സവാള അരിയുമ്പോള്‍ എല്ലാവരും കരയും. എന്നാല്‍ മുംബൈ സ്വദേശി സത്യജിത്തിനോട് ചോദിച്ചാല്‍ കണ്ണില്‍ നിന്ന് ലക്ഷങ്ങളാണ് വരുക എന്നായിരിക്കും പറയുക. ഒരിക്കല്‍ സത്യജിത്തിന്റെ മുത്തശ്ശി സവാള അരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം മുത്തശ്ശിയുടെ കണ്ണില്‍ നിന്നും ധാരയായി കണ്ണുനീര് ഒഴുകുന്നുണ്ടായിരുന്നു. ഇതുകണ്ട് സത്യജിത്ത് ചോദിച്ചു, അരിഞ്ഞ സവാള ഉപയോഗിച്ചാല്‍ പോരേ എന്ന്? അതിന് ആരാണ് അരിഞ്ഞ സവാള വില്‍ക്കുന്നതെന്നായിരുന്നു മുത്തശ്ശിയുടെ മറുചോദ്യം.
അപ്പോഴാണ് സത്യജിത്തും ഇതേകുറിച്ച് ചിന്തിച്ചത്. സവാള അരിഞ്ഞു വറുത്ത് പായ്ക്കറ്റിലാക്കി വില്‍ക്കുന്നതിന്റെ സാധ്യതകള്‍ സത്യജിത്ത് മനസ്സിലാക്കി. പിന്നെ ഒട്ടും താമസിച്ചില്ല സത്യജിത്തിന്റെ 'എവരിഡേ ഗോര്‍മെറ്റ് കിച്ചന് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനി രൂപം കൊണ്ടു. 2014 തുടങ്ങിയ കമ്പനി വെറും നാലു വര്‍ഷം കൊണ്ട് മുംബൈ നഗരവാസികളുടെ പ്രിയപ്പെട്ടതായി. നഗരത്തിലെ ഹോട്ടലുകളിലും വീടുകളിലും ഒരു ദിവസം വേണ്ടിവരുന്ന സവാളയെപ്പറ്റിയും അത് മുറിക്കാന്‍ എടുക്കുന്ന സമയത്തെപ്പറ്റിയും സത്യജിത്ത് നന്നായി പഠിച്ചു. സവാള ചാക്ക് കണക്കിന് വാങ്ങി മുറിച്ച് വറുത്ത് പായ്ക്കറ്റുകളിലാക്കി ഹോട്ടലുകളില്‍ കൊടുത്തുതുടങ്ങി. മികച്ച പ്രതികരണമായിരുന്നു കച്ചവടക്കാരില്‍ നിന്ന് ലഭിച്ചത്.
സവാള അരിയുന്നതിന്റെയും വഴറ്റുന്നതിന്റെയും സമയലാഭം, ജോലിഭാരം കുറയ്ക്കല്‍ ഇതൊക്കെയായിരുന്നു ഫ്രൈഡ് ഒണിയന്‍സ് കൊണ്ടുള്ള നേട്ടം. സത്യജിത്തിന്റെ കമ്പനിയ്ക്കിപ്പോള്‍ സ്വന്തമായി സവാള കൃഷിയുമുണ്ട്. 300 ല്‍ പരം ഔട്ട്ലറ്റുകളിലൂടെ സവാളകച്ചവടം തകൃതിയായി നടക്കുന്നു. ഭാവിയില്‍ ഇന്ത്യയിലുടനീളം കമ്പനിയുടെ ശാഖകളും ഔട്ട്ലറ്റുകളും തുറക്കണമെന്നാണ് സത്യജിത്തിന്റെ ആഗ്രഹം. ലക്ഷങ്ങളാണ് സവാള ബിസിനസ്സില്‍ നിന്നും സത്യജിത്തിന് ലഭിക്കുന്ന വരുമാനം.