Friday, April 26, 2019 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 16 Jun 2018 11.13 PM

മഞ്ഞുവീണതറിഞ്ഞില്ല... വെയില്‍വന്നു പോയതറിഞ്ഞില്ല...

uploads/news/2018/06/226205/sun5.jpg

അതിസമ്പന്നമായ ഗാനങ്ങള്‍ ബാക്കിവെച്ച്‌ അജ്‌ഞാതമായ കാരണങ്ങളാല്‍ സിനിമാരംഗത്തുനിന്നും അപ്രത്യക്ഷനായി?
ഞാനെങ്ങും പോയിട്ടില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ന്യൂസിലാന്റിലുള്ള മകളെ കാണാന്‍ അങ്ങോട്ട്‌ പോകുന്നതൊഴിച്ചാല്‍ എറണാകുളം ചിറ്റൂര്‍ റോഡിലെ അയ്യപ്പന്‍കാവിനടുത്ത വീട്ടില്‍ ഞാനുണ്ട്‌. പിന്നെ ആരെങ്കിലും വിളിക്കാതെ സംഗീതം ചെയ്യാനാവില്ലല്ലോ?

അങ്ങ്‌ ഇന്നും ഓര്‍മ്മിക്കപ്പെടുന്നത്‌ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണല്ലോ?
അമേരിക്കയില്‍ നിന്ന്‌ സംഗീതത്തില്‍ ബിരുദാനന്തരബിരുദം നേടി നാട്ടിലെത്തിയ സമയത്ത്‌ ഒരു ബന്ധുവഴിയാണ്‌ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ സംഗീതം ചെയ്യാന്‍ അവസരം ലഭിച്ചത്‌. സിനിമയില്‍ സംഗീതം ചെയ്യണമെന്ന ആഗ്രഹം ഇരുപതുവര്‍ഷമായി മനസ്സില്‍ കൊണ്ടുനടക്കുകയായിരുന്നു.
അന്ന്‌ ബിച്ചുവുമായി(ബിച്ചു തിരുമല) ആലപ്പുഴയിലെ ലൈറ്റ്‌ ഹൗസിനടുത്തുള്ള പി.ഡബ്ല്യു.ഡി റസ്‌റ്റ്ഹൗസില്‍ ഇരിക്കവെ ഹാര്‍മോണിയത്തില്‍ ഞാന്‍ ഒരു ശ്രുതിയിട്ടു. ബിച്ചു അതിന്റെ താളത്തിനനുസരിച്ച്‌ വരികള്‍ മൂളി. പല വരികള്‍ പറഞ്ഞിട്ടും അങ്ങോട്ട്‌ ശരിയാകുന്നില്ല. ഒടുവില്‍ ഫാസില്‍ പറഞ്ഞു, ഒരാള്‍ ജീപ്പ്‌ ഓടിച്ചു പോകുമ്പോള്‍ ഒരു പെണ്‍കുട്ടി പിറകില്‍ നിന്ന്‌ വിളിക്കുന്നപോലെ വേണം പാട്ടിന്റെ ഈണം. അപ്പോള്‍ ജിജോ പതിയെ പറഞ്ഞു, മുക്കുറ്റിപൂവേ... എന്‍ മുക്കുറ്റിപൂവേ... അത്‌ കൊള്ളാമെന്ന്‌ ഞാന്‍ പറഞ്ഞുകൊണ്ട്‌ ഞാന്‍ അതിന്‌ ഈണമിട്ടു. ആ ഈണം കേട്ടുകൊണ്ട്‌ ബിച്ചു കണ്ണടച്ച്‌ ഇരിക്കുകയാണ്‌. പിന്നെ മെല്ലെ അദ്ദേഹം ആ ഈണത്തിനോത്ത്‌ മൂളി. മഞ്ഞണിക്കൊമ്പില്‍.. ഒരു കിങ്ങിണിത്തുമ്പില്‍.. ഞങ്ങള്‍ ഞെട്ടിപ്പോയി. ആ ട്യൂണിനു ഇണങ്ങുന്ന വരികള്‍. കഥയ്‌ക്ക് ഒപ്പം ചേര്‍ന്ന്‌ നില്‍ക്കുന്ന വരികള്‍. ഞാന്‍ ബിച്ചുവിന്റെ കൈകള്‍ പിടിച്ച്‌ അഭിനന്ദിച്ചു. അതേ മൂഡില്‍ അദ്ദേഹം തുടര്‍ന്നു, താനിരുന്നലിഞ്ഞാടിടുന്നൊരു സുമംഗലിക്കുരുവീ...പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അവിടുന്നെണീറ്റപ്പോള്‍ ആ പാട്ട്‌ പൂര്‍ത്തിയായിരുന്നു.

കുടുംബത്തില്‍ സംഗീതപാരമ്പര്യം ഉണ്ടായിരുന്നോ?
എന്റെ കുട്ടിക്കാലം ഫോര്‍ട്ട്‌ കൊച്ചിയിലായിരുന്നു. അഞ്ചുവയസ്സുള്ളപ്പോള്‍ അമ്മയുടെ അമ്മ എന്നെ എറണാകുളത്തേക്ക്‌ കൊണ്ടുവന്നു. എനിക്ക്‌ കുറെ മാമന്മാര്‍ ഉണ്ടായിരുന്നു. അവര്‍ക്കെല്ലാം പല കലകളില്‍ വാസനയുണ്ടായിരുന്നു. മലയാളം പാട്ടിനേക്കാള്‍ ഹിന്ദിപ്പാട്ടിനോട്‌ ആയിരുന്നു അവര്‍ക്ക്‌ കമ്പം. അവരുമായി സഹവാസം മൂലം കുഞ്ഞുന്നാള്‍ മുതല്‍ ഞാന്‍ പള്ളിയില്‍ പാടാന്‍ തുടങ്ങി. അങ്ങനെ പാടി നടന്ന ഒരു ദിവസംഞാന്‍ ചിന്തിച്ചു. ഇങ്ങനെ മറ്റുള്ളവര്‍ എഴുതി, ഈണമിട്ട്‌ തരുന്ന പാട്ടുപാടുന്നതില്‍ എന്തുകാര്യം?. പാട്ടുണ്ടാക്കുന്നവരല്ലേ സത്യത്തില്‍ കൂടുതല്‍ ക്രിയേറ്റിവ്‌. എനിക്ക്‌ പാട്ടുണ്ടാക്കുന്ന ആളാവണം.
എട്ടാംക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു നാടകത്തില്‍ സംഗീതംചെയ്യാന്‍ അവസരം കിട്ടി. അതായിരുന്നു ആദ്യത്തെ കോമ്പോസിഷന്‍. അതിനുശേഷം മിഷനറിയാകാന്‍ വടക്കേ ഇന്ത്യയിലേക്ക്‌ പോയി. അവിടെ എന്നെ ട്രെയിന്‍ ചെയ്‌തത്‌ ജര്‍മന്‍കാരായ അച്ചന്മാരായിരുന്നു. അവര്‍ എന്നെ മറ്റു വിഷയങ്ങളോടൊപ്പം തബല, പിയാനോ, ഓര്‍ഗണ്‍ തുടങ്ങിയവ പഠിപ്പിച്ചു. പിന്നീട്‌ മധുസൂദന്‍ പട്വര്‍ദ്ധന്‍ മാസ്‌റ്ററുടെ അടുത്ത്‌ വായ്‌പ്പാട്ടും പഠിച്ചു.അതിനുശേഷം, ബോംബെയില്‍ എത്തി പ്രമുഖ സംഗീതജ്‌ഞരുടെ കീഴിലും സംഗീതം അഭ്യസിച്ചു.
ഒരുദിവസം ബാന്ദ്രയിലൂടെ നടന്നുപോയപ്പോള്‍ തികച്ചും യാദൃശ്‌ചികമായി ഒരു വീടിനു മുന്നില്‍ നൗഷാദ്‌ എന്ന പേര്‌ കണ്ടു. അടുത്തവീട്ടില്‍ തിരക്കിയപ്പോള്‍ ആണറിയുന്നത്‌ പ്രസിദ്ധസംഗീതസംവിധായകന്‍ നൗഷാദ്‌ സാറിന്റെ വീടാണെന്ന്‌. അദ്ദേഹത്തെ ഒരുനോക്കുകാണാമെന്നു കരുതി ചെന്ന്‌ വാതിലില്‍ മുട്ടി. അദ്ദേഹം തന്നെ വന്നു വാതില്‍ തുറന്നു. അദ്ദേഹം ചോദിച്ചു
എന്താ..ആരാ...എവിടുന്നാ, കേരളത്തില്‍ നിന്നാണോ? മലയാളികള്‍ ഹിന്ദിപാട്ടൊക്കെ കേള്‍ക്കാറുണ്ടോ?. അദ്ദേഹത്തിന്റെ മുഖത്ത്‌ അദ്‌ഭുതം. ഞാന്‍ പറഞ്ഞു.
'' കേള്‍ക്കുക മാത്രമല്ല സാറിന്‌ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്‌ കേരളത്തില്‍'' അദ്ദേഹം എന്നെ അകത്തേക്കുക്ഷണിച്ചു. എന്നെ ഇരുത്തിക്കൊണ്ട്‌ എനിക്കറിയാവുന്ന അദ്ദേഹം കമ്പോസ്‌ ചെയ്‌ത പാട്ടൊക്കെ പാടിച്ചു.
എല്ലാം കഴിഞ്ഞ്‌ ചോദിച്ചു, താന്‍ ഉറുദുവിന്റെ ഉച്ചാരണം എങ്ങനെ പഠിച്ചു?
ഞാന്‍ പറഞ്ഞു
''പഠിച്ചിട്ടൊന്നുമില്ല സര്‍. റാഫി സാബിന്റെയും, ലതാജിയുടെയും പാട്ടൊക്കെ കേട്ട്‌ പഠിച്ചതാണ്‌''
ഒരു വര്‍ഷത്തിനുള്ളില്‍ അദ്ധേഹത്തിന്റെ അസിസ്‌റ്റന്റ്‌ ആയി എന്നെ നിയമിച്ചു. ഒരു കുടുംബാംഗത്തെപ്പോലെയാണ്‌ അവരുടെ വീട്ടുകാര്‍ എന്നെ കണ്ടിരുന്നത്‌. എന്നെക്കാള്‍ പ്രായംകുറഞ്ഞ മക്കള്‍ അദ്ദേഹത്തിന്‌ ഉണ്ടായിരുന്നു. അവരുടെയൊക്കെ സ്‌കൂളിലെ ലോക്കല്‍ ഗാര്‍ഡിയന്‍ കൂടി ആയിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ കൂടെ കുറെ സിനിമാപ്പാട്ടുകള്‍ അസിസ്‌റ്റ് ചെയ്‌തു. ഇതിഹാസ ഗായകരായ മുഹമ്മദ്‌ രഫി, മന്നാഡേ,മുകേഷ്‌,ലത മങ്കേഷ്‌കര്‍,ആശാ ഭോസ്‌ലെ, സുമന്‍ കല്യാണ്‍പൂര്‍ തുടങ്ങിയ ഇതിഹാസഗായകരുമായി ഇടപഴകാന്‍ അവസരം ലഭിച്ചു. അങ്ങനെ പാട്ടിന്റെ മര്‍മ്മം ഞാന്‍ സ്വായത്തമാക്കി.
എന്നാല്‍ സിനിമാസംഗീതം ചെയ്യാന്‍ പോകാതെ പിന്നെയും പഠിക്കാനായിരുന്നു എന്റെ തീരുമാനം. അങ്ങനെ ചേട്ടന്‍ തരപ്പെടുത്തിത്തന്ന ഒരു സ്‌കോളര്‍ഷിപ്പില്‍ സംഗീതം പഠിക്കാന്‍ അമേരിക്കയിലേക്ക്‌ പോയി.

വിദേശവാസം?
അമേരിക്കയില്‍ നിന്നും ബാച്ചിലേഴ്‌സ് ഡിഗ്രി എടുത്ത ശേഷം, കോര്‍ണല്‍ യുണിവേഴ്‌സിറ്റിയില്‍ നിന്ന്‌ മാസേ്‌റ്റഴ്‌സും നേടി. അതിനുശേഷം കുറച്ച്‌ കോളേജുകളില്‍ പഠിപ്പിക്കാന്‍ പോയെങ്കിലും തൃപ്‌തിവന്നില്ല. ഒരുദിവസം ചേട്ടന്‍ പറഞ്ഞു.
''എടാ ഇവിടെ നൂറുകണക്കിന്‌ സംഗീതജ്‌ഞരുണ്ട്‌. അവരില്‍ ഒരാളായിട്ട്‌ എന്തുകാര്യം? നിനക്ക്‌ നാട്ടില്‍ പോയ്‌ക്കൂടെ. അവിടെ ഈ രംഗത്ത്‌ അധികം ആളുകളില്ലല്ലോ?'' ആ ചോദ്യമാണ്‌ കേരളത്തിലേക്ക്‌ തിരിച്ചുവരാന്‍ എന്നെ പ്രേരിപ്പിച്ചത്‌.
കേരളത്തില്‍ എത്തിയതാവട്ടെ നവോദയ അപ്പച്ചന്‍റെയും, ഫാസിലിന്റെയും മുന്നിലേക്കും. പിന്നെ എല്ലാം ചരിത്രം.
ആദ്യചിത്രത്തില്‍ തന്നെ മികച്ച ഗാനത്തിനുള്ള സംസ്‌ഥാന അവാര്‍ഡ്‌ നേടി. അന്ന്‌ എം.ഡി.രാജേന്ദ്രനോട്‌ ദേവരാജന്‍ മാസ്‌റ്റര്‍ പറഞ്ഞു. ''എടാ.. ആ ജെറി ആദ്യ സിനിമയ്‌ക്കുതന്നെ അവാര്‍ഡ്‌ വാങ്ങി. നമ്മളൊക്കെ എത്ര വര്‍ഷം ശ്രമിച്ചിട്ടാ ഒന്ന്‌ പിടിച്ചുനില്‍ക്കുന്നതു തന്നെ. മിടുക്കന്‍''
അതിനുശേഷമാണ്‌ മാമാട്ടിക്കുട്ടിയമ്മയിലെ പാട്ടുകളുടെ പിറവി. ആ സമയത്ത്‌ നവോദയ അപ്പച്ചന്‍ സാമ്പത്തികമായി അല്‍പ്പം ഞെരുക്കത്തിലായിരുന്നു. അന്ന്‌ കത്തിനില്‍ക്കുന്ന ജാനകിയമ്മയെ പാട്ടിനായി വിളിക്കുന്നത്‌ വലിയ ചെലവായിരുന്നു. ഫ്‌ളൈറ്റ്‌ ടിക്കറ്റ്‌, ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലില്‍ താമസം, കൂടാതെ നാട്ടില്‍ വന്നു പാടണമെങ്കില്‍ ഇരട്ടി പ്രതിഫലവും. അതിന്റെയൊക്കെ ചെലവ്‌ കുറയ്‌ക്കാന്‍ വേണ്ടി അപ്പച്ചന്‍ ഒരു നിര്‍ദേശം വെച്ചു. നമുക്ക്‌ പുതിയ ഏതെങ്കിലും ഗായികയെ കൊണ്ട്‌ പാടിക്കാം. ആരെവേണമെന്ന്‌ തീരുമാനിക്കാന്‍ എന്നെ ഏല്‍പ്പിച്ചു. അന്ന്‌ യുവജനോത്സവത്തില്‍ പാട്ടിന്‌ ഒന്നാംസ്‌ഥാനം നേടിയ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു, അരുന്ധതി മാത്രമല്ല, മുമ്പ്‌ എം.ജി. രാധാകൃഷ്‌ണന്‍ സാര്‍ തരംഗിണി സ്‌റ്റുഡിയോയില്‍ ഏതോ സിനിമയുടെ വര്‍ക്കിനിടയില്‍ റെക്കോര്‍ഡിംഗ്‌ എന്‍ജിനീയറെ സഹായിക്കാനായ്‌ എന്നെ ക്ഷണിച്ചപ്പോള്‍ അന്നവിടെ അരുന്ധതിക്കൊപ്പം പാടിയ ഒരു പത്തൊന്‍പതുവയസ്സുകാരി കൂടി ഉണ്ടായിരുന്നു. സാക്ഷാല്‍ ചിത്ര. ഇവരില്‍ ആരെയെങ്കിലും നമുക്ക്‌ നോക്കാമെന്ന്‌ ഞാന്‍ അപ്പച്ചനെ അറിയിച്ചു. അരുന്ധതിയുടെ ശബ്‌ദം വളരെ ശക്‌തിയേറിയതായിരുന്നു. ചിത്രയുടെ ആവട്ടെ ഭയങ്കര സ്വീറ്റ്‌ വോയ്‌സും. ശബ്‌ദം ചെക്ക്‌ ചെയ്‌തപ്പോള്‍ വോയ്‌സ് മോഡുലേഷനില്‍ കൂടുതല്‍ മെച്ചമായി കണ്ടത്‌ ചിത്രയുടെ വോയിസിനായിരുന്നു. ചിത്രയ്‌ക്ക് നറുക്കുവീണു. അങ്ങനെ ആളൊരുങ്ങി അരങ്ങൊരുങ്ങി പാടാന്‍ ചിത്രയെത്തി. ആ പാട്ടില്‍ വിഷമം പിടിച്ചൊരു ഭാഗമുണ്ട്‌. ''മാമാട്ടിക്കുട്ടിയമ്മേ മാമുണ്ണാനോടിവായോ, തേന്‍കുമിള ചിറകുകളില്‍ പാറിവായോ.... ഓ... ''അത്രയും ഹൈപ്പിച്ചില്‍ ഒറ്റശ്വാസത്തില്‍ പാടണം. ചിത്ര അത്‌ വളരെ ഭംഗിയായിത്തന്നെ പാടി. ആ പാട്ടിലൂടെ ചിത്ര മലയാളിമനസ്സ്‌ കീഴടക്കുകയായിരുന്നു. പിന്നീട്‌ ചിത്ര മദ്രാസിലേക്ക്‌ താമസം മാറ്റുകയും, ഇളയരാജയുടെ പാട്ടുകള്‍ പാടുകയും വളരെ ഉയരത്തില്‍ എത്തുകയും ചെയ്‌തു. ഞാന്‍ പിന്നെ ധന്യ, നോക്കെത്താദൂരത്ത്‌ കണ്ണുംനട്ട്‌, എന്നെന്നും കണ്ണേട്ടന്റെ തുടങ്ങി ധാരാളം സിനിമകളും ചെയ്‌തു.

പിന്നെ എപ്പോഴാണ്‌ ജെറി അമല്‍ദേവ്‌ എന്ന പേര്‌ മലയാളസിനിമയില്‍ നിന്ന്‌ അപ്രത്യക്ഷമായത്‌?
(ഒരു ചിരിയായിരുന്നു മറുപടി) തൊണ്ണൂറുകളുടെ മധ്യത്തില്‍ ആണെന്ന്‌ തോന്നുന്നു. ഞാനും യേശുദാസും തമ്മില്‍ ചെറിയ സൗന്ദര്യപ്പിണക്കം ഉണ്ടായി എന്നത്‌ സത്യമാണ്‌. പക്ഷെ, അത്‌ അപ്പച്ചന്റെ സഹായത്തോടെ ഞങ്ങള്‍ തന്നെ പരിഹരിക്കുകയും ചെയ്‌തു. അല്ലാതെ ചിലര്‍ പറയുന്നപോലെ ഞങ്ങളുടെ പിണക്കം കൊണ്ടൊന്നുമല്ല ഞാന്‍ പിന്നോട്ടുപോയത്‌. എന്‍റെ 99% പാട്ടുകളും പാടിയിരിക്കുന്നത്‌ യേശുദാസാണ്‌. അപ്പോള്‍ പിന്നെ ഞങ്ങള്‍ പിണക്കത്തിലാണെന്ന വാദത്തിന്‌ എന്തുപ്രസക്‌തി? ഞാന്‍ പിന്നോട്ടുപോകാന്‍ കാരണം നിര്‍മ്മാതാക്കള്‍ എന്നെ വിളിക്കാഞ്ഞതാണ്‌. അതിന്റെ കാരണം അവര്‍ക്കേ അറിയൂ. ഞാന്‍ ചില സ്‌ കൂളുകളിലോക്കെ സംഗീതം പഠിപ്പിക്കുമായിരുന്നു. പിന്നെ വീട്ടില്‍ തന്നെ മുടങ്ങാതെ പ്രാക്‌ടീസും ചെയ്യുമായിരുന്നു.

ആക്ഷന്‍ഹീറോബിജുവിലുടെ വീണ്ടും തിരിച്ചുവരവ്‌?
വര്‍ഷങ്ങള്‍ കഴിഞ്ഞശേഷം ഒരുദിവസം രണ്ടുപേര്‍ എന്നെക്കാണാന്‍ വന്നു. നിവിന്‍ പോളിയും എബ്രിഡ്‌ ഷൈനും. അവരുടെ ആക്ഷന്‍ ഹീറോ ബിജു എന്ന പടത്തില്‍ ഞാന്‍ സംഗീതം ചെയ്യണം എന്നാണു ആവശ്യം. ഞാന്‍ സന്തോഷത്തോടെ ഒഴിഞ്ഞുമാറി. മറ്റൊന്നുമല്ല. ഇന്നത്തെ തട്ടുപൊളിപ്പന്‍ പാട്ടുസംസ്‌കാരത്തോട്‌ എനിക്ക്‌ വലിയ യോജിപ്പില്ലായിരുന്നു. മറ്റാരെയെങ്കിലും സമീപിക്കാനായി അവരെ നിര്‍ബന്ധിച്ച്‌ പറഞ്ഞയച്ചു. എന്നാല്‍ രണ്ടാം ദിവസം അവര്‍ പിന്നെയും വന്നു. വന്നപാടെ എന്റെ പോക്കറ്റില്‍ ഒരു ചെക്ക്‌ ലീഫ്‌ വെച്ചിട്ട്‌ പറഞ്ഞു.
''സാര്‍ തന്നെ ചെയ്യണം. സാറിന്റെ രീതിയില്‍ത്തന്നെ ചെയ്‌തോളു. ഞങ്ങള്‍ ഇടപെടില്ല.'' അങ്ങനെയാണ്‌ പൂക്കള്‍ പനിനീര്‍പൂക്കള്‍, ജനിക്കുന്നത്‌. അതോടൊപ്പം വൈക്കം വിജയലക്ഷ്‌മി പാടിയ ചിരിയോചിരി, ഫെമിന അവാര്‍ഡിന്‌ അര്‍ഹമായ ഊഞ്ഞാലിലാടിവന്ന എന്നപാട്ടും ഉണ്ടായി. അതെല്ലാംതന്നെ ജനങ്ങള്‍ ഏറ്റെടുത്തതില്‍ സന്തോഷം.

കുടുംബം?
ഭാര്യ ജോളിയുടെ മരണത്തോടെ ഞാന്‍ വീട്ടില്‍ ഒറ്റയ്‌ക്കാണ്‌. മൂന്നുപെണ്‍ക്കള്‍. രണ്ടുപേര്‍ വിദേശത്തും, ഒരാള്‍ ചെന്നൈയിലും കുടുംബസമേതം ജീവിക്കുന്നു.

Ads by Google
Saturday 16 Jun 2018 11.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW