Tuesday, July 23, 2019 Last Updated 4 Min 32 Sec ago English Edition
Todays E paper
Ads by Google
Saturday 16 Jun 2018 11.13 PM

രമണീയം .... ചങ്ങമ്പുഴ കൃഷ്‌ണപിള്ള കഥാവശേഷനായിട്ട്‌ എഴുപത്‌ വര്‍ഷം

uploads/news/2018/06/226206/sun1.jpg

മലയാള കാവ്യലോകത്ത്‌ 1936 ഒക്‌ടോബര്‍ മാസം പുതിയൊരു വഴിവിളക്കു തെളിഞ്ഞു. രമണന്‍ എന്നായിരുന്നു ആ ഹൃദയദ്രവീകരണ കാവ്യഗദ്‌ഗദത്തിന്റെ പേര്‌! രമണഗാഥയുടെ കര്‍ത്താവ്‌, മലയാളികളുടെ കാവ്യവസന്തമായ ചങ്ങമ്പുഴ കൃഷ്‌ണപിള്ള കഥാവശേഷനായിട്ട്‌ ഇന്നേക്ക്‌ എഴുപത്‌ വര്‍ഷം പൂര്‍ത്തിയാവുന്നു. രമണന്‍ എന്ന കാവ്യത്തിന്‌ എണ്‍പത്തിരണ്ട്‌ വയസ്സും. തന്റെ ഇഷ്‌ടസഖാവായ ഇടപ്പള്ളി രാഘവന്‍പിള്ളയുടെ അകാലനിര്യാണം വരുത്തിവച്ച അതികഠിനമായ ഹൃദയവേദനയില്‍നിന്നും ഉയിര്‍ക്കൊണ്ട കാവ്യമായിരുന്നു രമണന്‍. അന്നുവരെ മലയാളം കാണാത്ത പ്രമേയവും രചനാവൈശിഷ്‌ട്യവും ആവിഷ്‌കാരരീതിയും കൊണ്ട്‌ രമണന്‍, അക്കാലത്ത്‌ ഉടുതുണിക്കു മറുതുണിയില്ലാത്തവനെക്കൊണ്ടു പോലും ആര്‍ത്തിപൂണ്ട്‌ വായിച്ചു.
നഷ്‌ടപ്രണയങ്ങളുടെ ലോഹലായനി കുടിച്ചു നീറുന്നവര്‍ക്ക്‌ രമണന്‍ പരഹൃദയജ്‌ഞാനത്തിന്റെ ശമനൗഷധമായിരുന്നു. കല്ലിച്ചുപോകാത്ത ഹൃദയമുള്ളവരെല്ലാം രമണന്‍ വായിച്ച്‌ രഹസ്യമായി കരഞ്ഞു. രമണന്‍ പുറത്തിറങ്ങുന്നതിനുമുന്‍പ്‌ ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യയും ആത്മഹത്യാക്കുറിപ്പും അപ്പോഴേക്കും മലയാളികള്‍ അറിഞ്ഞുകഴിഞ്ഞിരുന്നു. സ്വശരീരത്തില്‍ നിന്നും കേവലമൊരു തൂക്കുകയറില്‍ പ്രാണനെ വേര്‍പ്പെടുത്തുന്നതിനു മുന്‍പ്‌ ഇടപ്പള്ളി രാഘവന്‍ പിള്ള എഴുതി:
''പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക, സ്‌നേഹിക്കുവാന്‍ ആരെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലുമുണ്ടായിരിക്കുക ഈ മൂന്നിലുമാണ്‌ ലോകത്തിലെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്‌. ഇവയിലെല്ലാം എനിക്ക്‌ നിരാശതയാണ്‌ അനുഭവം. എനിക്ക്‌ ഏകരക്ഷാമാര്‍ഗ്ഗം മരണമാണ്‌. അതിനെ ഞാന്‍ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേര്‍പാടില്‍ ആരും നഷ്‌ടപ്പെടുന്നില്ല. ഞാന്‍ നേടുന്നുമുണ്ട്‌. മനസാ വാചാ കര്‍മണാ ഇതില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയദൃഷ്‌ടിയും നിയമത്തിന്റെ നിശിതഖഡ്‌ഗവും നിരപരാധിത്വത്തിന്റെമേല്‍ പതിക്കരുതേ!
എനിക്ക്‌ പാട്ടുപാടുവാന്‍ ആഗ്രഹമുണ്ട്‌. പക്ഷെ എന്റെ മുരളി തകര്‍ന്നുപോയി! കൂപ്പുകൈ!''
കാവ്യസഖാവിന്റെ നെഞ്ചുരുക്കം പൂര്‍ണമായി ആവിഷ്‌കരിക്കാനാണ്‌ ചങ്ങമ്പുഴ രമണന്‍ രചിച്ചത്‌. രമണന്റെ അഭൂതപൂര്‍വമായ ജനകീയത കണ്ട്‌ യാഥാസ്‌ഥിതികരായ എഴുത്തുകാര്‍ അന്ന്‌ മുറുമുറുത്തിരുന്നു എന്നത്‌ കാലത്തിന്റെ വിരോധാഭാസമായി കാണാം.
1936 ഒകേ്‌ടാബറില്‍ രമണന്‍ പുറത്തിറങ്ങിയ അതേ മാസത്തിലാണ്‌ ഇടപ്പള്ളിക്കടുത്ത്‌ ചളിക്കവട്ടത്തില്‍ വേലിയ്‌ക്കകത്ത്‌ ഗോവിന്ദനും കുഞ്ഞിക്കുട്ടിക്കും ഒരാണ്‍കുഞ്ഞുപിറന്നത്‌. കുഞ്ഞ്‌ ആണാണെന്നറിഞ്ഞപ്പോള്‍ പേരിടാന്‍ കുഞ്ഞിന്റെ അമ്മാവന്‌ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. രമണന്‍ എന്നുതന്നെ നാമകരണം ചെയ്‌തു. അതിനൊരു പ്രത്യേക കാരണവും ഉണ്ടായിരുന്നു. രമണന്‍ ആദ്യമായി അച്ചടിച്ച്‌ പുറത്തിറക്കിയത്‌ എറണാകുളം ബ്രോഡ്‌വേയില്‍ വസ്‌ത്രവ്യാപാരം നടത്തിയിരുന്ന ഹമീദ്‌ എന്ന സഹൃദയനായിരുന്നു. രമണന്‍ ഇറങ്ങിയ കാലത്ത്‌ എറണാകുളത്തായിരുന്നു ഏറെ പ്രചാരം. എറണാകുളത്തിനു പുറത്തേക്കു രമണന്‍ മുരളിയൂതി കടന്നുപോയത്‌ അതിനു ശേഷമാണ്‌. എറണാകുളത്തെ സഹൃദയരുടെ മനസ്സില്‍ വളരെ പെട്ടെന്നു തന്നെ രമണന്‍ ഹരമായി മാറിക്കഴിഞ്ഞിരുന്നു. അതാണ്‌ കുഞ്ഞിന്‌ രമണന്‍ എന്നു പേരിടാന്‍ കാരണം.
ചങ്ങമ്പുഴ കൃഷ്‌ണപിള്ള എന്ന കവിയുടെ വിയോഗത്തിന്‌ ഇന്ന്‌ എഴുപത്‌ വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രമണന്‍ എന്ന കാവ്യത്തിന്‌ എണ്‍പത്തിരണ്ട്‌ വയസ്സ്‌ തികയുന്നു. വി.ജി. രമണന്‍ എന്ന വേലിയ്‌ക്കകത്ത്‌ ഗോവിന്ദന്‍ രമണനും ഇന്ന്‌ എണ്‍പത്തി രണ്ടാകുന്നു.
പതിമൂന്നു വയസ്സുവരെ രമണന്‌ ചങ്ങമ്പുഴയെക്കുറിച്ചോ അദ്ദേഹത്തിന്റെ കാവ്യമായ രമണനെക്കുറിച്ചോ അറിയാമായിരുന്നില്ല. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഏഴാംക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്ന രമണന്‍ ചെറുപ്രായത്തില്‍ത്തന്നെ നിരവധി ജോലികള്‍ ചെയ്‌തുപോന്നു. ഫോട്ടോഗ്രഫി, തയ്യല്‍, ഓട്ടോ മെക്കാനിക്ക്‌... പഠനം ഏഴാംതരത്തില്‍ അവസാനിച്ചുവെങ്കിലും രമണന്‌ പുസ്‌തകവായന പ്രാണനായിരുന്നു. എറണാകുളത്തെ സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ ഓടുമേഞ്ഞ ഒറ്റമുറി പീടികയില്‍ അക്കാലം ഒരു സര്‍ക്കാര്‍ ഗ്രാമീണ വായനശാല പ്രവര്‍ത്തിച്ചിരുന്നു. മുട്ടത്തുവര്‍ക്കിയുടെ പ്രണയകഥകളിലായിരുന്നു തുടക്കം.

വഴിത്തിരിവ്‌
രമണന്‌ പതിമൂന്നു വയസ്സുള്ള സമയത്താണ്‌ കാഥികന്‍ കെടാമംഗലം സദാനന്ദന്‍ എറണാകുളം വൈറ്റിലക്കടുത്ത്‌ കഥാപ്രസംഗം അവതരിപ്പിക്കാനെത്തുന്നത്‌. കെടാമംഗലത്തിന്റെ വാഴക്കുല കഥാപ്രസംഗം കേട്ടപ്പോളാണ്‌ രമണന്‍ ചങ്ങമ്പുഴക്കവിതകളിലേക്ക്‌ ആകര്‍ഷിക്കപ്പെടുന്നത്‌. പിന്നീട്‌ എറണാകുളത്ത്‌ എവിടെ കെടാമംഗലത്തിന്റെ പ്രസംഗമുണ്ടെങ്കിലും രമണന്‍ അവിടെയെത്തും. ഇതിനിടയിലാണ്‌ രമണന്‍, ചങ്ങമ്പുഴയുടെ രമണന്‍ വായിക്കുന്നത്‌, ഒന്നല്ല പലവട്ടം. പിന്നീട്‌ രമണന്‍ നിതാന്ത സഹയാത്രികനായി.
കാലം കടന്നുപോയപ്പോള്‍ രമണനും ചില സുഹൃത്തുക്കളും ചേര്‍ന്ന്‌ പൊന്നുരുന്നിയിലെ വായനശാല കുറച്ചുകൂടി സൗകര്യമുള്ള മറ്റൊരു സ്‌ഥലത്തേക്കു മാറ്റി സ്‌ഥാപിച്ചു. ആദ്യകാലത്ത്‌ ഒരു മേശമാത്രമുണ്ടായിരുന്ന വായനശാല ഇന്ന്‌ പൊന്നുരുന്നിയുടെ തന്നെ അഭിമാനമായി മാറിയിരിക്കുന്നു.
ചങ്ങമ്പുഴയുടെ രമണന്റെ ചങ്ങാതി മദനനായിരുന്നെങ്കില്‍ വേലിയ്‌ക്കകത്ത്‌ ഗോവിന്ദന്‍ രമണന്റേയും ചങ്ങാതി ഒരു മദനനാണ്‌ എന്നത്‌ ആകസ്‌മികത. ഭാര്യ വിമലയോടൊന്നിച്ച്‌ വിശ്രമജീവിതം നയിക്കുന്ന രമണനെ തൃശൂര്‍ സാഹിത്യ അക്കാദമിയിലെ ചങ്ങമ്പുഴ ഹാളില്‍ ഇന്ന്‌ നടക്കുന്ന രമണസംഗമത്തില്‍ ആദരിക്കുകയും ചെയ്യുന്നുണ്ട്‌.
കേരളത്തിലെ രമണന്മാരെക്കണ്ടെത്തുകയും അവര്‍ക്കുവേണ്ടി കൂട്ടായ്‌മയൊരുക്കുകയുമാണ്‌ രമണീയം എന്ന ട്രസ്‌റ്റ്. ലോകത്തുതന്നെ ആദ്യമായിട്ടായിരിക്കും ഒരു കവിയുടെ കഥാപാത്രത്തിന്റെ നാമധാരികള്‍ ചേര്‍ന്ന്‌ ഒരു ട്രസ്‌റ്റ് രൂപീകരിക്കുകയും ആ കവിയുടെ ജന്മ-ചരമവാര്‍ഷികങ്ങള്‍ കൊണ്ടാടുന്നതും. അതിനുള്ള ഭാഗ്യം ലഭിച്ചതു ചങ്ങമ്പുഴയ്‌ക്കാണ്‌. രമണസംഗമം എന്ന ഈ ആശയം മുളപൊട്ടിയത്‌ മറ്റൊരു രമണനായ, പാലക്കാട്‌ കുഴല്‍മന്ദം സ്വദേശി എസ്‌. രമണന്‍ എന്ന വ്യക്‌തിയില്‍. 2017 ഒക്‌ടോബര്‍ പതിനൊന്നാം തീയതിയാണ്‌ രമണീയം ട്രസ്‌റ്റ് രൂപീകരിക്കപ്പെട്ടത്‌.
ഒരു പേരുകൊണ്ടു ആദരിക്കപ്പെടുക എന്ന സൗഭാഗ്യം ലഭിക്കുമ്പോള്‍ വി.ജി. രമണന്റെ മനസ്സില്‍ മുഴങ്ങുന്നത്‌ രമണനിലെ വരികള്‍ തന്നെ:
എങ്കിലും ചന്ദ്രികേ നമ്മള്‍ കാണും
സങ്കല്‍പ്പ ലോകമല്ലീയുലകം!

ഉമ ആനന്ദ്‌

Ads by Google
Saturday 16 Jun 2018 11.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW