Wednesday, July 17, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Sunday 17 Jun 2018 01.51 AM

ഹൃദയത്തിന്റെ പ്യൂണ്‍

uploads/news/2018/06/226356/re5.jpg

നിത്യോപയോഗം കൊണ്ട്‌ മൂര്‍ച്ച കൂടുന്ന ഒരു ആയുധമാണ്‌ നാവ്‌ എന്ന്‌ ഒരു പറച്ചിലുണ്ട്‌. നാം ഉപയോഗിക്കുന്ന വെട്ടുകത്തി, പിച്ചാത്തി, കത്രിക തുടങ്ങി മൂര്‍ച്ചയുള്ള അനേക സാധനങ്ങള്‍ ഉപയോഗിക്കും തോറും തേയ്‌മാനം സംഭവിച്ച്‌ അതിന്റെ മൂര്‍ച്ച കുറയുന്നു. അതുകൊണ്ട്‌ വല്ലപ്പോഴും അതു കൊല്ലന്റെ ആലയില്‍ കൊണ്ടുപോകണം. വീണ്ടും ഉലയില്‍ വച്ചു ചൂടുപിടിപ്പിച്ച്‌ രാകി മൂര്‍ച്ച കൂട്ടണം. എന്നാല്‍ എന്റെയും നിങ്ങളുടെയും നാവിന്‌ നിത്യോപയോഗം കൊണ്ട്‌ മൂര്‍ച്ച കൂടി വരികയാണു ചെയ്യുന്നത്‌. എന്തിനു വേണ്ടിയാണു മൂര്‍ച്ച കൂടുന്നത്‌?
മറ്റുള്ളവരെ വെട്ടി ആഴമായി മുറിവേല്‌പിക്കുവാന്‍, ആയിരക്കണക്കിന്‌ പതിനായിരക്കണക്കിനാളുകളെ ഒരു നിമിഷം കൊണ്ടു മുറിപ്പെടുത്തുവാന്‍ അവരുടെ ഹൃദയത്തെ കുത്തിത്തുളയ്‌ക്കുവാന്‍ നമ്മുടെ ഈ നാവിനു കഴിയും. നാക്കിനാണ്‌ നമ്മുടെ ശരീരത്തിലെ മറ്റ്‌ എല്ലാ അവയവങ്ങളെക്കാളും ഏറ്റവും കൂടുതല്‍ പേശികള്‍ ആവശ്യമുള്ളത്‌. കാരണം, ഇത്‌ ഏറ്റവും കൂടുതല്‍ ചലനമുള്ള അവയവമാണ്‌.
ബൈബിളിലെ പുതിയ നിയമത്തില്‍ യാക്കോബ്‌ എഴുതിയ ലേഖനത്തില്‍ നാവിനെ മെരുക്കുവാന്‍ ആര്‍ക്കു കഴിയും എന്നു നാം വായിക്കുന്നു. നമുക്കു പല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും. ഈ നാക്കിനെ നിയന്ത്രിക്കാന്‍ മാത്രം എനിക്കും നിങ്ങള്‍ക്കും അല്‌പം പ്രയാസമാണ്‌.
കാട്ടില്‍, മരത്തില്‍ ചാടിച്ചാടി നടക്കുന്ന കുരങ്ങനെ, അതു മാന്തിയാലും കടിച്ചാലും ഉപദ്രവിച്ചാലും അവസാനം അതിനെ നമ്മുടെ വീട്ടില്‍ വളരുന്ന ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നമ്മോട്‌ ഇണക്കമുള്ളതാക്കിയെടുക്കുവാന്‍ കഴിയും. ആകാശത്തു കൂടെ പറന്നു നടക്കുന്ന പക്ഷികളെ പിടിച്ച്‌ അതിനെക്കൊണ്ടു വര്‍ത്തമാനം പറയിപ്പിക്കാന്‍, നമ്മുടെ വീട്ടില്‍ പറന്നു നടക്കാന്‍, നമ്മുടെ തോളത്തു വന്നിരിക്കുവാന്‍ നമുക്കു പഠിപ്പിച്ചെടുക്കാം. ചുരുക്കം പറഞ്ഞാല്‍ നാം വളര്‍ത്തുന്ന കോഴിക്കുഞ്ഞിനെയും മറ്റു തട്ടിക്കൊണ്ടു പോകുന്ന പരുന്തിനെപ്പോലും പിടിച്ചു നമ്മോട്‌ ഇണക്കമുള്ളതാക്കാം. നമുക്കു വേണ്ടി അങ്ങുമിങ്ങും പറന്നു നടന്ന്‌ കാര്യം നേടി എടുക്കുവാനായി അതിനെ പഠിപ്പിക്കുവാന്‍ നമുക്കു സാധിക്കും. എന്റെ ചെറുപ്പകാലത്തു ഞങ്ങളുടെ വീടിന്‌ അക്കരെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു. അയാള്‍ക്ക്‌ ഒരു പരുന്തുണ്ടായിരുന്നു. ഈ പരുന്തിനെ അയാള്‍ ഒരു പ്രത്യേക പരിപാടി പഠിപ്പിച്ചു. വലവീശുകാര്‍ വെള്ളത്തില്‍ പിടിച്ചിടുന്ന മീനിനെ ഈ പരുന്തു പമ്മി പമ്മി പറന്നു വന്ന്‌ ഒരൊറ്റ റാഞ്ചലാണ്‌. വെള്ളത്തിനകത്തു നിന്ന്‌ ഇവന്‍ മീനിനെ പൊക്കിക്കൊണ്ട്‌ നേരെ പോകുന്നതു മരത്തിന്റെ മുകളിലേക്കല്ല; ഈ പരുന്തിനെ വളര്‍ത്തുന്ന ഈ വ്യക്‌തിയുടെ വീട്ടിലേക്കാണ്‌. എന്താ പരിപാടി മോശമാണോ? പുള്ളിക്കാരനു വീശാനും പോകണ്ട, ചൂണ്ട ഇടാനും പോകണ്ട. ഒട്ടും ബുദ്ധിമുട്ടാതെ വീട്ടില്‍ കുത്തിഇരുന്നാല്‍ മതി. പരുന്ത്‌ വല്ലവന്റെയും മീനും റാഞ്ചിക്കൊണ്ടു വീട്ടില്‍ വരും. ഉച്ചയ്‌ക്കു സുഖമായി മീനുംകുട്ടി ചോറുണ്ണാം.
പുലി, സിംഹം, പട്ടി, കുതിര ഇങ്ങനെയുള്ള വന്യമൃഗങ്ങളെയും വളര്‍ത്തു മൃഗങ്ങളെയും നിയന്ത്രിക്കുവാനും മനുഷ്യനു സാധിക്കും. എന്നാല്‍ വായില്‍ കിടക്കുന്ന ഈ ചെറിയ അവയവത്തെ നിയന്ത്രിക്കുവാന്‍ മനുഷ്യനു സാധ്യമല്ല. നാവല്ല വാസ്‌തവത്തില്‍ പ്രശ്‌നം. വേദപുസ്‌തകം പറയുന്നു: ഈ നാവിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ഹൃദയമാണ്‌ തകരാറുണ്ടാക്കുന്നത്‌. ഹൃദയം നിറഞ്ഞു കവിയുന്നത്‌ നാവു സംസാരിക്കുന്നു.
ആരോ പറഞ്ഞു: നാവ്‌ ഒരു പ്യൂണ്‍ ആണ്‌. പ്യൂണ്‍ അവന്റെ യജമാനന്‍ പറയുന്നതുമാത്രം കേള്‍ക്കും. അവന്‍ സ്വയമായി ഒന്നും ചെയ്യില്ല. അതുപോലെ നാവിന്റെ പുറകില്‍ യജമാനനായിരിക്കുന്ന ഹൃദയമാണ്‌ ഇതെല്ലാം പറയിക്കുന്നത്‌.
എന്നാല്‍ നാം തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ല. നാവുകൊണ്ട്‌, അനേക ദോഷം ചെയ്യുന്നു എങ്കിലും ഈ നാവുകൊണ്ട്‌ അനേക നന്മകള്‍ നേടിയെടുക്കുവാന്‍ എനിക്കും നിങ്ങള്‍ക്കും സാധിക്കും.
നാവിനെ മറ്റുള്ള ജീവിതങ്ങളെ കെട്ടിപ്പണിയുവാന്‍ ഉപയോഗിക്കുകയും പ്രയോജനമില്ലാത്ത കാര്യങ്ങള്‍ നാവുകൊണ്ടു പറയാതിരിക്കുകയും ചെയ്യണം.
അനേകരും അവരുടെ നാവിനെ ഉപയോഗിക്കുന്നതു നല്ല ആലോചനകള്‍ പറഞ്ഞു ജീവിതം കെട്ടിപ്പണിയാനല്ല; പിന്നെയോ, നശിപ്പിക്കാനാണ്‌. നിന്റെ നാവിനെ നീ ഉപയോഗിക്കുന്നതു മറ്റുള്ളവരുടെ ഗുണത്തിനോ ദോഷത്തിനോ? ഉത്തരം നിങ്ങള്‍ക്കറിയാം.
നീതിമാന്റെ വായ്‌ ജ്‌ഞാനം മുളപ്പിക്കുന്നു എന്ന്‌ ജ്‌ഞാനിയായ സോളമന്‍ പറയുന്നു.
നിങ്ങളുടെ നാവിനെ ഉപയോഗിച്ചു മറ്റുള്ളവര്‍ക്കു നല്ല ആലോചന പറഞ്ഞു കൊടുക്കുവാന്‍, ബലപ്പെടുത്തുന്ന ഉപദേശങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍, ബുദ്ധിയുള്ള വാക്കുകള്‍ പറഞ്ഞു കൊടുക്കുവാന്‍, അവരെ കെട്ടിപ്പണിയുവാന്‍ നിങ്ങളുടെ വാക്കുകളെ സൂക്ഷിച്ച്‌ ഉപയോഗിക്കുക.

Ads by Google
Sunday 17 Jun 2018 01.51 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW