Sunday, July 07, 2019 Last Updated 8 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 18 Jun 2018 02.31 AM

ഇരുമ്പു ചട്ടക്കൂടിനെ ദുര്‍ബലപ്പെടുത്തുമോ?

അഖിലേന്ത്യാ സിവില്‍ സര്‍വീസിന്‌ പുറത്തുനിന്ന്‌ 10 പേരെ കേന്ദ്ര സര്‍വീസില്‍ ജോയിന്റ്‌ സെക്രട്ടറിമാരായി നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌. റിപ്പോര്‍ട്ടുകള്‍ പ്രകാരം റവന്യു, സാമ്പത്തികകാര്യം, കൃഷി, സഹകരണം, കര്‍ഷകക്ഷേമം, റോഡ്‌ ഗതാഗതം, കപ്പല്‍ ഗതാഗതം, വനം-പരിതസ്‌ഥിതി, കാലാവസ്‌ഥ വ്യതിയാനം, ഊര്‍ജം, വ്യോമയാനം, വാണിജ്യം എന്നീ മന്ത്രാലയങ്ങളില്‍ ജോയിന്റ്‌ സെക്രട്ടറി തസ്‌തികയില്‍ മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷത്തേക്ക്‌ കരാര്‍ അടിസ്‌ഥാനത്തില്‍ നിയമനം നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌.
ഈ തസ്‌തികളില്‍ ഉദ്യോഗസ്‌ഥരുടെ കുറവുള്ളതുകൊണ്ട്‌, പുറത്തുനിന്നു വിദഗ്‌ധരെ നിയമിക്കണമെന്ന നീതി ആയോഗിന്റെയും സെക്രട്ടറിതല സമിതിയുടെയും ശിപാര്‍ശ കൂടി പരിഗണിച്ചാണു തീരുമാനമെന്നു കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നു. ഭരണത്തിന്റെ ഉന്നത ശ്രേണികളില്‍, പുതിയ ആശയങ്ങളും ചിന്താധാരയും കൊണ്ടുവന്നു സര്‍ക്കാര്‍ യന്ത്രം കൂടുതല്‍ കാര്യക്ഷമമാക്കാമെന്നുള്ള കാഴ്‌ചപ്പാടും ഈ തീരുമാനത്തിലെത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്‌.
ശാസ്‌ത്രം, കാര്‍ഷികം, ശുന്യാകാശം, പ്രതിരോധം, നിയമം, തുടങ്ങി ചില മന്ത്രാലയങ്ങളില്‍ അതതു രംഗത്ത്‌ പ്രാഗത്ഭ്യം തെളിയിച്ച വ്യക്‌തികളെ സെക്രട്ടറിമാരായി നിയമിക്കുന്ന കീഴ്‌വഴക്കം വര്‍ഷങ്ങളായി തുടരുന്നുണ്ട്‌. രാജീവ്‌ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പ്രശസ്‌ത സാങ്കേതിക വിദഗ്‌ദനും കെല്‍ട്രോണിന്റെ ഉപജ്‌ഞാതാവുമായിരുന്ന കെ.പി.പി. നമ്പ്യാരെ കേന്ദ്ര ഇലക്‌ട്രോണിക്‌സ്‌ വകുപ്പ്‌ സെക്രട്ടറിയായി നിയമിച്ചിരുന്നു. എന്നാല്‍, പുതിയ നീക്കം ഈ രീതിയിലല്ല.
10 വകുപ്പുകളില്‍ അപേക്ഷ ക്ഷണിച്ച്‌ ഇന്‍റ്റര്‍വ്യുവിന്റെ അടിസ്‌ഥാനത്തിലാണു തെരഞ്ഞെടുപ്പും നിയമനവും. ഇവിടെയാണ്‌ അപകടം. കേന്ദ്ര സര്‍ക്കാരിനോടു രാഷട്രീയാഭിമുഖ്യം പ്രകടിപ്പിക്കുന്നവരെയോ, സ്വാധീനത്തിന്റെയോ, വ്യക്‌തിബന്ധത്തിന്റെയോ അടിസ്‌ഥാനത്തിലുള്ള നിയമനങ്ങള്‍ക്കു സാധ്യത ഏറെയാണ്‌. ഇത്തരക്കാരുടെ കൂറ്‌ തങ്ങള്‍ക്കു നിയമനം നല്‍കിയവരോടായിരിക്കും. നിശ്‌ചിത കാലയളവിലേക്കുള്ള നിയമനമായതിനാല്‍ ജോലിയോടുള്ള ഇവരുടെ ആത്മാര്‍ഥതയും നിഷ്‌പക്ഷതയുമടക്കം ചോദ്യം ചെയ്യപ്പെട്ടേക്കാം.
നിലവില്‍ അഖിലേന്ത്യാ സര്‍വീസിലേയക്ക്‌ നിയമനം നടത്തുന്നത്‌ നിരവധി വര്‍ഷത്തെ പരിചയ സമ്പന്നതയും വിശ്വാസ്യതയും നിഷ്‌പക്ഷതയും തെളിയിച്ചിട്ടള്ള യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷനാണ്‌. രണ്ടു ഘട്ടങ്ങളായി നടത്തുന്ന കഠിനമായ പരീക്ഷകളുടെയും മുഖാമുഖത്തിന്റെയും അടിസ്‌ഥാനത്തിലാണ്‌ 35 വയസിന്‌ താഴെയുള്ള യുവാക്കളെ അഖിലേന്ത്യാ സര്‍വീസിലേയക്ക്‌ തെരഞ്ഞെടുക്കുന്നത്‌.
തെരഞ്ഞെടുപ്പിനു ശേഷം ഒരു വര്‍ഷം നീളുന്ന തീവ്രമായ പരിശീലനം കഴിഞ്ഞാണ്‌ ഇവര്‍ക്ക്‌ സബ്‌ ഡിവിഷണല്‍ തലത്തില്‍ നിയമനം നല്‍കുന്നത്‌. ഔദ്യോഗിക ജീവിതത്തില്‍ താഴെത്തട്ടിലുള്ള പ്രവര്‍ത്തനത്തില്‍ നിന്നും അവര്‍ക്ക്‌ കിട്ടിയ അനുഭവജ്‌ഞാനം തീരുമാനങ്ങളെടുക്കുന്നതില്‍ മുതല്‍ക്കുട്ടാകും.
35 വയസില്‍ താഴെ പ്രായമുള്ള അഖിലേന്ത്യാ ഉദ്യോഗസ്‌ഥരാണ്‌ അഹമ്മദ്‌ നഗര്‍ പോലുള്ള ഭരണ പരിഷ്‌കാരങ്ങള്‍ക്കു തുടക്കം കുറിച്ചിട്ടുള്ളത്‌. ഇതു പേലെയുള്ള നവീന ആശയങ്ങള്‍ ഇവരില്‍ പലരും ഭരണത്തിന്റെ വിവിധ തലങ്ങളില്‍ നടപ്പാക്കിയിട്ടുണ്ട്‌. രാഷ്‌ട്രീയപക്ഷപാതമില്ലാത്ത, െധെര്യവും ചങ്കൂറ്റവുമുള്ള യുവ അഖിലേന്ത്യാ സര്‍വീസുകാര്‍, പൊതുവേ നീതിയുടെയും ന്യായത്തിന്റെയും പക്ഷത്തുനില്‍ക്കുന്നവരാണ്‌. മറിച്ചുള്ള ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഇല്ലാതില്ല. നീണ്ട വര്‍ഷങ്ങള്‍ സേവനമനുഷ്‌ഠിക്കുന്നതിനാലും സുരക്ഷിതമായ ഔദ്യേഗിക ജീവിതം ഉറപ്പുള്ളതിനാലും ഇവര്‍ നിഷ്‌പക്ഷമായ നിലപാടാണ്‌ എടുക്കാറുള്ളത്‌.
കരാര്‍ അടിസ്‌ഥാനത്തില്‍, അഭിമുഖത്തിന്റെ മാത്രം അടിസ്‌ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കപ്പെടുന്നവര്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന ചരിത്രമുള്ള അഖിലേന്ത്യാ സര്‍വീസിനെ ദുര്‍ബലപ്പെടത്തുമെന്നതില്‍ തര്‍ക്കമില്ല. സദുദ്ദേശത്തോടെയുള്ള ഭരണ പരിഷ്‌കാരമാണു കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്നതെങ്കില്‍, ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയത്‌ യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ മുഖാന്തിരം സുതാര്യമായ നിയമനം ഉറപ്പ്‌ വരുത്തണം. എങ്കില്‍ മാത്രമേ, ജനങ്ങളുടെ മനസില്‍ ഉണ്ടായിട്ടള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ സാധിക്കൂ.

പി.എസ്‌. ശ്രീകുമാര്‍

(കേരള സര്‍ക്കാരിന്റെ മുന്‍ സ്‌പെഷല്‍
സെക്രട്ടറിയും പബ്ലിക്‌ പോളിസി റിസര്‍ച്ച്‌ ഇന്‍സറ്റിറ്റ്യൂട്ട്‌ രജിസ്‌ട്രാറുമാണു ലേഖകന്‍. ഫോണ്‍: 9847173177)

Ads by Google
Monday 18 Jun 2018 02.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW