Friday, April 19, 2019 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 17 Jun 2018 01.54 AM

നിയമസഭയിലെ നിയമലംഘനം

uploads/news/2018/06/226363/bft1.jpg

നിയമസഭയുടെ ആത്യന്തിക ലക്ഷ്യം നിയമനിര്‍മാണമാണ്‌. എന്നാല്‍, ഇക്കാര്യം നമ്മുടെ സാമാജികര്‍ ശ്രദ്ധിക്കുന്നുണ്ടോ? സംശയമാണ്‌. കഴിഞ്ഞ ദിവസങ്ങളില്‍ നാം കണ്ടത്‌ സഭ രാഷ്‌ട്രീയ ആരോപണങ്ങളുടേയും വെല്ലുവിളികളുടേയും ആക്രോശത്തിന്റെയും മുഖ്യ വേദിയായി മാറി എന്നുള്ളതാണ്‌.
നിപ വൈറസ്‌ ബാധയെ സംബന്ധിച്ച്‌ കാര്യപ്രസക്‌തമായ ചര്‍ച്ച സഭയില്‍ നടന്നതൊഴിച്ചാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഗൗരവമേറിയ പല വിഷയങ്ങളും പരിഗണനയ്‌ക്കെടുത്തിട്ടില്ല അഥവാ അതിനുള്ള അവസരങ്ങള്‍ നഷ്‌ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഒരംഗം പ്രതിഷേധ സൂചകമായി മാസ്‌ക്കും കൈയുറയും ധരിച്ച്‌ സഭയില്‍ വന്നിരുന്നു. നിപ വൈറസ്‌ ബാധയോടനുബന്ധിച്ച്‌ സഭയെ തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രതിഷേധമറിയിക്കാനാണ്‌ ഇങ്ങനെ വന്നതെന്നാണു വിശദീകരണം. തെറ്റായ കീഴ്‌വഴക്കം ഇതിലൂടെ സൃഷ്‌ടിക്കപ്പെടുന്നു എന്നതാണ്‌ യാഥാര്‍ഥ്യം.
പ്ലക്കാര്‍ഡും, ബാനറും ഉയര്‍ത്തിക്കാട്ടി മുദ്രാവാക്യം വിളിക്കുന്നതും സഭാതലത്തില്‍ കുത്തിയിരിക്കുന്നതും, സ്‌പീക്കറെ വളഞ്ഞുവച്ച്‌ നടപടികള്‍ തടസപ്പെടുത്തുന്നതും നിത്യ സംഭവമായി മാറിയിരിക്കുന്നു. സഭ്യമല്ലാത്ത പ്രതിഷേധത്തിന്റെയും വേദിയാകാനുള്ളതാണോ നമ്മുടെ നിയമസഭ ?
കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകളുടെ കാലത്തും ഇത്തരം സംഭവവികാസങ്ങള്‍ക്ക്‌ സഭ സാക്ഷിയായിട്ടുണ്ട്‌. സഭയുടെയും സ്‌പീക്കറുടെയും സഭാംഗങ്ങളുടെയും അധികാര അവകാശങ്ങളെ സംബന്ധിച്ച്‌ ചിലര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ട്‌. ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്നുള്ള കാഴ്‌ചപ്പാടും ഭരണഘടന ഏല്‍പിക്കുന്ന അധികാര അവകാശങ്ങള്‍ സംബന്ധിച്ച അജ്‌ഞതയോ അറിവില്ലായ്‌മ ആകാം ഇത്തരം സംഭവങ്ങള്‍ക്ക്‌ സഭ വേദിയാകാന്‍ കാരണം. അതിനു സ്‌പീക്കര്‍ ഒരു നോക്കുകുത്തിയായി മാറി നില്‍ക്കുന്നതും കാണാം. വോക്കൗട്ടിന്റെയും, ഇറങ്ങിപ്പോക്കിന്റെയും, ബഹിഷ്‌ക്കരണത്തിന്റെയും സഭ തടസപ്പെടുത്തലിന്റെയും ദിവസങ്ങളില്‍ പൊതുഖജനാവിനും വന്ന നഷ്‌ടം കോടികളാണ്‌.
ഒരു നിയമസഭാ സാമാജികനെന്ന നിലയില്‍ സഭയ്‌ക്കുള്ളില്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണു ജനങ്ങള്‍ അതാതു മണ്ഡലങ്ങളില്‍നിന്നു അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്‌.
സഭാനടപടികള്‍ തടസപ്പെടുത്തി സഭബഹിഷ്‌ക്കരണം നടത്തിയ ദിവസങ്ങളില്‍ ഭൂരിപക്ഷാംഗങ്ങളും തങ്ങളുടെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയിട്ടുണ്ടെന്നതിനെ നിയമപരമായി അംഗീകരിക്കാനാകില്ല.
ജനാധിപത്യ ഭരണസമ്പ്രദായത്തിന്റെ സുപ്രധാന ഘടകങ്ങളാണ്‌ ലജിസ്ലേച്ചറും ജുഡീഷ്യറിയും, എക്‌സിക്യൂട്ടിവും. ഭരണഘടന ഒരു ഫെഡറല്‍ ഭരണസംവിധാനത്തെ വിഭാവനം ചെയ്യുന്നതിനോടൊപ്പം കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ അധികാര അവകാശങ്ങളെപ്പറ്റിയും വ്യക്‌തമായി നിര്‍വ്വചിച്ചിട്ടുണ്ട്‌. പങ്കാളിത്ത ജനാധിപത്യ ഭരണക്രമത്തില്‍ 5 വര്‍ഷത്തിലൊരിക്കല്‍ പൊതുതെരഞ്ഞെടുപ്പ്‌ നടത്തി നിയമസഭയിലും പാര്‍ലമെന്റിലും അതാതു മണ്‌ഡലങ്ങളെ പ്രതിനിധീകരിച്ച്‌ വിജയിച്ചു വരുന്ന അംഗങ്ങള്‍ (പ്രതിനിധികള്‍) ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ സത്യപ്രതിജ്‌ഞ ചൊല്ലിയാണ്‌ പ്രതിനിധികളാകുന്നത്‌. ഇത്‌ വെറും വാക്കല്ല; മറിച്ച്‌ ഭരണഘടാനാ ബാദ്ധ്യതയാണ്‌.
സഭയിലെത്തുന്ന സാമാജികര്‍ താന്‍ പ്രതിനിധീകരിക്കുന്ന മണ്‌ഡലത്തിലെ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതി ലക്ഷ്യമാക്കി സഭയില്‍ വിഷയം അവതരിപ്പിക്കുകയും തുറന്ന ചര്‍ച്ചയിലൂടെയും സംവാദത്തിലൂടേയും അവയ്‌ക്ക്‌ പരിഹാരം കണ്ടെത്തുകയും ചെയ്യണം. അതിലുപരി നിയമനിര്‍മ്മാണപ്രക്രിയയില്‍ സക്രിയമായി ഇടപെടലും ആവശ്യമാണ്‌. സാമൂഹിക നീതി എല്ലാ ജനവിഭാഗത്തിനും ഉറപ്പ്‌ നല്‌കുന്ന സോഷ്യലിസ്‌റ്റ്‌ ഭരണക്രമത്തില്‍ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായിവരുന്ന നിയമനിര്‍മ്മാണപ്രക്രിയ സഭയുടെ ആത്യന്തിക ലക്ഷ്യങ്ങളിലൊന്നാണ്‌. ഓരോ നിയമനിര്‍മ്മാണവും സാമൂഹിക പ്രശ്‌നങ്ങളുടെ പ്രതിഫലനമായി മാറുകയാണ്‌.
പ്രശ്‌നങ്ങളെ സൂക്ഷ്‌മമായി പഠിച്ച്‌ സമഗ്രവും കുറ്റമറ്റതുമായ നിയമനിര്‍മ്മാണത്തിന്‌ ഓരോ സാമാജികനും ക്രിയാത്മമായി ഇടപെടണം. ഈ കടമകള്‍ നിര്‍വഹിക്കുമ്പോഴും നിര്‍ഭയത്തോടെ അഭിപ്രായം രേഖപ്പെടുത്തുന്നതിന്‌ ഭരണഘടന തന്നെ ഇവര്‍ക്ക്‌ എല്ലാത്തരത്തിലുമുള്ള അവകാശവും സംരക്ഷണവും ഉറപ്പും നല്‍കുന്നു. അവരുടെ അഭിപ്രായസ്വാന്ത്ര്യത്തെ ചോദ്യം ചെയ്യാന്‍, അത്‌ കോടതിയിലാണെങ്കില്‍ പോലും ഭരണഘടന അനുവദിക്കുന്നില്ല.
എന്നാല്‍ കേരളസംസ്‌ഥാനത്തിന്റെ ആദ്യനിയമസഭാസമ്മേളനം തൊട്ട്‌ ഇന്ന്‌ നിലവിലുള്ള 14-ാമത്‌ നിയമസഭയുടെ ചരിത്രവും, പ്രവര്‍ത്തന രീതിയും വിലയിരുത്തുന്ന ഏതൊരാള്‍ക്കും ഒരു കാര്യം നിസംശയം ബോധ്യപ്പെടും; നിയമനിര്‍മ്മാണത്തിനും ജനകീയപ്രശ്‌നങ്ങളുടെ പരിഹാരത്തിനുമുള്ള വേദിയായിട്ടല്ല പ്രധാനമായും സഭയെ കാണുന്നത്‌; മറിച്ച്‌ വ്യക്‌തി താല്‍പര്യങ്ങളും രാഷ്‌ട്രീയ താല്‍പര്യങ്ങളും അവതരിപ്പിക്കാനും അടിച്ചേല്‍പ്പിക്കാനുമുള്ള വേദിയായിട്ടാണ്‌. സഭയ്‌ക്കുള്ളില്‍ എന്തും പറയാം, പ്രവര്‍ത്തിക്കാം എന്നുള്ളതല്ല. ഭരണഘടനാ ശില്‍പികള്‍ അതിന്റെ നിര്‍മ്മാണവേളയില്‍ സഭാംഗത്തിന്‌ പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിയത്‌ പ്രത്യേക ഉദ്ദേശ്യലക്ഷ്യത്തോടും കൂടിയാണ്‌. അത്‌ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുമെന്ന്‌ അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു.
ഏത്‌ അഴിമതിയും അത്‌ ആര്‍ക്കെതിരാണെങ്കിലും സഭയ്‌ക്കകത്ത്‌ നിര്‍ഭയത്തോടെ, സത്യസന്ധതയോടെ, തികഞ്ഞ ഉത്തരവാദിത്വത്തോടെ അവതരിപ്പിക്കാനും അത്തരം അഴിമതികളുടെ കാണാപ്പുറങ്ങള്‍ തുറന്ന്‌ കാട്ടാനും ഏതൊരംഗത്തിനും അവകാശമുണ്ട്‌. വ്യക്‌തമായ ആക്ഷേപങ്ങളും ആരോപണങ്ങളും പ്രതിഷേധവുമൊക്കെ അറിയിക്കുന്നതിനും പൂര്‍ണ സ്വാതന്ത്ര്യമുണ്ട്‌.
അതിന്‌ ഭരണഘടനാപരമായ പരിരക്ഷയും ഉണ്ട്‌. എന്നാല്‍ സഭയ്‌ക്കകത്ത്‌ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ സഭയില്‍ അംഗമല്ലാത്ത വ്യക്‌തികളുടെ സ്വകാര്യതയെക്കുറിച്ച്‌ അഭിപ്രായം പറയുന്നതും ആരോപണത്തിന്റെ പേരില്‍ ഒരംഗം മറ്റൊരംഗത്തെ അടിക്കണമെന്ന്‌ ആക്രോശിക്കുന്നതും സഭാദ്ധ്യക്ഷനായ സ്‌പീക്കറെ വളഞ്ഞുവയ്‌ക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും, സഭയിലെ ഉദ്യോഗസ്‌ഥന്മാരെ/ജീവനക്കാരെ കൈയേറ്റം ചെയ്യുന്നതും ക്രിമിനല്‍ സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ്‌. നിയമസഭാ സാമാജികനെന്ന നിലയില്‍ ഇത്തരം സംഭവങ്ങള്‍ക്ക്‌ ഭരണഘടന ഒരു രീതിയിലുള്ള പരിരക്ഷയും നല്‍കുന്നില്ല.

(തുടരും)

അഡ്വ. ശിവന്‍ മഠത്തില്‍

Ads by Google
Sunday 17 Jun 2018 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW