വീട്ടുകാര്‍ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു യാത്രയാക്കി. എന്നാല്‍, ഷൊര്‍ണൂരില്‍ ഇറങ്ങിയ പെണ്‍കുട്ടി വീട്ടുകാരെ ഫോണില്‍ വിളിച്ച്‌ കാമുകനൊപ്പം പോകുകയാണെന്നറിയിച്ചു. വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു. 24 മണിക്കൂറിനുള്ളില്‍ പോലീസ്‌ ഇരുവരെയും ലോഡ്‌ജില്‍നിന്നു പൊക്കി. സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി പോലീസ്‌ ഉദ്യോഗസ്‌ഥരില്‍നിന്നാണു കാമുകനു ഭാര്യയും മക്കളുമുണ്ടെന്നു മനസിലാക്കിയത്‌. ഇതോടെ അവള്‍ വീട്ടുകാര്‍ക്കൊപ്പം മടങ്ങി.

ഇടുക്കി അറക്കുളത്തെ പതിനെട്ടുകാരി മൂലമറ്റം സ്വദേശിയായ ഇരുപതുകാരനുമായി അടുത്തതു ഫ്രീക്കന്‍ സ്‌റ്റൈലും ബൈക്ക്‌ സാഹസവും കണ്ടാണ്‌. കേറ്ററിങ്‌ നടത്തിയും തയ്യല്‍ ജോലി ചെയ്‌തും മികച്ച നിലയിലാണു മാതാപിതാക്കള്‍ പെണ്‍കുട്ടിയെ പഠിപ്പിച്ചത്‌. രഹസ്യമായി വിവാഹം കഴിച്ച്‌ പയ്യന്റെ വീട്ടിലെത്തിയ ദമ്പതികളെ അവിടെക്കയറ്റിയില്ല. ഇതറിഞ്ഞ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അവരെ സ്വീകരിക്കാന്‍ തയാറായെങ്കിലും അവര്‍ പോകാന്‍ തയാറായില്ല. ഒടുവില്‍ പോലീസ്‌ ഇടപെട്ട്‌ ഇരുവരെയും പയ്യന്റെ വീട്ടില്‍ താമസിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, കൃത്യം ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി സ്വന്തം വീട്ടിലെത്തി. യുവാവുമായുള്ള ബന്ധവും ഉപേക്ഷിച്ചു.

ഇടുക്കി ഹൈറേഞ്ചിലെ തോട്ടം മേഖലയില്‍ പൂപ്പാറ സ്വദേശിയായ യുവാവിനൊപ്പം വീടു വിട്ടിറങ്ങിയ യുവതിക്കു ഭര്‍ത്താവിന്റെ മര്‍ദനമേറ്റു മരിക്കാനായിരുന്നു വിധി. നട്ടല്ലിനു പരുക്കേറ്റ്‌ ഒന്നരമാസം തളര്‍ന്നുകിടന്ന തമിഴ്‌നാട്‌ സ്വദേശിനി പുഴുവരിച്ച നിലയിലാണു സ്വന്തം വീട്ടിലെത്തിയത്‌. അന്ത്യനാളുകളില്‍ അവളെ പരിചരിക്കാന്‍ വീട്ടുകാരല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. ആലപ്പുഴ സ്വദേശിയായ ഇരുപത്തൊന്നുകാരിയുടെ വിധിയും സമാനമായിരുന്നു. കഞ്ചാവു കേസില്‍ പ്രതിയായ രാജാക്കാട്‌ സ്വദേശിക്കൊപ്പമാണ്‌ അവള്‍ ഇറങ്ങിപ്പോയത്‌. ഭര്‍ത്താവിന്റെ മര്‍ദനമേറ്റ്‌ നട്ടെല്ലിനു ക്ഷതമേറ്റ പെണ്‍കുട്ടി ഒടുവില്‍ വിവാഹമോചനം നേടിയപ്പോഴേക്ക്‌ സ്വര്‍ണാഭരണങ്ങള്‍ മുഴുവന്‍ ഇയാള്‍ വിറ്റിരുന്നു.

ഹൈറേഞ്ചിലെ വീട്ടില്‍ മേസ്‌തിരിപ്പണിക്കെത്തിയ നാല്‍പതുകാരനൊപ്പം ഒളിച്ചോടിയതു പതിനാലുകാരി! ഭാര്യയും മക്കളുമുള്ള ഇയാള്‍ ഒരു സുപ്രഭാതത്തില്‍ ബാലികയെ തട്ടിക്കൊണ്ടുപോയി. 2010-ലാണു സംഭവം. മാതാപിതാക്കളുടെ പരാതിപ്രകാരം പോലീസ്‌ തമിഴ്‌നാട്ടിലെ ഉദുമല്‍പേട്ടയിലെത്തിയെങ്കിലും അവിടെനിന്ന്‌ ഇയാള്‍ കുട്ടിയുമായി മുങ്ങി. ഒടുവില്‍ രാമേശ്വരത്തിനു സമീപം കീഴേപാളയത്ത്‌ ഇവരുള്ളതായി കണ്ടെത്തി. മഫ്‌തിയിലെത്തിയ പോലീസ്‌ വളഞ്ഞപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു. പെണ്‍കുട്ടിയാകട്ടെ തനിക്കു 19 വയസായെന്നു വെളിപ്പെടുത്തി. ഒടുവില്‍ ജനന സര്‍ട്ടിഫിക്കറ്റ്‌ അടക്കം നാട്ടുകാരെ കാണിച്ചു ബോധ്യപ്പെടുത്തിയശേഷമാണു പോലീസ്‌ ഇവരെയും കൊണ്ടു നാട്ടിലെത്തിയത്‌. രണ്ടുമാസം മുമ്പ്‌ പ്രതിക്കു കോടതി തടവുശിക്ഷ വിധിച്ചു.
(തുടരും)

സങ്കലനം: എസ്‌. ശ്രീകുമാര്‍

Ads by Google
Monday 18 Jun 2018 02.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW