Sunday, July 21, 2019 Last Updated 6 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 16 Jun 2018 11.13 PM

ഉള്‍ക്കരുത്തിന്റെ പ്രതീകമായി റംല

uploads/news/2018/06/226203/sun3.jpg

ഇത്‌ റംലത്ത്‌. കണ്ണൂര്‍ ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്‌ഥിരം സമിതി അധ്യക്ഷ. ജനപ്രതിനിധിയാവും മുമ്പ്‌ റംലയ്‌ക്കൊരു വേഷമുണ്ടായിരുന്നു. ജീവിതത്തില്‍ പടച്ചോന്‍ നല്‍കിയ വേഷം. പ്രതിസന്ധികളെ നേരിടേണ്ടി വന്ന ഈ വീട്ടമ്മ കയ്‌പ്പു നിറഞ്ഞ അനുഭവങ്ങളെയെല്ലാം പിന്തള്ളി ഇന്ന്‌ സമാധാനപൂര്‍ണമായ ജീവിതത്തിന്റെ കടവിലാണ്‌.
രണ്ടു സഹോദരിമാരും മൂന്ന്‌ സഹോദരന്മാരും അടങ്ങുന്നതായിരുന്നു റംലയുടെ കുടുംബം. ബാപ്പയ്‌ക്ക് ബാഗ്‌ ഉണ്ടാക്കിക്കൊടുക്കുന്ന പണിയായിരുന്നു. ഉമ്മയ്‌ക്കാകട്ടെ ജോലിയൊന്നുമില്ല താനും. ബാഗ്‌ തുന്നിക്കിട്ടുന്ന തുച്‌ഛമായ വരുമാനം കൊണ്ട്‌ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബാപ്പ പെടാപ്പാട്‌ പെടുന്നതു കണ്ടാണ്‌ റംല വളര്‍ന്നത്‌. ഒടുവില്‍ റംല പത്താം ക്‌ളാസിലെത്തി. പരീക്ഷ എഴുതിയെങ്കിലും ജയിക്കാനായില്ല. വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം നേരാംവണ്ണം പഠിക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല.
നല്ല വിഷമം തോന്നി. രണ്ടാം വട്ടം ഒന്നു കൂടി ശ്രമിച്ചു നോക്കാം എന്ന വിശ്വാസത്തോടെയാണ്‌ മുന്നോട്ടു പോയത്‌. അതിനിടയ്‌ക്ക് റംലയ്‌ക്ക് ഒരു കല്യാണാലോചന വന്നു. വാച്ചുകടയില്‍ വാച്ചു നന്നാക്കുന്ന ഉമ്മര്‍. റംലയേക്കാള്‍ നിര്‍ധന കുടുംബം. മൂന്നു പെണ്‍മക്കളില്‍ ഒരാളെയെങ്കിലും വിവാഹം കഴിപ്പിച്ചയക്കാമല്ലോ എന്നതു മാത്രമായിരുന്നു റംലയുടെ മാതാപിതാക്കളുടെ സമാധാനം. റംലയ്‌ക്കാകട്ടെ പതിനാല്‌ വയസു മാത്രം പ്രായം. കൂട്ടുകാരുമൊത്ത്‌ കളിച്ചു നടക്കുന്ന അവള്‍ക്ക്‌ ജീവിതത്തെക്കുറിച്ച്‌ ഒന്നും അറിയുമായിരുന്നില്ല. വീട്ടില്‍ പണത്തിനു ബുദ്ധിമുട്ടാണെന്നും ബാപ്പയ്‌ക്കും ഉമ്മയ്‌ക്കും കഷ്‌ടപ്പാടുകളാണെന്നും മാത്രമറിയാം. എത്ര പ്രയാസങ്ങളുണ്ടെങ്കിലും കൂടപ്പിറപ്പുകള്‍ക്കൊപ്പമുള്ള ജീവിതം റംലയ്‌ക്ക് പെരുത്തിഷ്‌ടമായിരുന്നു. അവരെയൊക്കെ വിട്ട്‌ വേറെയൊരു വീട്ടിലേക്ക്‌ പെട്ടെന്ന്‌ പോകേണ്ടി വരുന്നത്‌ ആ പെണ്‍കുട്ടിയ്‌ക്ക് ഓര്‍ക്കാന്‍ കൂടി കഴിയുമായിരുന്നില്ല. പക്ഷേ ബാപ്പയോടും കുടുംബത്തിലെ മറ്റു മുതിര്‍ന്നവരോടും അക്കാര്യം പറയാന്‍ പേടിയായിരുന്നു.
ഒടുവില്‍ കാരണവന്‍മാരുടെ നിശ്‌ചയ പ്രകാരം റംലയുടെ കല്യാണം കഴിഞ്ഞു. ഭര്‍ത്താവിന്‌ മൂന്ന്‌ സഹോദരിമാരും നാല്‌ സഹോദരന്മാരും ഉണ്ടായിരുന്നു. റംലയുടേതിനേക്കാള്‍ വലിയ കുടുംബം. വീട്ടുകാര്യങ്ങള്‍ക്കൊക്കെ വലിയ ബുദ്ധിമുട്ട്‌. എന്നാല്‍ പുതിയ സാഹചര്യങ്ങളുമായി ഒത്തു പോകാന്‍ റംലയെന്ന കൊച്ചു പെണ്‍കുട്ടി വേഗം പഠിച്ചു. അധികം വൈകാതെ റംല ഒരമ്മയായി. പക്ഷേ മാസം തികയാതെ പിറന്നതിനാല്‍ കുട്ടിയുടെ കൈകാലുകള്‍ക്ക്‌ വളര്‍ച്ചയില്ലായിരുന്നു. അത്‌ കുടുംബത്തില്‍ എല്ലാവര്‍ക്കും വലിയ വേദനയായി. പ്രാര്‍ത്ഥനകളോടെ ഓരോ ദിവസവും പിന്നിട്ടു. ആവുന്നത്ര ചികിത്സകള്‍ ചെയ്‌തു. ജീവിതം പിന്നെയും ഒരു വിധത്തില്‍ തള്ളിനീക്കി മുന്നോട്ടു കൊണ്ടു പോവുന്നതിനിടയില്‍ റംലയ്‌ക്ക് സന്തോഷം പകര്‍ന്നുകൊണ്ട്‌ ഒരു കുഞ്ഞു കൂടി പിറന്നു.
''കുട്ടികള്‍ വളര്‍ന്നതോടെ ചെലവുകള്‍ ഏറി. ഒരു ജോലി കണ്ടുപിടിക്കാമെന്നു വച്ചാല്‍ അതിനുള്ള പഠിപ്പുമില്ല. അങ്ങനെയിരിക്കുമ്പോഴാണ്‌ തയ്യല്‍ പഠിച്ചാല്‍ ഒരു വരുമാന മാര്‍ഗമാകുമല്ലോ എന്നു തോന്നിയത്‌. ഭര്‍ത്താവിനോട്‌ പറഞ്ഞപ്പോള്‍ അങ്ങേര്‍ക്കും സമ്മതം. അങ്ങനെ തയ്യല്‍ പഠിച്ചു. ഇതിനിടയ്‌ക്ക് ഞങ്ങള്‍ കുടുംബത്തില്‍ നിന്നും മാറി താമസിക്കാന്‍ തുടങ്ങിയിരുന്നു. കാശില്ലാതെ എങ്ങനെയാണ്‌ ജീവിതം മുന്നോട്ടു നീങ്ങുക? വീട്ടുചെലവ്‌, കുട്ടികളുടെ പഠിപ്പ്‌, അങ്ങനെ പല കാര്യങ്ങള്‍. ഇതിനിടെ ഭര്‍ത്താവ്‌ വിദേശത്തു പോയി. പക്ഷേ ജീവിതം പച്ചപിടിപ്പിക്കാനുളള സമ്പാദ്യമൊന്നും അവിടെ നിന്നും നേടാന്‍ കഴിഞ്ഞില്ല''
റംല പറയുന്നു.
''അങ്ങനെയിരിക്കുമ്പോഴാണ്‌ ഞങ്ങളുടെ പഞ്ചായത്തില്‍ കുടുംബശ്രീ ശക്‌തമാകുന്നത്‌. ഞാനും അടുത്തുള്ള കുറച്ചു സ്‌ത്രീകളും കൂടി കുടുംബശ്രീ രൂപീകരിച്ചു. ആദ്യമൊക്കെ പത്തു രൂപ വീതം സമ്പാദ്യം വയ്‌ക്കാന്‍ പോലും ഉണ്ടായിരുന്നില്ല. വീട്ടുചെലവിനും മറ്റും ഏറെ ബുദ്ധിമുട്ടിയപ്പോള്‍ കോഴിക്കോട്‌ ഫാറൂഖിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കു പോയി. ആ കമ്പനിയുടെ പാത്രങ്ങള്‍ നേരിട്ടു കൊണ്ടുപോയി വില്‍ക്കുന്നതായിരുന്നു ജോലി. കമ്മീഷന്‍ വ്യവസ്‌ഥയിലാണ്‌ ശമ്പളം. വളരെ കഷ്‌ടപ്പാടായിരുന്നു. എന്നിട്ടും പിടിച്ചു നിന്നു. ഹോസ്‌റ്റലില്‍ താമസിച്ചുകൊണ്ടായിരുന്നു ജോലിക്കു പോയിരുന്നത്‌. പക്ഷേ അധികനാള്‍ അങ്ങനെ നില്‍ക്കാന്‍ കഴിഞ്ഞില്ല. നാട്ടില്‍ നിന്നു പുറത്തു പോയി ജോലി ചെയ്യുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തു. അതോടെ ആ ജോലി മതിയാക്കി തിരിച്ചു പോന്നു'' റംല പറയുന്നു.
പിന്നീട്‌ പഞ്ചായത്തുകള്‍ മുഖേന കുടുംബശ്രീ അയല്‍ക്കൂട്ട വനിതകള്‍ക്കായി സ്വയം തൊഴില്‍ പദ്ധതി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ അഞ്ചുപേര്‍ ചേര്‍ന്ന്‌ ഒരു ടെയ്‌ലറിങ്ങ്‌ യൂണിറ്റ്‌ തുടങ്ങാന്‍ വായ്‌പയെടുത്തു. അടുത്തു തന്നെ ഒരു കടമുറിയും കണ്ടെത്തി. ആഷിത ലേഡീസ്‌ ടെയ്‌ലറിങ്‌ എന്ന പേരില്‍ സ്‌ഥാപനം തുടങ്ങി. അങ്ങനെ കുറച്ചു വരുമാനമൊക്കെ കിട്ടിത്തുടങ്ങി. സ്‌ത്രീകള്‍ക്കാവശ്യമുള്ള വസ്‌ത്രങ്ങള്‍ തയ്‌ച്ചു കൊടുക്കും. കൂടാതെ ടൗണിലുളള കടകളിലും ഞങ്ങള്‍ ചുരീദാറും മറ്റും തയ്‌ച്ചു കൊടുക്കുമായിരുന്നു'' റംല പറയുന്നു.
ഇതിനിടെയാണ്‌ ത്രിതല പഞ്ചായത്ത്‌ ഇലക്ഷനില്‍ വാര്‍ഡ്‌ മെമ്പറായി മത്സരിക്കാന്‍ അവസരം ലഭിക്കുന്നത്‌. അങ്ങനെ കതിരൂര്‍ പഞ്ചായത്ത്‌ അംഗമായി. കുടുംബശ്രീയുടെ ബാലസഭ, ജെന്‍ഡര്‍, ആശ്രയ തുടങ്ങിയ പദ്ധതികളുടെ റിസോഴ്‌സ് പേഴ്‌സണായി ജോലി ചെയ്‌തു. തന്റെ പഞ്ചായത്തില്‍ നിരവധി സൂക്ഷ്‌മസംരംഭങ്ങളും സംഘക്കൃഷി ഗ്രൂപ്പുകളും ആരംഭിച്ചു. നിരവധി സ്‌ത്രീകള്‍ക്ക്‌ അതുവഴി തൊഴിലും വരുമാനവും ലഭിച്ചു. സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുന്ന പദ്ധതികളിലും ദാരിദ്ര്യത്തിന്റെ ഇരുളിലാണ്ടു കിടക്കുന്ന നിരവധി പേരെ കണ്ടെത്തി അവരെ ആശ്രയ പദ്ധതിയുടെ ഗുണഭോക്‌താക്കളാക്കി മാറ്റാന്‍ റംലയ്‌ക്ക് കഴിഞ്ഞു.
ഭക്ഷണമില്ലാതെ കഴിയുന്നവര്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണത്തിന്റെ വക എത്തിച്ചു കൊടുക്കാന്‍ കഴിയുന്നത്‌ വലിയ കാര്യമല്ലേ. വര്‍ഷങ്ങളായി പെന്‍ഷന്‍ ആനുകൂല്യം കിട്ടാത്ത ആളുകള്‍ക്ക്‌ പെന്‍ഷന്‍ തുക കൈയില്‍ കൊടുക്കുമ്പോഴുളള അവരുടെ സന്തോഷവും സ്‌നേഹവും. ഇതൊക്കെ കാണുമ്പോള്‍ നമ്മുടേയും മനസു നിറയും. അതൊക്കെ ജിവിതത്തിലെ വലിയ സന്തോഷങ്ങളാണ്‌'' റംല പറയുന്നു.
സമയം ബുദ്ധിപൂര്‍വം വിനിയോഗിക്കുന്നതില്‍ റംല വിദഗ്‌ധയാണ്‌. ഇതിനിടെ കൗണ്‍സലിങ്ങിന്റെ ഒരു ബേസിക്‌ കോഴ്‌സ് ചെയ്‌തു. കൂടാതെ ഫാഷന്‍ ഡിസൈനിങ്ങും പഠിച്ചു. ജീവിതം ഇങ്ങനെ പോകുമ്പോഴായിരുന്നു സി.ഡി.എസ്‌ മെമ്പറായി മത്സരിക്കുന്നത്‌. ഇത്തവണയും ആളുകള്‍ റംലയെ കൈവിട്ടില്ല. സാമൂഹ്യസേവന രംഗത്ത്‌ കൂടുതല്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കാമല്ലോ എന്നായിരുന്നു റംലയുടെ പ്രതീക്ഷകള്‍. എല്ലാത്തിനും പിന്തുണ നല്‍കി ഭര്‍ത്താവും.
സ്വന്തമായി ഒരു നല്ല വീട്‌ റംലയുടെയും ഭര്‍ത്താവിന്റെയും ആഗ്രഹമായിരുന്നു. ഒരു കൊച്ചു വീടു പണിയാന്‍ വേണ്ടി അടിത്തറ കെട്ടി. കടം വാങ്ങിയും ചെറിയ ലോണ്‍ തരപ്പെടുത്തിയുമൊക്കെ ഒരു വിധത്തില്‍ ഭിത്തി കെട്ടാനുള്ള ശ്രമമായിരുന്നു. പക്ഷേ വിധി അനുവദിച്ചില്ല. ഒരു ദിവസം പതിവു പോലെ കിടന്നുറങ്ങിയതാണ്‌ റംലയുടെ ഭര്‍ത്താവ്‌. പിറ്റേന്ന്‌ രാവിലെ എണീറ്റപ്പോള്‍ ഒരു നെഞ്ചുവേദന. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പതിനാലാം വയസില്‍ കരംപിടിച്ച കൂട്ട്‌ പെട്ടെന്നൊരു നിമിഷം ഇല്ലാതായപ്പോള്‍ റംലയുടെ ജീവിതം വീണ്ടും ഇരുളിലായി.
''ഞങ്ങളുടെ മതാചാരമനുസരിച്ച്‌ വിവാഹിതയായ ഒരു സ്‌ത്രീ തന്റെ ഭര്‍ത്താവ്‌ മരിച്ചാല്‍ നാലു മാസവും പത്തു ദിവസവും വീടിനു പുറത്തിറങ്ങാതെ കഴിയണം. അവര്‍ പുറത്തു പോയി ആരേയും കാണാനോ സംസാരിക്കാനോ പാടില്ല. ആ സമയത്താണ്‌ സത്യപ്രതിജ്‌ഞയുടെ തീയതി എന്നെ അറിയിക്കുന്നത്‌. അങ്ങനെ ഭര്‍ത്താവ്‌ മരിച്ച്‌ നാല്‍പ്പത്തിയഞ്ചാം ദിവസം ഞാന്‍ വീടിനു പുറത്തിറങ്ങി. തിരുവനന്തപുരത്ത്‌ വച്ച്‌ കുടുംബശ്രീ ബാലസഭയുടെ പരിശീലന പരിപാടി നടക്കുന്നു. എനിക്കതില്‍ പങ്കെടുത്തേ തീരൂ. പക്ഷേ മതത്തില്‍ പെട്ട ആളുകള്‍ എന്നെ എതിര്‍ത്തു. നാലു മാസവും പത്തു ദിവസവും കഴിയാതെ പുറത്തിറങ്ങാന്‍ പാടില്ല എന്നു പറഞ്ഞു. എന്നാല്‍ എന്നെ വോട്ട്‌ ചെയ്‌തു ജയിപ്പിച്ച ആളുകളോട്‌ എനിക്ക്‌ ഉത്തരവാദിത്വമുണ്ട്‌, അതെനിക്കു നിറവേറ്റണം എന്നു പറഞ്ഞ്‌ ഞാന്‍ ഇറങ്ങി നടന്നു. പിന്നീട്‌ ഇന്നു വരെ ആരും എന്നെ തടഞ്ഞിട്ടില്ല'' റംല അഭിമാനത്തോടെ പറയുന്നു.
സാമൂഹ്യമായ വിലക്കുകളെ മറികടക്കുന്നതില്‍ റംലയ്‌ക്ക് മാനസികമായ കരുത്ത്‌ നല്‍കിയത്‌ കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ ലഭിച്ച ധൈര്യമായിരുന്നു. ഇതിനിടെ തന്റെ തൊഴില്‍സംരംഭം വിപുലീകരിക്കാനും ഈ പൊതുപ്രവര്‍ത്തകയായ വീട്ടമ്മയ്‌ക്ക് സാധിച്ചു.ബാങ്ക്‌ വായ്‌പ തരപ്പെടുത്തി കൂടുതല്‍ മെഷീനുകള്‍ വാങ്ങി. അടിസ്‌ഥാന സൗകര്യങ്ങള്‍ വിപുലീകരിച്ചു. ഇപ്പോള്‍ പത്തുവനിതകള്‍ റംലയ്‌ക്കൊപ്പമുണ്ട്‌. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള എല്ലാ ഡ്രസുകളും ഇവിടെ തയ്‌ക്കും. കൂടാതെ പുറത്തു നിന്നും കൂടുതല്‍ ഓര്‍ഡര്‍ പിടിച്ച്‌ അതനുസരിച്ച്‌ തയ്‌ച്ചു കൊടുക്കും. കണ്ണൂര്‍ ജില്ലയിലെ എല്ലാ പ്രമുഖ ഷോറൂമുകളില്‍ നിന്നും ഇവര്‍ക്ക്‌ ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്‌.
''ഇപ്പോള്‍ കടയില്‍ പണിയെടുക്കുന്ന എല്ലാവര്‍ക്കും ദിവസവും മുന്നൂറു രൂപ വീതം കൊടുക്കാന്‍ സാധിക്കുന്നുണ്ട്‌. ഇതിനു പുറമേ കറണ്ട്‌ ചാര്‍ജും വാടകയും കൊടുക്കണം. തുടക്കമായതിനാല്‍ എനിക്ക്‌ ഇതുവരെ ഒന്നും കാര്യമായി എടുക്കാന്‍ സാധിച്ചിട്ടില്ല. ടെയ്‌ലറിങ്ങ്‌ സെന്റര്‍ ഒരു മിനി അപ്പാരല്‍ പാര്‍ക്കായി തുടങ്ങാനുള്ള ശ്രമത്തിലാണ്‌ ഞാന്‍.രണ്ട്‌ മക്കളുടെയും വിവാഹം കഴിഞ്ഞു. ഇളയ മകന്‍ ഇപ്പോള്‍ വിദേശത്താണ്‌. ചെറിയൊരു വായ്‌പയെടുത്ത്‌ വീടിന്റെ പണി മുക്കാലും പൂര്‍ത്തിയാക്കിയിട്ടുണ്ട്‌.''
റംല പറയുമ്പോള്‍ മുഖത്ത്‌ ആത്മവിശ്വാസം നിറയുന്നു.

Ads by Google
Saturday 16 Jun 2018 11.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW